Pages

Ads 468x60px

Monday, October 7, 2013

കുഞ്ഞിന്റെ ബാധ്യത ഏല്‍ക്കേണ്ടതില്ലാത്ത പുനര്‍വിവാഹങ്ങള്‍

       

   ഒരു ഫേസ്ബുക് പ്രഭാതം. പതിവുപോലെ അന്നത്തെ ദേശീയ അന്തര്‍ദേശീയ പ്രാദേശിക വാര്‍ത്തകളും അവയോടുള്ള ഫേസ് ബുക്കിലെ വ്യത്യസ്ത പ്രതികരണങ്ങളും കണ്ണോടിച്ച് ഓഫീസ് ജീവിതത്തിലേക്ക് തിരിയാനൊരുങ്ങവെയാണ് പരിചിതമല്ലാത്ത മുഖചിത്രത്തില്‍ നിന്ന് ഒരു കുശലാന്വേഷണം. ഹലോ ... ഓര്‍മയുണ്ടോ? ഒരു നിമിഷം പ്രൊഫൈല്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ 'സോറി' എന്ന് ടൈപ് ചെയ്തു. ബാല്യകാലത്തിലെ ഒരു സംഭവത്തിന്റെ സൂചന നല്‍കി അതിലെ വില്ലനെ ഓര്‍മയുണ്ടോ എന്ന് തിരിച്ചു വീണ്ടുമൊരു ചോദ്യം. പെട്ടെന്ന് ഓര്‍മകള്‍ പതിനെട്ട് വര്‍ഷം പിറകോട്ട് പോയി. ആളെ തിരിച്ചറിഞ്ഞു. ആറാം ക്ലാസ് പ്രായത്തില്‍ ഒരുമിച്ച് ഓര്‍ഫനേജിലെ ഒരു റൂമില്‍ കളിച്ചും കലഹിച്ചും ഒരുമിച്ച് അന്തിയുറങ്ങിയ പ്രിയ ചങ്ങാതി. യതീംഖാനയിലെ ആത്മസംഘര്‍ഷ ജീവിതത്തില്‍ നിന്ന് 'ചാടി പോന്ന'തോടെ രണ്ടു ലോകത്തായി വേര്‍പിരിഞ്ഞതാണ് ഞങ്ങള്‍. അന്നും ഇന്നും അപരിചിതര്‍ക്ക് കൗതുകമായ എന്റെ നാടിന്റെ പേര് പ്രൊഫൈലില്‍ കണ്ടാണ്  അവനെന്നെ തിരിച്ചറിഞ്ഞത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് അങ്ങനെയൊരു അത്ഭുതസിദ്ധി കൂടിയുണ്ട്. നഷ്ടപ്പെട്ടുവെന്നും നമ്മളില്‍ നിന്ന് അകന്നു പോയെന്നും കരുതുന്ന സ്‌നേഹബന്ധങ്ങളെ അത് വീണ്ടെടുത്ത് തിരിച്ചുതരും. ചിരിയും കരച്ചിലും ദേഷ്യവും ബഹളവും കുശുമ്പുമായി അകലങ്ങളുടെ മറയില്ലാതെ ആ ബന്ധങ്ങളെ നമ്മള്‍ക്ക് ഹൃദയത്തോട് ചേര്‍ത്തുവെക്കാനത് അവസരമൊരുക്കുകയും ചെയ്യും.

