Pages

Ads 468x60px

Friday, May 4, 2012

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?

ആദ്യത്തെ ഫെമിനിസ്റ്റു ആരാണ് ?
  രാവിലെ തന്നെ നോവല്‍ വായിക്കാനിരുന്ന നല്ല പാതിയായ കൂട്ടുകാരിയോടു വെറുതെ ഒരു ചോദ്യം പങ്കു വെച്ചതാണ് .
ഹവ്വയാണ് ആദ്യ ഫെമിനിസ്റ്റു ...
ഒരു നിമിഷം പോലും പഴാക്കാത്ത അവളുടെ മറുപടി കേട്ട് ഞാന്‍ കണ്ണ് മിഴിച്ചു.
വാ പൊളിച്ചു നില്‍ക്കുന്ന എന്റെ കോലം കണ്ടവള്‍ അകത്തെ ചിരി പുറത്തേക്കു സുദീര്‍ഘമായി പൊഴിച്ച്.പിന്നെ കാരണം വളരെ സരസമായി അവതരിപ്പിച്ചു തുടങ്ങി.
'നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം.....?
മനസ്സിലാകായ്മ പ്രകടിപ്പിക്കുന്നതിനിടയില്‍ തുറന്നു വെച്ച വായ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സാ ഉറപ്പു വരുത്തി.
ഭവതി വിശദീകരിച്ചു തുടങ്ങി .....
' മേധാവിത്യവും തീരുമാനധികാരവും ആണുങ്ങളുടെ ജന്മാവകാശമാണെന്നാണല്ലോ ഭൂമിയില്‍ മനുഷ്യന്‍ സ്ഥിരവാസമുറപ്പിച്ചത് മുതലുള്ള നിങ്ങളുടെ കുടികിടപ്പ് പ്രമാണം .....
അറിയാതെ വീണ്ടും എന്റെ വാ തുറന്നു പോയി .
' ഈ ആണ്‍ കോയ്മയെ ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ ഞങ്ങളുടെ പ്രതിനിധി ചെറുത്തു തോല്‍പ്പിച്ചിരുന്നു .....
 അവളുടെ കണ്ണിലെ തീക്ഷണതയും കൈ കാലുകളുടെ ഭാഷയുടെ വ്യാകരണവും മാറുന്നത് കണ്ടു എന്റെ ചെവിമാത്രം അവള്‍ക്കു കൊടുത്തു ഞാനല്‍പ്പം പിറകോട്ടു മാറി .
' സ്വര്‍ഗീയ പഴം തിന്നരുതെന്നു ദൈവ കല്‍പ്പന പാവം ആദം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചു.ഹവ്വയോടവന്‍ ഇടയ്ക്കിടെ അതോര്‍മ്മപ്പെടുത്തുകയും ചെയ്തു .നിരന്തരമുള്ള ആദമിന്റെ ഈ ഉപദേശം ചിലപ്പോള്‍ കല്പ്പനയോളം എത്തി.തന്റെ അസ്ടിത്യത്തെ ആദം വക വെച്ച് തരുന്നില്ലെന്ന് ഹവ്വ തിരിച്ചറിഞ്ഞു .ഈ പുരുഷാധിപത്യത്തെ മറിച്ചിടാന്‍ അവള്‍ തീരുമാനിച്ചു......
ഇത്രയും പറഞ്ഞു അവള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അല്‍പ്പം നിര്‍ത്തി. രണ്ടു മൂന്ന് ശ്യാസം അധികമെടുത്തവള്‍ തുടര്‍ന്നു.
