Pages

Ads 468x60px

Tuesday, February 25, 2014

ആത്മീയ പ്രഭാഷകരുടെ ഭൗതിക വര്‍ത്തമാനങ്ങള്‍         ഭൗതികതയുടെ മറുപക്ഷത്തെയാണ് മതം പ്രതിനിധീകരിക്കുന്നത്. ആത്മീയ ഭൗതിക വിമോചനത്തെ പരിചയപ്പെടുത്തിയ പ്രവാചക ദീനിനെ കുറിച്ചല്ല ഇപ്പറയുന്നത്. ആചാരാനുഷ്ഠാനങ്ങളെയും സ്വര്‍ഗനരകങ്ങളെയും കുറിച്ച് മാത്രം വാചാലമാകുന്ന മതമാണുദ്ദേശ്യം. ഭൗതികതയുടെ മാര്‍ഗവും ലക്ഷ്യവും ദുനിയാവാണെങ്കില്‍ മതം സംസാരിക്കുന്നത് ആഖിറത്തിനെ കുറിച്ചാണ്. രണ്ടും ജീവിക്കുന്നത് ഒരു ഭൂമിയിലായതിനാല്‍ പരസ്പര സ്വാധീനങ്ങള്‍ സ്വാഭാവികം. ആത്മീയ പ്രഭാഷകര്‍ക്ക് നമ്മുടെ മതമാര്‍ക്കറ്റില്‍ ഭൗതിക ഡിമാന്റ് വര്‍ധിക്കുന്നത് ഈ പരസ്പര സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ്. മലബാറിലെ പല ഗ്രാമങ്ങളിലും കാല്‍പ്പന്തുകളിക്കായി സജ്ജീകരിച്ച മൈതാനിയില്‍ സെവന്‍സ് ഫുട്‌ബോളിന്റെ ആരവമൊഴിഞ്ഞാല്‍ അവിടെ അരങ്ങേറുന്നത് ആത്മീയ പ്രഭാഷണങ്ങളാണ്. പലപ്പോഴും രണ്ടിന്റെയും സംഘാടകരും വളന്റിയര്‍മാരും ഒരേ ടീം തന്നെ. മുപ്പതിനായിരമോ അമ്പതിനായിരമോ മുന്‍കൂര്‍ പണമടച്ചാല്‍ തെക്ക് നിന്ന് നല്ല ഈണവും മുഴക്കവുമുള്ള ആത്മീയ പ്രഭാഷകരെത്തും. സംഘാടകര്‍ ആരായാലും അഡ്രസില്‍ ദീനീസ്ഥാപനത്തിന്റെയോ മഹല്ലിന്റെയോ പേരുണ്ടാകണമെന്ന് മാത്രം. പരലോകം പറഞ്ഞ് പേടിപ്പിച്ചും ചൊല്ലുന്ന സ്വലാത്തുകളുടെ ബര്‍കത്ത് പറഞ്ഞ് പ്രലോഭിപ്പിച്ചും ശ്രോതാക്കളില്‍ നിന്ന് എത്ര ലക്ഷം പിരിച്ചെടുക്കണമെന്ന ടാര്‍ഗറ്റ് ആദ്യം തന്നെ നിശ്ചയിക്കപ്പെടും. ക്വാട്ടക്കപ്പുറം സംഖ്യ പിരിഞ്ഞാല്‍ അതിലൊരു ശതമാനം പ്രഭാഷകന് അധികമായും ലഭിക്കും. ഒരു പങ്ക് സംഘാടകര്‍ക്കും ബാക്കിയുള്ളത് ദീനീ സ്ഥാപനങ്ങള്‍ക്കും അതിന്റെ നടത്തിപ്പുകാര്‍ക്കും.
        പ്രവാചക ജീവിതത്തിന്റെ ലാളിത്യത്തില്‍ തുടങ്ങി ദുനിയാവിന്റെ നശ്വരതയിലൂടെ പരലോക ശിക്ഷയുടെ പേടിപ്പെടുത്തലുകളില്‍ പ്രസംഗം മുറുകുമ്പോള്‍ സ്വിറാത്ത് പാലം കടക്കാന്‍ ബര്‍കാത്തക്കപ്പെട്ട സ്വലാത്തുകള്‍ പ്രഭാഷകന്‍ ഓഫര്‍ ചെയ്യുന്നു. മീസാനില്‍ കനം തൂങ്ങാന്‍ പ്രഖ്യാപിക്കുന്ന സംഭാവനയുടെ കനമനുസരിച്ച് സ്വലാത്തിന്റെ എണ്ണവും ദുആയുടെ ഇശലും ഈണവും വ്യത്യാസപ്പെടുന്നു. ഒടുവില്‍ പരിപാടിയവസാനിക്കുമ്പോള്‍ സംഘാടകരുടെ കണക്കു കൂട്ടലിനപ്പുറം സംഖ്യ പിരിയുന്നു. മഹല്ല് കമ്മിറ്റിയും ഉസ്താദുമാരും മുതഅല്ലിമീങ്ങളും വളണ്ടിയര്‍മാരും സംഘാടകരും പ്രഭാഷകനുമെല്ലാം പരിപാടിയുടെ റിസല്‍റ്റില്‍ ഹാപ്പി. ദീനും ദുനിയാവും ഇത്ര മനോഹരമായി ഒത്തുപോകുന്നയിടം  വേറെ ഏതുണ്ട്! സാമ്പത്തിക ബാധ്യതയില്‍ കലാശിക്കുന്ന ഫുട്‌ബോള്‍ മേള സംഘാടകരും മറ്റുള്ളവരുമെല്ലാം നഷ്ടം നികത്താന്‍ ആ വേദിയിലിപ്പോള്‍ ഇത്തരം ആത്മീയ പ്രഭാഷണങ്ങള്‍ നടത്താന്‍ തുടങ്ങിയിരിക്കുന്നു. മലബാറിലിപ്പോള്‍ തങ്ങളുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ് തെക്ക് നിന്ന് ഷാളും തൊപ്പിയുമണിഞ്ഞ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.
           തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പ്രഭാഷകന്‍ കളം മാറാന്‍ തയാറായപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ഓഫറുകളും ഈ വിഷയത്തോട് ചേര്‍ത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ പഴയ അനുയായികള്‍ തന്നെയാണ് കൂറുമാറാന്‍ പ്രഭാഷകന് ലഭിച്ച ഓഫറുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആദ്യം പ്രചരിപ്പിച്ചത്. ദിവസങ്ങള്‍ പിന്നിട്ടില്ല, കാലുമാറി പകുതി ദൂരം പിന്നിട്ട ടിയാന്‍ പഴയ ഈറ്റില്ലത്തേക്ക് തന്നെ തിരിച്ചു നടന്ന വാര്‍ത്ത വന്നു. ഒട്ടും വൈകാതെ പിന്‍നടത്തത്തിന് പ്രചോദനമായ ഞെട്ടിക്കുന്ന ഓഫറുകള്‍ മറുപക്ഷവും സോഷ്യല്‍ നെറ്റ്‌വര്‍കില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് തങ്ങള്‍ പ്രഖ്യാപിച്ച ഓഫറിനേക്കാള്‍ മികച്ചത് ലഭിച്ചപ്പോഴാണ് കൂറുമാറ്റം പൂര്‍ണമാവാതെ തിരിച്ചുപോയതെന്നാണ് അവര്‍ പറയാതെ പറഞ്ഞത്. ഇസ്‌ലാമെന്ന 'മതത്തെ' കേരളത്തില്‍ പ്രതിനിധീകരിക്കുന്ന രണ്ട് പ്രമുഖ മതസംഘടനകളുടെ അകത്തളത്തില്‍ നടന്ന വര്‍ത്തമാനമാണിത്. ആത്മീയതയും അവയുടെ സംഘടനാ രൂപങ്ങളും മികച്ച ഒരു തൊഴിലിടമാകുമ്പോള്‍ മതത്തെ ഒരു തൊഴിലുറപ്പ് പദ്ധതിയായി പ്രഖ്യാപിക്കാന്‍ ഇനിയുമെന്തിന് നാം അമാന്തിക്കണം.

