Pages

Ads 468x60px

Featured Posts

Tuesday, August 25, 2015

ഒരു കേരളമുസ്‌ലിമിന്റെ ഓണം ഓര്‍മയിലെ സന്തോഷവും അസ്വസ്ഥതകളും


ഓര്‍മ വെച്ച നാളുമുതലേ പെരുന്നാളു പോലെ ഓണവും കൂടെയുണ്ട്. ഉമ്മയുടെ തറവാട് വീട് ഒഴിച്ചു നിര്‍ത്തിയാല്‍ തൊട്ടയല്‍പ്പക്കത്തുള്ളവരെല്ലാം ഹിന്ദുക്കളായിരുന്നു. അതില്‍ മിക്ക വീടുകളും ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തം വീടുപോലെ അടുക്കള വരെ കയറിയിറങ്ങാന്‍ സ്വാതന്ത്ര്യമുള്ളതായിരുന്നു. കളിക്കൂട്ടുകാരിലും നല്ലൊരു പങ്ക് ഈ വീടുകളിലെ സമപ്രായക്കാരായിരുന്നു. അതിനാല്‍ തിരുവോണ ദിവസം ഞങ്ങളുടെ വീട്ടില്‍ ഉച്ച ഭക്ഷണം പാകം ചെയ്യാറില്ല. പെരുന്നാള്‍ ദിവസം അവരുടെ വീട്ടിലും. ഇന്നും അതങ്ങനെ തന്നെ തുടരുന്നു. ഓണാവധിക്ക് പത്ത് ദിവസം സ്‌കൂളടക്കുന്നതോടെ തന്നെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഓണത്തിരക്ക് തുടങ്ങുമായിരുന്നു. അയല്‍പ്പക്ക വീടുകളില്‍ അത്തം ഒന്നുമുതല്‍ ഓണപ്പൂക്കളമൊരുക്കും. അതിനുള്ള പൂക്കള്‍ തേടി അവിടത്തെ കുട്ടികള്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ ഞങ്ങളും തൊട്ടടുത്ത കുന്നും തൊടികളും കയറിയിറങ്ങും. ആ പൂക്കളെല്ലാം ചേര്‍ത്തുവെച്ച് അവര്‍ ഒരുക്കിയ പൂക്കളം കണ്ടിട്ടാണ് പിറ്റേന്ന് രാവിലെ മദ്രസയിലേക്ക് പോയിരുന്നത്. നിലവിളക്ക് കത്തിച്ച് സന്ധ്യാനാമം ചെല്ലുമ്പോഴാണ് ചിലപ്പോഴെല്ലാം ഞങ്ങള്‍ അവരുടെ വീടകങ്ങളില്‍നിന്ന് സ്വന്തം വീട്ടിലേക്ക് ഓടിയിരുന്നത്. നാമം ജപിക്കുമ്പോള്‍ അവിടത്തെ കുട്ടികള്‍ക്കൊപ്പം ഞങ്ങള്‍ മുസ്‌ലിം കുട്ടികളും മിണ്ടാതിരിക്കും. തൊട്ടടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവരും സംസാരം നിര്‍ത്തും. ഇങ്ങനെ പരസ്പരം അറിഞ്ഞും ആദരിച്ചും അതിരടയാളങ്ങള്‍ പാലിച്ചുമായിരുന്നു ഞങ്ങളുടെ സഹവര്‍ത്തിത്വം. അതൊക്കെ ആരും പഠിപ്പിക്കാതെ തന്നെ ഞങ്ങള്‍ മുതിര്‍ന്നവരില്‍ നിന്ന് കണ്ട് ശീലിച്ചതായിരുന്നു. മഗ്‌രിബ് നമസ്‌കാരമായിട്ടും വീട്ടില്‍ പോകാതെ വല്ലയിടത്തും ചടഞ്ഞു കൂടുന്നത് കണ്ടാല്‍ 'ബാങ്ക് കൊടുത്തത് കേട്ടില്ലേ, പോയി നമസ്‌കരിക്കെടാ' എന്ന് തൊട്ടടുത്ത് വീട്ടിലെ ചേച്ചി വരെ ശാസിക്കുമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ മതവും മതേതരത്വവും.
        സ്വാദിഷ്ഠമായ സദ്യയോടൊപ്പമുള്ള ഓണം ഓര്‍മകളില്‍ ആദ്യമായി കല്ലുകടിയുണ്ടാവുന്നത് ഏഴാം വയസ്സിലാണ്. 1993 ല്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ അവസാന ഓണപ്പരീക്ഷാ ദിനം. അങ്കണവാടി പ്രായം തൊട്ടേ സഹപാഠിയായ രാജേഷ് പരീക്ഷ കഴിഞ്ഞ് മറ്റ് കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന എന്റെയടുത്തെത്തി. 'ഓണത്തിന് വീട്ടിലേക്ക് വരാന്‍ മറക്കല്ലേ' അത്രയേ രാജേഷ് പറഞ്ഞുള്ളൂ. അപ്പോഴേക്കും ക്ലാസിലെ മുതിര്‍ന്നവനായ നജീബ് ഇടപെട്ടു. 'ഞങ്ങടെ പള്ളി പൊളിച്ച നിങ്ങളുടെ ഓണം കഴിക്കാന്‍ ഞങ്ങള്‍ വരില്ല.' നജീബ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ എനിക്കും രാജേഷിനും അല്‍പ്പം സമയം വേണ്ടി വന്നു. 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് പൊളിച്ച ശേഷമുള്ള ആദ്യ ഓണമായിരുന്നു അത്. ഇന്നത്തെ പോലെ വീടുകളില്‍ പത്രങ്ങളോ ടെലിവിഷനോ ഇല്ലാത്തതിനാല്‍ എവിടെയോ ആരോ ഒരു പള്ളി പൊളിച്ചുവെന്നല്ലാതെ മൂന്നാം ക്ലാസിലെ ആ പ്രായത്തില്‍ അതിനപ്പുറമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളുടെ ആ അജ്ഞതയിലേക്കാണ് ടി.വിയും പത്രവുമുള്ള വീട്ടില്‍ നിന്നു വരുന്ന നജീബിന്റെ 'പള്ളി പൊളിച്ചത് ഹിന്ദുക്കളാണെ'ന്ന പ്രഖ്യാപനം വരുന്നത്. എന്നെ പോലെ രാജേഷിനും അതൊരു പുതിയ അറിവായിരുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി എന്നിങ്ങനെ ഞങ്ങള്‍ക്ക് ദഹിക്കാത്ത ഒട്ടനവധി പദങ്ങള്‍ പിന്നെയും പറഞ്ഞ് നജീബ് അവന്റെ വഴിക്കു പോയി. പരസ്പരം മുഖത്ത് നോക്കാതെ ഞാനും രാജേഷും വീട്ടിലേക്ക് മടങ്ങി. ആ ഓണത്തിന് ഞാന്‍ രാജേഷിന്റെ വീട്ടിലേക്ക് പോയില്ലെങ്കിലും അയല്‍പക്കത്തുള്ള അഞ്ചു വീടുകളിലും കയറിയിറങ്ങി സുഭിക്ഷമായി  സദ്യയും പായസവും അകത്താക്കി. അതെല്ലാം അകത്ത് ചെന്നതോടെ നജീബ് പറഞ്ഞ ഡയലോഗെല്ലാം ഞാന്‍ മറന്നു. ഒരു മൂന്നാം ക്ലാസുകാരന് അവന്റെ ചുറ്റുപാടുകള്‍ പകര്‍ന്നു നല്‍കുന്ന മതസൗഹാര്‍ദത്തേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും. എങ്കിലും എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന ഒരു കുഗ്രാമത്തിലെ മൂന്നാം ക്ലാസുകാരനിലും ബാബരിയുടെ തകര്‍ച്ച പോറലേല്‍പ്പിച്ചെങ്കില്‍ അന്നത്തെ മുതിര്‍ന്നവരുടെ മനസ്സുകളെ അതെത്രമാത്രം പരിക്കേല്‍പ്പിച്ചിരിക്കും! ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ-കലാ-സാംസ്‌കാരിക ജീവിതത്തെ ബാബരി ധ്വംസനത്തിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാമെന്നുള്ള പഠനങ്ങള്‍ പിന്നീട് മുതിര്‍ന്ന ശേഷം വായിച്ചപ്പോള്‍ ഈ കുട്ടിക്കാല അനുഭവമാണ് ഓര്‍മ വന്നത്.

        ഓണത്തിന്റെ മതവും മതേതരവുമെന്നൊക്കെയുള്ള ചര്‍ച്ച അക്കാലത്തുണ്ടായിരുന്നില്ല. എങ്കിലും ഓണത്തിന്റെ ഐതിഹ്യം സ്‌കൂളില്‍ നിന്ന് കേട്ടറിഞ്ഞ കാലം മുതല്‍ക്കേ മത-ജാതി വ്യത്യാസമില്ലാതെ ഞങ്ങള്‍ കുട്ടികളെല്ലാവരും മാവേലിയുടെ പക്ഷത്തായിരുന്നു. പൊതുവെ സിനിമാ കമ്പക്കാരായ ഞങ്ങള്‍ക്ക് വാമനന്‍ ഓണക്കഥയിലെ വില്ലന്‍ കഥാപാത്രമായിരുന്നു. 'മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ.... കള്ളവുമില്ല ചതിയുമില്ല. എള്ളോളമില്ല പൊളി വചനം' എന്ന ഈരടികള്‍ ഞങ്ങളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഓണത്തിന്റെ സവര്‍ണ-കീഴാള വായനകള്‍ പരിചയിച്ച മുതിര്‍ന്ന കാലത്തും അതിന്റെ ആഘോഷപരതക്ക് അതൊട്ടും മങ്ങലേല്‍പ്പിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.
         ബാല്യവും കടന്ന് കൗമാരത്തിലെത്തിയ ഹൈസ്‌കൂള്‍ പ്രായത്തില്‍ ഒട്ടേറെ ഹിന്ദു സുഹൃത്തുക്കള്‍ പിന്നീടുമുണ്ടായി. പെരുന്നാളിന്നവര്‍ കൂട്ടമായി ഞങ്ങളുടെ വീട്ടിലേക്കും ഓണത്തിന് തിരിച്ചും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തി. സ്‌കൂള്‍ പ്രായം കഴിഞ്ഞ് ശാന്തപുരം ഇസ്‌ലാമിയ്യ കോളേജില്‍ ഒരു വ്യാഴവട്ടക്കാലം പഠനം തുടര്‍ന്നപ്പോഴും ആ സൗഹൃദങ്ങള്‍ പലതും അതിജീവിച്ചത് ഈ ആഘോഷദിനങ്ങളിലെ വീടുസന്ദര്‍ശനങ്ങളിലും കൂടിച്ചേരലുകളിലും സംസാരങ്ങളിലുമായിരുന്നു. ഒരു പക്ഷെ സംഘടനാ ആക്ടിവിസത്തിലും മറ്റുമുള്ള പരിചയത്തില്‍ വീണ്ടും പല ഇതര മതസ്ഥരും സൗഹൃദ വലയത്തില്‍ പുതുതായി വന്നെങ്കിലും ആ സ്‌കൂള്‍ കാലത്തെ ചങ്ങാതിക്കൂട്ടത്തിന്റെ ആഴമൊന്നും ആ ബന്ധങ്ങള്‍ക്കില്ലായിരുന്നു. ഇന്ന് എല്‍.കെ.ജി തൊട്ടേ തന്റെ സമുദായത്തിലുള്ളവര്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളിലേക്ക് അതിരാവിലെ വണ്ടി കയറുന്ന സ്വന്തം കുടുംബത്തിലെയടക്കം കുട്ടികളെ കാണുമ്പോള്‍ അവരുടെയെല്ലാം സൗഹൃദങ്ങളിലെ ഏകാനുഭവങ്ങളെക്കുറിച്ച് ആശങ്കയുണ്ടാവാറുണ്ട്. ബഹുസ്വര സമൂഹത്തില്‍ ഇടപെടേണ്ട ഒരു അനുഭവ നിമിഷവും ലഭിക്കാതെ വളരുന്ന ഈ കുട്ടികള്‍ മുതിര്‍ന്നു വരുമ്പോള്‍ സാമൂഹിക ചുറ്റുപാടുകളെയും അതിലെ വൈവിധ്യങ്ങളെയും എങ്ങനെ അഭിമുഖീകരിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
       

ഒട്ടും ബഹുസ്വരമല്ലാത്ത ലോകത്ത് ജീവിച്ചാല്‍ അതവരുടെ മതചിന്തകളെ പോലും ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഒരു ഓണക്കാലത്തായിരുന്നു. 2002 ലെ ഗുജറാത്ത് കലാപവും കഴിഞ്ഞായിരുന്നു അക്കൊല്ലത്തെ ഓണം വന്നത്. ഈ വര്‍ഷം തന്നെയാണ് പതിനെട്ട് തികഞ്ഞ് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ച് ഞാനൊരു സമ്പൂര്‍ണ ഇന്ത്യന്‍ പൗരനാകുന്നത്. പഴയ മൂന്നാം ക്ലാസിലെ ബാബരിയോര്‍മകളിലേക്ക് ചുറ്റുപാടുകള്‍ വീണ്ടുമെത്തിച്ച ദിനങ്ങളായിരുന്നു അത്. പൗരബോധത്തോടൊപ്പം ചിന്തയില്‍ പുതിയ രാഷ്ട്രീയ ബോധവുമുണ്ടായിരുന്നു. സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള വാര്‍ ഓണ്‍ ടെറര്‍ അരങ്ങേറുന്ന കാലം കൂടിയായിരുന്നു അത്. ഇസ്‌ലാമോഫോബിയയുടെ മറവില്‍ ഭീകരതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിംകളെ നിരന്തരം സംശയത്തിന്‍ മുനയില്‍ നിര്‍ത്തുന്ന സാമൂഹിക ചുറ്റുപാട്.
ഗുജറാത്ത് കലാപത്തിന് ശേഷം പൊതുവെ ഹിന്ദു വിഭാഗത്തിലെ പിന്നാക്ക വര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഞങ്ങളുടെ ഗ്രാമത്തിലടക്കം ആര്‍.എസ്.എസ് ശാഖകള്‍ സജീവമാകുന്നുണ്ടായിരുന്നു. ഈ തീവ്രഹിന്ദുത്വത്തിന്റെ പ്രദര്‍ശന ഹിംസക്കും ഇസ്‌ലാമോഫോബിയക്കുമിടയിലാണ് ഓണത്തെക്കുറിച്ച  തീവ്രചിന്ത ഉണ്ടാകുന്നത്. ഓണത്തിന് ആശംസകള്‍ നേരാനോ അതിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാനോ പാടില്ലെന്ന പുതിയ അറിവുമായെത്തിയത് പ്രായം കൊണ്ട് പക്വത പ്രാപിച്ച സലഫീ സുഹൃത്തായിരുന്നു. വാദം സമര്‍ഥിക്കാനാവശ്യമായ ഖുര്‍ആനിക ആയത്തുകളും പ്രവാചക വചനങ്ങളും ചരിത്രസംഭവങ്ങളും അവന്റെയടുത്ത് ധാരാളമുണ്ടായിരുന്നു. ആ കലങ്ങിയ സാമൂഹിക പശ്ചാത്തലത്തിലിരുന്ന് അതെല്ലാം കേട്ട് അക്കൊല്ലത്തെ പതിവ് ഓണ സൗഹൃദങ്ങള്‍ വേണ്ടന്ന് വെച്ചതായിരുന്നു. പക്ഷെ, സൗഹൃദങ്ങള്‍ വീണ്ടും അകത്തിരുന്ന് ചങ്ങാത്തം പറഞ്ഞപ്പോള്‍ ശാന്തപുരത്തെ സഹൃദയനായ ഒരു അധ്യാപകനുമായി പ്രശ്‌നം പങ്കുവെച്ചു. ഒരു ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട മര്യാദകളും മുന്‍ഗണനാക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. എല്ലാ തരം ആഘോഷങ്ങള്‍ക്കുമകത്തുള്ള മതപരതയും ആഘോഷപരതയും അദ്ദേഹം വേര്‍തിരിച്ചുതന്നു. മതപരതയോട് കൃത്യമായി അകലം പാലിക്കുമ്പോള്‍ തന്നെ അതിന്റെ ആഘോഷപരതയില്‍ പങ്കുചേരല്‍ സാമൂഹികാവശ്യവും സൗഹാര്‍ദ ശാക്തീകരണത്തിനും അനിവാര്യമാണെന്ന് അദ്ദേഹം ഉണര്‍ത്തി. വികാരം വിവേകത്തിന് വഴിമാറിയതോടെ ആ ഓണവും പതിവ് പോലെ പൂക്കാലമായി മാറി.

