Pages

Ads 468x60px

Monday, January 14, 2013

'നേറ്റീവ് ബാപ്പ' സംഗീതത്തിന്റെ പുതുവഴികള്‍പാട്ടും സംഗീതവും കേവല വിനോദത്തിനപ്പുറം പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പിന്റെയും ജനകീയായുധമായി വികസിച്ച കാലത്താണ് നാമുള്ളത്. അമേരിക്കന്‍ തെരുവിനെ ഇളക്കി മറിച്ച കറുത്ത വര്‍ഗക്കാരുടെ ഹിപ്‌ഹോപ് റാപ് സംഗീതം മുതല്‍ മലബാറിലെ പടപ്പാട്ടുകള്‍ വരെ ഈ സംഗീതധാരയിലെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള കണ്ണികളാണ്. നിലനിന്നിരുന്ന സംഗീത ബോധങ്ങളെ തകിടം മറിച്ച് അമേരിക്കയില്‍ അറുപതുകളില്‍ വെള്ള വംശീയ ബോധത്തിനെതിരെ കറുത്ത വര്‍ഗക്കാര്‍ രൂപപ്പെടുത്തിയ ചടുല റാപ് താളമായ ഹിപ്‌ഹോപിന്റെ വികസിത രൂപമാണ് പൊളിറ്റിക്കല്‍ ഹിപ്‌ഹോപ്. ഒരേ താളക്രമത്തില്‍ പോവുന്ന സംഗീതത്തോടൊപ്പം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആക്ഷേപഹാസ്യമായോ അല്ലെങ്കില്‍ തുറന്നു പറച്ചില്‍ കൊണ്ടോ വാക്കുകളുടെ റൈമിംഗ് ഉപയോഗിച്ചുള്ള സംഗീതമാണിത്. അറബ് വസന്ത പ്രക്ഷോഭം തമ്പടിച്ച തഹ്‌രീറടക്കമുള്ള തെരുവിലെല്ലാം യുവാക്കള്‍ക്ക് ആവേശവും പ്രചോദനവുമായി ഇത്തരം വ്യത്യസ്ത സംഗീത ഗ്രൂപ്പുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
                           കേരളീയര്‍ക്ക് ഒട്ടും പരിചിതമില്ലാത്ത ഈ ചെറുത്ത്‌നില്‍പ് സംഗീതത്തിന്റെ മലയാള പതിപ്പാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ യൂട്യൂബില്‍ റിലീസ് ചെയ്ത, മുഹ്‌സിന്‍ പരാരി രചനയും സംവിധാനവും നിര്‍വഹിച്ച മാപ്പിള ലഹള മ്യൂസിക് ബാന്‍ഡിന്റെ പ്രഥമ സംരംഭമായ 'നേറ്റീവ് ബാപ്പ' എന്ന പൊളിറ്റിക്കല്‍ ഹിപ്‌ഹോപ് ആല്‍ബം. തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട് ഭരണകൂട ഭീകര വേട്ടയില്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളിലൂടെ സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയിലേക്കാണ് ആല്‍ബം വികസിക്കുന്നത്. മുസ്‌ലിം തീവ്രവാദ കഥകളില്‍ മീഡിയ പ്രതിഷ്ഠിച്ചിട്ടുള്ള എല്ലാ അടയാളക്കുറികളും നാലര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആല്‍ബത്തിന്റെ പശ്ചാത്തലമായി കടന്നുവരുന്നുണ്ട്.
                      കടലില്‍ നിന്ന് പച്ച പതാക നാട്ടിയ ബോട്ടില്‍ തീരത്തേക്ക് വരുന്ന കേന്ദ്ര കഥാപാത്രമായ ബാപ്പയുടെ ചിത്രമാണ് സ്‌ക്രീനില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് (അറബിക്കടല്‍ വഴി തീവ്രവാദത്തിന് ആയുധവും കള്ളനോട്ടും വരുന്നുവെന്ന വാര്‍ത്ത ഓര്‍ക്കുക). പഴയ മലയാള സിനിമയിലെ 'മാപ്പിള വില്ലന്മാര്‍' മുറുക്കിയുടുക്കുന്ന പച്ച ബെല്‍റ്റും പുതിയ കാലത്തെ തീവ്രവാദത്തിന്റെ അന്താരാഷ്ട്ര അടയാളമായ അറബിത്തട്ടവുമാണ് ബാപ്പയുടെ വേഷം. 'തീവ്രവാദികള്‍' തിങ്ങിപ്പാര്‍ക്കുന്ന ദാരിദ്ര്യത്തിന്റെ നിറമുള്ള മുസ്‌ലിം ഭൂരിപക്ഷ കോളനിയും കെ.എല്‍ 10 അടയാളപ്പെടുത്തിയ ബൈക്കും മഅ്ദനിയുടെ ചിത്രങ്ങളുമെല്ലാം മകന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്ന പിതാവിന്റെ വാക്കുകളുടെ പശ്ചാത്തലമാകുന്നത് ആല്‍ബം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നത്.
                     ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചിലപ്പോഴൊക്കെ നാളേം മറ്റന്നാളും ങ്ങള് പത്രത്തില്‍ കാണുന്നത് ഞമ്മളെ മോന്‍ കുഞ്ഞൂന്റെ ഫോട്ടോ... എന്ന് പറഞ്ഞുതുടങ്ങുന്ന ബാപ്പയുടെ വാക്കുകള്‍ കൂലിവേലക്ക് മറുനാട്ടില്‍ പോയ മകന്റെ തീവ്രവാദബന്ധത്തിന് പോലീസ് കണ്ടെത്തിയ തെളിവുകളും വ്യക്തമാക്കുന്നു. പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടക്കും ബോണ്ടക്കും പഴം പൊരിക്കും പകരം ബേറൊരു സാധനാണ്. ബോംബ്, ബോബെയ്... പുറംനാട്ടിലെ തണുപ്പകറ്റാന്‍ ബാപ്പ നല്‍കിയ തട്ടത്തിന്റെ മാധ്യമഭാഷയും ബാപ്പ ഓര്‍ത്തെടുക്കുന്നു: ഇന്നലെ പത്രത്തിലാണ് കണ്ടത് ആ തട്ടത്തിന് ബേറൊരു അറബിപ്പേരുണ്ടെന്ന്! അതുള്ളോരുടെ കൈയീ കാണാം. തസ്ബീഹല്ല.... പിന്നെ? ബോംബ്. ഏത് ബോബെയ്.... ഇത്തരം മുനകൂര്‍ത്ത കറുത്ത ഫലിതങ്ങള്‍ സ്വതസിദ്ധമായ തന്റെ ശരീരഭാഷയിലൂടെ ഭാവതീവ്രമാക്കാന്‍ ബാപ്പയായി അഭിനയിക്കുന്ന മാമുക്കോയക്ക് സാധിച്ചിരിക്കുന്നു.
                      പോലീസ് നടത്തുന്ന നായാട്ടും തുടര്‍ച്ചയായ മാധ്യമവേട്ടയും പരാമര്‍ശിക്കുന്നിടത്ത് വെള്ളക്കാരനോട് പടവെട്ടിയ തന്റെ കുടുംബ പാരമ്പര്യം ആ പിതാവ് ഓര്‍ത്തെടുക്കുന്നുണ്ട്. പക്ഷേ, പൊതുസമൂഹത്തിന്റെ തുറിച്ചു നോട്ടത്തില്‍നിന്ന് കുടുംബത്തെ രക്ഷപ്പെടുത്താന്‍ ഒടുവില്‍  ഭാര്യക്കൊപ്പം നിസ്സഹായതയോടെ അയാള്‍ക്കും പറയേണ്ടി വന്നു: 'രാജ്യദ്രോഹിയാണെങ്കില്‍ ഓന്റെ മയ്യത്ത് ഞമ്മക്കും കാണണ്ട' എന്ന്. ബാപ്പയുടെ ഇത്തരം ആത്മഗതങ്ങള്‍ക്കൊപ്പം ചടുലതാളത്തിന്റെ അകമ്പടിയോടെ റാപ്പ് ശൈലിയില്‍ ചിത്രീകരിച്ച ഇംഗ്ലീഷ് വരികളിലൂടെ ഇസ്‌ലാമിന്റെ സമാധാന കാഴ്ചപ്പാടുകളും ഇസ്‌ലാമോഫോബിയയുടെ കുപ്രചാരണങ്ങളും ആല്‍ബം അടയാളപ്പെടുത്തുന്നുണ്ട്.
                    ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞത് തന്നെ ആല്‍ബത്തിന്റെ പ്രസക്തിയും ജനകീയതയും ബോധ്യപ്പെടുത്തുന്നതാണ്. മുഹ്‌സിന്‍ പരാരിക്ക് പുറമെ റാപ്പ് താളങ്ങളുമായി ഹാരിസും മികച്ച കാഴ്ചയൊരുക്കിയ കാമറാമാന്‍ ജിജോ എബ്രഹാമും സംഗീത സംവിധായകന്‍ റോയ് ജോര്‍ജും മറ്റ് ടീമംഗങ്ങളും സംഗീതത്തിന്റെ പുതിയ സാധ്യതകള്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ അഭിനന്ദനാര്‍ഹമായ പങ്കുവഹിച്ചിരിക്കുന്നു.