        പ്രിയ ചങ്ങാതിയിപ്പോള്‍ പ്രവാസിയാണ്. ഉടനെ നാട്ടില്‍ വരുന്നു; അപ്പോള്‍ നേരില്‍ കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. നാട്ടിലെത്തി മൂന്നാമത്തെ ദിവസം തന്നെ അവന്റെ ഫോണ്‍ വന്നു. കോഴിക്കോട് വെച്ച് നേരില്‍ കാണാനുള്ള സ്ഥലവും സമയവും തീരുമാനിച്ചാണ് ആ സംസാരം അവസാനിച്ചത്. നിര്‍ണയിച്ച സ്ഥലത്ത് ആ കൂടിക്കാഴ്ച നടന്നു. പതിനെട്ട് വര്‍ഷം ഞങ്ങളില്‍ വരുത്തിയ മാറ്റം മൗനമായി ഞങ്ങളാദ്യം വിലയിരുത്തി. പിന്നീട് പഴയ യതീംഖാന ജീവിതത്തിലെ കറുപ്പും വെളുപ്പും കലര്‍ന്ന ഫലിതങ്ങള്‍ ഓര്‍ത്തെടുക്കെ എല്ലാവരും ചോദിക്കുന്ന ഒരു പതിവ് ചോദ്യം ഞാനുമുയര്‍ത്തി. 'അല്ലാ... നിന്റെ വിവാഹം കഴിഞ്ഞില്ലേ?' 'ഇല്ല. ഈ ലീവിന് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ, നടക്കുമെന്ന് തോന്നുന്നില്ല.' 'കാരണം?' എന്റെ ആകാംക്ഷയെ ഒരു വലിയ വിശദീകരണത്തില്‍ അവന്‍ തൃപ്തിപ്പെടുത്തി.
'എനിക്കൊരു പെങ്ങളുള്ളത് നിനക്കറിയാമല്ലോ. പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെ പതിനേഴാം വയസ്സില്‍ ഞങ്ങളവളുടെ വിവാഹം നടത്തി. കാണാന്‍ സൗന്ദര്യവും പിന്നെ പുരോഗമനാശയ കുടുംബ പശ്ചാത്തലവുമായതിനാല്‍ വലിയ ചെലവില്ലാതെ നല്ല കുടുംബത്തിലേക്കാണ് അവളെ കെട്ടിച്ചയച്ചത്. നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളോടെ അവര്‍ ജീവിതമാരംഭിച്ച് ആറു മാസം പിന്നിട്ടതേയുള്ളൂ, ബൈക്ക് ആക്‌സിഡന്റില്‍ അവന്‍ മരിച്ചു. പെങ്ങളപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോളവള്‍ക്ക് ഇരുപത് വയസ്സ്. കുഞ്ഞ് മുലകുടി പ്രായം കഴിഞ്ഞ് രണ്ട് വയസ്സ് പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസമായി അവളുടെ പുനര്‍വിവാഹത്തിന് ഞങ്ങള്‍ ശ്രമിക്കുന്നു. അവള്‍ക്കൊരു കുടുംബമായിട്ടു മതി എന്റെ വിവാഹം എന്നാണ് ഉമ്മയുടെയും എന്റെയും ആഗ്രഹം. പക്ഷേ, ഇതുവരെ ഒന്നും ശരിയായില്ല. ബ്രോക്കര്‍മാര്‍ കൊണ്ടുവരുന്ന ആലോചനകളെല്ലാം അമ്പതോ അറുപതോ വയസ്സായവരുടേതാണ്. അവള്‍ക്ക് ഇരുപതല്ലേ പ്രായം.' ഒരു മിനിറ്റ് തലകുനിച്ച് ഞാനും അവന്റെ സങ്കടത്തില്‍ പങ്കുചേര്‍ന്നു.
അവനെയും കൊച്ചു പെങ്ങളെയും അനാഥരാക്കിയാണ് ചെറുപ്പത്തിലവന്റെ പിതാവ് മരിച്ചത്. അങ്ങനെയാണവന്‍ യതീം ഖാനയില്‍ എത്തിയത്. ഉമ്മയെക്കാള്‍ കുഞ്ഞുപെങ്ങളെ പിരിയേണ്ടിവന്നതിനായിരുന്നു യതീംഖാനയിലെ അവന്റെ സങ്കടകരച്ചിലുകളെല്ലാം. അവന്‍ വളര്‍ന്നു ഗള്‍ഫില്‍ പോയി വലിയ വീടു വെച്ചു. പിന്നെ സന്തോഷപൂര്‍വം നല്ലൊരു കുടുംബത്തിലേക്ക് പെങ്ങളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അത് കഴിഞ്ഞ് ആറു മാസം പിന്നിട്ടപ്പോള്‍ നടന്ന ആ ആക്‌സിഡന്റില്‍ പൊലിഞ്ഞുപോയത് അവന്റെ കൂടി സ്വപ്നങ്ങളായിരുന്നു.

