Pages

Ads 468x60px

Wednesday, October 31, 2012

തൃപ്പനച്ചി എന്ന എന്റെ ഗ്രാമംമലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമം. മഞ്ചേരി മുന്‍സിപ്പാലിറ്റിയുടെയും മൊറയൂര്‍-കുഴിമണ്ണ (കിഴിശേരി) പഞ്ചായത്തുകളുടെയും ഇടയിലുള്ള പുല്‍പ്പറ്റ പഞ്ചായത്തിലാണ് തൃപ്പനച്ചി എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. കാഞ്ഞിരം, ആനപ്പാലം, മുത്തനൂര്‍, പാടിഞ്ഞാറ്റിയകം, തൃപ്പനച്ചി, പാലക്കാട് എന്നീ ആറു പഞ്ചായത്തു വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് തൃപ്പനച്ചി ദേശം. ജനങ്ങളില്‍ 85 ശതമാനവും മുസ്‌ലിംകളാണ്. 10 ശതമാനം പേര്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരായുണ്ട്. മൂന്ന് ഹരിജന്‍ കോളനികളുള്ള തൃപ്പനച്ചിയിലെ ആക്കപ്പുറം പൂരം ജില്ലയില്‍ പ്രശസ്തമായ താലപ്പൊലി ഉത്സവങ്ങളില്‍ ഒന്നാണ്. ഈഴവരും തിയ്യന്മാരും  നായന്മാരുമടങ്ങുന്ന ഹിന്ദു വിഭാഗങ്ങളാണ് ബാക്കിയുള്ളവര്‍. തൃപ്പനച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി വന്ന് ഇവിടെ സ്ഥിരതാമസമാക്കിയ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങളുമുണ്ട്.
         ഒരു ഉള്‍നാടന്‍ ഗ്രാമമാണെങ്കിലും വളരെ കാലം മുമ്പുതന്നെ വിദ്യാഭ്യാസപരമായി ഉണര്‍വ് പ്രകടിപ്പിച്ചുവന്ന നാടാണ് തൃപ്പനച്ചി. 95 ശതമാനമാണ് പ്രദേശത്തെ സാക്ഷരത. 1915 ല്‍ തന്നെ ഇവിടെ എല്‍.പി സ്‌കൂള്‍ നിലവില്‍ വന്നു. നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന ആ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് 1500 ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍.പി, യു.പി ഡിവിഷനുകള്‍ ചേര്‍ന്നതാണ്. 1958 പ്രവര്‍ത്തനമാരംഭിച്ച വായനശാലയും തൃപ്പനച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക സ്വത്വരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്ത് സജീവ പങ്കാളിത്തം വഹിക്കുന്ന എട്ട് ക്ലബ്ബുകളുടെ പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. സംസ്ഥാന ജില്ലാതലങ്ങളില്‍ വ്യത്യസ്ത രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കായിക താരങ്ങളും കലാകാരന്മാരും പ്രഭാഷകരും എഴുത്തുകാരും തൃപ്പനച്ചി കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
              രാഷ്ട്രീയമായി മുസ്‌ലിം ലീഗിന് ആധിപത്യമുള്ള പ്രദേശമാണിത്. ലീഗും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയാണ് കാലങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്നത്. പഞ്ചായത്ത് ചരിത്രത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ലീഗിതരര്‍ അധികാരത്തിലെത്തിയിട്ടുള്ളത്. എങ്കിലും വളരെ മുമ്പുതന്നെ സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും ഉദ്യോഗസ്ഥരായുള്ളവരുടെ മേല്‍നോട്ടത്തില്‍ തൃപ്പനച്ചിയിലെ സാംസ്‌കാരിക രംഗത്ത് ഇടതുപക്ഷത്തിന് അന്നും ഇന്നും ചെറുതല്ലാത്ത സ്വാധീനമുണ്ട്. പഞ്ചായത്തില്‍ ഇടതുപക്ഷം ഇടക്കിടെ വിജയിച്ചുപോരുന്ന വാര്‍ഡുകളിലൊന്ന്‌ തൃപ്പനച്ചിയിലാണുള്ളത്.
