Pages

Ads 468x60px

Tuesday, April 3, 2012

വേനലവധിയിലെ മാങ്ങാകാലം


 ഓര്‍മയിലെ വേനലവധിയില്‍ നിറയെ മാവിന്‍ കൊമ്പിലെ കണ്ണിമാങ്ങകള്‍ ആണ്.മീന മാസത്തിലെ ചുട്ടു പൊള്ളുന്ന വെയിലില്‍ ഉപ്പും മുളകും കൂട്ടിയുള്ള പച്ച മാങ്ങ വേട്ടക്കു ശേഷം വെള്ളം തേടിയുള്ള പരക്കം പാച്ചിലില്‍ തുടങ്ങുന്നു വേനലവധിയുടെ തുടക്കം.മേട മാസത്തില്‍ മൂപ്പ് തെറ്റി തുടങ്ങുന്ന മാങ്ങകള്‍ ഇടവമാസമാകുന്നതോടെ ഞെട്ടറ്റു വീഴാന്‍ ഒരു ചെറു കാറ്റിന്റെ തൂവല്‍ സ്പര്‍ശം കാതോര്‍ത്തിരിക്കും.രാത്രിയിലെ ഇരുട്ടില്‍ മാംകൊമ്പുകളോട് രഹസ്യ സമാഗമം നടത്താന്‍ വരുന്ന കാറ്റിന്റെ വേഴ്ചയില്‍ മതിമറന്നു താഴേക്ക്‌ വീഴുന്ന മാങ്ങകളുടെ കണക്കെടുത്താണ് ഓരോ വൈകുന്നേരവും ഞങ്ങള്‍ ഉറങ്ങാന്‍ പോയിരുന്നത്.തലേരാത്രിയിലെ വീഴ്ചയുടെ ക്ഷീണത്തില്‍ നിലം പറ്റി കിടക്കുന്ന ചുവന്നു തുടുത്ത മാങ്ങകളില്‍ നിന്നും കിനിയുന്ന മധുരം ചുണ്ടോടു ചേര്‍ത്ത് ഊമ്പി കുടിക്കുന്നതിലെ രസം ഇന്നും നാവിലുണ്ട്.
വള്ളി ട്രൌസറിട്ട ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഒരു മാവില്‍ നിന്ന് കൊമ്പുകളിലൂടെ അടുത്ത മാവിലേക്ക്‌ അണ്ണാറകണ്ണന്‍മാര്‍ക്കൊപ്പം തൂങ്ങിയാടുമ്പോള്‍ താഴെയുള്ള പെണ്‍കുട്ടികള്‍ അസൂയയോടെ വീര്‍പ്പടക്കി നോക്കി നില്‍ക്കും. ആണ്‍കുട്ടികളുടെ ഔദാര്യ ത്തിലായിരുന്നു പലപ്പോഴും അവര്‍ക്കുള്ള മാങ്ങകള്‍ .പക്ഷേ,പഴുത്ത മാങ്ങകള്‍ ചറപറ താഴോട്ട് വീഴുന്ന കാലത്ത് ആണ്‍കുട്ടികള്‍ക്ക് മുന്‍പേ അതിരാവിലെ ഉണര്‍ന്നു മാങ്ങകളെല്ലാം പൊറുക്കി പെണ്‍കുട്ടികള്‍ തിരിച്ചടിക്കും.മാവില്‍ വലിഞ്ഞു കയറി മാങ്ങ പറിക്കുന്ന ചില പെണ്‍ ജഗജില്ലികള്‍ , വരാന്‍ പോകുന്ന ഫെമിനിസ്റ്റു കാലത്തേ അന്നേ മാവിന്‍ കൊമ്പുകളില്‍ രേഖപെടുത്തിയിരുന്നു .
ഉപ്പും മുളകും മിക്സ്‌ ചെയ്തു കടലാസ്സില്‍ പൊതിഞ്ഞു മാവിന്‍ കൊമ്പത്ത് വെച്ച് തന്നെ പച്ച മാങ്ങയും ചേര്‍ത്ത് സംഘം ചേര്‍ന്ന് സൊറ പറഞ്ഞു കഴിക്കലായിരുന്നു അന്നത്തെ ഹരമുള്ള ഹോബി.ചിലപ്പോള്‍ നിലം തൊടാതെ പറിക്കുന്ന മാങ്ങകള്‍ കുലകളോടെ വീട്ടിലെത്തിക്കും .അത് പല തരത്തിലുള്ള അച്ചാറുകളായി പിന്നീട് ഞങ്ങളുടെ ക്ലാസ് റൂമിലെ ഉച്ച ഭക്ഷണത്തിന് എരിവു പകരും.