                       2002 ഗുജറാത്ത് കലാപാനന്തരം എന്റെ സൗഹൃദ വൃത്തത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. അതുവരെ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച എന്റെ ചില സഹപാഠികള്‍ ക്ഷേത്രാങ്കണത്തില്‍ കാവിയുടുത്ത് കുറുവടിയേന്തി നടക്കുന്ന ചില ദൃശ്യങ്ങള്‍ അതില്‍പ്പെട്ടതായിരുന്നു. ഹിന്ദുവില്‍ നിന്ന് ഹിന്ദുത്വത്തിലേക്കുള്ള കുറുക്കുവഴികള്‍ ചില ക്ഷേത്രപരിസരങ്ങളില്‍ മുമ്പേ രൂപം കൊള്ളുന്നുണ്ടായിരുന്നു. ഈ മാറ്റം എന്റെ ഗ്രാമത്തില്‍ മാത്രം പരിമിതവുമായിരുന്നില്ല. കേരളവും പതിയെ മാറുകയായിരുന്നു. ആ മാറ്റത്തിനൊപ്പം നമ്മുടെ സൗഹൃദങ്ങളിലും ആഘോഷങ്ങളിലുമൊക്കെയുള്ള പങ്കാളിത്തത്തിലും വിള്ളലുകള്‍ സംഭവിക്കുന്നുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഓണത്തിന് വിളിക്കാറുള്ള സഹപാഠികളില്‍ ചിലരെല്ലാം അതൊഴിവാക്കി തുടങ്ങിയത് ഈ വര്‍ഷം മുതലായിരുന്നു. 'കാളനാവാമെങ്കില്‍ കാളയുമാവാ'മെന്ന ചര്‍ച്ചയും 'ഓണം ദേശീയ ഉത്സവമാവാമെങ്കില്‍ പെരുന്നാളിനും എന്തുകൊണ്ട് അതായിക്കൂടാ' എന്ന ചര്‍ച്ചകളും സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നു കേട്ടതും അക്കാലത്ത് തന്നെ. ഓണത്തിന്റെ സവര്‍ണതയും കീഴാളവിരുദ്ധതയുമെല്ലാം വായനയില്‍ കയറിവന്ന കാലവും ഇതു തന്നെയായിരുന്നു.
     
       
  2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം വന്ന ഓണമാണ് മറ്റൊരു സങ്കീര്‍ണത സമ്മാനിച്ച ചിങ്ങമാസം. ഭീകര വേട്ടകളും വ്യാജ ഏറ്റുമുട്ടലുകളുമെല്ലാം സ്വത്വബോധത്തെ അസ്വസ്ഥമാക്കിയ ദിനങ്ങള്‍. മുസ്‌ലിം ന്യൂനപക്ഷത്തെ ബോധപൂര്‍വം അപരവത്കരിക്കാനുള്ള ശ്രമമാണ് ചുറ്റുമുണ്ടായിരുന്നത്. ഇടതുപക്ഷ സുഹൃത്തുക്കള്‍ പോലും സംശയത്തിന്റെ മുനകൂര്‍ത്ത നോട്ടങ്ങള്‍ സമ്മാനിച്ച കാലം. 'അയാമെ മുസ്‌ലിം, അയാം നോട്ടെ ടെററിസ്റ്റ്' എന്ന് ഓരോ മുസ്‌ലിമിനും നെയിംസ്റ്റിക്കര്‍ ഒട്ടിക്കേണ്ടി വന്ന നാളുകള്‍. 'ബാഡ് മുസ്‌ലിം, ഗുഡ് മുസ്‌ലിം' എന്ന് ആഗോളതലത്തില്‍ തന്നെ മുസ്‌ലിംകളെ വേര്‍തിരിച്ച തീക്ഷ്ണ കാലത്ത് ഞാനൊരു ഗുഡ് മുസ്‌ലിമാണെന്ന് ഓരോ മുസ്‌ലിമിനും സ്വയം തെളിയിക്കേണ്ടി വന്നു. അങ്ങനെയൊരു ഓണക്കാലത്താണ് ദിവസങ്ങള്‍ക്ക് മുമ്പേ ഓണത്തെ കുറിച്ച് വാചാലമാവുന്ന ഹൈസ്‌കൂള്‍ കാല സുഹൃത്തുക്കളില്‍ മിക്കവരും പതിവില്‍ കൂടുതല്‍ മൗനം പാലിക്കുന്നുവെന്ന് തോന്നിയത്. അവരില്‍ ചിലരോട് 'ഓണത്തിന് എപ്പോഴാണ് വരേണ്ടതെന്ന്' അങ്ങോട്ട് ചോദിക്കേണ്ടിവന്ന ആദ്യ ഓണക്കാലവും അതായിരുന്നു. 'എപ്പോള്‍ വേണമെങ്കിലും വരാമല്ലോ' എന്ന ചില മറുപടികളില്‍ പഴയ സൗഹൃദത്തിന്റെ നനവുണ്ടായിരുന്നില്ല.
                   മതവും രാഷ്ട്രീയവുമൊന്നും ഒരിക്കലും ഇതുവരെ പോറലേല്‍പ്പിച്ചിട്ടില്ലാത്ത അയല്‍പ്പക്കത്തെ വീടുകളില്‍ നിന്ന് ഓണം ഉണ്ട ശേഷമാണ് ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തുന്ന ഒരു സഹപാഠിയുടെ വീട്ടില്‍ ചെല്ലുന്നത്. അവനോടുള്ള സംസാരത്തിനിടയില്‍ ഞങ്ങള്‍ രണ്ടു പേരുടെയും കൂടെ പഠിച്ച മറ്റുള്ളവരുടെ തണുത്ത പ്രതികരണങ്ങള്‍ ഞാന്‍ പങ്ക് വെച്ചു. അല്‍പ്പം മൗനം പാലിച്ച ശേഷം എന്നോടവന്‍ ചോദിച്ചു: ''അവരൊക്കെ നിന്റെ ഫേസ്ബുക് സുഹൃത്തുക്കള്‍ കൂടിയല്ലേ?'' ''അതേ'' -ഞാന്‍ മറുപടി നല്‍കി. ''നീയൊരു മതമൗലിക വാദിയായിരിക്കുന്നുവെന്നാണ് നിന്റെ ഫേസ്ബുക് സ്റ്റാറ്റസുകള്‍ ചൂണ്ടിക്കാട്ടി അവര്‍ പറയുന്നത്. എന്നോടതവര്‍ പലപ്പോഴും പങ്ക് വെച്ചിരുന്നു. അതായിരിക്കാം അവരുടെ അകല്‍ച്ചക്ക് കാരണം...'' അവന്‍ പറഞ്ഞു.
                     ഒരു നിമിഷം ഞാന്‍ എന്റെ ഫേസ്ബുക് സ്റ്റാറ്റസുകളെ കുറിച്ച് ആലോചിച്ചു. ഒരു മതത്തെയും അവഹേളിച്ച് ഞാനിതുവരെ പോസ്റ്റിട്ടിട്ടില്ല. എന്റെ സുഹൃത്തുക്കളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കേണ്ട  കമന്റുകളൊന്നും അതിനകത്ത് ഇല്ലതാനും. മുസ്‌ലിം അപരവത്കരണം ശക്തിപ്പെടുന്ന കാലത്ത് അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളെയും ഇസ്‌ലാമോഫോബിയയെയും കുറിച്ച് ഞാനിട്ട പോസ്റ്റുകളാണ് സൗഹൃദത്തിലെ വില്ലനായതെന്ന് സുഹൃത്തുമായുള്ള സംസാരം തുടര്‍ന്നപ്പോള്‍ മനസ്സിലായി. ഇടതുപക്ഷക്കാരായ അവര്‍ക്ക് വിയോജിക്കേണ്ട ഉള്ളടക്കമൊന്നും അതിലില്ലല്ലോ എന്ന് ഞാന്‍ പരിഭവപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തും അങ്ങനെ ഒരു പക്ഷം വളര്‍ന്നു വരുന്നുണ്ടെന്നാണ് സുഹൃത്ത് മറുപടി പറഞ്ഞത്. ഒപ്പം അവന്‍ ഒരു പരിഭവം കൂടി പങ്കുവെച്ചു. ഞങ്ങളുടെ സൗഹൃദ വൃത്തത്തില്‍പ്പെട്ട പല മുസ്‌ലിം ചങ്ങാതിമാരും ഓണത്തിനും വിഷുവിനും നേരിട്ട് ക്ഷണിച്ചിട്ട് പോലും വരുന്നില്ലെന്ന് മാത്രമല്ല, പെരുന്നാളുകള്‍ക്കവരിപ്പോള്‍ പഴയതുപോലെ ക്ഷണിക്കാറുമില്ല എന്നതായിരുന്നു അത്. അതെ, കൗമാര കാലത്താരംഭിച്ച മത-ജാതി വ്യത്യാസങ്ങള്‍ക്കതീതമായ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മകളും ആഘോഷ കൂടിച്ചേരലുകളും പതിയെ ഇല്ലാതാവുന്നു എന്നതായിരുന്നു ആ പറഞ്ഞതിന്റെ ചുരുക്കം. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ തകര്‍ച്ച മാത്രമല്ല; കേരളത്തിന്റെ തന്നെ മത സൗഹാര്‍ദത്തിന്റെ തകര്‍ച്ചയുടെ തുടര്‍ച്ചയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ പഴയ പത്തംഗ സംഘത്തിലെ മറ്റുള്ളവരെ തേടി ഞങ്ങളിറങ്ങി. അതില്‍ നാലു പേരെ കണ്ടു. സൗഹൃദം പുതുക്കി. അവരുടെ വീടുകളില്‍ നിന്നെല്ലാം മധുരവും കഴിച്ചു. 'ഞങ്ങളിപ്പോള്‍ വീടുകളിലില്ലെ'ന്നറിയിച്ചതിനാല്‍ ഞങ്ങളന്ന് കാണാതെ പോയവര്‍ ആ സൗഹൃദ സംഘത്തിലേക്ക് പിന്നീട് തിരിച്ചുവന്നില്ല. എന്റെ 'ഫേസ്ബുക് മതമൗലിക വാദ'ത്തെപ്പറ്റി മറ്റുള്ളവരോട് ഏറെ വാചാലരായ അവരുടെ നിലപാട് മാറ്റത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാന്‍ 2014 വരെ കാത്തുനില്‍ക്കേണ്ടിവന്നു. മോദി അധികാരത്തിലേറിയ അന്ന് അവരുടെ ഫേസ്ബുക് അക്കൗണ്ടില്‍ ആ രാഷ്ട്രീയ മാറ്റം ആദ്യമായി പരസ്യപ്പെട്ടു. ആളെണ്ണം കുറഞ്ഞെങ്കിലും, വ്യത്യസ്തമായ രാഷ്ട്രീയവും കാഴ്ചപ്പാടും പുലര്‍ത്തുന്ന ഞങ്ങളുടെ പഴയ സ്‌കൂള്‍ ചങ്ങാതി കൂട്ടത്തിന്റെ സൗഹൃദം ഇപ്പോഴും തുടരുന്നു. ഇടര്‍ച്ചകള്‍ സംഭവിക്കുമ്പോള്‍ ഓരോ ആഘോഷവും ഞങ്ങളെ മാടി വിളിച്ച് അത് പുതുക്കി വീണ്ടും കണ്ണി മുറുക്കിത്തരുന്നു.
                  എല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് ഒന്നിച്ചിരിക്കാനുള്ളതാണ് ആഘോഷവേളകള്‍. അന്നതിന്‌ സന്നദ്ധരാകാത്തവരുടെ രാഷ്ട്രീയം വിദ്വേഷത്തിന്റേതാണ്. ആഘോഷങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവര്‍ പിന്നീടെപ്പോഴാണ് ഒന്നിച്ചിരിക്കുക? മതവും രാഷ്ട്രീയവും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം മറന്ന് ഒന്നിച്ചിരിക്കാന്‍ ആഘോഷവേളകളില്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ബഹുസ്വര സമൂഹത്തില്‍  സൗഹൃദം കാത്തുസൂക്ഷിക്കാനാവില്ല. അത്‌കൊണ്ട് സൗഹൃദങ്ങള്‍ പൂക്കുന്ന, പുതുക്കുന്ന ദിനങ്ങളായി ഓരോ ആഘോഷവും മാറേണ്ടതുണ്ട്. സ്വാഭാവികമായ അത്തരം സൗഹൃദങ്ങള്‍ തകരുന്നുണ്ടെങ്കില്‍ ബോധപൂര്‍വമത് പുനഃസ്ഥാപിക്കേണ്ടതുണ്ട്. അത്തരം സൗഹാര്‍ദങ്ങളും കൂടിച്ചേരലുകളും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് മതവര്‍ണം നല്‍കുന്നതാവരുത് പണ്ഡിത ഫത്‌വകള്‍. തീര്‍ച്ചയായും ആഘോഷങ്ങള്‍ക്ക് അതിന്റേതായ സാംസ്‌കാരിക ചരിത്രവും മതവുമുണ്ടാകും. അത് തിരിച്ചറിയേണ്ടതും പങ്കുവെക്കേണ്ടതുമാണ്. അതിന്റെ മതവര്‍ണങ്ങള്‍ വാരിയണിയാതിരിക്കാന്‍ നമുക്ക് ജാഗ്രത പാലിക്കാം. എന്നാല്‍ എല്ലാ ആഘോഷങ്ങളും പങ്കുവെക്കുന്ന സൗഹാര്‍ദ നിമിഷങ്ങളെ റദ്ദു ചെയ്യുന്ന വിധമാവരുത് അതൊന്നും. അങ്ങനെ സംഭവിച്ചാല്‍ പിന്നീടൊരു അകാദമിക ചര്‍ച്ചകൊണ്ടും വീണ്ടെടുക്കാനാവാത്ത വിധം സമുദായങ്ങളും മത വിശ്വാസികളും അകന്നിട്ടുണ്ടായിരിക്കും. അതിനാല്‍ ഓരോ ആഘോഷദിനത്തെയും നമുക്ക് സൗഹൃദ ദിനമാക്കി മാറ്റാം.

Thursday, June 11, 2015

അനുഭവങ്ങളുടെ ഓര്‍മച്ചെപ്പാണ് ഓരോ വീടും


 'നിയ്യ് പേടിക്കേണ്ട. രണ്ട് ആണ്‍കുട്ട്യേളല്ലേ... നരിക്കും കുറുക്കനും കൊടുക്കാതെ ഓലെ വലുതാക്കിയാല്‍, പിന്നെ അന്നെ ഓല് നോക്കിക്കോളും.' ഉമ്മയുടെ ഉപ്പ തന്റെ വീടിനടുത്ത് കുടില്‍ കെട്ടി ഞങ്ങളെ അങ്ങോട്ട് താമസിപ്പിച്ചപ്പോള്‍ ഉമ്മയോട് പറഞ്ഞ വാചകമാണിത്. എനിക്ക് മൂന്നും ജ്യേഷ്ഠന് അഞ്ചുമായിരുന്നു അന്ന് പ്രായം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരും ഓല കൊണ്ടുള്ള വാതിലുമായിരുന്നെങ്കിലും ആ 'പുതിയ വീട്' ഞങ്ങളുടെ സ്വര്‍ഗമായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഉമ്മയുടെ വീട്ടില്‍നിന്ന് ഒരു റൂമും അതിനോട് ചേര്‍ന്ന് തന്നെ അടുക്കളയുമുള്ള ആ കൊച്ചുകുടിലിലേക്കുള്ള മാറ്റം സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ഞങ്ങള്‍ കണ്ടത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഉമ്മയോടൊപ്പം, കുട്ടികളായ ഞങ്ങളോട് അരുതുകള്‍ കല്‍പ്പിക്കാന്‍ ആണുങ്ങളില്ലാത്ത വീടകം. പുറത്തിറങ്ങിയാല്‍ മുമ്പില്‍ തറവാട് വീടും ഉമ്മയുടെ ഉമ്മയും ഉപ്പയും ആങ്ങളമാരുമുണ്ടെങ്കിലും അകത്ത് ഞങ്ങള്‍ മാത്രമായിരുന്നു. പതിയെ പതിയെ ആ ചെറിയ കുടിലിനകത്ത് ഞങ്ങളൊരു വലിയ സ്‌നേഹ സാമ്രാജ്യം തന്നെ പണിതു. മഴക്കാലത്ത് മേല്‍പ്പുരയിലെ പുല്ലുകളുടെ വിടവിലൂടെ അകത്തേക്ക് നൂണ്ടിറങ്ങുന്ന മഴനൂലുകളെയും, പുല്‍മെത്തയുടെ സുഖത്തില്‍ അവിടെ താവളമാക്കിയ വിഷമില്ലാത്ത പാമ്പുകളെയും, ഈ വീട്ടിനകത്ത് 'ഞങ്ങള്‍ക്കും സ്ഥലം ബാക്കിയുണ്ടല്ലോ' എന്ന് അവകാശപ്പെട്ടെത്തിയ പൂച്ചയെയും കുഞ്ഞുങ്ങളെയുമെല്ലാം വീട്ടംഗങ്ങളായി കരുതി സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിച്ചു.
 