            മറ്റു വിഷയങ്ങളിലെല്ലാം കറങ്ങി നടന്ന് ഒടുവില്‍ പിരിയുമ്പോള്‍ ഞാനവനോട് പറഞ്ഞു: 'ഒരു വഴിയുണ്ട്. മിക്കവാറും ഉടനെ ഫലം കണ്ടേക്കും.' 'എന്താണത്?' അവന്‍ ആകാംക്ഷയോടെ ചോദിച്ചു. കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ള രണ്ട് പ്രമുഖ വാരികകളില്‍ പരസ്യം കൊടുക്കാം. അതിനുള്ള മാറ്ററുകള്‍ അവിടെ വെച്ചുതന്നെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് തയാറാക്കി. തൊട്ടടുത്ത ആഴ്ച തന്നെ അത് പ്രസിദ്ധീകരണത്തിന് നല്‍കാനും തീരുമാനിച്ചു.
പതിവ് ജീവിത വഴികളിലേക്ക് ചുരുങ്ങി ഞാന്‍ സ്വാസ്ഥ്യം കണ്ടെത്തവെയാണ് വീണ്ടുമവന്റെ വിളി വന്നത്. ആഴ്ചകള്‍ രണ്ട് പിന്നിട്ടിട്ടും അവനെ തിരിച്ചു വിളിച്ചില്ലല്ലോ എന്നോര്‍ത്താണ് ഫോണ്‍ എടുത്തത്. എങ്ങനെയുണ്ട് പരസ്യത്തിന്റെ പ്രതികരണങ്ങള്‍. വല്ലതും ശരിയായോ? 'ദാ... ഇപ്പോള്‍ അഞ്ച് മിനിറ്റ് മുമ്പുവരെ ഫോണ്‍ വന്നു. അമ്പതു പേരെങ്കിലും വിളിച്ചിട്ടുണ്ട്.' അപ്പോള്‍ പിന്നെ അതിലേതെങ്കിലുമൊന്ന് ശരിയാകാതിരിക്കില്ല എന്ന എന്റെ വിചാരത്തിന് മുറിവേല്‍പ്പിച്ചുകൊണ്ടവന്‍ പറഞ്ഞു: 'പക്ഷേ, ഒരു പ്രശ്‌നമുണ്ട്. വിളിക്കുന്നവരെല്ലാം ആദ്യം ഉന്നയിക്കുന്നത് ആ പ്രശ്‌നമാണ്. നമ്മള്‍ രണ്ട് പേരും അന്ന് അത്രയൊക്കെ ചര്‍ച്ച ചെയ്തിട്ടും ഓര്‍ക്കാത്ത ഒരു പ്രശ്‌നം. അതാണെല്ലാവരുടെയും മുഖ്യ പ്രശ്‌നം. അത് മാറ്റിനിര്‍ത്തിയാല്‍ രണ്ടാമത്തേത് സൗന്ദര്യമാണ്. അത് നമുക്ക് പ്രശ്‌നമല്ലതാനും....' സംസാരം ഇങ്ങനെ നീണ്ടുപോയപ്പോള്‍ അസഹ്യമായ എന്റെ ആകാംക്ഷ ഇടപെട്ടു. അല്ല, എന്താണ് ഈ കീറാമുട്ടി പ്രശ്‌നം?

