Pages

Ads 468x60px

Thursday, October 18, 2012

വായനയുടെ വ്യാഴവട്ടക്കാലം അഥവാ അല്‍ജാമിഅ ജീവിതം 1999 - 2012ശാന്തപുരം അല്‍ജാമിഅയിലെ 12 വര്‍ഷത്തെ പഠന - ഉദ്യോഗ ജീവിതത്തിനിടയിലെ  വായനാ ജീവിതത്തിന്‍റെ ചില ഓര്‍മ്മകളെക്കുറിച്ച്   യറിയില്‍ കുറിച്ചിട്ട വരികളാണ് ഇവിടെ പകര്‍ത്തുന്നത്  .

02/01/2012 
12  വര്‍ഷത്തെ ഓര്‍മ്മകള്‍ 
12 ലോകങ്ങളായി ഇന്നുമുണ്ട് ഡയറിയുടെ താളുകളില്‍ .
ഉറൂബും ബഷീറും എംടിയുമെല്ലാം 
തലയണക്കടിയില്‍ കൂടെ ഉറങ്ങുകയും ഉണരുകയും 
ചെയ്ത ആദ്യവര്‍ഷങ്ങള്‍ .
ബേപ്പൂര്‍ സുല്‍ത്താന്‍റെ  ഭാര്‍ഗവിനിലയം  
പൊടി തട്ടുമ്പോഴാണ് മുന്‍പേ പറക്കുന്ന പക്ഷികള്‍ 
കണ്ണില്‍ പെട്ടത് .
പിന്നിട് കുറെ മാസങ്ങള്‍ സീ ആറി ന്‍റെ കൂടെയായിരുന്നു.
അവസാന നോവലിന്‍റെ ഒടുവിലത്തെ പേജും 
കരണ്ടിട്ടുണ്ടെന്നു ഉറപ്പു വരുത്തിയാണ് 
അപ്പുവിന്‍റെ യാത്രയിലെ 
ഭാന്ധക്കെട്ടില്‍ നിന്ന് കയ്യെടുത്തത് .
ഇതിനിടയിലെ രാത്രികളില്‍ 
നക്സലൈറ്റും ജേണലിസ്റ്റും സയന്റിസ്റ്റുമായെല്ലാം
അപ്പുവിനൊപ്പം  വേഷം കെട്ടിയത് ഞാന്‍ കൂടിയായിരുന്നു .

വയലാറും  ഒഎന്‍വിയും ചുള്ളിക്കാടുമെല്ലാം
അപഹരിച്ചത് മറ്റൊരു  വര്‍ഷത്തെ   ഡയറിയായിരുന്നു 
പ്രണയത്തിന്‍റെ    തുലാവര്‍ഷമായിരുന്നു പിന്നീടൊരിക്കല്‍ .
ഓഷോയുടെ പ്രണയത്തിന്‍റെ    രഹസ്യമാണ്‌
ഘനീഭവിച്ചു ഇടിവെട്ടി പെയ്തത് .
പ്രണയം പ്രളയമായത് ആ വര്‍ഷമാണ്‌  .
ഒടുവില്‍ അലിശരീഅത്തിയും മാലിക് ബിന്നബിയും ചേര്‍ന്നാണ്  
നോഹയുടെ പെട്ടകത്തില്‍ കയറ്റി 
ആ പ്രളയത്തില്‍ നിന്ന് രക്ഷിച്ചത്‌ .
പിന്നീടു പുഴ ഗതി മാറിയാണ് ഒഴുകിയത് .
അത് ചെന്ന് ചേര്‍ന്നത്‌  മക്കയിലേക്കുള്ള 
പാതയിലായിരുന്നു .
മുഹമ്മദ്‌ അസദിന്‍റെ   കൂടെ മക്ക മുഴുവന്‍ ചുറ്റി കണ്ടു.
ആലു സഊദിന്‍റെ  കൊട്ടരത്തിനുള്ളിലും 
മരുഭൂമിയില്‍ ഒട്ടകത്തിന്‍റെ  പുറത്തും 
അസദിന്‍റെ  കൂടെ സഞ്ചരിച്ചു .
ഇന്ത്യയിലെ ഗോക്കളെപ്പോലെ ദഹിച്ചാലും ഇല്ലെങ്കിലും 
എന്തു കിട്ടിയാലും വാരി വിഴുങ്ങുന്ന 
അസ്ഹര്‍ വിദ്യാര്‍തികളെ കുറിച്ച് 
അസദ് നെടുവീര്‍പ്പെട്ടപ്പോള്‍ 
ദഹനക്കേടിന്‍റെ  പുളിച്ചു തികട്ടില്‍ ഉയര്‍ന്നത്
എന്‍റെ  ഉദരത്തില്‍ നിന്നുക്കൂടിയായിരുന്നു.

