Pages

Ads 468x60px

Monday, October 8, 2012

ചില 'മാധ്യമ' നിരൂപണങ്ങള്‍


സെഞ്ചറിയും അര്‍ദ്ധ സെഞ്ചറിയുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പിന്നിട്ട മുഖ്യധാരാപത്രങ്ങള്‍ക്കിടയിലാണ് മാധ്യമം  25   തികക്കുന്നത്.മാധ്യമം 25 ദിവസം മുന്നോട്ടു പോകില്ലെന്ന് ശകുനം ഗണിച്ചു പ്രവചനം നടത്തിയ മതേതര ജ്യോത്സ്യന്മാര്‍ ഇന്നും മാധ്യമത്തിന്റെ ജാതകമെഴുത്തുമായി കവടിനിരത്തികൊണ്ടിരിക്കുന്നു. ഗര്‍ഭത്തിലെ അലസിപ്പോകുമെന്നു കരുതിയ ചാപിള്ള യൌവ്വനത്തിന്റെ കരുത്തും ഉശിരുമായി കേരളത്തിന്റെ നടുമുറ്റത്ത്‌   നിവര്‍ന്നു നിന്ന് നിലപാട് പ്രഖ്യാപിക്കുമ്പോള്‍ ,ആശയവാര്‍ധക്യത്താല്‍ തല നരച്ചവരുടെ ഗവേഷണങ്ങള്‍ ഒടുവില്‍ ഇന്റലക്ച്യല്‍ ജിഹാദിലൊടുങ്ങിയിരിക്കുന്നു .ഒരു പത്രത്തിന്റെ വളര്‍ച്ചയില്‍ അത് ഏറെ കടപ്പെട്ടു നില്‍ക്കുന്നതില്‍ ഒരു വിഭാഗം അതിന്റെ വിമര്‍ശകരോടാണ് .മാധ്യമം നേരിട്ട് അനുഭവിക്കാത്തവര്‍ക്ക് മുന്‍പില്‍ അതിനെ പരിചയപ്പെടുത്തുന്നത് അതിന്റെ വിമര്‍ശകരാണ് .പിന്നെ പോസിറ്റീവായ വിമര്‍ശനങ്ങള്‍ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്യും.ആ നിലക്ക് മാധ്യമം അതിന്റെ വിമര്‍ശകരോട് ഏറെ കടപ്പെട്ടിരിക്കുന്നു .  25 വാര്‍ഷികത്തില്‍ കേരളീയ  സമൂഹത്തിനു മാധ്യമം നല്‍കിയ സംഭാവന ഗൌരവമായി  വിലയിരുത്തേണ്ടിയിരിക്കുന്നു .വീഴ്ചകളും പോരായ്മകളും തിരുത്തി മുന്നോട്ട് പോകാന്‍ അതാവശ്യമാണ് .

എഴുത്തും ആക്റ്റിവിസവും രണ്ടായിരുന്ന കാലത്ത് ആക്റ്റിവിസ്റ്റുകളെ എഴുത്തുക്കാരായും ,എഴുത്തുക്കാരെ ആക്റ്റിവിസ്റ്റുകളായും മാറ്റിയെടുക്കാന്‍ മാധ്യമത്തിനു സാധിച്ചുവെന്നതാണ് അത് കേരളീയ സമൂഹത്തിനു നല്‍കിയ മികച്ച സംഭാവനകളില്‍  ഒന്ന് എന്നാണ് എന്റെ വിലയിരുത്തല്‍  .മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും കെട്ടും മട്ടും എഴുത്തുക്കാരെയും വിലയിരുത്തിയ ശേഷം ,മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മാതൃഭൂമിയുടെ മാറ്റം നിരീക്ഷിച്ചാല്‍ ഈ മാധ്യമ സ്വാധീനം കാണാം. .ഈ വിഷയം ഗഹനമായ പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്താല്‍ നന്നായിരിക്കും .
.കേരളീയ പരിസരത്ത് പുതിയ സമരങ്ങള്‍ ഉയര്‍ത്താനും മുഖ്യധാര പത്രങ്ങള്‍ ശ്രദ്ധിക്കാതെ അരികിലേക്ക് തള്ളി മാറ്റിയ സമരങ്ങളെ പ്രൊജക്റ്റ്‌ ചെയ്യാനും  മാധ്യമത്തിനു സാധിച്ചു..ദളിത് - കീഴാള വായനകള്‍ക്ക് ശക്തി പകരാനും അവരുടെ ആക്ട്ടിവിസ്ട്ടുകളെ എഴുത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും മാധ്യമം ശ്രദ്ധിച്ചിട്ടുണ്ട് .ഇത് മാധ്യമത്തിന്റെ ഔദാര്യമല്ല.മറിച്ചു ഉത്തരവാദിത്തവും ബാധ്യതയുമായാണ്  വിലയിരുത്തേണ്ടത് .പുതിയ കാലത്ത് മാധ്യമത്തിന്റെ ഈ സ്വയം അവകാശവാദത്തില്‍ നിന്ന് അകലുന്നുണ്ടോ എന്ന് എന്ന വിലയിരുത്തലും നല്ലതാണു .25 വാര്‍ഷി കത്തോടനുബന്ധിച്ചു  ആഘോഷപൂര്‍വ്വം പുറത്തിറക്കിയ സപ്പ്ലിമെന്റില്‍ ഒരു ദളിത് എഴുത്തുക്കാരനും ഇടം പിടിക്കാതെ പോയത് ഗുരുതരമായ 'മാധ്യമ ' അപരാധമായി തന്നെ വേണം അടയാളപ്പെടുത്താന്‍ .