 
നരിക്കും കുറുക്കനും കൊടുക്കാതെ ഞങ്ങളെ വളര്‍ത്താന്‍ ഉമ്മ, ഉപ്പയുടെ റോള്‍ കൂടി ഏറ്റെടുത്തു. ആ ഇരട്ട റോള്‍ വഹിക്കാന്‍ ഉമ്മ പ്രയാസപ്പെടുന്നത് കണ്ടിട്ടാവണം അമ്മാവന്മാര്‍, അവരെല്ലാം പഠിച്ചിറങ്ങിയ യതീംഖാനയിലേക്ക് കൂടുതല്‍ മികച്ച സംരക്ഷണാര്‍ഥം ഞങ്ങളെ പറിച്ചുനട്ടു. ഉമ്മയില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ആദ്യത്തെ നാടുകടത്തലായിരുന്നു അത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ നിന്ന് എല്ലാ ആധുനിക സൗകര്യവുമുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കുള്ള ആ കൂടുമാറ്റം ഭൗതികാര്‍ഥത്തില്‍ സ്വപ്ന സമാനമായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബിരിയാണിയുള്ള യതീംഖാനയിലെ സുഭിക്ഷമായ ആ നാളുകളിലും ഞങ്ങളേറെ കൊതിച്ചത് മാസത്തിലൊരിക്കല്‍ ഉമ്മയോടൊപ്പം ആ കുടിലില്‍ അന്തിയുറങ്ങാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായിരുന്നു. ഉമ്മയോടൊപ്പമുള്ള കഞ്ഞികുടി തന്നെയായിരുന്നു യതീംഖാനയിലെ ബിരിയാണിയേക്കാള്‍ ഞങ്ങളാസ്വദിച്ചത്. അകത്തും പുറത്തും തീക്കനല്‍ പുകഞ്ഞ് ആ കോണ്‍ക്രീറ്റ് സംരക്ഷണ കേന്ദ്രത്തില്‍ എങ്ങനെയോ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. 'എല്ലാ സൗകര്യവുമുള്ളിടത്ത് പഠിപ്പിക്കാന്‍ ചേര്‍ത്തിട്ട് തിരിച്ചുവന്നിരിക്കുന്നു' എന്ന ശകാരമായിരുന്നു ചുറ്റും. അവര്‍ക്കറിയില്ലല്ലോ ഉമ്മ കൂടെയില്ലാത്ത കെട്ടിടം, അതിലെത്ര സൗകര്യങ്ങളുണ്ടായാലും അതൊരു വീടാകില്ലെന്ന്. ഉമ്മയുണ്ടായിരിക്കെ കുട്ടിക്കാലത്ത് ആ സാന്നിധ്യമനുഭവിക്കാനാവാതെ പിന്നെയെന്ത് സംരക്ഷണവും സ്‌നേഹ പരിചരണവുമാണ്? കുഞ്ഞുങ്ങളെ ഉമ്മമാരില്‍ നിന്ന് പറിച്ച് കൊണ്ട് പോയി യതീംഖാനകളിലെ കൃത്രിമ സംരക്ഷണ പാളികള്‍ക്ക് കീഴെ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന, സമുദായത്തിലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഇന്നുമറിയാതെ പോകുന്ന മാതൃപാഠങ്ങളാണിത്.
 
 
വീട്ടിനകത്തെ ഓരോ അംഗത്തിനും പകരക്കാരില്ല. ഉപ്പയില്ലാത്ത വീടിന്റെ കുറവ് മറ്റൊരാളെ കൊണ്ട് നികത്താനാവില്ല. ഉമ്മയില്ലാത്ത വീടിന് എത്ര നിലകളുണ്ടായിട്ടെന്ത്?
ഒരു കുഞ്ഞിക്കാലിന്റെ സ്പര്‍ശം അനുഭവിക്കാന്‍ കഴിയാത്ത വീട് ആ കുറവ് വിളിച്ചറിയിക്കും. ഉപ്പ മുതല്‍ കുഞ്ഞുവരെ ഒരുമിച്ചുണ്ടുറങ്ങുമ്പോഴാണ് ഒരു കെട്ടിടം വീടായി മാറുന്നത്. ഇത്തരമൊരു വീട്ടില്‍നിന്ന് എത്ര തന്നെ മനോഹരമായ തീരങ്ങളിലേക്ക് മാറി താമസിച്ചാലും അധിക ദിവസം അവിടെ തങ്ങാന്‍ നമുക്കാവില്ല. വീടൊരു അച്ചുതണ്ടായി നമ്മുടെ യാത്രകള്‍ നിയന്ത്രിക്കും. എത്രദൂരം താണ്ടിയാലും തിരിച്ച് വീട്ടിലേക്കെത്തണമല്ലോ എന്ന ഉള്‍വിളി അകത്ത് നിന്നുയരും. വിമാനവും കപ്പലുമേറിയാലും ആ അച്ചുതണ്ടിന്റെ ആകര്‍ഷണ വലയം ഭേദിക്കാന്‍ നമുക്കാവില്ല. ഞാനെത്ര അകലെയാണെന്നത് വീട്ടില്‍നിന്ന് എത്ര ദൂരത്താണ് ഞാനുള്ളതെന്നതിനെ അടിസ്ഥാനപ്പെടുത്തിയാവുന്നത് അതുകൊണ്ടാണ്.
 
 
ഹൈസ്‌കൂള്‍ പ്രായമെത്തിയപ്പോള്‍ ഓടിട്ട പുതിയ വീട് പണിയാന്‍ സ്‌നേഹത്തിന്റെ ആ മണ്‍കൂര പൊളിച്ചു. ഉമ്മ അപ്പോള്‍ കരയുന്നുണ്ടായിരുന്നു. ആ കുടില്‍ കെട്ടിപ്പൊക്കാന്‍ ഉമ്മക്കൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ വല്യുപ്പ അപ്പോഴേക്കും മരിച്ചിരുന്നു. വല്യുപ്പയുടെ ഓര്‍മയിലും, ആ മണ്‍വീട് നല്‍കിയ സംരക്ഷണവുമോര്‍ത്തിട്ടാണ് ഉമ്മ കരഞ്ഞത്. പുതിയ വീട് വെക്കാനാണെങ്കിലും അത്രയെളുപ്പം പൊളിച്ചു കളയാവുന്നതല്ല ഒരു കുടിലുമെന്ന് മനസ്സിലായത് അന്നാണ്. ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ ഓര്‍മപ്പുസ്തകമാണ് ഓരോ വീടും. അത് പൊളിക്കുമ്പോള്‍ ആ ഓര്‍മകള്‍ക്ക് കൂടിയാണ് പരിക്കേല്‍ക്കുന്നത്. അതിനകത്ത് ജീവിച്ച കാലത്തോളമുള്ള സുഖദുഃഖ ഭാവങ്ങളുടെ നിശ്ശബ്ദ ചിത്രങ്ങള്‍ ആ വീടിന്റെ ചുമരില്‍ പതിഞ്ഞുകിടപ്പുണ്ട്. മറ്റൊരു വീടൊരുക്കുമ്പോള്‍ ജീവിതം കൊണ്ട് ആ ചിത്രം വരച്ചവര്‍ പെട്ടെന്ന് അതെല്ലാം മായ്ച്ചുകളയുന്നതെങ്ങനെ സഹിക്കും! വല്യുപ്പ മരിച്ചശേഷം ഉമ്മയുടെ തറവാട്ടില്‍നിന്ന് ഓരോരുത്തരായി കൂടുതല്‍ സൗകര്യമുള്ള പുതിയ വീടുകളിലേക്ക് പോയപ്പോഴും വല്യുമ്മ ആ വീട്ടില്‍ തന്നെ തുടരാനിഷ്ടപ്പെട്ടത് ഓര്‍മകള്‍ തന്നോട് ചേര്‍ത്തുപിടിക്കാനായിരുന്നു. പ്രിയപ്പെട്ടവന്റെ മരണത്തിനും, കുട്ടികളും പേരമക്കളുമായി ഒരുപാട് ജന്മങ്ങള്‍ക്കും സാക്ഷിയായ ആ തറവാട് വീട്ടില്‍ നിന്നകന്ന് ഒന്നിലധികം ദിവസം മറ്റൊരിടത്ത് തങ്ങാന്‍ വല്യുമ്മയുടെ മനസ്സനുവദിച്ചില്ല. ഒടുവില്‍ ചെറിയ മകന്‍ അധികം അകലെയല്ലാതെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്ത് പുതിയ വീട് വെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വല്യുമ്മ അവനോടൊപ്പം അങ്ങോട്ട് താമസം മാറ്റി. പക്ഷേ, അപ്പോഴും തറവാട് വീട് പൊളിക്കരുതെന്ന്  നിബന്ധനയുണ്ടായിരുന്നു വല്യുമ്മാക്ക്. 'ഞാന്‍ ജീവിക്കുന്ന കാലത്തോളം അതവിടെ കിടക്കട്ടെ. മരിച്ചാല്‍ പിറ്റേ ദിവസം നിങ്ങള്‍ മക്കള്‍ക്കിഷ്ടമുള്ളത് ചെയ്‌തോളീ...' എന്തിനീ പിടിവാശിയെന്ന് ചോദിക്കാം. ഒരായുഷ്‌കാലത്തെ തന്റെ ജീവിതത്തിലെ വസന്തത്തിനും ശിശിരത്തിനും കൂട്ടായ വീടാണത്. അവരുടെ എത്ര സ്വപ്നങ്ങള്‍, സന്തോഷങ്ങള്‍, അതിനകത്ത് ചിറകടിച്ചിട്ടുണ്ടാകും! അവര്‍ കടിച്ചമര്‍ത്തിയ വേദനകള്‍, പ്രയാസങ്ങള്‍ ആ ചുമരുകള്‍ വരച്ചുവെച്ചിട്ടുണ്ടാകും! ആ വീട് കാണുമ്പോള്‍ അതെല്ലാമാവും അവര്‍ക്കോര്‍മ വരുന്നത്. അതില്ലാതാകുമ്പോള്‍ ആ ഓര്‍മകളും നഷ്ടപ്പെടുമോയെന്ന് അവര്‍ ഭയന്നാല്‍, ആ ഉത്കണ്ഠകളെ തള്ളിക്കളയാന്‍ ആര്‍ക്ക് സാധിക്കും. ഓര്‍മകളുടെ വേരറ്റാല്‍ മനുഷ്യജീവിതം പിന്നെയെന്തിന് കൊള്ളാം. അനേകം ജീവിതങ്ങളുടെ ഓര്‍മച്ചെപ്പായ ഒരു വീടും വെറും മണ്ണും ചുമരുമല്ല. പലപ്പോഴും അതിനകത്ത് പാകം ചെയ്തതും വിളമ്പിയിരുന്നതുമെല്ലാം ജീവിതങ്ങള്‍ തന്നെയാവും.
 
 
അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് വീട്ടില്‍ സൗകര്യം വര്‍ധിക്കുന്നില്ലെന്നും പുതിയൊരു വീടൊരുക്കാന്‍ സമയമായെന്നും കൂടെയുള്ളവള്‍ പറയുമ്പോഴെല്ലാം കുടഞ്ഞുതെറിപ്പിക്കാനാവാത്ത ബാല്യകൗമാരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്ന വീടോര്‍മകള്‍ മനസ്സിലേക്ക് വരും. അത് പങ്കുവെച്ചിട്ടും അവളുടെ മനസ്സിലെ ആധികളെ തണുപ്പിക്കാന്‍ എനിക്കായിരുന്നില്ല. പക്ഷേ, ഈയിടെയുണ്ടായ രണ്ട് വീടനുഭവങ്ങള്‍ അവളെയും ഈ വീടകത്തോട് അനുരാഗമുള്ളവളാക്കിയിരിക്കുന്നു. പ്രസവം എന്നത് ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ മാത്രം നടക്കേണ്ട 'രോഗമായ' ഈ 2014-ല്‍ ഞങ്ങളുടെ കുഞ്ഞിന് ഈ വീടിനകത്താണവള്‍ ജന്മം കൊടുത്തത്. അവളുടെ പേറ്റുനോവിന്റെ കിതപ്പും വിയര്‍പ്പും ഒപ്പിയെടുത്തത് ഈ വീടകമാണ്. ആ കുഞ്ഞ് പിറന്ന് ഇരുപത്തേഴാം നാളില്‍ അവനുറങ്ങിക്കിടക്കെ അവന്റെ മുകളിലെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അകത്ത് കുഞ്ഞും പുറത്ത് ഞങ്ങള്‍ ഉമ്മയും ഉപ്പയും വല്യുമ്മയും. കരച്ചിലും ബഹളത്തിനുമിടയില്‍ റൂമിനകത്ത് കയറിയപ്പോള്‍ ആ കാഴ്ച കണ്ട് തരിച്ചുനിന്നു... ചുറ്റും പൊട്ടിയ ഓടുകളും മരക്കഷ്ണങ്ങളും. മണ്ണും പൊടിയും പുരണ്ട് കുഞ്ഞ് ഒരു പോറലുമില്ലാതെ വീടിന് മുകളിലെ തുറന്ന ആകാശം നോക്കി കിടക്കുന്നു! അല്ലാഹുവിനെ സ്തുതിച്ച് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയെ ഏല്‍പിച്ചു. ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയവരെല്ലാം, കുഞ്ഞിനെ രക്ഷിച്ച ദൈവത്തെ വാഴ്ത്തി. അപ്പോള്‍ ഞാന്‍, പൊളിഞ്ഞു വീണ ആ വീടിന് മുകളിലേക്ക് നോക്കി. കുഞ്ഞ് കിടന്നിരുന്നതിന്റെ നേരെ മുകളില്‍ തൂങ്ങിയാടുന്ന മരക്കഷ്ണങ്ങളും ഓടുകളും, 'ഞങ്ങളും വീഴേണ്ടവയായിരുന്നു. പക്ഷേ, നിന്റെ കുഞ്ഞ് താഴെ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇവിടെ തന്നെ നിന്നതാണെ'ന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെയടുത്ത് അവന്റെ ഉമ്മയില്ലെന്നറിഞ്ഞപ്പോള്‍ വീട് തന്നെ സ്വയം ഒരു 'ഉമ്മ'യാവുകയായിരുന്നു. അവളെക്കാള്‍ എന്നെ പരിചയമുള്ള ആ വീടിന് എന്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാതിരിക്കാനാവും? ഈ വീടിനെ സ്‌നേഹിക്കാന്‍ ഇതിനേക്കാള്‍ മറ്റെന്ത് ഓര്‍മകള്‍ വേണം! നാളെ ഞങ്ങള്‍ മറ്റൊരു വീട് പണിതുയര്‍ത്തിയേക്കാം. അപ്പോഴും വീട്ടിനകത്തെ ഉമ്മയോര്‍മകള്‍ പോലെ ഈ വീടോര്‍മകളെയും ഞങ്ങള്‍ താലോലിച്ച് കൊണ്ടേയിരിക്കും. 