പിന്നീടു കുറച്ചു നാള്‍  നാട്ടില്‍ വിശ്രമകാലമായിരുന്നു .
ഒഴിവുകാലം പഴയ കൂട്ടുക്കാര്‍ക്കൊപ്പമുള്ള
വിനോദ കാലമാണ് .
മലയാള സിനിമയും സിനിമാലോകവും 
ദൃശ്യ കാഴ്ചകളുടെ വിരുന്നു സല്‍ക്കാരങ്ങളുടെ കാലം 
കയ്പ്പും മധുരവും പുളിയും 
കാഴ്ചയുടെ ഭക്ഷണതളിക എപ്പോഴും വിഭവസമ്രദ്ധമായിരുന്നു.
സുഭിക്ഷത നമ്മെ ഒടുവില്‍ ഉപവാസത്തിലെത്തിക്കും.
ഉപവാസം കഴിഞ്ഞാല്‍ മികച്ചതും നല്ലതുമായാതെ കഴിക്കൂ ....
കാഴ്ചകളുടെ ലോകത്തെ ഉപവാസം കഴിഞ്ഞാണ് 
കാമ്പസില്‍ തിരിച്ചെത്തിയത്‌ .

കാഴ്ചയുടെ ഈ ഇടവേളക്ക്‌ ശേഷമാണു 
ബെഗോവിച്ചിനെ പരിചയപ്പെട്ടത്‌ .
ഇന്നും വേണ്ടത്ര ദഹിചിട്ടില്ലെങ്കിലും 
അവസാന പേജും വിഴുങ്ങിയിട്ടുണ്ട് .
ആ ദഹനക്കേട് മാറാനാണ്‌ വീണ്ടും  ലോകം ചുറ്റാന്‍ തീരുമാനിച്ചത്
മുഹമ്മദ്‌ അസദിനോളം സാഹസികനല്ലെങ്കിലും 
നല്ലൊരു സഹയാത്രികനായിരുന്നു സിയാവുദ്ധീന്‍ സര്‍ദാര്‍  .
ഒട്ടകത്തിനു പകരം മിക്കവാറും യാത്ര വിമാനത്തിലായിരുന്നു .
പഴയ ലോകത്തിനു പകരം പുതിയ കാലവും.
എങ്കിലും യാത്ര ഒട്ടും സുഖകരമായിരുന്നില്ല .
പലയിടത്തും പതിറ്റാണ്ടുകള്‍ക്ക്  മുന്‍പേ 
മുഹമ്മദ്‌ അസദ്  കാണിച്ചു തന്നതില്‍ നിന്നും 
വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
മലേഷ്യയിലാണ് കുറച്ചു കാലമെങ്കിലും 
ഞങ്ങള്‍ സ്വസ്ഥമായി കഴിച്ചു കൂട്ടിയത്.
എന്നിട്ടും ചരിത്രത്തിലെ മുസ്ലിം സ്പെയ്നിനെ 
കണ്ടു പിടിക്കാന്‍  കഴിഞ്ഞില്ല .
ഞങ്ങള്‍ നിരാശയിലായി .
സ്പെയ്നിനെ കണ്ടെത്തേണ്ട പല സംഘടനകളും 
മറ്റൊരു ഏകാന്ത ലോകത്തെകുറിച്ച് സംസാരിക്കുന്നത്  കണ്ടപ്പോള്‍ സന്ദേഹമായി .
ഒടുവില്‍ പാതി വഴിയില്‍ വെച്ച് യാത്ര നിര്‍ത്തി   
പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു. 