....തീരുമാനാധികാരം പെണ്ണിനും കഴിയുമെന്ന് ഹവ്വ തെളിയിച്ചു . ആണൊരുത്തനായ ആദമിനെ കൊണ്ട് പഴം തീറ്റിക്കുന്നത് അങ്ങനെയാണ്. പുരുഷാധിപത്യത്തിന്റെ മുള പൊട്ടല്‍  പെണ്ണുണര്‍വിന്റെ തിരിച്ചടിയില്‍ തകര്‍ന്നു തരിപ്പണമായി .ഇങ്ങനെയാണ് ഹവ്വ ആദ്യ ഫെമിനിസ്റ്റായത്.
ഇത്രയും പറഞ്ഞവള്‍ ക്ഷീണിച്ചു കസേരയില്‍ ചാഞ്ഞിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അടുക്കളയിലേക്കു വെച്ചടിച്ചു .
ആദി പാപത്തിന്റെ ബൈബിള്‍ സ്റ്റോറി പൊടിച്ചു ചേര്‍ത്ത് അവളുണ്ടാക്കിയ ഫെമിനിസ്റ്റു റൂട്ട് വേ മിട്ടായി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഞാനങ്ങനെ തന്നെ നിന്നു പോയി.
തരിപ്പ് വിട്ടപ്പോഴാണ് ഭവതി അടുക്കളയിലെത്തിയത്‌ അറിഞ്ഞത്.
പുസ്തകം കയ്യില്‍ നിന്നും വെക്കാതെ ചായപ്പൊടി തപ്പുകയാണവള്‍ . ഞാന്‍ അവളുടെ കയ്യിലുള്ള സാറജോസഫിന്റെ ആലാഹയുടെ പെണ്‍മക്കളിലേക്ക് തുറിച്ചു നോക്കി.
എന്റെ ആണ്‍ നോട്ടം ഇഷ്ട്ടപ്പെടാതെ അവള്‍ അടുക്കള ബഹിഷ്ക്കരിച്ചു പൂമുഖത്ത് കസേരയില്‍ വന്നിരുന്നു വായന തുടര്‍ന്നു.
കൂടുതല്‍ അലമ്പിനൊന്നും പോവാതെ ഗ്യാസ് സ്റ്റൌവില്‍ ഞാനൊരു ചായക്ക് തീ കൊളുത്തി.
ചായ തിളക്കുന്നതിനിടയില്‍ എന്റെ തലയും തിളച്ചു.
ഏതോ ഒരു സ്ത്രീ വിരുദ്ധന്‍ എഴുതി വിട്ട ലേഖനത്തിന്റെ തലക്കെട്ടാണ് ഓര്‍മ്മ വന്നത്. പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ? 
ചോദ്യം അതിര് കടന്നതാണ് .എങ്കിലും ഭവതിയോടു ചോദിച്ചാലോ ?
ചായ തിളച്ചു മറിഞ്ഞു.
രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഒന്ന് ഭവതിക്കു കൊടുക്കാന്‍ മുന്നോട്ടു നടന്നക്കുമ്പോഴാണ് ചിന്ത പിറകോട്ടു പോയത്.
കിടപ്പറ ബഹിഷ്ക്കരിക്കാന്‍ ആഹ്യാനം ചെയ്ത മഹതിക്ക്‌ നോബല്‍ പ്രൈസ് കിട്ടിയ കാലമാണ്. വെറുതെ റിസ്ക്ക് എടുക്കണോ ?
മനസ്സിലുള്ള കയ്പ്പ് ചവച്ചരച്ചു ഞാന്‍ പുഞ്ചിരിയോടെ മധുരമുള്ള ചായ വായനക്കാരിക്ക് നല്‍കി .
കടുപ്പം കൂടുതല്‍ ചായക്കോ അവള്‍ക്കോ?
രണ്ടിറക്ക്‌ കുടിച്ചു അവളെന്നെ പാളി നോക്കി.
   പിന്നെയൊന്ന് ചിരിച്ചു .
ഹാവൂ ...സമാധാനമായി .
നോബല്‍ സമ്മാനം നേടാനുള്ള ശ്രമം അവള്‍ തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നു എന്ന സമാധാനത്തോടെ ഞാന്‍ ഗ്ലാസ്‌ തിരികെ വെക്കാന്‍ അടുക്കളയിലേക്കു പോയി .