കേരള മുസ്‌ലിം നവോത്ഥാന ശ്രമങ്ങള്‍ ശക്തി പ്രാപിച്ച 1940 കളുടെ അവസാനത്തില്‍ തന്നെ അതിന്റെ അലയൊലികള്‍ ഈ ഗ്രാമത്തിലും എത്തിയിരുന്നു. ഈ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായാണ് 1950 ല്‍ ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്‍ എന്ന കൂട്ടായ്മക്ക് തൃപ്പനച്ചിയിലെ പുരോഗമന ചായ്‌വുള്ള വ്യക്തികള്‍ രൂപം നല്‍കിയത്. കേരളത്തില്‍ ഏറെ പ്രസിദ്ധമായതും മുസ്‌ലിം നവോത്ഥാന ശ്രമങ്ങള്‍ക്ക് വഴിത്തിരിവാവുകയും ചെയ്ത 'മുത്തനൂര്‍ പള്ളിക്കേസ്' നടന്നത് തൃപ്പനച്ചി അംശത്തില്‍ പെട്ട പ്രദേശത്തായിരുന്നു. ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്റെ പ്രവര്‍ത്തനങ്ങളോടുള്ള യാഥാസ്ഥിതിക വിഭാഗക്കാരുടെ പ്രതിഷേധവും പ്രതികരണവുമായിരുന്നു ആ കേസിനാധാരം.
ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്‍ പിന്നീട് കേരളത്തില്‍ ശക്തിയായി വേരോട്ടം ലഭിച്ച ഇസ്‌ലാഹി മൂവ്‌മെന്റിന്റെ പ്രാദേശിക ശാഖയായി വളര്‍ന്നു. ഇസ്‌ലാഹി ധാരക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ജുമാ മസ്ജിദുകളും മദ്‌റസകളും ഇന്നും ഈ കൂട്ടായ്മക്ക് കീഴിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ മുജാഹിദു പ്രസ്ഥാനത്തില്‍ പില്‍ക്കാലത്തുണ്ടായ പിളര്‍പ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടില്ല. ഇരുഗ്രൂപ്പുകളിലെയും ആളുകള്‍ മെമ്പര്‍മാരായുള്ള കൂട്ടായ്മയായി ഇന്നും ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്‍ നിലനില്‍ക്കുന്നു. പ്രശസ്തരായ പണ്ഡിതന്മാരെയും എഴുത്തുകാരെയും പ്രസംഗകരെയുമെല്ലാം തൃപ്പനച്ചി ഇസ്‌ലാഹി കേരളക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
നവോത്ഥാന ശ്രമങ്ങള്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്ന തൃപ്പനച്ചിയിലെ യാഥാസ്ഥിതിക വിഭാഗം ഒരുപാട് മാറിയിരിക്കുന്നു. മഹല്ലുപള്ളിയിലും മദ്രസയിലും മാത്രം ദീനീ കാര്യങ്ങള്‍ ഒതുക്കിയിരുന്ന സുന്നീ വിഭാഗങ്ങള്‍ വളരെ വൈകിയാണെങ്കിലും വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭങ്ങളുമായി ഏറെ മുന്നേറിയിരിക്കുന്നു. ഇന്ന് തൃപ്പനച്ചിയില്‍ ഈ രംഗത്ത് ഇസ്‌ലാഹി പ്രസ്ഥാനങ്ങളേക്കാള്‍ ഇവരാണ് മുന്നിട്ട് നില്‍ക്കുന്നത്. 1992 ല്‍ സുന്നി എ.പി വിഭാഗം രൂപീകരിച്ച അല്‍ ഇര്‍ശാദ് ഇസ്‌ലാമിക് സെന്ററാണ് ഇതിലെ പ്രഥമ സംരംഭം. അല്‍ ഇര്‍ശാദ് പബ്ലിക് സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സെക്കണ്ടറി മദ്രസ, ലൈബ്രറി, മസ്ജിദ് എന്നിവ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഭൗതിക പഠനത്തോടൊപ്പം ധാര്‍മ്മിക പഠനത്തിനും മുന്‍ഗണന നല്‍കുന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതികള്‍. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
1994 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ മുഴുവന്‍ മഹല്ലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ കൂടി രൂപീകരിച്ച അല്‍ ഫാറൂഖ് മുസ്‌ലിം വെല്‍ഫയര്‍ സൊസൈറ്റിയാണ് ഈ രംഗത്തെ രണ്ടാമത്തെ കാല്‍വെപ്പ്. ഇ.കെ വിഭാഗം സുന്നികളോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് സംരംഭത്തിനു പിന്നില്‍. തൃപ്പനച്ചി അല്‍ഫാറൂഖ് യത്തീംഖാന, മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന അല്‍ ഫാറൂഖ് പബ്ലിക് സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ഐ.ടി.സി, മദ്രസ, പള്ളി എന്നിവ ട്രസ്റ്റിനു കീഴില്‍ നടന്നുവരുന്നു. ടി.ടി.ഐ, ബി.എഡ് കോളേജ് എന്നിവ ട്രസ്റ്റിന്റെ അടുത്ത പ്രൊജക്റ്റുകളാണ്. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളാണ് അല്‍ ഫാറൂഖ് സ്ഥാപനങ്ങളുടെ മുഖ്യ രക്ഷാധികാരിയും ഉപദേഷ്ടാവും. ഒ.പി കുഞ്ഞാപ്പു ഹാജി പ്രസിഡണ്ടും ഒ.പി ആലി ബാപ്പു സെക്രട്ടറിയുമാണ്.