ദളിത്-മുസ്ലിം- ആദിവാസി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വിഷയത്തിലുള്ള കൃത്യമായ ഇടപ്പെടല്‍, മനുഷ്യാവകാശ -പരിസ്ഥിതി പ്രശ്നങ്ങളിലെ ധീരമായ നിലപാട് ,പോലീസും ഭരണക്കൂടവും നല്‍കുന്ന തീവ്രവാദ-ഭീകരവാദ വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം,എല്ലാ വിഭാഗങ്ങള്‍ക്കും ഇടം നല്‍കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ,ഇടതു വലതു പക്ഷത്തോട് അമിതവിധേയത്യമില്ലായ്മ, വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യം,സാംസ്ക്കാരിക ജീര്‍ണ്ണതകളും അശ്ലീലതയും പടിക്ക് പുറത്തു നിര്‍ത്തുന്ന  'യഥാസ്തികത' ,പുതിയകാല സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഉണര്‍ന്നു നില്‍ക്കുന്ന ജാഗ്രത ,ഗൌരവ മലയാളി  വായനക്കാര്‍ക്ക്‌ ഒഴിവാക്കാനാവാത്ത നിലപാട് പേജിലെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും. . . ഇങ്ങനെ നീണ്ടു പോകുന്നു മാധ്യമത്തിന്റെ വായന ഉറപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ . ഇവ എന്ന് ചോര്‍ന്നു പോകുന്നുവോ അന്ന്  മാധ്യമം അനിവാര്യമല്ലാതാവുമെന്നു വിശ്യസിക്കാനാണ് എനിക്കിഷ്ട്ടം .

ഏതൊരു പത്രം പോലെയും മാധ്യമത്തിനും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് .പോരായ്മകളും ഒരു പാടുണ്ട്.ഇവ രണ്ടും നിലപാടിലടക്കം പലപ്പോഴും പ്രതിഫലിച്ചിട്ടുമുണ്ട് . അമിതമായ ഇടതുപക്ഷ ചായവ് ചിലപ്പോഴെങ്കിലും പരിധി വിട്ടിട്ടുണ്ട് . പിണറായി -വിഎസ് പോരില്‍ വിഎസിന് വേണ്ടി ഒരു സ്പെഷല്‍ റിപ്പോര്‍ട്ടര്‍ മാധ്യമത്തെ വല്ലാതെ ഉപയോഗിച്ചത് വായനാനുഭവമാണ്.മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയോട് പരിധിയില്‍ കവിഞ്ഞ അനീതി കാണിച്ചോ എന്നതും ആലോചിക്കേണ്ടതാണ് . മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം ആര്‍ക്കു വേണ്ടി ആര്‍ തീരുമാനിക്കുന്നൂവെന്ന പലരും പലപ്പോഴായി പങ്കുവെച്ച   ചോദ്യമാണ്.അതുയര്‍ത്തിയ സംശയങ്ങളില്‍ പൂര്‍ണ്ണമായും അങ്കലാപ്പില്ലെങ്കിലും ഭാഗികമായി  അതില്‍ ശരിയുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് .