 

Monday, October 27, 2014

രണ്ട് ഫേസ്ബുക് കഥകളും ഒമാനി നോവലിസ്റ്റിന്റെ ചെമ്മീന്‍ വായനയും
സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കാലമാണിത്. വാട്‌സ് അപിലെ അവസാന ക്ലിപ്പും കണ്ടെന്ന് ഉറപ്പ് വരുത്തി ഉറങ്ങുകയും നേരം വെളുത്താലുടന്‍ ഫേസ്ബുക്കില്‍ ഗുഡ്‌മോണിംഗ് പറഞ്ഞ് തന്റെ പുതിയൊരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന കാലം. സ്വയം പ്രോജക്ട് ചെയ്ത് അതിന് ലഭിക്കുന്ന കമന്റുകളും ലൈക്കും നിരന്തരം ചെക്ക് ചെയ്ത് ആത്മരതിയില്‍ മുഴുകുന്ന ഫേസ്ബുക് കാലത്തെ വ്യക്തികളുടെ മനോഭാവത്തെ ചിത്രീകരിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അക്ബര്‍ കക്കട്ടിലിന്റെ  'ഇപ്പോള്‍ ഉണ്ടാവുന്നത്' എന്ന കഥ. എവിടെ ചെന്നാലും പ്രശസ്തരായ ആരെ കണ്ടുമുട്ടിയാലും ഒരു ഫോട്ടോയെടുത്ത് അത് ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച് ദിനം മുഴുവന്‍ അതിന് ലഭിക്കുന്ന കമന്റുകളും ലൈക്കുകളും പരിശോധിച്ച് സംതൃപ്തിയും നിരാശയും ദുഃഖവും സന്തോഷവും കണ്ടെത്തുന്ന നളിനന്‍ എന്ന 48കാരനാണ് കഥയിലെ മുഖ്യ കഥാപാത്രം. ഫേസ്ബുക്കിന് മുമ്പിലുള്ള ഈ കുത്തിയിരുപ്പില്‍ കുടുംബവും കുട്ടികളും വീട്ടിലെ അത്യാവശ്യങ്ങളും അവരോടുള്ള ആശയവിനിമയവും നളിനന്‍ മറക്കുന്നു. ഫേസ്ബുക്ക് തലവന്‍ മാര്‍ക് സൂക്ക് ബര്‍ഗിന്റെ കൂടെ ഒന്ന് പോസ് ചെയ്യണം. അത് പോസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിക്കണം. ഇതാണ് നളിനന്റെ ഏറ്റവും വലിയ സ്വപ്നം. നളിനന്‍ ഫേസ്ബുക്കില്‍ കണ്ടെത്തിയ  സ്‌കൂളിലെ സഹപാഠിയും പ്രണയിനിയുമായിരുന്ന ശാലിനി നളിനന്റെ ഈ ആത്മരതിയെ ആവോളം കുത്തിനോവിക്കുന്നുണ്ട്. കഥയുടെ തുടക്കവും ശാലിനിയുടെ ചില കമന്റുകളും ഞാനടക്കമുള്ള മിക്ക ഫേസ്ബുക്ക് ഉപഭോക്താക്കളുടെയും ജീവിതചര്യയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നതിനാല്‍ ഇവിടെ പകര്‍ത്തുന്നു:

''വാസ്തവം പറയാമല്ലോ, അയാളുടെ പ്രഭാതം തുടങ്ങുന്നതുതന്നെ അന്ന് ഫേസ്ബുക്കിലിടേണ്ട ഫോട്ടോകളെക്കുറിച്ചാലോചിച്ചുകൊണ്ടാണ്. കുറെക്കാലമായി തന്റെ ഉടുപ്പും നടപ്പും കിടപ്പുമെല്ലാം ഫേസ്ബുക്കിനു വേണ്ടിയായിരിക്കുന്നു. 'ലൈക്കു'കളുടെ എണ്ണം കൂടുന്തോറും അയാള്‍ക്കെന്തൊരഭിമാനമാണെന്നോ? ഇനി അതെങ്ങാനല്‍പം കുറഞ്ഞാലോ? അട്ടത്തുനിന്നും വീണ പല്ലിയെപ്പോലെ ആകപ്പാടെ ഒന്നും തിരിയാത്ത ഒരവസ്ഥയും.
കുറ്റം പറയരുതല്ലോ, ഭാര്യ നളിനിയാണ് ആദ്യമെല്ലാം മൊബൈലില്‍ ഫോട്ടോകള്‍ എടുത്തുകൊണ്ടിരുന്നത്. അയാള്‍ ഓഫീസിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അടുക്കള ജോലികള്‍ നോക്കുന്നതിനും കുട്ടികളെ സ്‌കൂളിലയക്കുന്നതിനും പുറമെ ഒരു 'ഫോട്ടോഗ്രാഫറു'ടെ പണികൂടി അവള്‍ക്കുണ്ടായിരുന്നു.
ഈയിടെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ നളിനന് ഒരു ശ്രദ്ധയുമില്ലാതായിട്ടുണ്ട്. മക്കള്‍ രണ്ടു പേരും നഗരത്തിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍. പഠനത്തിലും റ്റിയൂഷനിലും അവരുടെ പിന്നാലെ എപ്പോഴുമുണ്ടാവേണ്ട സമയമാണ്.  ഹൗസിങ് ലോണ്‍ അടവ് തെറ്റിയിട്ട് നാലഞ്ചുമാസമായി. രണ്ടു പ്രാവശ്യം മാനേജര്‍ വിളിച്ചിരുന്നു. ഇനി എപ്പോഴാണ് ജീപ്പുമെടുത്ത് അദ്ദേഹം വരുകയെന്ന വേവലാതിയാണവള്‍ക്ക്. വീട്ടിലെത്തി മനസ്സിലെ ആധികളെല്ലാമൊന്നു തുറന്നു പറയാമെന്ന് വെച്ചാലോ, അപ്പോഴേക്കും നെറ്റിന് മുമ്പിലെത്തിയിട്ടുണ്ടാവും നളിനന്‍.
നളിനന്‍ ആലോചിക്കുന്നത് ഇങ്ങനെ: വീട്ടുപറമ്പിലെ വാഴത്തോപ്പിലും ഇല്ലിമരക്കൂട്ടത്തിനരികിലും നിര്‍ത്തി നളിനി എടുത്ത ഫോട്ടോകള്‍ എത്ര ലൈക്കുകളാണ് നേടിത്തന്നത്! ബിലാത്തിച്ചേമ്പിന്റെ പശ്ചാത്തലത്തില്‍ വിഷാദമഗ്നനായി നില്‍ക്കുന്ന ഫോട്ടോവിന് വന്ന കമന്റുകള്‍ നിരവധി- നൈസ്, സൂപ്പര്‍, ഗ്രേറ്റ്.. വരിക്കപ്പിലാവിന്റെ ചോട്ടില്‍ ചിരിച്ചുനില്‍ക്കുന്ന ഫോട്ടോവിനും കിട്ടി ഇഷ്ടം പോലെ കമന്റുകള്‍....
എവിടെ ചെല്ലുമ്പോഴും, പറ്റിയ ഒരിടം കണ്ടാല്‍ ഫോട്ടോ എടുക്കാന്‍ തഞ്ചമുണ്ടോ എന്നു മാത്രമാണ് നളിനന്റെ ചിന്ത. ഫോട്ടോ എടുത്തുതരാനുള്ള ആളെ കിട്ടാനാണ് ചിലപ്പോള്‍ ബുദ്ധിമുട്ട്. ഫോട്ടോ ക്ലിയര്‍ ആകാന്‍ വേണ്ടി മാത്രം ഈയടുത്താണ് പഴയ ഫോണ്‍ മാറ്റി എല്ലാ ഫെസിലിറ്റീസുമുള്ള സ്മാര്‍ട്ട് ഫോണ്‍ ആക്കിയത്...
ശാലിനി ചോദിക്കുന്നു: 'നിനക്ക് നിന്നെ കണ്ടിട്ടും നിന്നെ മറ്റുള്ളവര്‍ക്ക് കാണിച്ചിട്ടും മതിവരുന്നില്ലേ നളിനാ? എന്തൊരിഷ്ടമാ നിനക്ക് നിന്നോട്?'...
- ഞാന്‍ എന്റെ ഫോട്ടോസ് മാത്രമല്ലല്ലോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പമുള്ള പടം നീ കണ്ടിട്ടില്ലേ? മറഡോണയോടൊപ്പമുള്ളത് കണ്ടിട്ടില്ലേ? വി.എം സുധീരനോടൊപ്പമുള്ള പടത്തിന് എത്ര ലൈക്കാണ് കിട്ടിയത്? ഈഫോട്ടോകളെല്ലാം എത്ര പേര്‍ ഷെയര്‍ ചെയ്തു?
- ശരിയാണ്. അവരെല്ലാം ഓരോ പ്രോഗ്രാമിന് വരുമ്പോള്‍ ഈ ഫോട്ടോസ് ഒപ്പിക്കാനുള്ള നിന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകുന്നുണ്ട് നളിനാ...
- നീയെന്നെ കൊച്ചാക്കരുത്.
- അയ്യോ, അവര്‍ക്കെല്ലാം നീ പ്രിയപ്പെട്ടവനാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഉറങ്ങി എണീറ്റാലുടനെ മറഡോണയും സുധീരനുമെല്ലാം 'നളിനന്‍' 'നളിനന്‍' എന്നു നൂറു പ്രാവശ്യം ജപിക്കുമെന്ന് ആര്‍ക്കാണറിയാത്തത്? ആത്മവിശ്വാസമില്ലായ്മയില്‍ നിന്നാണ് നളിനാ സ്വയം പ്രോജക്ട് ചെയ്യാനുള്ള ആവേശമുണ്ടാകുന്നത്...
'ആത്മരതി നടത്തുന്നതിനു പകരം നിനക്ക് സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ഈ വേദി ഉപയോഗിച്ചുകൂടെ നളിനാ?'
'അതിനു നമുക്കെവിടെയാണ് പ്രശ്‌നങ്ങള്‍? പ്രശ്‌നങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നതല്ലേ? പിന്നെ ആത്മരതി... ആത്മരതിയല്ല ശാലിനീ, ആത്മപ്രകാശനം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ഒക്‌ടോബര്‍ 12)

ഈ വിഷയത്തില്‍ വായിക്കേണ്ട മറ്റൊരു കഥ കൂടിയുണ്ട്. ഫേസ്ബുക്കിലെ സൗഹൃദങ്ങളിലെയും ആണ്‍-പെണ്‍ ബന്ധങ്ങളിലെ കാപട്യങ്ങളെയും പ്രശ്‌നവത്കരിക്കുന്ന അര്‍ഷദ് ബത്തേരിയുടെ 'കുതിരക്കാലുകള്‍' എന്ന കഥയാണത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012-സെപ്റ്റംബര്‍ 9 ലക്കത്തിലാണ് അര്‍ഷദ് ബത്തേരിയുടെ കഥ  പ്രസിദ്ധീകരിച്ചത്.ഒമാനി നോവലിസ്റ്റിന് ചെമ്മീന്‍ കിട്ടിയപ്പോള്‍

ഒക്‌ടോബര്‍ ലക്കം പച്ചക്കുതിരയിലെ  ചില വായനകള്‍ ഈ ലക്കത്തില്‍ പങ്കുവെക്കേണ്ട മറ്റു വിശേഷങ്ങളാണ്. ഇന്തോ-അറബ് സാഹിത്യ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല അറബ് നോവലുകളും കഥകളും കവിതകളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അപൂര്‍വം ചില സാഹിത്യ കൃതികളേ മലയാളത്തില്‍ നിന്ന് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ. അതുതന്നെ അറബ് ലോകത്ത് ഏറെ വായിക്കപ്പെടുകയും ചെയ്തിട്ടില്ല. അങ്ങനെ വായിക്കപ്പെടണമെങ്കില്‍ അറബ് സാഹിത്യ ലോകത്ത് അഡ്രസ്സുള്ള എഴുത്തുകാരോ നോവലിസ്റ്റുകളോ അത് നിരൂപണം ചെയ്യണം. അത്തരം നിരൂപണങ്ങള്‍ നടക്കണമെങ്കില്‍ പ്രമുഖ അറബ് സാഹിത്യകാരന്മാരുമായി ബന്ധമുള്ള എഴുത്തുകാരും മലയാളത്തില്‍ ഉണ്ടാവണം. അറബ് സാഹിത്യങ്ങള്‍ ഏറെ വായിക്കുന്നവരും വിവര്‍ത്തനം ചെയ്യുന്നവരുമുണ്ടെങ്കിലും  അറബ് സാഹിത്യകാരുമായി നേരിട്ട് ബന്ധമുള്ളവര്‍ തുലോം കുറവാണ്. അത്തരം ബന്ധങ്ങളുണ്ടെങ്കില്‍ മലയാള സാഹിത്യവും അറബി എഴുത്തുകാര്‍ നിരൂപണം ചെയ്യുമെന്നതിനുള്ള മികച്ച തെളിവാണ് ഒമാനി നോവലിസ്റ്റും കോളമിസ്റ്റുമായ അസ്ഹാര്‍ അഹ്മദിന്റെ പച്ചക്കുതിരയിലെ 'ഇന്ത്യന്‍ വായനാനുഭവം.'

മലയാളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച വായനാനുഭവമാണ് അസ്ഹാര്‍ അഹ്മദ് ലേഖനത്തില്‍ പങ്കുവെക്കുന്നത്. അസ്ഹാര്‍ അഹ്മദിന് മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുകയും അത്തരം പുസ്തകങ്ങള്‍ നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്ത വ്യക്തിയെ ലേഖനത്തില്‍ നന്ദിപൂര്‍വം പല പ്രാവശ്യം സ്മരിക്കുന്നുണ്ട്. വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ വി.എ കബീറാണ് അറബി സാഹിത്യത്തിനും മലയാള സാഹിത്യത്തിനുമിടയിലെ ആ സാംസ്‌കാരിക അംബാസിഡര്‍. അസ്ഹാര്‍ അഹ്മദിന്റെ വരികള്‍ തന്നെ പകര്‍ത്തട്ടെ:
''..... ഓഫീസില്‍ കാലു കുത്തിയതും എന്റെ മേശപ്പുറത്ത് സാമാന്യം വലുപ്പമുള്ള ഒരു കവര്‍ കണ്ടു. അതെവിടെ നിന്ന് വന്നതാണെന്ന് എനിക്ക് ഒരു ഊഹവും കിട്ടിയില്ല. ഒറ്റനോട്ടത്തില്‍ അതില്‍ പുസ്തകങ്ങളാണെന്ന് തോന്നി. സുഹൃത്തുക്കളുമായി എനിക്ക് പുസ്തകങ്ങള്‍ കൈമാറുന്ന പതിവുണ്ടായിരുന്നു. അയച്ച ആളുടെ പേര് ഞാന്‍ നോക്കി. എന്റെ സുഹൃത്തായ വി.എ കബീറാണ് ആ പാര്‍സല്‍ അയച്ചിരുന്നത്. ആകാംക്ഷയോടെ ഞാന്‍ കവര്‍ തുറന്നു. കമലാ ദാസിന്റെ രണ്ട് പുസ്തകങ്ങളാണ് അതിലുണ്ടായിരുന്നത്. അവരുടെ ആത്മകഥകളായ മൈ സ്റ്റോറിയും, അറബിയിലേക്ക് മൊഴിമാറ്റിയ ആത്മസംഭാഷണ രൂപത്തിലെഴുതിയ യാ അല്ലാഹ് എന്ന കവിതാ സമാഹാരവും.

...... പല ലേഖനങ്ങളും അയച്ചുതന്ന് കബീര്‍ എന്റെ ഇന്ത്യനനുഭവങ്ങളെ തുടര്‍ന്നും സമ്പന്നമാക്കിക്കൊണ്ടിരുന്നു. ചെമ്മീന്‍ എന്ന നോവലാണ് ഒടുവിലയച്ചുതന്നത്. ഒറ്റയിരുപ്പില്‍ തന്നെ ഞാനതു വായിച്ചുതീര്‍ത്തു. അറബി പരിഭാഷയാണ് ഞാന്‍ വായിച്ചത്.
പരോക്ഷമായി സന്ദേശം ധ്വനിപ്പിച്ചുകൊണ്ട് മികച്ച സംഭാഷണത്തിലൂടെ ഒരു നോവല്‍ രചിക്കാമെന്നുകൂടി ചെമ്മീന്‍ എന്നെ പഠിപ്പിക്കുകയുണ്ടായി. 'അക്ബര്‍ മിന്‍ ഹയാത്ത്' (ാീൃല വേമി ഹശളല) എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ചെമ്മീനെക്കുറിച്ച് ഞാന്‍ ഒരു നിരൂപണം എഴുതുകയുണ്ടായി. 'എന്റെ ഇഷ്ടപ്പെട്ട പുസ്തകം' എന്ന ഒരു റേഡിയോ പരിപാടിയിലൂടെയും ഈ നോവല്‍ ഞാന്‍ ശ്രോതാക്കളില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് വായനക്കാര്‍ അതിനോട് പ്രതികരിക്കുകയും നിരവധി സുഹൃത്തുക്കള്‍ വായിക്കാനായി ആ പുസ്തകം ആവശ്യപ്പെടുകയുമുണ്ടായി.