        സേവന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിനായി തൃപ്പനച്ചിയിലെ വിദ്യാ സമ്പന്നരായ ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഡോ. ഇബ്‌റാഹീം ചെയര്‍മാനും, എഞ്ചിനീയര്‍ ഹാറൂണ്‍ (ഉണ്ണി അവറു) സെക്രട്ടറിയുമായി 2004 ല്‍ രൂപീകരിച്ച ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു സംരംഭം. അനാഥകളും അഗതികളുമായ കുടുംബത്തിന് റേഷന്‍ , അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ , ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയ്ക്ക് ട്രസ്റ്റ് നേതൃത്വം നല്‍കിവരുന്നു. 2006 ല്‍ ഉദ്ഘാടനം ചെയ്ത മസ്ജിദ് റഹ്മാന്‍ കേന്ദ്രീകരിച്ചാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. 2007 ല്‍ ഇവിടെ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ആരംഭിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിതാക്കളായുണ്ട്. 2011 ല്‍ ജനശിക്ഷന്‍ സന്‍സ്ഥാനിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിച്ച് ആശ്രയം ട്രസ്റ്റ് തൃപ്പനച്ചിയില്‍ വിദ്യാഭ്യാസ സംരംഭങ്ങളിലേക്ക് തങ്ങളുടെ സംഭാവനകൂടി രേഖപ്പെടുത്തിയിരിക്കുന്നു.
1998 ലാണ് ജമാഅത്തെ ഇസ്‌ലാമിയും പോഷക ഘടകങ്ങളും തൃപ്പനച്ചിയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. മദ്രസ, ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍, സേവന കേന്ദ്രം, പാലിയേറ്റീവ് സെന്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദയാ സെന്റര്‍ ജമാഅത്തെ ഇസ്‌ലാമി തൃപ്പനച്ചി ഘടകത്തിന്റെ കീഴിലുണ്ട്.
സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പ്രശംസാര്‍ഹമായ ഈ വളര്‍ച്ചയും പുരോഗതിയുമെല്ലാം നിലനില്‍ക്കെ തന്നെ 'ആത്മീയ മേഖലയിലും' തൃപ്പനച്ചി സ്വന്തം ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. 'ഗ്രാനൈറ്റ് പള്ളി', 'ജിന്നുപള്ളി' എന്ന പേരിലെല്ലാം മലപ്പുറം ജില്ലയിലേറെ വിവാദമായ രണ്ടരകോടി ചിലവഴിച്ച് നിര്‍മ്മിച്ച; ഇനിയും പണി തീരാത്ത തൃപ്പനച്ചി-ആനപ്പാലം മസ്ജിദ് ആണ് തൃപ്പനച്ചിയിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രം. തൃപ്പനച്ചി മുസ്‌ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനായ (ഇദ്ദേഹം 2012-ല്‍ മരിച്ചു) ഇ.കെ സുന്നി വിഭാഗത്തിന്റെ കേരളത്തിലെ പ്രമുഖ ഔലിയയായ മുഹമ്മദ് മുസ്‌ലിയാരെ ചുറ്റിപ്പററിയാണ് ഈ 'ആത്മീയകേന്ദ്രങ്ങള്‍' പ്രവര്‍ത്തിക്കുന്നത്. തൃപ്പനച്ചി സ്‌കൂള്‍ പടിക്കടുത്ത് ഏക്കറക്കണക്കിന് ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടങ്ങളും പിച്ചളത്തില്‍ തീര്‍ത്ത കൊടിമരങ്ങളും ഏത് രോഗത്തെയും 'സുഖപ്പെടുത്തുന്ന' ഇവിടത്തെ 'തീര്‍ത്ഥജല'വും ഏറെ പ്രസിദ്ധമാണ്. ഓരോ വെള്ളിയാഴ്ച രാവിലും പ്രത്യേകം നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് 'കൊടിമരം' സ്റ്റോപ്പില്‍ ബസ്സിറങ്ങുന്നത്. ഇവര്‍ക്കെല്ലാം രാത്രി താമസിക്കാനാവാശ്യമായ സൗധങ്ങളും ഭക്ഷണ സൗകര്യങ്ങളും ഇതിനടുത്തുള്ള   കുന്നിന്‍പുറത്ത് സംവിധാനിച്ചിട്ടുണ്ട്.
തൃപ്പനച്ചിയുടെ സവിശേഷതകളും വിശേഷങ്ങളും പങ്കുവെക്കുന്ന ഗ്രാമത്തിന്റെ സ്വന്തം വെബ്‌സൈറ്റ്  2012-ല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്: www.trippanachi.com
 basheerudheentp@gmail.com