Pages

Ads 468x60px

Monday, May 27, 2013

ശ്രീശാന്ത് ഈ ചൂതാട്ടത്തിലെ ഒരു കരു മാത്രമാണ്.

        പാശ്ചാത്യ രാജ്യങ്ങളില്‍ ശൈത്യകാലത്ത് തണുപ്പകറ്റാനും നേരം കൊല്ലാനുമാണ് ക്രിക്കറ്റ് ജന്മമെടുക്കുന്നത്. വിശ്രമിക്കാനും വിനോദിക്കാനും അധികാരവും സമയവുമുള്ള സമൂഹത്തിലെ സമ്പന്നരും പ്രഭു കുടുംബങ്ങളുമാണ് 'മാന്യന്മാരുടെ' ഈ കളി ആദ്യം തുടങ്ങിയത്. ടെലിവിഷന്‍ ലൈവ്‌ഷോയിലെ സാധ്യതകള്‍ കണ്ടെത്തിയതോടെ ക്രിക്കറ്റ് വാണിജ്യവത്കരിക്കപ്പെട്ടു. ക്രിക്കറ്റിന്റെ വിപണി സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനാണ് അഞ്ചുദിന ടെസ്റ്റ് മാച്ചുകള്‍ക്ക് പുറമെ ഏകദിന മത്സരങ്ങള്‍ വരുന്നത്. അത് പിന്നീട് അനന്തസാധ്യതകളുടെ ട്വന്റി ട്വന്റിയായി പരിണമിച്ചു. കോടികള്‍ മറിയുന്ന ബിസിനസ് രംഗമാണിന്ന് ക്രിക്കറ്റ്. അധോലോകവും സിനിമാതാരങ്ങളും ബിസിനിസ് വമ്പന്മാരും രാഷ്ട്രീയക്കാരും നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര ബിസിനസ് ലോകം. പണമെറിഞ്ഞ് പണം വാരാന്‍ മിടുക്കരായ ഈ മുക്കൂട്ട് മുന്നണിയുടെ ബുദ്ധിയില്‍ ഉദിച്ച ഒന്നാന്തരം ചൂതാട്ടമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐ.പി.എല്‍ .

ഇന്ത്യന്‍ യുവത്വത്തിന്റെ ലഹരിയാണ് ക്രിക്കറ്റ്. ആ ലഹരിയുടെ ചൂതാട്ടമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാണാം. ക്രിക്കറ്റും ബോളിവുഡും ചിയര്‍ ഗേള്‍സും വ്യവസായികളും മാഫിയകളും ചേര്‍ന്നൊരുക്കിയ പണക്കൊഴുപ്പിന്റെ വര്‍ണപ്രപഞ്ചം. കള്ളപ്പണം, ലഹരി, ലൈംഗിക വാണിഭം തുടങ്ങി ഒരു ജനപ്രിയ ബോളിവുഡ് ചിത്രത്തിലെ എല്ലാ ചേരുവകളും ഉള്‍ച്ചേര്‍ന്ന അധോലോക ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്ന 'കായിക'മാമാങ്കം. സാധാരണ ക്രിക്കറ്റ് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി കളി കഴിഞ്ഞുള്ള രാത്രി വിരുന്നുകളും ആഫ്റ്റര്‍ പാര്‍ട്ടികളും ഐ.പി.എല്ലിനെ മൈതാനത്തിന് പുറത്തും വിപണന സാധ്യതയുള്ള ഒന്നാക്കുന്നു.

          2008-ല്‍ കോടികളൊഴുക്കി ലളിത് മോഡി എന്ന ബിസിനസ്‌കാരന്റെ നേതൃത്വത്തിലാണ് ഐ.പി.എല്‍ തുടങ്ങിയത്. വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് മുതല്‍ അധോലോക ബന്ധം വരെ മറനീക്കി പുറത്തുവന്നു. മിക്ക ടീമുകളുടെയും ദുരൂഹമായ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. പലതരം വിവാദങ്ങളും കൊഴുത്തു. അതിലൊന്നിലാണ് മലയാളിയായ കേന്ദ്രമന്ത്രിയുടെ സ്ഥാനം തെറിച്ചത്. വൈകാതെ ഐ.പി.എല്‍ എന്ന ആശയത്തിന് തുടക്കമിട്ട ലളിത് മോഡിയുടെ മേല്‍ 22 കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ കാലുകുത്താനാവാതെ വിദേശ വാസത്തിലാണ് ഈ മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍
.
ഒത്തുകളിയും വാതുവെപ്പും ക്രിക്കറ്റില്‍ പുതുമയല്ല. ക്രിക്കറ്റ് കളിക്കുന്ന പ്രധാന രാജ്യങ്ങളിലെ മുന്‍ക്യാപ്റ്റന്മാരായ ഹാന്‍സി ക്രോണ്യ(ദക്ഷിണാഫ്രിക്ക), മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഇന്ത്യ), സലിം മാലിക് (പാകിസ്താന്‍) എന്നിവര്‍ ഒത്തുകളിച്ചുവെന്ന് തെളിഞ്ഞതിന്റെ പേരില്‍ ആജീവനാന്തം വിലക്ക് നേരിട്ടവരാണ്. ക്യാപ്റ്റന്മാര്‍ക്കൊപ്പം സഹതാരങ്ങളുമുണ്ടായിരുന്നു. വാതുവെപ്പാണെങ്കില്‍ ക്രിക്കറ്റ് ലോകത്ത് പണ്ടുമുതലേയുള്ള പരസ്യമായ ഒരു രഹസ്യമാണ്. ഇന്ത്യയില്‍ കുതിരപ്പന്തയത്തില്‍ മാത്രമേ വാതുവെയ്പ്പ് അനുവദിച്ചിട്ടുള്ളൂ. മറ്റ് കളികളില്‍ വാതുവെയ്പ് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് എന്നാണ് വെപ്പ്. ക്രിക്കറ്റില്‍ സാധാരണ ഗതിയില്‍ ഏക ദിനങ്ങള്‍ക്ക് ആയിരം കോടി വരെയും ടെസ്റ്റുകള്‍ക്ക് 1500 കോടി വരെയും ഇന്ത്യയില്‍ വാതുവെപ്പ് നടക്കുന്നുണ്ട്. ട്വന്റി ട്വന്റി വന്നതോടെ പതിനായിരക്കണക്കിന് കോടികള്‍ മറിയുന്ന വന്‍ സാധ്യതയായി വാതുവെപ്പുകള്‍ മാറി. ഒരോവര്‍ കൊണ്ട് മത്സരഫലം മാറ്റിമറിക്കാമെന്നതാണ് ട്വന്റി ട്വന്റിയെ വാതുവെപ്പുകാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഇന്ത്യയില്‍ മാത്രം 15 ലക്ഷം പേര്‍ സ്ഥിരമായി ചെറുതും വലുതുമായ വാതുവെപ്പുകളില്‍ ഏര്‍പ്പെടുന്നു. 45000 കോടിയാണ് ഈ സീസണിലെ ഐ.പി.എല്ലില്‍ മാത്രമായി മറിഞ്ഞത്.