വൈവിധ്യവും വ്യത്യസ്തതയുമുള്ള മാങ്ങകളാണ് ഓരോ നാട്ടിലുമുള്ളത്.ചിലപ്പോള്‍ ഒരേ മാങ്ങകള്‍ തന്നെ പല നാടുകളിലും വിവിധ പേരുകളിലായിരിക്കും അറിയപ്പെടുക.മലപ്പുറം ജില്ലയില്‍ സാധാരണയായി വീട്ടുമുറ്റങ്ങളില്‍ കാണപ്പെട്ടിരുന്ന മാങ്ങയെ കോമാങ്ങ എന്നാണ് വിളിക്കാറ്.വലിയ പുളിയില്ലാത്തതും പഴുത്താല്‍ ഇടത്തരം മധുരമുള്ളതും ആണിത്.വളരെ ചെറിയ വലിപ്പമുള്ള കഠിന പുളിയുള്ള മാങ്ങയാണ്‌ നടന്‍ മാങ്ങ അഥവാ പുളിയന്‍ .ഇതാണ് സാധാരണ വീടുകളില്‍ അച്ചാറിനായി ഉപയോഗിക്കുന്നത്.മാവില്‍ നിന്ന് നിലം തൊടാതെ അറുത്തു മാറ്റുന്ന നടന്‍ മാങ്ങകള്‍ കഷ്നിക്കാതെ ഞെട്ടി കളഞ്ഞ ശേഷം ഉപ്പിലിട്ടു സൂക്ഷിക്കുകയാണ് പതിവ്. കഷണമായി അരിഞ്ഞു അച്ചാറിടുന്ന രീതിയും ഉണ്ട്.നാടന്‍ മാങ്ങകള്‍ പലവിധം ഉണ്ട്.പഴുക്കുമ്പോഴാണ് പലതിന്റെയം വ്യത്യസ മറിയുക .മണത്തിലും രുചിയിലും നിറത്തിലും ഓരോന്നും വിഭിന്നമാണ് .നല്ല തേന്‍ മധുരമുള്ളതും പുളിരസമുള്ളതും ഇവയിലുണ്ട്.പഴുക്കുമ്പോള്‍ മഞ്ഞ നിറമാകുന്നതും നിറം മാറാതെ പച്ച നിറത്തില്‍ പഴുക്കുന്നവയും കാണാം.ചുണ്ടെലിയെ പോലെ അഗ്രഭാഗം കൂര്‍ത്ത മാങ്ങയെ ഞങ്ങള്‍ ചുണ്ടന്‍ മാങ്ങ എന്നാണ് വിളിച്ചിരുന്നത്‌.പച്ചയാകുമ്പോള്‍ കഴിക്കാന്‍ സ്വാദില്ലാത്ത കോഴിക്കോടന്‍ മാങ്ങയും കപ്പിമാങ്ങയും വലിയ പപ്പായ മാങ്ങകളും അപൂര്‍വമായി ചില വീടുകളില്‍ ഉണ്ടായിരുന്നു.
ഇന്ന് പുതുതായി മുളച്ചു പൊന്തുന്ന കോണ്‍ക്രീറ്റ് കാടുകളിലും സൗധങ്ങളിലും മാവുകളുടെ ഈ വൈവിധ്യം കാണില്ല. ആഗോളവത്കരണ കാലത്തേ ഏകവിള തോട്ടവത്കരണം മാവിന്‍ വിഷയത്തിലും പ്രതിഫലിച്ചു കാണാം.ഉയരമുള്ള ഗേറ്റ് തള്ളി മാറ്റി അകത്തു ചെന്നാല്‍  എല്ലായിടത്തും ആദ്യം കാണുക ബോണ്‍സായ് മരങ്ങളോട് സാദ്രശ്യമുള്ള ഒരേ തരം മാവുകളാണ്.കയ്യെത്തും ദൂരത്തു തന്നെ മാങ്ങകളും കാണാം.മരം കയറ്റവും കളിയുടെ ആവേശങ്ങളും പങ്കു വെക്കാന്‍ മാത്രം ചില്ലകളോ പൊക്കമോ  ഇല്ലാത്ത ഈ മാവില്‍ ഒരു അണ്ണാറകണ്ണനെയോ പക്ഷികളെയോ കാണുക സാധ്യമല്ല.കൂറ്റന്‍ മതിലുകള്‍ക്ക് ഉള്ളില്‍ ജീവിക്കുന്നവരുടെ മനസ്സ് അറിഞ്ഞിട്ടായിരിക്കും അവയൊന്നും അടുക്കാത്തത്. പുറത്തു കാണുന്ന ഭംഗി അകത്തില്ലാത്ത ആ മാങ്ങകളെ പോലെ തന്നെയാണ് പലപ്പോഴും അവിടെ താമസിക്കുന്നവരുടെ മനസ്സുകളും എന്ന് തോന്നി പോയിട്ടുണ്ട് ..


