Pages

Ads 468x60px

Friday, December 23, 2011

സാന്ത്വനമേകൂ നീ ....

വര്‍ണ്ണപ്രപഞ്ചത്തിന്‍ താളം പിടിക്കുന്ന നാഥാ ....
സ്വര്‍ണ്ണ പ്രകാശത്തിന്‍  ഓളം തുടിക്കുന്ന നാഥാ ....
വിണ്ണിന്‍ കീഴിലെ മണ്ണിന്‍ മാറിലെ ഗാനം കേള്‍പ്പൂ നീ ....
                   പാരിടമാകെ കൂരിരുള്‍ വീഴും കാര്‍മുകിലിരുളുന്നൂ....
              ഭൂതലമാകെ കൈതവം വാഴും താന്ധവമുയരുന്നൂ....
              നീല വിണ്ണിന്‍  കീഴിലാകെ സാന്ത്വനമേകൂ നീ ....
പുലര്‍വെയിലിന്‍ പൂവെയിലില്‍ മൂളും ശോക ഗീതങ്ങള്‍ ....
പൂത്തമാവിന്‍ പുഞ്ചിരിയില്‍ പൂക്കും മൂക കാവ്യങ്ങള്‍ ....
നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....
          മഴവില്ലിന്‍ വര്‍ണ്ണത്തില്‍ വിടരും വിണ്ണിന്‍ താരങ്ങള്‍ ...
          പൂവിതളിന്‍ പുലര്‍മഞ്ഞില്‍ പടരും മണ്ണിന്‍ മോഹങ്ങള്‍
          നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....

Thursday, December 22, 2011

വെള്ളത്തണ്ട്


 എന്‍റെ സ്ലൈറ്റിലെ
 വള്ളിയും പുള്ളിയും മായ്ക്കാന്‍
 വെള്ളത്തണ്ട് പറിക്കാന്‍
 പോയതായിരുന്നു അവന്‍  .
 "വെള്ളിക്കെട്ടനാണെന്ന് തോന്നുന്നു"         
 വെള്ള തുണിയില്‍  പൊതിഞ്ഞു
 പള്ളിക്കാട്ടിലേക്കെടുത്തപ്പോള്‍
 വെള്ളത്തണ്ടുമായി
 ഞാന്‍ മുന്നിലുണ്ടായിരുന്നു.
 ഇന്നലെയും ഞാന്‍ കണ്ടിരുന്നു 
 മീസാന്‍ക്കല്ലില്‍
 കള്ളിചെടികള്‍ക്കൊപ്പം
 ഒരു വെള്ളത്തണ്ട് 
 എന്നോട് ചിരിക്കുന്നത്. 

Tuesday, December 20, 2011

പെങ്ങള്‍



 പുര നിറഞ്ഞപ്പോഴാണ്‌
 പുറത്തേക്കിറങ്ങിയത്.
 പിന്നെ അകത്തേക്ക്
 പടി കയറി വന്നിട്ടില്ല.
 പുരയില്‍ വന്നൊരാളും
 പെണ്ണ് കാണാത്തവളെ
 പകലില്‍ പോലും
 പലരും കണ്ടു മടങ്ങുന്നു.