Pages

Ads 468x60px

Sunday, October 7, 2012

ചുളിവു വീണ മുഖങ്ങള്‍ പ്രതീക്ഷിക്കുന്നത്തെരുവിലുപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ സചിത്രവാര്‍ത്തകള്‍ സഹിതം ഒരു വയോജനദിനം കൂടി (ഒക്‌ടോബര്‍ ഒന്ന്) കടന്നു പോയി. വീട്ടിലടിഞ്ഞു കൂടുന്ന ഗാര്‍ഹിക മാലിന്യം ആളുകളില്ലാത്തയിടങ്ങളില്‍ തള്ളുന്നപോലെ പൊതുവഴിയിലേയും റെയില്‍വേസ്റ്റേഷനുകളിലെയും തിരക്കുകളില്‍ ഉപേക്ഷിക്കപ്പെടേണ്ട കുടുംബ മാലിന്യമായി ചിലര്‍ക്കെങ്കിലും വൃദ്ധജനം മാറിയിരിക്കുന്നു. അല്‍പം കൂടി പ്രതിബദ്ധതയുള്ളവര്‍ അവരെ വൃദ്ധസദനങ്ങളിലാക്കി ഉത്തരവാദിത്വങ്ങളില്‍ നിന്ന് കൈകഴുകുന്നു. കൂട്ടുകുടുംബ വ്യവസ്ഥകള്‍ മാറി അണുകുടുംബം 'സ്വന്തം' വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും ചേക്കേറാന്‍ തുടങ്ങിയ കാലംതൊട്ടേ കൂടെ കൂട്ടാന്‍ പറ്റാത്ത അനാവശ്യ വസ്തുക്കളിലൊന്നായി മാറിയിരുന്നു വാര്‍ദ്ധക്യം. ഗള്‍ഫിലെ ഫാമിലി സ്റ്റാറ്റസ് സൗകര്യങ്ങളിലേക്ക് കൂടുമാറുന്നവരുടെ 'ഫാമിലി'യില്‍ വൃദ്ധമാതാപിതാക്കള്‍ ഇടംപിടിക്കല്‍ അപൂര്‍വവുമാണെന്നതുകൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. അല്ലെങ്കിലും അണുകുടുംബങ്ങള്‍ വര്‍ധിച്ചതോടെ മിണ്ടിപ്പറയാന്‍ ആളില്ലാതെ പ്രായമായവരിലെ ഒറ്റപ്പെടല്‍ ഒരു യാഥാര്‍ഥ്യമായിട്ട് കാലം കുറെയായി. പങ്കാളികളിലൊരാള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരനുഭവിക്കുന്ന ശൂന്യത പറഞ്ഞറിയിക്കാവുന്നതിലും ഭീതിദമാണ്. ഏകാന്തതയിലേക്കും തുടര്‍ന്ന് വിഷാദത്തിലേക്കും കുഴമറിയുന്ന ആ ദുരിത ജീവിതത്തില്‍ പരസഹായം വേണ്ട ദൈനംദിന കാര്യങ്ങള്‍ക്ക് അടുത്ത ബന്ധുക്കളില്ലാതിരിക്കുമ്പോള്‍ തുടര്‍ന്ന് ജീവിക്കാനുള്ള ആഗ്രഹം കൂടിയാണ് അവരില്‍ നിന്ന് നഷ്ടപ്പെടുന്നത്.

വാര്‍ധക്യമാവശ്യപ്പെടുന്നത്

സ്വന്തം ജീവിതത്തോടും ശരീരത്തോടും നിരന്തരം കലഹിക്കുന്ന പ്രായമാണ് വാര്‍ധക്യം. മനസ്സിന്റെ ആഗ്രഹങ്ങളോട് ശരീരം വഴങ്ങാത്ത കാലം. രണ്ടു കാലില്‍ സ്വതന്ത്രനായി നടന്ന നിരാശ്രയജീവിതത്തില്‍നിന്ന് ഊന്നുവടിയെന്ന മൂന്നാം കാലിന്റെ സഹായം തേടേണ്ടിവരുന്ന പരാശ്രിതഘട്ടം. ഒരു കുഞ്ഞിന്റെ വളര്‍ച്ചാഘട്ടത്തില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും പുലര്‍ത്തുന്ന പരിചരണവും ജാഗ്രതയും വാര്‍ധക്യമെന്ന രണ്ടാം ശൈശവത്തിലും അനിവാര്യമാണ്. ഉപേക്ഷിക്കലിന്റെ കയ്പുനീര്‍ പേറേണ്ടി വരുന്ന വൃദ്ധസദന ജീവിതമോ സകല സുഖഃസൗകര്യങ്ങളും ഏര്‍പ്പെടുത്തി വീട്ടിലെ ഒരു സ്വകാര്യമുറിയിലൊതുക്കുന്ന ഏകാന്തതയുടെ വിഷാദ ജീവിതമോ അല്ല വാര്‍ധക്യം ആവശ്യപ്പെടുന്നത്. പരിഗണനയുടെ നനവും ആദരവിന്റെ സുഗന്ധവുമാണ് ചുളിവു വീണ ആ മുഖങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജീവിതയാത്രയില്‍ മുതിര്‍ന്നവരെ ഒപ്പം കൂട്ടിയും പരസ്പരസഹായം വേണ്ടിവരുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമേകി ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ സാധിച്ചാല്‍ ആ നന്മയുടെ വേരുകള്‍ നമ്മളിലൂടെ അടുത്ത തലമുറയിലേക്കും ആഴ്ന്നിറങ്ങും. വാര്‍ധക്യം ഒരു രോഗാവസ്ഥയല്ലെന്നും നാളെ തന്നെയും കാത്തിരിക്കുന്ന ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും തിരിച്ചറിയുമ്പോഴാണ് ഈ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുക.

വാര്‍ധക്യത്തിന്റെ മുഖത്ത് വീഴുന്ന ചുളിവുകള്‍ ജീവിതാഴങ്ങളുടെ ചരിത്രഭൂപടമാണ്. അനുഭവങ്ങളുടെ പെരുമഴച്ചാറ്റല്‍ തീര്‍ത്ത നീര്‍ച്ചാലുകളാണ് ആ നെറ്റിത്തടത്തിലെ വരകള്‍. പുതിയ ചെറുപ്പത്തിനും വളരുന്ന ബാല്യത്തിനും ദിശാബോധം നിര്‍ണയിക്കാന്‍ ജീവിക്കുന്ന ആ ചരിത്ര പാഠപുസ്തകങ്ങളെ വീട്ടിനകത്തെ ഇരുണ്ട പൊടിപിടിച്ച ഇടങ്ങളില്‍നിന്ന് സമൂഹമധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവരണം. അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, സംരക്ഷിക്കപ്പെടുന്ന അതിനുമപ്പുറം ആദരിക്കപ്പെടുന്ന വാര്‍ധക്യത്തിന് സമൂഹത്തിന് ഒട്ടേറെ കാര്യങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയും. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ കാര്യമായൊന്നും ചെയ്യാനില്ലാതെ വിശ്രമജീവിതം നയിക്കുകയാണ് വേണ്ടതെന്ന വൃദ്ധരടക്കമുള്ള സമൂഹത്തിന്റെ ചിന്താഗതി അതിനാദ്യം മാറേണ്ടതുണ്ട്.


1 comment:

  1. നന്മയുള്ള പോസ്റ്റ്‌..

    ReplyDelete