സംശയങ്ങളും ചോദ്യങ്ങളും അപ്പോഴും ബാക്കിയായിരുന്നു. 
പാടി പഠിച്ച  ഉത്തരങ്ങള്‍ക്ക് പകരം 
പുതിയവ കണ്ടെത്തേണ്ടതുണ്ടായിരുന്നു .
ജഫ്രിലാംഗിന്‍റെ   മാലാഖമാര്‍ പോലും ഉയര്‍ത്തുന്നത് 
സന്ദേഹങ്ങളുടെ ഈ ചോദ്യമാണല്ലോ ?
ചോദ്യങ്ങളും ഉത്തരങ്ങളും  അതാണല്ലോ നമ്മെ 
വീണ്ടും യാത്രക്ക് പ്രേരിപ്പിക്കുന്നത് .
എവിടെയും അധികം  കെട്ടി നില്‍ക്കാതെ 
വായനയിലൂടെയുള്ള യാത്രയുടെ ഒഴുക്ക്  ഇനിയും 
തുടരണമെന്നാണ് ആഗ്രഹം 
അതിനു നിങ്ങളുടെ പ്രാഥനകള്‍ കൂടി ഉണ്ടാവുമല്ലോ ...

Monday, October 15, 2012

ബലിപെരുന്നാള്‍ ദിനത്തെ ബീഫ് ഫെസ്റ്റിവലാക്കേണ്ടതുണ്ടോ?. ഒരു ബലിപെരുന്നാള്‍ ദിനം. സൗഹൃദസന്ദര്‍ശനാര്‍ഥം കൂട്ടുകാരന്റെ വീട്ടിലായിരുന്നു. സംസാരവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് തരിച്ചുപോരുമ്പോള്‍ സുഹൃത്തിന്റെ സ്‌നേഹനിധിയായ ഉമ്മ ഒരു വലിയ സഞ്ചിയില്‍ നിറയെ മാംസവുമായി വന്നിട്ട് പറഞ്ഞു: ''ഇതല്‍പ്പം പോത്തിറച്ചിയാണ് (ഏകദേശം അഞ്ച് കിലോ ഉണ്ടാവും). ഇന്ന് ഈ ചെറിയ മഹല്ലില്‍ 30 പോത്തിനെയെങ്കിലും അറുത്തിട്ടുണ്ടാവും. ഓരോ വീട്ടിലേക്കും പത്ത് കിലോ ഇറച്ചിയെങ്കിലുമുണ്ട്. ഇതെല്ലാം കൂടി ഞങ്ങളെന്തു ചെയ്യാനാ? ഇവിടെയാണെങ്കില്‍ ഫ്രിഡ്ജും ഇല്ല. കഴിഞ്ഞ കൊല്ലവും ഇവന്റെയൊരു കൂട്ടുകാരന്‍ വന്നപ്പോള്‍ അവനല്‍പം കൊണ്ടുപോയതിനാലാ ഞങ്ങള്‍ രക്ഷപ്പെട്ടത്.'' ഒരു നിമിഷം ഞാന്‍ കേരളത്തിലെ അത്രയൊന്നും സമ്പന്നമല്ലാത്ത എന്റെ മഹല്ലിന്റെ ചിത്രമോര്‍ത്തു. ശരാശരി ഓരോ 'മുസ്‌ലിം വീട്ടിലും' പെരുന്നാള്‍ ദിനം അഞ്ചുകിലോ ഇറച്ചിയെങ്കിലും എത്തുന്നുണ്ട്. അപ്പോള്‍ പിന്നെ എന്റെ കൂട്ടുകാരന്റെ മഹല്ലിനേക്കാള്‍ സമ്പന്നമായ മറ്റ് മഹല്ലുകളുടെ അവസ്ഥ എന്തായിരിക്കും?

ബലിപെരുന്നാള്‍ ദിവസത്തിലൊതുങ്ങുന്നതല്ല പലപ്പോഴും ഈ 'ബീഫ് ഫെസ്റ്റിവല്‍.' അഖീഖയുടെ  (നവജാത ശിശുവിന്റെ മുടി കളയുന്നതിന്റെ ഭാഗമായി നടത്തുന്ന അറവു ) പേരില്‍ പലയിടത്തുമിപ്പോള്‍ ലക്ഷങ്ങളുടെ ഉരുക്കളാണ് അറുക്കപ്പെടുന്നത്. ഒരു ഉരു അന്നത്തെ 'പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള' സ്‌പെഷ്യല്‍ സദ്യക്ക് മാത്രമുള്ളതാണ്. ഇറച്ചി വിതരണത്തിനായി രണ്ടും മൂന്നുമാണ് പലരും അറുക്കുന്നത്. വെറുതെയല്ല സിനിമകളിലും മറ്റ് കലാസൃഷ്ടികളിലും മുസ്‌ലിം കുടുംബത്തെ ചിത്രീകരിക്കുമ്പോള്‍ ഇറച്ചിയും ബിരിയാണിയുമൊക്കെ തീന്‍മേശകളില്‍ നിറഞ്ഞിരിക്കുന്നത്. എത്ര തന്നെ മുന്‍വിധികളുടെ വാര്‍പ്പ് മാതൃക ആ സംവിധായകരിലും എഴുത്തുകാരിലും ആരോപിച്ചാലും അവരും ഈ മുസ്‌ലിം മഹല്ല് പരിസരങ്ങളില്‍ തന്നെയാണല്ലോ ജീവിക്കുന്നത്.