ഇന്ത്യന്‍ സാഹിത്യവുമായുള്ള പരിചയം എന്റെ സ്വന്തം എഴുത്തിനെത്തന്നെയും സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇന്ത്യയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഇനിയും ഇനിയും കിട്ടണമെന്നാണ് എന്റെ മോഹം. എന്റെ പുസ്തകങ്ങള്‍ വായിക്കുകയും എന്റെ ഒരു കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്ത വി.എ കബീറിന് നന്ദി! (പച്ചക്കുതിര ഒക്‌ടോബര്‍ 2014).

Friday, September 26, 2014

സാറാജോസഫിന്റെ ആതിയും ഹാജറയുടെ ചരിത്രവും
ഇബ്‌റാഹീം പ്രവാചകന്‍ ഭാര്യ ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച ചരിത്രം കുട്ടിക്കാലത്ത് ഒരുപാട് വായിച്ചിട്ടുണ്ട്. മുസ്‌ലിം എഴുത്തുകാര്‍ തന്നെ മലയാളത്തില്‍ ഒട്ടേറെ ഈ ചരിത്രത്തെ എഴുതിയിട്ടുണ്ട്. ഇബ്‌റാഹീം കുടുംബത്തിന്റെ പരിചിത ചരിത്രത്തോട് വിയോജിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ 'ആതി' എന്ന നോവലില്‍ വിവരിച്ച ആ ചരിത്ര ആഖ്യാനത്തിന്റെ മനോഹാരിത മറ്റൊരു എഴുത്തിലും കണ്ടിട്ടില്ല. 'ആതി' എന്ന നോവല്‍ വികസിക്കുന്ന ഗ്രാമത്തിലെ കഥാകാരന്‍ നൂര്‍ മുഹമ്മദിന്റെ നാവിലൂടെയാണ് ഹാജറയിലൂടെയും ഇസ്മാഈലിലൂടെയും അന്നോളം ആള്‍താമസമില്ലാത്ത മക്കയില്‍ ഒരു നാഗരികതയുണ്ടായ ചരിത്രം സാറാ ജോസഫ് സുന്ദരമായ ഭാഷയില്‍ വര്‍ണിക്കുന്നത്. നോവലിലെ ആ ഭാഗം പകര്‍ത്തിയെഴുതുകയാണ് ഈ പോസ്റ്റില്‍ ഹാഗാര്‍. ഇസ്മാഈലിന്റെ അമ്മ.
അവളുടെ ഭര്‍ത്താവ് അതിരാവിലെ അവളെ വിളിച്ചുണര്‍ത്തി. കുറച്ച് അപ്പവും കുറേ ഈന്തപ്പഴവും ഒരു തോല്‍ക്കുടം നിറയെ വെള്ളവും എടുത്ത് അവളുടെ കൈയില്‍ കൊടുത്തു. എന്റെ പിന്നാലെ വരൂ. നിന്റെ മകനെയും എടുത്തോളൂ. അയാള്‍ തന്റെ ഒട്ടകത്തിന്റെ പുറത്ത് കേറി.
മൊട്ടക്കുന്നുകളും മുള്‍ച്ചെടികളും പൊടിക്കാറ്റും മാത്രമുള്ള മരുഭൂമിയിലൂടെ ഏറെ ദൂരം അവര്‍ സഞ്ചരിച്ചു. ഘോരമായ മരുഭൂമിയുടെ നടുക്കെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.
ഇവിടെ നില്‍ക്കുക. എന്നിട്ടയാള്‍ അതിവേഗം തന്റെ ഒട്ടകത്തെയും ഓടിച്ച് തിരിച്ചുപോയി.
അവള്‍ വിളിച്ചു ചോദിച്ചു. ഞങ്ങളെ ഉപേക്ഷിക്കുകയാണോ?
അയാള്‍ തിരിഞ്ഞു നോക്കിയില്ല.
അതിഭയങ്കരമായ ഈ വിജനതയില്‍ എന്നെയും നമ്മുടെ കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് എന്തുകൊണ്ട് തിരിച്ചുപോകുന്നു?
അയാള്‍ തിരിഞ്ഞുനോക്കിയില്ല.
''ഞാനെന്തു ചെയ്തു? എന്റെ തെറ്റെന്താണ്? അതെങ്കിലും പറയൂ. അതറിയാനുള്ള അവകാശം പോലും എനിക്കില്ലേ?''
ഹാഗാര്‍ ഉറക്കെ നിലവിളിച്ചു.
അയാളില്‍നിന്ന് ഒരുത്തരവും കിട്ടിയില്ല. മരുക്കാറ്റില്‍ അയാളുടെ ചുവപ്പു മേലാട പൊങ്ങിപ്പറക്കുന്നതു കണ്ട് നിരാശയോടെ അവള്‍ നിലത്തിരുന്നു.
എന്റെ കൈയില്‍ ഒന്നുമില്ല.
ഉണ്ടായിരുന്നതത്രയും ഇതുവരെയുള്ള യാത്രയില്‍ തന്നെ തിന്നു തീര്‍ത്തു. ഇനിയുള്ളത് കുറച്ച് ഈന്തപ്പഴം മാത്രം. തോല്‍ക്കുടത്തില്‍ കാല്‍ഭാഗം വെള്ളം മാത്രം. സൂര്യനോ, എന്റെയും കുഞ്ഞിന്റെയും മേല്‍ തീ കോരിയിടുന്നു. എന്റെ അകവും പുറവും വെന്തുകഴിഞ്ഞു. ചുട്ടുപഴുത്ത മണല്‍പ്പരപ്പ് വറചട്ടിയിലെന്നോണം എന്നെ പൊരിയ്ക്കുന്നു. പോയ്മറയുന്നവനേ, നിന്റെ കടിഞ്ഞൂല്‍ പുത്രനെ ഞാനെങ്ങനെ കാക്കും?
മണല്‍ക്കുന്നിനപ്പുറത്ത് അയാളുടെ ചുവപ്പുമേലാടയുടെ അവസാനക്കാഴ്ചയും മറഞ്ഞുപോവുകയാണ്.
ഹാഗാര്‍ ശബ്ദം മുഴുവനുമെടുത്ത് ഉറക്കെ വിളിച്ചു ചോദിച്ചു.
''ദൈവമാണോ ഇത് കല്‍പിച്ചത്?''
കുന്നിനു മുകളില്‍ അയാള്‍ തന്റെ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി. എന്നിട്ട് തിരിഞ്ഞുനോക്കി.
''അതെ! ഇത് ദൈവത്തിന്റെ നിശ്ചയമാണ്.''
കുന്നിറങ്ങി അയാള്‍ മറയും വരെ അവള്‍ കുഞ്ഞിനെയും മാറത്തടുക്കി നോക്കിക്കൊണ്ടുനിന്നു. അപ്പോള്‍ കനത്ത പൊടിക്കാറ്റ് വീശുകയും കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവള്‍ ഭൂമിയിലേക്ക് കുനിയുകയും ചെയ്തു. കാറ്റ് ശമിച്ചപ്പോള്‍ മുഖത്തും മുടിയിലും ശിരോവസ്ത്രങ്ങളിലും പൊടിമൂടിയ അവളെക്കണ്ട് കുഞ്ഞ് ഭയന്ന് നിലവിളിച്ചു.
ഓരോ കാറ്റിലും മരുഭൂമിയുടെ രൂപവും ഭാവവും മാറിക്കൊണ്ടിരുന്നു. ഓരോ കാറ്റിനു ശേഷവും പുതിയ പുതിയ മരുഭൂമികള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അവള്‍ക്ക് കണ്ണുനീര്‍ വറ്റിപ്പോയിരുന്നു. മുലപ്പാലും വറ്റിയിരുന്നു. രക്തവും വറ്റിത്തീരുകയായിരുന്നു. ദൈവത്തിന്റെ അനന്തമായ കാരുണ്യം പോലെ അവളില്‍ സദാ ഒഴുകിക്കൊണ്ടിരുന്ന എല്ലാ നീരൊഴുക്കുകളും വറ്റുകയായിരുന്നു.
ഇസ്മാഈല്‍ വിശന്നു കരഞ്ഞു.
മകനേ, ഈ കൊടുംചൂടില്‍ എന്റെ മുലപ്പാല്‍ വറ്റിത്തീരും മുമ്പ്, കിട്ടാവുന്നത്രയും വലിച്ചൂറ്റി എടുത്തുകൊള്ളുക. അവള്‍ കുഞ്ഞിനെ മാറിടത്തിലൊളിപ്പിച്ചു.
ഇസ്മാഈലിന്റെ വിശപ്പ് ശമിച്ചില്ല.
അവന്റെ ദാഹവും ശമിച്ചില്ല.
അമ്പരപ്പോടെ അവന്‍ അമ്മയെ നോക്കി. വിശന്നും ദാഹിച്ചും കരഞ്ഞു, രാത്രിയില്‍ അവന്‍ ഉറങ്ങി.
രാത്രിയില്‍ അവള്‍ക്കാരുണ്ട് തുണ?
ഈ മരുഭൂമി അവളെ ഇത്രയേറെ ഭയപ്പെടുത്തുമ്പോള്‍ ആരുണ്ട് അവളെ ആശ്വസിപ്പിക്കാന്‍?
വിറയ്ക്കുന്ന അവളുടെ ശരീരത്തിനും അതിലേറെ വിറയ്ക്കുന്ന അവളുടെ മനസ്സിനും എവിടെയുണ്ട് ഒരു താങ്ങ്?
ആകാശം മേല്‍ക്കൂര.
ചുവരുകളില്ലാത്ത അതിവിശാലമായ ഒരു മാളികയാണ് മരുഭൂമി.
ചക്രവാളത്തില്‍ ദൈവത്തിന്റെ കാരുണ്യം കരിമ്പടങ്ങള്‍ തൂക്കിയിടുന്നുണ്ട്.
നമുക്ക് തണുക്കാതിരിക്കാനാണ്, മകനേ. അവള്‍, തണുപ്പില്‍ താടിയെല്ലുകള്‍ കൂട്ടിയിടിക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചു.
രാത്രിയില്‍ അതിശൈത്യമുള്ള കാറ്റ് വീശിക്കൊണ്ടിരുന്നു. പകല്‍ മുഴുവന്‍ കനല്‍പോലെ ജ്വലിച്ച മണല്‍, രാത്രിയില്‍ മഞ്ഞുകട്ടികള്‍പോലെ തണുത്തുറഞ്ഞു.
ഹാഗാര്‍, അവളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ മാറിടത്തിന്റെ ചൂടില്‍ മകനെ പൊതിഞ്ഞുവെച്ചു.
ശീതക്കാറ്റേ,
മരുപ്പരപ്പേ,
ഇരുട്ടേ,
വിജനതയേ,
ഇവനെ വിഴുങ്ങാന്‍ വാ പിളര്‍ക്കരുതേ.
അവള്‍ക്ക് കലശലായി ദാഹിച്ചുവെങ്കിലും, പിറ്റേന്നത്തെ പകലിന്റെ കൊല്ലുന്ന ചൂടിലേയ്ക്കായി അവള്‍ വെള്ളം കാത്തുവെച്ചു. വിശന്നുവെങ്കിലും അവശേഷിച്ച ഒരേ ഒരു കാരക്ക മകനുവേണ്ടി കരുതിവെച്ചു.
നക്ഷത്രങ്ങളുടെ വെളിച്ചം മരുഭൂമിയുടെ വിജനതയെ ഇരട്ടിപ്പിച്ചു.
ദീര്‍ഘനിശ്വാസങ്ങള്‍ പോലെ ഇടയ്ക്കിടെ പൊടിക്കാറ്റ് വീശിക്കൊണ്ടുമിരുന്നു.
നീളംകുറഞ്ഞ രാത്രി ഒരുവിധം അവസാനിച്ചു. നീളംകൂടിയ പകല്‍ കടന്നുവന്നു. ജ്വലിയ്ക്കാവുന്നത്ര ജ്വലിച്ചിട്ട് സൂര്യന്‍ മണല്‍ക്കുന്നുകള്‍ക്കു പിന്നില്‍ മറഞ്ഞു നിന്നു.

