Pages

Ads 468x60px

Tuesday, December 31, 2013

പരിസ്ഥിതി സംരക്ഷണമെന്നത് ഒരു മതമൗലികവാദമാണ്‌

എരിയും ചൂട്ടുകളേന്തിത്താരകള്‍ 
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറികയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍ 
   വൈലോപ്പിള്ളി     കപട പരിസ്ഥിതിവാദമെന്ന വാക്ക് ഒരു ഇടതുപക്ഷ ശകാരമാണ്. മതമൗലികവാദികള്‍ക്കെതിരെയാണ് ആ തെറി പ്രയോഗം അവര്‍ സാധാരണ എടുത്തെറിയാറുള്ളത്. ആ പദശരീരഘടന ഒട്ടേറെ അവകാശവാദങ്ങളുടെ അര്‍ഥഗര്‍ഭം പേറുന്നുണ്ട്. പരിസ്ഥിതിയും മതവും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിക്കേണ്ട ദര്‍ശനങ്ങളാണെന്ന ധ്വനിയാണ് അതിലെ ആദ്യ വിവരക്കേട്. മതത്തെയും പരിസ്ഥിതിയെയും നിര്‍വചിക്കാനുള്ള പേറ്റന്റ് ജന്മാവകാശമായി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യവും അതിലടക്കം ചെയ്തിട്ടുണ്ട്. തങ്ങള്‍ ഒപ്പുവെച്ച് നല്‍കിയ 'ചുവന്ന ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ്' പ്രദര്‍ശിപ്പിക്കാത്ത പരിസ്ഥിതി ചര്‍ച്ചകളും സമരങ്ങളുമെല്ലാം കപടവും വ്യാജവുമാണെന്ന അന്തിമവിധി ഉണ്ടാകുന്നത് ഈ ജന്മിത്വ മാടമ്പി ബോധം അലങ്കാരമായി എടുത്തണിഞ്ഞത് കൊണ്ടാണ്.

     കാലാകാലങ്ങളില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ് അതതുകാലത്തെ കേരളത്തിന്റെ പരിസ്ഥിതി പാഠങ്ങള്‍ ! ആ പാഠാവലികള്‍ക്ക് പുറത്ത് പരിസ്ഥിതി അനുരാഗത്തിന്റെ വിത്തിറക്കുന്നവര്‍ വര്‍ഗവഞ്ചകരാണ്. വലതുപക്ഷ ബൂര്‍ഷ്വാസികളും മൂരാച്ചികളും പിന്തിരിപ്പന്മാരുമാണ്! നേരെ ചൊവ്വെ പറഞ്ഞാല്‍ പാര്‍ട്ടിക്ക് ബോധ്യപ്പെടാത്ത പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നവര്‍ കപട പരിസ്ഥിതിവാദികളാകുന്നു. അവര്‍ക്ക് നേതൃത്വം കൊടുക്കുന്നത് മതരാഷ്ട്രവാദികളാണ്. ആയതിനാല്‍ പരിസ്ഥിതി സംരക്ഷണമൊരു മതമൗലികവാദമാകുന്നു. അതിനാല്‍ തന്നെ അത് സംസ്ഥാനം നേരിടുന്ന തീവ്രവാദ ഭീഷണിയാണ്. കഴിഞ്ഞ ഭരണകാലത്ത് പാര്‍ട്ടി നടപ്പിലാക്കിയ പല 'പരിസ്ഥിതിസൗഹൃദ' വികസനങ്ങളും പോക്കറ്റ് വികസനം ലക്ഷ്യമിട്ടതും പരിസ്ഥിതി ചൂഷണം നിറഞ്ഞതുമായിരുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്നത് ഈ മതമൗലികവാദികള്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളാണ്. ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് അത് ഏറ്റു പിടിക്കുന്നത്. അതാരൊക്കെയാണെന്ന് പാര്‍ട്ടിക്ക് നല്ലവണ്ണം അറിയാം. അവര്‍ക്കെല്ലാം നല്ല നമസ്‌കാരം നേരുന്നു.

    കേരളത്തിന്റെ കാടുകളെയും മലകളെയും പുഴകളെയും കടലിനെയും പൂഴിയെയും ഖനിജങ്ങളെയും ഈ മതമൗലികവാദ ഒളിയജണ്ടകളുടെ വര്‍ഗീയ നീരാളിക്കൈകളില്‍ നിന്ന് മോചിപ്പിച്ച് അതിന്റെ 'യഥാര്‍ഥ അവകാശികള്‍ക്ക്' ഏല്‍പ്പിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടിക്ക് കേരളീയ സമൂഹത്തോട് ആവശ്യപ്പെടാനുള്ളത്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന വിപ്ലവ കവിവാക്യത്തെ നെഞ്ചേറ്റി, കരിമണല്‍ അത് ഊറ്റാന്‍ ശേഷിയുള്ളവര്‍ക്കും, ഖനിജങ്ങള്‍ ഖനനം ചെയ്യാന്‍ കോപ്പുള്ളവര്‍ക്കും, മലകളും പാറമടകളും അത് തുരക്കാന്‍ കെല്‍പുള്ളവര്‍ക്കും സ്വന്തമാകുന്ന ഒരു നല്ല കാലത്തിന് വേണ്ടിയാണ് പാര്‍ട്ടി പണിയെടുക്കുന്നത്. ആ ലക്ഷ്യം നിറവേറ്റുന്നതിന് ഇടതു-വലതു പക്ഷ ഭേദമന്യെ ബഹുജനങ്ങളെ അണിനിരത്തുകയെന്നത് പാര്‍ട്ടിയുടെ ബാധ്യതയാണ്. ക്വാറി -ഖനിജ വ്യവസായികളും റിസോര്‍ട്ട് മുതലാളിമാരും കൈയേറ്റ കര്‍ഷകരും പള്ളിയും പട്ടക്കാരും മാണിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നതാണല്ലോ ബഹുജനം. അതുകൊണ്ട് വിപ്ലവം അരമനയിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ആരംഭിച്ച് റിസോര്‍ട്ടിലെ അത്താഴത്തിനു ശേഷം സുഖനിദ്ര പ്രാപിക്കുന്നതാണ്. വോട്ടുബാങ്ക് ജനാധിപത്യ രാജ്യത്ത് വിപ്ലവം വരുന്ന വഴി ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയാത്തവരാരോ അവരാണ് കുലംകുത്തികള്‍ . അവര്‍ക്ക് എന്നന്നേക്കുമായി ലാല്‍ സലാം.