4 comments:

 1. നല്ല ഉറപ്പുള്ള തൊഴില്‍

  ReplyDelete
 2. ഒരാൾ തിരിഞ്ഞു നടന്ന കാര്യം പറഞ്ഞല്ലോ. അയാളെ മാതൃ സംഘടന പുറതാകിയ വിവരം പത്രദ്വാര അറിയിച്ചതാണ്. തിരിചെടുതതായി ഇന്ന് വരെ പറഞ്ഞിട്ടില്ല. പരാമര്ശം തിരുത്ത്തനപേക്ഷ

  ReplyDelete
 3. ഉദരനിമിത്തം ബഹുകൃതവേഷം എന്നല്ലേ.

  അങ്ങനെ അണിയുന്ന വേഷങ്ങളിൽ ഏറ്റവും അദ്ധ്വാനം കുറഞ്ഞതും വരുമാനം കൂടുതലും സുരക്ഷിതത്വവുമുള്ള ജോലിയാണ് പുരോഹിതന്റേത്.

  ജീവിതത്തിൽ തെറ്റു ചെയ്യാത്ത വിശ്വാസികൾ ഇല്ലാതിരിക്കുന്നതുകൊണ്ട് അത് മറികടക്കാൻ വിദ്യ ഉപദേശിക്കുന്നവർക്ക് എന്നും മാർക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്യും.

  ഇതുപോലെ വിമർശനങ്ങൾ ഉന്നയിക്കാൻ ഇനിയും വിശ്വാസികൾ തന്നെ മുന്നോട്ടു വരട്ടെ.

  ReplyDelete
 4. പണത്തിനു മീതെ.......!!

  ReplyDelete