  ദളിത് എഴുതുക്കാര്‍ക്ക് മാന്യമായ ഇടം നല്‍കിയ മാധ്യമം സമുദായത്തിലെ എഴുത്തുക്കാര്‍ക്കും സര്‍ഗപ്രതിഭകള്‍ക്കും വേണ്ടത്ര പരിഗണന ഇന്ന് വരെ നല്‍കിയിട്ടില്ല എന്നത് പച്ചയായ സത്യമാണ്.ഒരു തരം അമിതമായ  മതേതര അപകര്‍ഷതാബോധം മാധ്യമത്തെ ഈ വിഷയത്തില്‍ പിടികൂടിയിട്ടുണ്ട്.ഇത് വെറും വര്‍ത്തമാനമല്ല .മുസ്ലിം സമൂഹമാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കുന്ന മലയാളിവിഭാഗം.പുതിയ  എഴുത്തുക്കാരും അവരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.കഥയും കവിതയും എഴുതുന്നവരെല്ലാം സമുദായത്തിലെ പുതിയ തലമുറയില്‍ സജീവമാണ്.പക്ഷെ ഈ പ്രതിഫലനം  മാധ്യമത്തില്‍ വേണ്ടത്ര കാണാനില്ല .. എന്നാല്‍ മാതൃഭൂമി അടക്കമുള്ള മതേതര ആഴ്ചപ്പതിപ്പിലെ പുതിയ എഴുത്തുക്കാര്‍ക്കുള്ള ഇടത്തില്‍ തൊപ്പിയിട്ട ഫോട്ടോ വെച്ച് കൊണ്ട് തന്നെ ഇവരുടെ രചനകള്‍ കാണാം.മിക്ക ആഴ്ചയും സമുദായത്തിലെ പുതിയ തലമുറയുടെ ഒരു രചനയെങ്കിലും ഒരു മതേതര പ്രസിദ്ധീകരണത്തില്‍ വരുന്നുണ്ട് .മാധ്യമത്തില്‍ പക്ഷേ ഈ സമുദായവളര്‍ച്ച  കാണാന്‍ കഴിയില്ല.ഈ വിഷയത്തിലെ ഒരു തമാശ പങ്കു വെക്കേണ്ടതാണ് എന്ന് തോന്നുന്നു . ഒരു ഇസ്ലാമിയ കോളേജിലെ നന്നായി കവിത എഴുതുന്ന വിദ്യാര്‍ഥി അധ്യാപകരുടെ നിരന്തര ആവശ്യപ്രകാരം കവിത മാധ്യമം ആഴ്ച്ചപ്പതിപ്പിലേക്ക് അയച്ചു.സ്വാഭാവികം,  പ്രസിദ്ധീകരിച്ചില്ല .തുടര്‍ന്നും നിരന്തരം അയക്കാനുള്ള പ്രോത്സാഹനം നിമിത്തം അവന്‍ അയച്ചു കൊണ്ടേയിരുന്നു  .ഒടുവില്‍ അവന്‍ പരിപാടി മടുത്തുനിര്‍ത്തി.അപ്പോഴാണ് നാട്ടിലെ  അല്‍പ്പം വായനയുള്ള ഒരു കൂട്ടുക്കാരന്‍ പേര് മാറ്റി അയക്കാന്‍ പറഞ്ഞത്.അങ്ങനെ ആദ്യം അയച്ച കവിത ഒരമുസ്ലിം പേരില്‍  വീണ്ടും  അയച്ചു.അത് മാധ്യമം  വള്ളിപുള്ളി വ്യത്യസമില്ലാതെ പ്രസിദ്ധീകരിച്ചു എന്നാണ് കഥ. ഇതില്‍ ഒരു പക്ഷെ യഥാര്‍ത്യമുണ്ടാവില്ല.പക്ഷേ അങ്ങനെ ഒരു കഥ   കെട്ടി ചമയ്ക്കാന്‍  ഇട വന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെട്ടതെങ്ങനെ എന്നത് ചിന്തനീയമാണ്.