അപ്പോഴും മണല്‍ ചുട്ടുപഴുത്തു കിടന്നു.
പിന്നെയും കൊടുംശൈത്യവുമായി രാത്രി വന്നു.
ഹാഗാറിന്റെ കൈയിലെ വെള്ളം തീര്‍ന്നു. അവളുടെ മകന്‍ ദാഹിച്ച് നിലവിളിച്ചു. സാന്ത്വന വാക്കുകള്‍ കൊണ്ട് അവന്റെ ദാഹം മാറ്റാനാവില്ല. കരഞ്ഞു കരഞ്ഞ് അവന്റെ ശബ്ദം ദുര്‍ബലമായിക്കൊണ്ടിരുന്നു. ഒടുവില്‍ അത്, കഴുത്തുഞെരിയ്ക്കപ്പെട്ട ഒരു കിളിയുടെ തൊണ്ടയില്‍ നിന്നെന്നോണം കീകീയെന്ന ഞരക്കം മാത്രമായി.
തോല്‍ക്കുടം പിഴിഞ്ഞ് ഒന്നുരണ്ടുതുള്ളി വെള്ളം അവള്‍ കുഞ്ഞിന്റെ ഉണങ്ങിയ ചുണ്ടില്‍ പുരട്ടി. അവന് മതിയായില്ല. വികൃതമായ ശബ്ദത്തില്‍ അവന്‍ നിര്‍ത്താതെ ഞരങ്ങി.
ഒന്നുകില്‍ കുഞ്ഞ് അല്ലെങ്കില്‍ താന്‍.
ആരാവും ആദ്യം മരിയ്ക്കുക?
കുഞ്ഞാണ് ആദ്യം മരിയ്ക്കുന്നതെങ്കില്‍ ഈ മണല്‍ക്കാട്ടില്‍ ചെറിയൊരു കുഴിയുണ്ടാക്കി തന്റെ കൈകൊണ്ടുതന്നെ അവനെ മറവു ചെയ്യുന്നതോര്‍ത്ത് അവള്‍ നടുങ്ങി. എന്നിട്ട് അവനെ ഇവിടെ ഉപേക്ഷിച്ച് താന്‍ ഈ മരുഭൂമിയില്‍ അലഞ്ഞുതിരിയും! താനാണ് ആദ്യം മരിയ്ക്കുന്നതെങ്കിലോ? മുമ്പത്തേതിനേക്കാള്‍ വലിയ നടുക്കമാണ് അപ്പോള്‍ അവള്‍ക്കുണ്ടായത്. മരുപ്പക്ഷികള്‍ കൊത്തിക്കീറുന്ന തന്റെ ജഡത്തിന്നരികില്‍ അവന്‍ കരഞ്ഞുകൊണ്ടിരിയ്ക്കുന്നതോ, അമ്മയെ അന്വേഷിച്ചുകൊണ്ട് മരുഭൂമിയില്‍ ഇഴഞ്ഞുനടക്കുന്നതോ ഓര്‍ത്ത് ഹാഗാര്‍ ഭയവിഹ്വലയായി.
ഇതോ ദൈവനിശ്ചയം!
ഇല്ല. ഇതാവില്ല. ഇതിലും വലുതെന്തോ ആയിരിയ്ക്കണം.
ഹാഗാര്‍ എഴുന്നേറ്റു.
ഉപേക്ഷിച്ചവന്റെ ദൈവം തന്നെയാണ് ഉപേക്ഷിയ്ക്കപ്പെട്ടവളുടെ ദൈവവും.
അന്വേഷിയ്ക്കണം. ജീവന്റെ ഉറവ കണ്ടെത്തണം. ഹാഗാര്‍ അലഞ്ഞു. നിരാശയായി. കുന്നുകള്‍ കയറി. കുന്നുകള്‍ ഇറങ്ങി. പലകുറി തളര്‍ന്നുവീണു. കുഞ്ഞിന്റെ ഞരക്കങ്ങള്‍ അവളുടെ ജീവനെ പലവട്ടം നടുക്കത്തിലാഴ്ത്തി.
കരുണയില്ലാതെ ജ്വലിയ്ക്കുന്ന സൂര്യനോട്, നീതിബോധമില്ലാതെ വീശുന്ന കാറ്റിനോട്, കുഴയുന്ന കാലുകളില്‍ കനല്‍ കോരിയിടുന്ന മണല്‍പ്പരപ്പിനോട് അവള്‍ സംസാരിച്ചു.
അല്‍പം കൂടി ദയ കാണിയ്ക്കൂ. കുറച്ചുകൂടി സമയം അനുവദിയ്ക്കൂ. എന്നോട് സൗഹൃദത്തിലാവൂ...
ഉച്ചതിരിഞ്ഞപ്പോള്‍ ഇസ്മാഈലിന്റെ അനക്കം നിലച്ചു. മരിച്ചെന്നു കരുതി അവനെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി അവള്‍ നടുങ്ങിനിന്നു. നെഞ്ച് പിളര്‍ത്തിക്കൊണ്ട് പുറപ്പെട്ട ഒരു നിലവിളി പാതിയില്‍ മുറിഞ്ഞു. ആരോ അവളുടെ പേര് വിളിച്ചെന്ന് ഹാഗാറിന് തോന്നി.
ആര്? ആരാണ്? ആരാണെന്നെ സഹായിയ്ക്കാനെത്തുന്നത്? അവളുടെ ആഗ്രഹം തന്നെയാണവളെ വിളിച്ചത്. അവള്‍ തന്നെയാണവളെ വിളിച്ചത്. ഭയാനകമാംവിധം വിസ്തൃതമായ വിജന മരുപ്പരപ്പ് അത് സാക്ഷ്യപ്പെടുത്തി.
നെഞ്ചത്തലച്ചുകൊണ്ട് ഹാഗാര്‍ കുഞ്ഞിനു മീതെ കമിഴ്ന്നുകിടന്നു.
അപ്പോള്‍ വീണ്ടും അവളുടെ കുഞ്ഞ് ഞരങ്ങുകയും ആരോ അവളെ പേരെടുത്തു വിളിയ്ക്കുകയും ചെയ്തു. അവള്‍ കുഞ്ഞിനെ വാരിയെടുത്തു. ആരാണെന്നെ വിളിയ്ക്കുന്നതെന്ന നിലവിളിയോടെ അങ്ങുമിങ്ങും ഓടി. ആരുടെ കരുണയുള്ള ഹൃദയത്തിന്റെ മിടിപ്പുകളാണ് ഞാന്‍ കേള്‍ക്കുന്നത്? ആരുടെ കാരുണ്യത്തിന്റെ സുഗന്ധമാണ് കാറ്റിലൂടെ വന്ന് എന്നെ തൊടുന്നത്!~ താങ്ങാനാവാത്ത ഈ ഏകാന്തതയില്‍ ദൈവമേ, അതാരാണ്? ഉളളിലെ കരുത്ത് മുഴുവന്‍ സ്വരൂപിച്ച് കാലുകള്‍ക്ക് കൊടുത്തുകൊണ്ട് ഹാഗാര്‍ ആ മരുഭൂമിയിലിഴഞ്ഞു. ആരാണ്? എവിടെയാണ്?
ശബ്ദത്തിന്റെ ഉറവിടം അവള്‍ കണ്ടെത്തുക തന്നെ ചെയ്തു. കുറ്റിക്കാടിനരികിലായി, വിചിത്ര രൂപിയായ ഒരു പറവ, അതിന്റെ ചിറകു കൊണ്ട് നിലത്തു തല്ലുന്ന ഒച്ചയായിരുന്നു അത്. ഹാഗാര്‍... ഹാഗാര്‍...ഹാഗാര്‍... അതിന്റെ കിളുന്തു തൂവലുകള്‍ നാലുപാടും ചിതറിക്കിടന്നിരുന്നു. ചിറകില്‍ ചോര പൊടിഞ്ഞിരുന്നു. എന്നിട്ടും നിര്‍ത്താതെ ഭൂമിയെ തല്ലിത്തുറക്കാനെന്നോണം അത് ചിറകിട്ടടിച്ചു കൊണ്ടിരുന്നു.
ഹാഗാര്‍ അമ്പരന്നു നില്‍ക്കെ, കരിക്കിന്‍കണ്ണ് തള്ളിത്തുറന്ന്, വെള്ളം തുളുമ്പിത്തെറിയ്ക്കും പോലെ ഭൂമിയിലൊരു ഉറവ തുറക്കപ്പെട്ടു! ആ പക്ഷി ആര്‍ത്തിയോടെ വെള്ളം കുടിയ്ക്കുന്നതും വീണ്ടും വീണ്ടും ഉറവയില്‍ മുങ്ങിപ്പൊങ്ങുന്നതും ചിറകു കുടഞ്ഞ് ആനന്ദിയ്ക്കുന്നതും വിശ്വസിയ്ക്കാനാവാതെ അവള്‍ നോക്കിനിന്നു. പൊടുന്നനെ, ഒരു നിലവിളിയോടെ ഹാഗാര്‍, തന്റെ മകനെ ഉറവയില്‍ മുക്കി. വിറയ്ക്കുന്ന കൈകള്‍കൊണ്ട് വെള്ളം കോരിയെടുത്ത് അവന്റെ വായില്‍ നിറച്ചു. വീണ്ടും വീണ്ടും അവള്‍ അവനെ ഉറവയില്‍ മുക്കിക്കൊണ്ടിരുന്നു. ഉറവ നിലച്ചതേയില്ല. അനുനിമിഷം അത് വലുതായിക്കൊണ്ടിരുന്നു. വെള്ളം വന്ന് നിറഞ്ഞുകൊണ്ടേയിരുന്നു. തന്റെ മുലകളില്‍ പാല്‍ നിറയും വരെ അവള്‍ ജലാശയത്തില്‍ മുങ്ങിക്കിടന്നു. വെള്ളം മുലപ്പാലാവുന്നത് അവള്‍ അനുഭവിച്ചറിഞ്ഞു.
വരണ്ട കുന്നുകള്‍ക്കും മുള്‍ച്ചെടികള്‍ക്കും ഇടയില്‍ ഒരു തടാകക്കരയില്‍ മരുഭൂമിയുടെ എകാന്തതയില്‍ അവള്‍ വസിച്ചു. നീരുറവകള്‍ക്കരികില്‍ താമസിയ്ക്കാറുള്ള ഒരു പക്ഷിയാണ് മരുഭൂമിയിലെ ജലസാന്നിധ്യം അവളെ അറിയിച്ചതെന്ന് ഹാഗാര്‍ തിരിച്ചറിഞ്ഞു. ദൈവനിശ്ചയം ഓര്‍ത്ത് ഹാഗാര്‍ വിനീതയായി.
അവിടെ നീരോട്ടമുണ്ടെന്നറിഞ്ഞ് നാടോടികളും ഗോത്രവര്‍ഗക്കാരും തേടിവന്നു. അവര്‍ ജലാശയം കണ്ടു. അതിന്റെ കരയില്‍ ഒരു കുഞ്ഞിനെയും മടിയില്‍ വെച്ചിരിയ്ക്കുന്ന ഏകാകിയായ സ്ത്രീയെ കണ്ടു.
''ഞങ്ങള്‍ ഇതില്‍ നിന്ന് കുടിച്ചോട്ടെ?''
നാടോടികള്‍ ചോദിച്ചു. ഹാഗാര്‍ അനുവദിച്ചു.
''ഞങ്ങള്‍ ഇതിന്റെ കരയില്‍ താമസിച്ചോട്ടെ?'' ഗോത്രവര്‍ഗക്കാര്‍ ചോദിച്ചു.,
ജനതകളുടെ ദാഹം ഹാഗാറിന് മനസ്സിലാവും. അതുപോലെ വെള്ളത്തിന്റെ വില അതുല്യമാണെന്നും അവള്‍ക്കറിയാം. ജീവന്റെ രഹസ്യം അതില്‍ എഴുതപ്പെട്ടിരിയ്ക്കുന്നു.
അവള്‍ പറഞ്ഞു. ''എനിയ്ക്ക് വിരോധമില്ല. പക്ഷേ വെള്ളത്തിന്റെ ഉടമസ്ഥ ഞാനായിരിക്കും. അതിന്റെ അമ്മയും പരിപാലകയും ഞാനായിരിക്കും. അധികാരത്തിന്റെ പേരിലല്ല; ജീവന്റെ പേരിലാണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നത്. ആദ്യത്തെ തുള്ളി വെള്ളത്തിന്റെ വില എന്റെ കുഞ്ഞിന്റെ ജീവന്റെ വിലയാണെന്നറിഞ്ഞവളാണ് ഞാന്‍. കണ്‍മുന്നിലൊരു തടാകം കണ്ട് മതിമറന്ന് നില്‍ക്കുന്നവരാണ് നിങ്ങള്‍. ആദ്യത്തെ തുള്ളി വെള്ളത്തെക്കുറിച്ച് അറിവില്ലാത്തവരുമാണ്. നിങ്ങള്‍ക്കത് മറക്കാം. ഞാന്‍ മറക്കില്ല. ധൂര്‍ത്ത് ഞാന്‍ അനുവദിയ്ക്കില്ല.''
നാടോടികള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സമ്മതമായിരുന്നു. അവര്‍ ദാഹപരവശരായിരുന്നു.
''വെള്ളം നീ തന്നെ പരിപാലിയ്ക്കുക. ഞങ്ങള്‍ ഭക്ഷണം തേടിക്കൊണ്ടുവരാം. നീ ഞങ്ങള്‍ക്ക് വെള്ളം തന്നാല്‍ മതി.''
മരുഭൂമിയില്‍ ഒരു ജല ഉടമ്പടിയുണ്ടായി. സഞ്ചാരികള്‍ അവള്‍ക്കും കുഞ്ഞിനും തിന്നാന്‍ കൊടുത്തു. അവര്‍ ദാഹം തീരുവോളം കുടിയ്ക്കുകയും കുളിയ്ക്കുകയും ചെയ്തു.
വെള്ളമുള്ളതുകൊണ്ടുതന്നെ തടാകക്കരയില്‍ കായ്കറികള്‍ നടാമെന്ന് അവള്‍ കണക്കുകൂട്ടി. ഒന്നിച്ചധ്വാനിച്ചാല്‍ ഒരു വിളവെടുപ്പ് നടത്താം. വിളവെടുപ്പുകളെ ഉത്സവങ്ങളാക്കി മാറ്റാം.
***
അങ്ങനെ ഒരു ജനത രൂപം കൊണ്ടു.

Monday, May 26, 2014

മാത്യഭൂമി കഥയിലെ ' മലബാറുകാരന്‍ '