         ഈ വാതുവെപ്പ് സജീവമായി നിലനിര്‍ത്താനും അതില്‍ കോടികളുടെ ലാഭം ഉറപ്പുവരുത്താനുമാണ് ഒത്തുകളി അരങ്ങേറുന്നത്. വലയില്‍ വീഴാന്‍ സാധ്യതയുള്ള കളിക്കാരെ തെരഞ്ഞുപിടിച്ച് ഒത്തുകളിക്ക് പ്രലോഭിക്കുന്ന വന്‍ റാക്കറ്റുകള്‍ സജീവമാണ്. പണത്തോടുള്ള ആര്‍ത്തി, സ്ത്രീവിഷയങ്ങളില്‍ താല്‍പര്യം തുടങ്ങിയ താരങ്ങളുടെ ദൗര്‍ബല്യങ്ങളിലൂടെയാണ് അവരിലേക്ക് വാതുവെപ്പുകാരന്‍ പ്രവേശനം നേടുന്നത്. ഐ.പി.എല്ലിന് വേണ്ടി വന്‍തുകക്ക് ടീമുകളെ ലേലത്തിലെടുത്ത കമ്പനികള്‍ക്കാവട്ടെ കളിയല്ല കാര്യം 'കായി'കമാണ്. എങ്ങനെയും മുടക്കിയ തുകയുടെ പതിന്മടങ്ങ് തിരിച്ചുപിടിക്കണം. പ്രതീക്ഷിച്ച ലാഭം കളിയില്‍നിന്ന് ലഭിക്കുന്നില്ലെങ്കില്‍ അവര്‍ വേറെ മാര്‍ഗം നോക്കുക സ്വാഭാവികം. ടീമിലെ രണ്ടോ മൂന്നോ താരങ്ങളെ സ്വാധീനിക്കാനായാല്‍ മത്സരഫലം മാറ്റിമറിക്കാം. സജീവമായ വാതുവെപ്പ് മാഫിയയുമായി കൂട്ടുചേര്‍ന്ന് കളിച്ചാല്‍ മുടക്കുതുക എത്രയും വേഗം തിരിച്ചുപിടിക്കാം. കമ്പനി അതിനുപറ്റിയ കളിക്കാരെ സെലക്ട് ചെയ്യുകയും അവരുടെ ദൗര്‍ബല്യങ്ങള്‍ വെച്ച് മുതലിറക്കുകയും ചെയ്യുന്നു. കളിക്കളത്തിന് പുറത്തുള്ള അത്തരം ചില യഥാര്‍ഥ കളികളുടെ സാമ്പിളുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗ്രൗണ്ടിനകത്തും പുറത്തുമായി 'കളിക്കാ'ന്‍ പഠിച്ചവര്‍ ഇപ്പോഴും ആ കളി തുടരുന്നു. രണ്ടിടത്തും ശരിക്കും 'കളി'ക്കാനറിയാത്ത ശ്രീശാന്തുമാര്‍ ഈ ചൂതുകളിയില്‍നിന്ന് അനിവാര്യമായും പുറത്തുപോകേണ്ട കരുക്കള്‍ മാത്രമാണ്. വാതുവെപ്പ് തെളിഞ്ഞതുകൊണ്ടോ ഏതാനും താരങ്ങള്‍ പിടിക്കപ്പെട്ടതുകൊണ്ടോ ഈ കളി തീരില്ല. ഈ ചതുരംഗം ഇനിയും തുടരും, കളിക്കളത്തിനകത്തും പുറത്തും. കാരണം രാഷ്ട്രീയക്കാര്‍ , ബിസിനസുകാര്‍ , മാഫിയകള്‍ , താരങ്ങള്‍ എല്ലാവരുടെയും പൊന്‍മുട്ടയിടുന്ന താറാവാണ് ഐ.പി.എല്‍ .