പിന്‍കുറി: ബാല്യം കഴിഞ്ഞു കൗമാരക്കാലത്ത് കോളേജ് കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന കാലം. ഹോസ്റ്റലിനു ചുറ്റുമുള്ള മാവിലെ തുടുത്തു നില്‍ക്കുന്ന മാങ്ങകള്‍ പലപ്പോഴുംകൗമാര മനസ്സിനെ പ്രലോഭിപ്പിക്കുന്നതയിരുന്നു . ഓരോ മാങ്ങക്കും 5 രൂപ വെച്ചായിരുന്നു ഫൈന്‍ ഈടാക്കിയിരുന്നത്.അതിനാല്‍ പ്രലോഭനം എന്നെ പോലുള്ള ദുര്‍ബലര്‍ മനസ്സില്‍ ഒതുക്കി. . മാങ്ങകളോട്  അടക്കാന്‍ വയ്യാത്ത പ്രണയമുള്ള ധീരന്മാരായ  ചില സുഹ്രത്തുക്കള്‍ രാത്രിയുടെ ഇരുട്ടിന്റെ മറവില്‍ മാവിന്‍ മുകളില്‍ കയറി അവരുടെ മോഹം തീര്‍ക്കും 'പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നാണല്ലോ' .ഒരിക്കല്‍ മാവിന് മുകളിലായിരിക്കെ ഈ ടീമിനെ വാര്‍ഡന്‍ തൊണ്ടി സഹിതം പിടി കൂടി.ആ വര്‍ഷത്തെ ഏറ്റവും വലിയ ഫൈന്‍ അവരില്‍ നിന്ന് ഈടാക്കി. ഇങ്ങനെ ഹോസ്റ്റലുകളിലെ മാങ്ങ മോഷണ കഥകള്‍ പറയാന്‍ ഓരോ ബാച്ചിനും ഉണ്ടെന്നു പിന്നീട് യാത്രയയപ്പ് യോഗങ്ങളില്‍ നിന്നാണ് മനസ്സിലായത്.പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കും ഉണ്ടാവും പറഞ്ഞാല്‍ തീരാത്ത ഇത്തരം മാങ്ങാകഥകള്‍ . ഒന്നോര്‍ത്തു നോക്കൂ ...