3 comments:

 1. സമകാലിക വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ യുള്ള കടുത്ത പ്രതിശേദം തന്നെയാണ് ഈ ആല്‍ബത്തിന്റെ പശ്ചാത്തലം വളരെ മികച്ച അഭിനയത്തിലൂടെ മാമുക്കോയ അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ ക്യാമറക്ക് മുന്നില്‍ വന്നു അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 2. നന്നായിരിയ്ക്കുന്നു
  വളരെ ഉള്ളുലയ്ക്കുന്നതും

  ReplyDelete
 3. തെളിവൊന്നുമതി: എന്റെ പേര്.

  ''ഒരു നാളുണര്‍ന്നുനോക്കുമ്പോള്‍
  സ്വരൂപമാകെ മാറിയിരിക്കുന്നു:
  തൊപ്പിക്കുപകരം 'കുഫിയ്യ'
  കത്തിനു പകരം തോക്ക്
  കളംനിറയെ ചോര .
  ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്‌
  കുടിക്കുന്നത് 'ഖ ഹ് വ'
  വായിക്കുന്നത് ഇടത്തോട്ട്
  പുതിയ ചെല്ലപ്പേര്: 'ഭീകരവാദി'.
  ഇന്നാട്ടില്‍ പിറന്നുപോയി, ഖബറ്
  ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
  ഇപ്പോള്‍ വീട് കിട്ടാത്ത യത്തീം
  ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
  ഏറ്റുമുട്ടലിലെന്ന് പാടികൊല്ലാം
  തെളിവൊന്നുമതി: എന്റെ പേര്''. -സച്ചിദാനന്ദന്‍) )കവിത.

  ReplyDelete