കേരളത്തിന്റെ വികസന ചര്‍ച്ചയിലും നവരാഷ്ട്രീയ മുദ്രാവാക്യങ്ങളിലുമെല്ലാം കുറച്ചു വര്‍ഷങ്ങളായി മുഴക്കപ്പെടുന്ന പദമാണ് 'മലബാര്‍.' പഴയ തിരുവിതാംകൂറും കൊച്ചിയും ആധുനിക കേരളത്തിന്റെ വികസന ഫണ്ടുകളും പദ്ധതികളും പങ്കുവെച്ചപ്പോള്‍ പഴയ മലബാര്‍ അവഗണിക്കപ്പെട്ടുവെന്ന തിരിച്ചറിവാണ് മലബാറിനെ വീണ്ടും സമരപദമാക്കിത്തീര്‍ത്തത്. മലബാര്‍ സംസ്ഥാനവും മലപ്പുറം ജില്ലാ വിഭജനവുമെല്ലാം അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ചര്‍ച്ചകളായിരുന്നു. മുസ്‌ലിം സമുദായത്തിനകത്തും അതിന്റെ മേല്‍നോട്ടത്തിലും ശക്തിപ്പെട്ടുവരുന്ന നവരാഷ്ട്രീയ വേദികളിലായിരുന്നു ഇത്തരം ആവശ്യങ്ങളധികവും ഉന്നയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ പാകിസ്താന്‍ വാദത്തിനും മലപ്പുറം ജില്ലാ വിഭജനത്തിനും ശേഷം മുസ്‌ലിംകള്‍ വീണ്ടും വിഘടനവാദം മുഴക്കുന്നുവെന്നാണ് അതിനോട് തീവ്രഹിന്ദുത്വ വാദികളും മൃദുഹിന്ദുത്വം ബാധിച്ചവരും പ്രതികരിച്ചത്. രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലുള്ള മുസ്‌ലിം ശാക്തീകരണം തീവ്രഹിന്ദുത്വവാദികളിലും മൃദുഹിന്ദുത്വരിലും ഉണ്ടാക്കുന്ന അസഹിഷ്ണുതയും ശത്രുതാ മനോഭാവവും സുന്ദരമായി ചിത്രീകരിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2014 ഫെബ്രുവരി 23) ടി.പി വേണുഗോപാല്‍ എഴുതിയ 'ജഗദീശ്വരാ ഫയര്‍ വര്‍ക്‌സ്' എന്ന കഥ. കഥയിലുടനീളം മലബാര്‍ എന്ന പദം പല സൂചകങ്ങളായി കടന്നുവരുന്നതോടൊപ്പം മലപ്പുറം ജില്ലാ വിഭജന ആവശ്യവും മലബാര്‍ സംസ്ഥാന വാദവുമെല്ലാം സംസാരവിഷയമാകുന്നു.
മൂന്ന് കഥാപാത്രങ്ങളാണ് പ്രധാനമായും കഥയിലുള്ളത്. ഒന്ന്, തീവ്രഹിന്ദുത്വവാദിയായ രഞ്ചന്‍. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് കടുത്ത അസഹിഷ്ണുതയുള്ള ഇയാള്‍ അവരെ സാധിക്കുന്നിടത്തെല്ലാം കായികമായിത്തന്നെ കൈകാര്യം ചെയ്യണമെന്ന വാദക്കാരനാണ്. മുസ്‌ലിമിന്റെ പേര് കേള്‍ക്കുന്നത് തന്നെ രഞ്ചന് അലര്‍ജിയാണ്. രഞ്ചന്റെ ഈ സ്വഭാവം വ്യക്തമാക്കാന്‍ കഥാകൃത്ത് പറയുന്ന ഒരു ഉദാഹരണമിവിടെ പകര്‍ത്തുന്നു. ''അമ്പലക്കുളം വൃത്തിയാക്കാന്‍ വന്ന കൂട്ടത്തിലെ ഒരു പാവം ഹിന്ദിക്കാരനെ നദീര്‍, നദീര്‍ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ ചാടിപ്പോയി കോളറിന് കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് തള്ളിയിട്ടവനാണ് രഞ്ചന്‍. പിന്നെയാണ് ആരോ പറഞ്ഞുകൊടുത്തത് പേര് നദീധര്‍. പക്കാ പരമശിവന്‍! തിരിച്ചുവിളിച്ച് രണ്ട് 'മാഫ്കരോ' പറഞ്ഞ് ദൈവദോഷത്തില്‍നിന്ന് മോചനം നേടിയെങ്കിലും ഊരും പേരും തിട്ടമില്ലാത്ത ഹിന്ദിക്കാരില്‍ അശുദ്ധക്കാരുണ്ടോ എന്നറിയാന്‍ ആവുന്ന ഭാഷയില്‍ സര്‍വരെയും പോലീസ് മുറയില്‍ ഭേദ്യം ചെയ്തുകൊണ്ടിരുന്നു, രഞ്ചന്‍.''
രണ്ടാമത്തെ കഥാപാത്രമായ, ജഗദീശ്വരാ ഫയര്‍ വര്‍ക്‌സ് എന്ന പടക്കക്കടയുടെ ഉടമ ജഗദീശ്വരന്റെ കാഴ്ചയിലൂടെയാണ് കഥ വികസിക്കുന്നത്. തികഞ്ഞ ഹിന്ദുമത വിശ്വാസിയായ ജഗദീശ്വരന്‍ രഞ്ചന്റെ പല തീവ്രനിലപാടുകളും പേടിയോടെയാണ് നോക്കിക്കാണുന്നതെങ്കിലും 'അങ്ങനെത്തന്നെയാണ് വേണ്ടതെന്ന്' പലപ്പോഴും അയാള്‍ മൗനമായി ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ഹിന്ദുമതവിശ്വാസികളില്‍ പോലും മുസ്‌ലിം ക്രിസ്ത്യന്‍ വിരോധവും അസഹിഷ്ണുതയും വളര്‍ന്നുവരുന്നുണ്ടെന്നും തീവ്രഹിന്ദുത്വം പല നിലക്കും അതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ജഗദീശ്വരനിലൂടെ നമുക്ക് വായിച്ചെടുക്കാം. മൂന്നാമത്തെ കഥാപാത്രമായ മുസ്‌ലിമിന് കഥയില്‍ പേരില്ല. 'മലബാര്‍ റൈസ് ആന്റ് ഫ്‌ളവര്‍ മില്ലി'ന്റെ നടത്തിപ്പുകാരന്‍ എന്ന നിലയിലും മറ്റനേകം അര്‍ഥസാധ്യതകള്‍ക്ക് ഇടം നല്‍കുന്ന വിധത്തിലും 'മലബാറുകാരന്‍' എന്നാണ് കഥയിലുടനീളം ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.
ജഗദീശ്വരന്റെ പടക്കക്കടക്ക് സമീപം മലബാറുകാരന്‍ ഫ്‌ളവര്‍ മില്‍ തുടങ്ങുന്നു. ഹിന്ദുക്കളടക്കം ജാതിമത ഭേദമെന്യേ ആളുകള്‍ അവിടെ ധാന്യം പൊടിക്കാന്‍ തിരക്കുകൂട്ടുന്നു. രഞ്ചന്‍ പരസ്യമായും ജഗദീശ്വരന്‍ മൗനമായും അയാളുടെ വളര്‍ച്ചയില്‍ അസൂയ പുലര്‍ത്തുന്നു. ''ന്ങ്ങള്‍ടെ പടക്കപ്പീട്യ ഉള്ളതോണ്ട് ബാക്കിയുള്ളോര്‌ടെ ചങ്ക് ടപ്ടപ്പാന്ന് അടിക്ക്വാണെന്നും ഒരു തീപ്പൊരി പാറിവീണ് നിങ്ങള്‍ടെ കട പൊട്ടിത്തെറിക്കുമ്പം മില്ലില്‍ പൊടിക്കാന്‍തന്ന് പുറത്ത് കാത്തുകെട്ടിനില്‍ക്കുന്ന ആള്‍ക്കാര്‌ടെ ദേഹത്തുവരെ തീക്കട്ടകള്‍ തെറിച്ചുവീഴാമെന്നും അതു ഭയന്ന് ആള്‍ക്കാര്‍ മില്ലിലേക്ക് വരാന്‍ മടിക്കുന്നു...' എന്നും മലബാറുകാരന്‍ ജഗദീശ്വരന്റെ മുഖത്തുനോക്കി പറഞ്ഞതോടെ എങ്ങനെയെങ്കിലും അയാളുടെ മില്ല് പൂട്ടിക്കണമെന്ന ലക്ഷ്യത്തിലേക്ക് ജഗദീശ്വരന്‍ എത്തുന്നു. മില്ലിനെതിരെ അയാള്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് പരാതി നല്‍കുന്നു. ''ന്ങ്ങ്‌ള് ഒന്ന് മൂള്യാ മതി. ഓന്റെ പന്നികൂടം തകര്‍ക്ക്ന്ന കാര്യം നമ്മളേറ്റ്'' എന്ന് രഞ്ചന്‍ പലവട്ടം അയാളോട് പറയുന്നുണ്ട്. പക്ഷേ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചാല്‍ തന്റെ കട കത്തിച്ചാമ്പലാവുമെന്ന ഭയം മൂലം ജഗദീശ്വരന്‍ അതിന് സമ്മതം മൂളുന്നില്ല. മലബാറുകാരന്‍ കാശിറക്കി കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ മറ്റെന്തെങ്കിലും പണി കൊടുക്കുകയായിരിക്കും നല്ലതെന്നും രഞ്ചന്‍ പറയുമ്പോള്‍ മുസ്‌ലിംകളുടെ വളര്‍ച്ചയോടുള്ള അയാളുടെ അസഹിഷ്ണുത മുഴുവനായും പുറത്തുവരുന്നു. ''...നമ്മള് ഏറിവന്നാല് പത്തോ നൂറോ ചുരുട്ടിപ്പിടിച്ച് നീട്ടും. മുക്കിത്തൂറ്യാല് അഞ്ഞൂറ്. അതിലപ്പുറം എറിയാന്‍ നമ്മള് മെനക്കെടൂല. പതിനായിരൂം ലക്ഷൂം കൊണ്ടാ മലബാറുകാരന്റെ കളി. പൊല്യൂഷന്‍കാരെന്താ മന്‍ഷന്‍മാരല്ലേ?
....അല്ലെങ്കിലും അവന്മാരുടെ കയ്മിലല്ലേ പണം കെടക്ക്ന്ന്......എവ്ട്ന്നാണ് പണം കുയിച്ചെട്ക്ക്ന്നതെന്നാണ് നമ്മക്ക് തിരിയാത്തെ. രാജാക്കന്മാര് രാജ്യം വെട്ടിപ്പിടിക്കുമ്പോലെ പണമെറിഞ്ഞ് ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ട്യാണ്. പെറ്റ്‌വീണ നാട്ട്ന്ന് കെട്ടിപ്പെറുക്കി പോകേണ്ടുന്ന ഗതികേടിലായി നമ്മള്. നാം രണ്ട്, നമ്മക്കൊന്ന് എന്ന് നമ്മള് പാടിനടന്നപ്പം, നാം രണ്ട് നമ്മക്ക് പന്ത്രണ്ട് എന്നവന്‍മാര് നടപ്പാക്കി. കല്യാണപ്രായം കൊറക്കാന്‍ സമരം ചെയ്യ്ന്നയ്‌ന്റെ ഗുട്ടന്‍സ് ആര്‍ക്കാ പിടികിട്ടാത്തെ! നേരത്തെ കാലത്തെ തൊടങ്ങ്യാല് തെരളല് വറ്റ്ന്നത്‌വരെ കൈയും കണക്കുമില്ലാതെ പെറ്റ് കൂട്ടാന്‍ പറ്റ്വല്ലോ. ഇനി ഒരു ജില്ല കൂടി വേണത്രെ! പോരാത്തയ്‌ന് തറവാട്ട് സ്വത്ത് പോലെ കൊണ്ടുനടക്കാന്‍ ഒരു സംസ്ഥാനൂം. പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്ന് കരഞ്ഞ് പറഞ്ഞപ്പം മുറിച്ച്‌കൊട്ത്തില്ലേ. എന്നാപ്പിന്നെ ബാക്കിയുള്ളോരെ മെനക്ക്ട്ത്താണ്ട് ആടപ്പോയി ജീവിക്ക്വോ മരിക്ക്വോ എന്തെങ്കിലും ചെയ്തൂടെ അയ്റ്റക്ക്...?''
നമ്മുടെ മതക്കാര്‍ക്ക് സംഘബോധമില്ലെന്നും നസ്രാണികള്‍ ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റുകയാണെന്നുമെല്ലാം പരാതി പറയുന്ന രഞ്ചന്‍ അതിനൊരുമ്പെട്ടിറങ്ങിയ ഒരു ഫാദറെ താന്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിടുകയും ചെയ്ത സന്ദര്‍ഭം ആവേശത്തോടെ ജഗദീശ്വരന് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. രഞ്ചനെന്ന തീവ്രഹിന്ദുത്വവാദിയുടെ അസഹിഷ്ണുത നിറഞ്ഞ വര്‍ത്തമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം ജഗദീശ്വരനെന്ന സാധാരണ ഹിന്ദുവിശ്വാസി അത്തരമൊരാശയത്തോട് ചേര്‍ന്ന് പോകുന്നുവല്ലോ എന്നാണ് കഥ  വായിച്ചപ്പോള്‍ മനസ്സിലുടക്കിയ വിഷയം. ഈഴവ സമുദായ വേദികളിലൂടെയും അമൃതാനന്ദമയി മഠം  വഴിയും മോഡി കേരളത്തിലെത്തുമ്പോള്‍ വര്‍ധിച്ചുവരുന്ന ന്യൂനപക്ഷവിരുദ്ധതയും അസഹിഷ്ണുതയും വെറുമൊരു കഥയല്ലെന്ന് ഞെട്ടലോടെ നാം അനുഭവിച്ചറിയുന്നു. Tuesday, February 25, 2014

ആത്മീയ പ്രഭാഷകരുടെ ഭൗതിക വര്‍ത്തമാനങ്ങള്‍         ഭൗതികതയുടെ മറുപക്ഷത്തെയാണ് മതം പ്രതിനിധീകരിക്കുന്നത്. ആത്മീയ ഭൗതിക വിമോചനത്തെ പരിചയപ്പെടുത്തിയ പ്രവാചക ദീനിനെ കുറിച്ചല്ല ഇപ്പറയുന്നത്. ആചാരാനുഷ്ഠാനങ്ങളെയും സ്വര്‍ഗനരകങ്ങളെയും കുറിച്ച് മാത്രം വാചാലമാകുന്ന മതമാണുദ്ദേശ്യം. ഭൗതികതയുടെ മാര്‍ഗവും ലക്ഷ്യവും ദുനിയാവാണെങ്കില്‍ മതം സംസാരിക്കുന്നത് ആഖിറത്തിനെ കുറിച്ചാണ്. രണ്ടും ജീവിക്കുന്നത് ഒരു ഭൂമിയിലായതിനാല്‍ പരസ്പര സ്വാധീനങ്ങള്‍ സ്വാഭാവികം. ആത്മീയ പ്രഭാഷകര്‍ക്ക് നമ്മുടെ മതമാര്‍ക്കറ്റില്‍ ഭൗതിക ഡിമാന്റ് വര്‍ധിക്കുന്നത് ഈ പരസ്പര സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ്. മലബാറിലെ പല ഗ്രാമങ്ങളിലും കാല്‍പ്പന്തുകളിക്കായി സജ്ജീകരിച്ച മൈതാനിയില്‍ സെവന്‍സ് ഫുട്‌ബോളിന്റെ ആരവമൊഴിഞ്ഞാല്‍ അവിടെ അരങ്ങേറുന്നത് ആത്മീയ പ്രഭാഷണങ്ങളാണ്. പലപ്പോഴും രണ്ടിന്റെയും സംഘാടകരും വളന്റിയര്‍മാരും ഒരേ ടീം തന്നെ. മുപ്പതിനായിരമോ അമ്പതിനായിരമോ മുന്‍കൂര്‍ പണമടച്ചാല്‍ തെക്ക് നിന്ന് നല്ല ഈണവും മുഴക്കവുമുള്ള ആത്മീയ പ്രഭാഷകരെത്തും. സംഘാടകര്‍ ആരായാലും അഡ്രസില്‍ ദീനീസ്ഥാപനത്തിന്റെയോ മഹല്ലിന്റെയോ പേരുണ്ടാകണമെന്ന് മാത്രം. പരലോകം പറഞ്ഞ് പേടിപ്പിച്ചും ചൊല്ലുന്ന സ്വലാത്തുകളുടെ ബര്‍കത്ത് പറഞ്ഞ് പ്രലോഭിപ്പിച്ചും ശ്രോതാക്കളില്‍ നിന്ന് എത്ര ലക്ഷം പിരിച്ചെടുക്കണമെന്ന ടാര്‍ഗറ്റ് ആദ്യം തന്നെ നിശ്ചയിക്കപ്പെടും. ക്വാട്ടക്കപ്പുറം സംഖ്യ പിരിഞ്ഞാല്‍ അതിലൊരു ശതമാനം പ്രഭാഷകന് അധികമായും ലഭിക്കും. ഒരു പങ്ക് സംഘാടകര്‍ക്കും ബാക്കിയുള്ളത് ദീനീ സ്ഥാപനങ്ങള്‍ക്കും അതിന്റെ നടത്തിപ്പുകാര്‍ക്കും.
        പ്രവാചക ജീവിതത്തിന്റെ ലാളിത്യത്തില്‍ തുടങ്ങി ദുനിയാവിന്റെ നശ്വരതയിലൂടെ പരലോക ശിക്ഷയുടെ പേടിപ്പെടുത്തലുകളില്‍ പ്രസംഗം മുറുകുമ്പോള്‍ സ്വിറാത്ത് പാലം കടക്കാന്‍ ബര്‍കാത്തക്കപ്പെട്ട സ്വലാത്തുകള്‍ പ്രഭാഷകന്‍ ഓഫര്‍ ചെയ്യുന്നു. മീസാനില്‍ കനം തൂങ്ങാന്‍ പ്രഖ്യാപിക്കുന്ന സംഭാവനയുടെ കനമനുസരിച്ച് സ്വലാത്തിന്റെ എണ്ണവും ദുആയുടെ ഇശലും ഈണവും വ്യത്യാസപ്പെടുന്നു. ഒടുവില്‍ പരിപാടിയവസാനിക്കുമ്പോള്‍ സംഘാടകരുടെ കണക്കു കൂട്ടലിനപ്പുറം സംഖ്യ പിരിയുന്നു. മഹല്ല് കമ്മിറ്റിയും ഉസ്താദുമാരും മുതഅല്ലിമീങ്ങളും വളണ്ടിയര്‍മാരും സംഘാടകരും പ്രഭാഷകനുമെല്ലാം പരിപാടിയുടെ റിസല്‍റ്റില്‍ ഹാപ്പി. ദീനും ദുനിയാവും ഇത്ര മനോഹരമായി ഒത്തുപോകുന്നയിടം  വേറെ ഏതുണ്ട്! സാമ്പത്തിക ബാധ്യതയില്‍ കലാശിക്കുന്ന ഫുട്‌ബോള്‍ മേള സംഘാടകരും മറ്റുള്ളവരുമെല്ലാം നഷ്ടം നികത്താന്‍ ആ വേദിയിലിപ്പോള്‍ ഇത്തരം ആത്മീയ പ്രഭാഷണങ്ങള്‍ നടത്താന്‍ തുടങ്ങിയിരിക്കുന്നു. മലബാറിലിപ്പോള്‍ തങ്ങളുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ് തെക്ക് നിന്ന് ഷാളും തൊപ്പിയുമണിഞ്ഞ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.
           തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പ്രഭാഷകന്‍ കളം മാറാന്‍ തയാറായപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ഓഫറുകളും ഈ വിഷയത്തോട് ചേര്‍ത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ പഴയ അനുയായികള്‍ തന്നെയാണ് കൂറുമാറാന്‍ പ്രഭാഷകന് ലഭിച്ച ഓഫറുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആദ്യം പ്രചരിപ്പിച്ചത്. ദിവസങ്ങള്‍ പിന്നിട്ടില്ല, കാലുമാറി പകുതി ദൂരം പിന്നിട്ട ടിയാന്‍ പഴയ ഈറ്റില്ലത്തേക്ക് തന്നെ തിരിച്ചു നടന്ന വാര്‍ത്ത വന്നു. ഒട്ടും വൈകാതെ പിന്‍നടത്തത്തിന് പ്രചോദനമായ ഞെട്ടിക്കുന്ന ഓഫറുകള്‍ മറുപക്ഷവും സോഷ്യല്‍ നെറ്റ്‌വര്‍കില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് തങ്ങള്‍ പ്രഖ്യാപിച്ച ഓഫറിനേക്കാള്‍ മികച്ചത് ലഭിച്ചപ്പോഴാണ് കൂറുമാറ്റം പൂര്‍ണമാവാതെ തിരിച്ചുപോയതെന്നാണ് അവര്‍ പറയാതെ പറഞ്ഞത്. ഇസ്‌ലാമെന്ന 'മതത്തെ' കേരളത്തില്‍ പ്രതിനിധീകരിക്കുന്ന രണ്ട് പ്രമുഖ മതസംഘടനകളുടെ അകത്തളത്തില്‍ നടന്ന വര്‍ത്തമാനമാണിത്. ആത്മീയതയും അവയുടെ സംഘടനാ രൂപങ്ങളും മികച്ച ഒരു തൊഴിലിടമാകുമ്പോള്‍ മതത്തെ ഒരു തൊഴിലുറപ്പ് പദ്ധതിയായി പ്രഖ്യാപിക്കാന്‍ ഇനിയുമെന്തിന് നാം അമാന്തിക്കണം.