  നേടിയ നേട്ടങ്ങളെയല്ല,പറ്റി പോയ വീഴ്ചകള്‍ തിരുത്താനുള്ള സമയമാവട്ടെ 25 ന്റെ ഈ വാര്‍ഷികാഘോഷങ്ങള്‍ .ആശയ വാര്‍ധക്യത്തില്‍ മുത്തശി പ്രായത്തിലെത്തിയ മുഖ്യധാരാ പത്രങ്ങള്‍ വിജയിപ്പിചെടുത്ത ബിസിനസ് ഫോര്‍മുല പയറ്റാന്‍ ഒരു മാധ്യമം ആവശ്യമില്ല.ഇടക്കാലത്ത് ചില ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍  പയറ്റിയത് ഈ മുഖ്യധാര ഫോര്‍മുലയല്ലേ  എന്ന് സംശയം.?ഏതായാലും ഒരു മാധ്യമം ഇല്ലായിരുന്നൂവെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്റെ മുന്നില്‍ ഇവയെല്ലാം പൊറുക്കപ്പെടാവുന്ന വീഴ്ച്ചകളായി ചുരുക്കി കാണാനാണ് എനിക്കിഷ്ട്ടം.പുതിയ കാല വായനയുമായി സധീരം മുന്നോട്ടു പോവാന്‍ മാധ്യമത്തിനാവട്ടെ എന്ന് ആശംസിക്കുന്നു .

6 comments:

  1. പുതിയ കാല വായനയുമായി സധീരം മുന്നോട്ടു പോവാന്‍ മാധ്യമത്തിനാവട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete

  2. പുതിയ എഴുത്തുകാർക്ക് മാധ്യമം പരിഗണന നൽകാറുണ്ട് എന്നത് സ്വാനുഭവത്തിൽ നിന്നു തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

    ആഴ്ച്ചപ്പതിപ്പുകളായാലും പത്രങ്ങളായാലും, തങ്ങളുടെ വായനക്കാരുടെ രുചി ഇന്നതൊക്കെയാണ്, ഇന്നവർ,ഇന്നപോലെ പാചകം ചെയ്താൽ അവർ ഇഷ്ടപ്പെടും എന്നൊക്കെ ശക്തമായ ധാരണ വെച്ചു പുലർത്തുന്നവരാണ്. ഫലം, വായനക്കാർക്ക് പുതുരുചികൾ ആസ്വദിക്കാനാവാതെ പോകുന്നു.

    കേരള സമൂഹത്തിന്റെ ഉന്നതിയാണ് ഉദ്ദേശമെങ്കിൽ മാധ്യമം മുസ്ലീം സമുദായത്തിനോട് പ്രത്യേക പരിഗണനയൊ അവഗണനയോ പുലർത്തേണ്ടതില്ല..

    ReplyDelete
  3. ഏതായാലും ഒരു മാധ്യമം ഇല്ലായിരുന്നൂവെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്റെ മുന്നില്‍ ഇവയെല്ലാം പൊറുക്കപ്പെടാവുന്ന വീഴ്ച്ചകളായി ചുരുക്കി കാണാനാണ് എനിക്കിഷ്ട്ടം.enikkum

    ReplyDelete
  4. Islamiya colleginte kada paranjchadu pole.....pala abiprayangal ayachalum e avastha madhymathil prasiddekarikkatha avstha
    und.

    ReplyDelete
  5. yes..you are right to great extent. Madhyamam weekly needed good and balanced writings of arts and literatures..not always as a news weekly. this age of internet, nobody needs news analysis. all will get in google search.. best, we need poem,stories,novels, book reviews, etc. but less we get it so far, particularly from 2005. so stopped its buying.

    ReplyDelete
  6. നേടിയ നേട്ടങ്ങളെയല്ല,പറ്റി പോയ വീഴ്ചകള്‍ തിരുത്താനുള്ള സമയമാവട്ടെ 25 ന്റെ ഈ വാര്‍ഷികാഘോഷങ്ങള്‍ .ആശയ വാര്‍ധക്യത്തില്‍ മുത്തശി പ്രായത്തിലെത്തിയ മുഖ്യധാരാ പത്രങ്ങള്‍ വിജയിപ്പിചെടുത്ത ബിസിനസ് ഫോര്‍മുല പയറ്റാന്‍ ഒരു മാധ്യമം ആവശ്യമില്ല.ഇടക്കാലത്ത് ചില ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ പയറ്റിയത് ഈ മുഖ്യധാര ഫോര്‍മുലയല്ലേ എന്ന് സംശയം.?ഏതായാലും ഒരു മാധ്യമം ഇല്ലായിരുന്നൂവെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്റെ മുന്നില്‍ ഇവയെല്ലാം പൊറുക്കപ്പെടാവുന്ന വീഴ്ച്ചകളായി ചുരുക്കി കാണാനാണ് എനിക്കിഷ്ട്ടം.പുതിയ കാല വായനയുമായി സധീരം മുന്നോട്ടു പോവാന്‍ മാധ്യമത്തിനാവട്ടെ എന്ന് ആശംസിക്കുന്നു .
    --------------

    അടിവര...

    ReplyDelete