ഓരോ മഹല്ലിലും (ചിലയിടത്ത് സംഘടനകളുടെ കീഴിലായിരിക്കും) ബലിപെരുന്നാളിന് അറുക്കുന്ന ആടുമാടുകളുടെ എണ്ണത്തിന്റെ വര്‍ധനവ് അഭിമാനവും താന്‍പോരിമയുമായിട്ടാണവര്‍ കൊണ്ടാടുന്നത്. ഇതെല്ലാം എത്തുന്ന ഓരോ വീട്ടിലും അതുകൊണ്ടുണ്ടാകുന്ന അടുക്കള ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പല വീട്ടുകാരും പെരുന്നാള്‍ ദിനത്തില്‍ ഇറച്ചിപ്പൊതിയുമായി വരുന്നവരെ ഗൗനിക്കാറേയില്ല. പിന്നെയും ആര്‍ക്കുവേണ്ടിയാണിത്രയധികം മാടുകളെ അറുത്തുകൂട്ടുന്നത്. 'നിങ്ങളറുക്കുന്നതിന്റെ രക്തവും മാസംവുമല്ല; അതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് അല്ലാഹുവിനാവശ്യം' എന്നതിനെ എങ്ങനെയാണ് നാം വായിക്കുക? പൊങ്ങച്ചവും ഗര്‍വുമായി നമ്മുടെ ബലികള്‍ മാറുന്നുണ്ടോ എന്ന് ബലിക്കൊരുങ്ങുന്ന ഓരോരുത്തരും ഈ പെരുന്നാളിന് മുമ്പെങ്കിലും പുനരാലോചന നടത്തേണ്ടതാണ്.

സദുദ്ദേശ്യമാണ് ബലിക്ക് പിന്നിലുള്ളതെങ്കില്‍ അതിന്റെ മാംസം ഏറ്റവും അര്‍ഹരിലേക്കെത്തിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ലക്ഷക്കണക്കായ ആസാമിലെ അഭയാര്‍ഥികളടക്കമുള്ള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ചിത്രം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനാര്‍ഹമെന്ന് തന്നെ പറയട്ടെ അവരുടെ ദുരിതങ്ങള്‍ ആവുംവിധം പരിഹരിക്കാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തിലെങ്കിലും അവര്‍ക്ക് സുഭിക്ഷമായ ഭക്ഷണമൊരുക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അതാത് സംഘടനകള്‍ നടത്തുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ഈവര്‍ഷത്തെ ബലികര്‍മം ഇത്തരം ദുരിതബാധിതര്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതികളാണ്. കേരളത്തിലെ ഓരോ മഹല്ലിലെ കുടുംബത്തിനും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷിക്കാനുള്ള മാംസത്തിനപ്പുറമുള്ള ബലിമൃഗങ്ങളെ ഓരോരുത്തരും തങ്ങള്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ മുഖേന അത്തരം സംരംഭങ്ങളിലേക്ക് സമര്‍പിക്കാനുള്ള സന്‍മനസ് കാണിക്കേണ്ടിയിരിക്കുന്നു. ആ സന്നദ്ധതയായിരിക്കും ഒരുപക്ഷേ ഈ പെരുന്നാളിന്റെ ത്യാഗങ്ങളിലൊന്നായി അല്ലാഹു നമുക്കായി രേഖപ്പെടുത്തുക. മഹല്ല് - സംഘടനാ നേതൃത്വവും ഖത്വീബുമാരും അതിനായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ കേരളീയ മുസ്‌ലിംകളിലത് പുതുചരിത്രം സൃഷ്ടിക്കും.
basheerudheentp@gmail.com