Monday, February 24, 2014

സദ്ദാമിന്റെ ബാര്‍ബറും 'തിരുകേശവും'


       മലയാള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ പതിവ് ഉള്ളടക്കങ്ങളിലൊന്നാണ് ഓരോ ലക്കവും അച്ചടി മഷി പുരളുന്ന മികച്ച എഴുത്തുകാരുടെ കഥകള്‍. ഒരു കഥയെങ്കിലുമില്ലാതെ പുറത്തിറങ്ങുന്ന മലയാള ആനുകാലികങ്ങള്‍ കുറവാണ്. ചിലതെങ്കിലും വായനക്കാരുടെ ദഹനശേഷിയെ പരീക്ഷിക്കുന്നതാണെങ്കിലും പൊതുവെ മലയാള കഥകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. ഭാവനയുടെ സ്വപ്നലോകത്തിന് പകരം സമൂഹത്തിലെ വര്‍ത്തമാന സംഭവങ്ങള്‍ സുന്ദരമായി ആവിഷ്‌കരിക്കുന്നതാണ് പുതിയ കഥകളധികവും.
      മുസ്‌ലിം സംഘടനാ പരിസരങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരുകേശ വിവാദ പശ്ചാത്തലത്തില്‍ രസകരമായ വായനാനുഭവമായിരുന്നു 2013 ഒക്‌ടോബര്‍ 6-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച പി.എസ് റഫീഖിന്റെ 'സദ്ദാമിന്റെ ബാര്‍ബര്‍' എന്ന കഥ. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കൊച്ചിക്കടുത്ത ആലുമ്മാവ് ഗ്രാമമാണ് കഥാപരിസരം. ആസ്ഥാന ബാര്‍ബര്‍ ഐദ്രോസുകുട്ടി ഒസ്സാന്റെ മകന്‍ മുസ്തഫ എന്ന മുത്തപ്പ അന്നത്തെ മാപ്പിളമാരുടെ പതിവ് ശീലത്തിന് വിരുദ്ധമായി മുടി നീട്ടിവളര്‍ത്തുന്നു. ഒടുവില്‍ ഒരു പകലില്‍ മുത്തപ്പയെ ബാപ്പ കൈയോടെ പിടികൂടുന്നു. നിര്‍ദാക്ഷിണ്യം മുടി മൊട്ടയടിക്കുന്നു. അപമാന ഭാരത്താല്‍ മുത്തപ്പ നാടുവിടുന്നു. ഐദ്രോസുകുട്ടിയുടെ തലമുറയും മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലുമ്മാവ് ഗ്രാമത്തിലേക്ക് പട്ടാള വേഷവും തൊപ്പിയും ധരിച്ച് മുത്തപ്പ തിരിച്ചുവരുന്നു. ഇത്രകാലം മുത്തപ്പ എവിടെയായിരുന്നു. നാട്ടുകാര്‍ പലതും പറഞ്ഞുപരത്തുന്നതിനിടയില്‍ ആ വാര്‍ത്ത പുറത്തുവന്നു. കഥാകാരന്‍ അതിങ്ങനെ വരച്ചിടുന്നു: ''ആലുമ്മാവ് ജമാഅത്ത് പള്ളിയില്‍ നിന്ന് താമസിയാതെ ആ വാര്‍ത്ത പുറത്തുചാടി. മുത്തപ്പ ഇറാഖിലെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ബാര്‍ബറായിരുന്നു. പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, മുത്തപ്പയുടെ പക്കല്‍ തെളിവുകളുണ്ട്. വെള്ളിപ്പിടിയുള്ള, ഇറാഖിന്റെ മുദ്രയുള്ള കഠാര, ഇറാഖീ ദീനാറുകള്‍, സദ്ദാം സമ്മാനിച്ച മണിപ്പേഴ്‌സ്, പട്ടാളവേഷത്തില്‍ സദ്ദാമിനൊപ്പം മുത്തപ്പ നില്‍ക്കുന്ന ഫോട്ടോ...''
         കഥയുടെ മര്‍മം ഇവിടെയല്ല. മറിച്ച് ദിവസങ്ങള്‍ക്കകം ആ ഗ്രാമത്തെ മുഴുവന്‍ ഇളക്കിമറിച്ച മറ്റൊരു വാര്‍ത്തയാണ്. അത് കഥാകാരന്റെ ഭാഷയില്‍തന്നെ പറയട്ടെ: ''മുത്തപ്പയുടെ കൈയില്‍ സദ്ദാമിന്റെ മുടിയുണ്ട്. തിക്രീത്തിലെ ഭൂഗര്‍ഭ അറയില്‍നിന്ന് പിടികൂടപ്പെടുന്നതിന് കുറച്ച് ദിവസം മുമ്പ് മുത്തപ്പ സദ്ദാമിന്റെ മുടി വെട്ടുകയും ഷേവ് ചെയ്യുകയും ചെയ്തിരുന്നു. ആ മുടിയാണ് മുത്തപ്പയുടെ കൈയില്‍. സദ്ദാമിന്റെ ബാര്‍ബറായിരുന്ന മുത്തപ്പയും അയാളുടെ കൈയിലുള്ള സദ്ദാമിന്റെ മുടിയും ആലുമ്മാവിന്റെ മനച്ഛായ മാറ്റിക്കളഞ്ഞു.''
  മുടിയുടെ ബര്‍കത്ത് തിരിച്ചറിഞ്ഞ് മുത്തപ്പയെ ആദ്യം സമീപിച്ചത് ചില മുസ്‌ല്യാക്കന്മാരായിരുന്നു. അവരുടെ വര്‍ത്തമാനം ഇങ്ങനെ വായിക്കാം: ''സദ്ദാം ആട്ടിടയന്മാരുടെ ഗോത്രത്തില്‍ പെട്ടയാളാണ്. ചുരുക്കിപ്പറയുകയാണെങ്കില്‍ സദ്ദാം ഒരു വിശുദ്ധനാണ്. അപ്പോള്‍ ഈ മുടി ഒരു വിശുദ്ധ വസ്തുവാണ്. വിശുദ്ധമാക്കപ്പെട്ടതെന്തും സംരക്ഷിക്കപ്പെടണം. വെറുതെയല്ല; ഒരു പള്ളിയുണ്ടാക്കി അതിനകത്ത് സംരക്ഷിക്കപ്പെടണം. പള്ളിയിലെത്തുന്ന തീര്‍ത്ഥാടകര്‍ മുടി കാണുന്ന മുറക്ക് ചെറിയൊരു സംഭാവന നല്‍കണം. അതിലൊരു പങ്ക് മുത്തപ്പക്കുള്ളതാണ്.''
പിറ്റേ ദിവസം പാര്‍ട്ടിക്കാരും മുത്തപ്പയെ സമീപിച്ചു: ''കട്ടിയുള്ള കണ്ണടച്ചില്ലിലൂടെ നോക്കിക്കൊണ്ട് ഇളകിയാടുന്ന പല്ലിലിടിച്ചു തകരുന്ന വാക്കുകളുമായി പാര്‍ട്ടിയുടെ ലോക്കല്‍ നേതാവ് മുത്തപ്പയെ നേരിട്ടു. സ്വകാര്യ ഉടമസ്ഥത, വര്‍ഗവൈരം, സാമ്രാജ്യത്വ വിരുദ്ധചേരി, ഒറ്റുകാര്‍ എന്നിങ്ങനെ രസമുള്ള ചില വാക്കുകള്‍. മുടി പാര്‍ട്ടിക്ക് കൊടുക്കണമെന്നതൊഴികെ ഒന്നും മുത്തപ്പക്ക് മനസ്സിലായില്ല. മരിച്ച ചില നേതാക്കന്മാരുടെ ശരീരം ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന പോലെ ഒരു ചില്ലു പേടകത്തിലിട്ട് ഈ മുടി പാര്‍ട്ടി സംരക്ഷിക്കും. ചില്ലു പേടകം സ്ഥിതി ചെയ്യുന്നത് വലിയൊരു കെട്ടിടത്തിലായിരിക്കും. കെട്ടിടത്തിന് സദ്ദാം സ്‌ക്വയര്‍ എന്ന് പേരിടും.''
പാര്‍ട്ടിയും പള്ളിക്കാരും മുടിക്ക് വേണ്ടി തര്‍ക്കങ്ങള്‍ നടത്തുന്നതിനൊടുവില്‍ സദ്ദാമിനെ ഭൂഗര്‍ഭ അറയില്‍ ഒറ്റുകൊടുത്തത് ബാര്‍ബര്‍ മുത്തപ്പയായിരുന്നുവെന്ന് കണ്ടെത്തലുണ്ടാവുന്നു. അതോടെ മുത്തപ്പക്കെതിരെ ജനരോഷം ഉയരുന്നു. അയാള്‍ ഒളിച്ചോടുന്നു. തുടര്‍ന്ന് മുത്തപ്പയുടെ വീട്ടിനകത്ത് നടത്തുന്ന ജനകീയ പരിശോധനയില്‍ 'മുടിയുടെ' ഒരു പൊടി പോലും കണ്ടെത്താന്‍ സാധിക്കാത്തിടത്ത് കഥ അവസാനിക്കുന്നു. 'തിരുകേശ'വും അത് സംരക്ഷിക്കാനുള്ള പള്ളിയും ഏറെ കോളിളക്കമുണ്ടാക്കിയ സമയത്തു തന്നെയാണ് പി.എസ് റഫീക്കിന്റെ ഈ കഥ മാതൃഭൂമി പ്രസിദ്ധീകരിച്ചതെന്നത് ഏറെ വിശകലനങ്ങള്‍ക്ക് പഴുതു നല്‍കുന്നുണ്ട്.

Wednesday, January 29, 2014

വിപ്ലവകാരിവെയിലേറ്റ് നനയുന്നവനും
മഴയേറ്റ് ഉണങ്ങുന്നവനുമാണ് 
വിപ്ലവകാരി

Thursday, January 16, 2014

പ്രണയം


എങ്ങനെയാണ് ഒരു പ്രണയത്തില്‍ നിന്ന് ഒളിച്ചോടുക
കയ്പു തികട്ടുന്ന ജീവിതരസം പേറിയിട്ടും
നെല്ലിക്കചവര്‍പ്പു പോലെ പ്രണയം വീണ്ടും മധുപകരുന്നു
ദൈവമേ, നീ അനുരാഗത്തിന്റെ വിത്ത് വിതച്ചത് അവളിലാണെങ്കിലും
അത് പടര്‍ന്ന് പന്തലിച്ചത് എന്നിലാണല്ലോ
പ്രണയത്തില്‍ നിന്നുള്ള ഓരോ ഒളിച്ചോട്ടവും
പ്രണയത്തിലേക്ക്  തന്നെയുളള തിരിച്ചുനടത്തമാണ്‌

Tuesday, December 31, 2013

പരിസ്ഥിതി സംരക്ഷണമെന്നത് ഒരു മതമൗലികവാദമാണ്‌

എരിയും ചൂട്ടുകളേന്തിത്താരകള്‍ 
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറികയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍ 
   വൈലോപ്പിള്ളി     കപട പരിസ്ഥിതിവാദമെന്ന വാക്ക് ഒരു ഇടതുപക്ഷ ശകാരമാണ്. മതമൗലികവാദികള്‍ക്കെതിരെയാണ് ആ തെറി പ്രയോഗം അവര്‍ സാധാരണ എടുത്തെറിയാറുള്ളത്. ആ പദശരീരഘടന ഒട്ടേറെ അവകാശവാദങ്ങളുടെ അര്‍ഥഗര്‍ഭം പേറുന്നുണ്ട്. പരിസ്ഥിതിയും മതവും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിക്കേണ്ട ദര്‍ശനങ്ങളാണെന്ന ധ്വനിയാണ് അതിലെ ആദ്യ വിവരക്കേട്. മതത്തെയും പരിസ്ഥിതിയെയും നിര്‍വചിക്കാനുള്ള പേറ്റന്റ് ജന്മാവകാശമായി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യവും അതിലടക്കം ചെയ്തിട്ടുണ്ട്. തങ്ങള്‍ ഒപ്പുവെച്ച് നല്‍കിയ 'ചുവന്ന ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ്' പ്രദര്‍ശിപ്പിക്കാത്ത പരിസ്ഥിതി ചര്‍ച്ചകളും സമരങ്ങളുമെല്ലാം കപടവും വ്യാജവുമാണെന്ന അന്തിമവിധി ഉണ്ടാകുന്നത് ഈ ജന്മിത്വ മാടമ്പി ബോധം അലങ്കാരമായി എടുത്തണിഞ്ഞത് കൊണ്ടാണ്.

     കാലാകാലങ്ങളില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ് അതതുകാലത്തെ കേരളത്തിന്റെ പരിസ്ഥിതി പാഠങ്ങള്‍ ! ആ പാഠാവലികള്‍ക്ക് പുറത്ത് പരിസ്ഥിതി അനുരാഗത്തിന്റെ വിത്തിറക്കുന്നവര്‍ വര്‍ഗവഞ്ചകരാണ്. വലതുപക്ഷ ബൂര്‍ഷ്വാസികളും മൂരാച്ചികളും പിന്തിരിപ്പന്മാരുമാണ്! നേരെ ചൊവ്വെ പറഞ്ഞാല്‍ പാര്‍ട്ടിക്ക് ബോധ്യപ്പെടാത്ത പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നവര്‍ കപട പരിസ്ഥിതിവാദികളാകുന്നു. അവര്‍ക്ക് നേതൃത്വം കൊടുക്കുന്നത് മതരാഷ്ട്രവാദികളാണ്. ആയതിനാല്‍ പരിസ്ഥിതി സംരക്ഷണമൊരു മതമൗലികവാദമാകുന്നു. അതിനാല്‍ തന്നെ അത് സംസ്ഥാനം നേരിടുന്ന തീവ്രവാദ ഭീഷണിയാണ്. കഴിഞ്ഞ ഭരണകാലത്ത് പാര്‍ട്ടി നടപ്പിലാക്കിയ പല 'പരിസ്ഥിതിസൗഹൃദ' വികസനങ്ങളും പോക്കറ്റ് വികസനം ലക്ഷ്യമിട്ടതും പരിസ്ഥിതി ചൂഷണം നിറഞ്ഞതുമായിരുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്നത് ഈ മതമൗലികവാദികള്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളാണ്. ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് അത് ഏറ്റു പിടിക്കുന്നത്. അതാരൊക്കെയാണെന്ന് പാര്‍ട്ടിക്ക് നല്ലവണ്ണം അറിയാം. അവര്‍ക്കെല്ലാം നല്ല നമസ്‌കാരം നേരുന്നു.

    കേരളത്തിന്റെ കാടുകളെയും മലകളെയും പുഴകളെയും കടലിനെയും പൂഴിയെയും ഖനിജങ്ങളെയും ഈ മതമൗലികവാദ ഒളിയജണ്ടകളുടെ വര്‍ഗീയ നീരാളിക്കൈകളില്‍ നിന്ന് മോചിപ്പിച്ച് അതിന്റെ 'യഥാര്‍ഥ അവകാശികള്‍ക്ക്' ഏല്‍പ്പിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടിക്ക് കേരളീയ സമൂഹത്തോട് ആവശ്യപ്പെടാനുള്ളത്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന വിപ്ലവ കവിവാക്യത്തെ നെഞ്ചേറ്റി, കരിമണല്‍ അത് ഊറ്റാന്‍ ശേഷിയുള്ളവര്‍ക്കും, ഖനിജങ്ങള്‍ ഖനനം ചെയ്യാന്‍ കോപ്പുള്ളവര്‍ക്കും, മലകളും പാറമടകളും അത് തുരക്കാന്‍ കെല്‍പുള്ളവര്‍ക്കും സ്വന്തമാകുന്ന ഒരു നല്ല കാലത്തിന് വേണ്ടിയാണ് പാര്‍ട്ടി പണിയെടുക്കുന്നത്. ആ ലക്ഷ്യം നിറവേറ്റുന്നതിന് ഇടതു-വലതു പക്ഷ ഭേദമന്യെ ബഹുജനങ്ങളെ അണിനിരത്തുകയെന്നത് പാര്‍ട്ടിയുടെ ബാധ്യതയാണ്. ക്വാറി -ഖനിജ വ്യവസായികളും റിസോര്‍ട്ട് മുതലാളിമാരും കൈയേറ്റ കര്‍ഷകരും പള്ളിയും പട്ടക്കാരും മാണിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നതാണല്ലോ ബഹുജനം. അതുകൊണ്ട് വിപ്ലവം അരമനയിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ആരംഭിച്ച് റിസോര്‍ട്ടിലെ അത്താഴത്തിനു ശേഷം സുഖനിദ്ര പ്രാപിക്കുന്നതാണ്. വോട്ടുബാങ്ക് ജനാധിപത്യ രാജ്യത്ത് വിപ്ലവം വരുന്ന വഴി ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയാത്തവരാരോ അവരാണ് കുലംകുത്തികള്‍ . അവര്‍ക്ക് എന്നന്നേക്കുമായി ലാല്‍ സലാം.