           പെങ്ങളുടെ കുഞ്ഞിന്റെ 'ബാധ്യത' ഏറ്റെടുക്കേണ്ടതുണ്ടോ എന്നാണ് എല്ലാവരും ആദ്യം ചോദിക്കുന്നത്. അങ്ങനെയൊരു ചോദ്യം ഞാനും ഉമ്മയും ഉറക്കത്തില്‍പോലും കാണാത്തതിനാല്‍ വിളിച്ച ഒരാള്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഫോണ്‍ അടിച്ചാല്‍ തന്നെ ഞാന്‍ എടുക്കാറില്ല. ഇങ്ങനെയൊരു പരസ്യം കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കുഞ്ഞിനെ ഒഴിവാക്കിയുള്ള വിവാഹത്തെപ്പറ്റി ഞാനെങ്ങനെ പെങ്ങളോട് പറയും? സുഹൃത്തിന്റെ വാക്കുകള്‍ ഇടറിയപ്പോഴാണ് ഞാനുമാ പ്രശ്‌നത്തിന് മുമ്പില്‍ പകച്ചു പോയത്. ചോദ്യം ശരിയാണ്. 'കുട്ടിയുണ്ട്. ബാധ്യത ഏറ്റെടുക്കേണ്ടതില്ല' എന്ന് ഇത്തരം പുനര്‍ വിവാഹപരസ്യത്തിലെ പതിവ് വാചകങ്ങള്‍ ഞങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോയിരിക്കുന്നു. അതുപക്ഷേ, മറന്നതാണോ? അല്ല; ഒരിക്കലുമല്ല. നൊന്തു പെറ്റ് മുലയൂട്ടിയ കുഞ്ഞിനെ പിരിഞ്ഞ് മറ്റൊരാളോടൊപ്പം മണവാട്ടിയായി പോകുന്ന കുഞ്ഞു പെങ്ങളെക്കുറിച്ച് അവനോ ഞാനോ സങ്കല്‍പിച്ചതു പോലുമില്ല എന്നതല്ലേ യാഥാര്‍ഥ്യം. അതുകൊണ്ടല്ലേ ആ വാചകങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കാതെ പോയത്.
ശൈശവം പിന്നിടാത്ത കുഞ്ഞിനെ മറന്നും ഉപേക്ഷിച്ചുമാണ് വിധവയായ ഉമ്മ മറ്റൊരു ജീവിതമാരംഭിക്കേണ്ടതെന്ന പ്രകൃതി വിരുദ്ധതക്ക് കേരളീയ ഇസ്‌ലാമിക സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായതെങ്ങനെയാണ്? ചോദ്യത്തിന് മറുപടിയില്ലെങ്കിലും, യഥാര്‍ഥ ഇസ്‌ലാമിക സമൂഹത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ചിലര്‍ ആശ്വാസവാക്ക് പറഞ്ഞേക്കാം. എങ്കില്‍ അങ്ങനെയൊരു മാതൃകാ ഇസ്‌ലാമിക സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം പുനര്‍ വിവാഹ പരസ്യങ്ങളില്‍ 'കുട്ടിയുടെ ബാധ്യത ഏറ്റെടുക്കേണ്ടതില്ല' എന്ന വാചകം സ്ഥിരമായി സ്ഥാനം പിടിച്ചതെങ്ങനെയാണ്? കൃത്യമായ ഒരു കാഴ്ചപ്പാട് ഈ വിഷയത്തില്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാനുണ്ടെങ്കില്‍ ഇത്തരം പരസ്യം നല്‍കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരെങ്കിലും അത്തരം വാചകങ്ങള്‍ ഒഴിവാക്കേണ്ടതില്ലേ? ഒരു പരസ്യവും വെറും പരസ്യമല്ലെന്നും അതിന് കൃത്യമായ ഉള്ളടക്കവും ലക്ഷ്യവും പ്രത്യയശാസ്ത്രവുമുണ്ടെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ പ്രത്യേകിച്ചും ഇത്തരം വിഷയങ്ങളില്‍ അതിജാഗ്രത പുലര്‍ത്തേണ്ടതില്ലേ? തുടര്‍ച്ചയായി വരുന്ന ഇത്തരം പരസ്യവാചകങ്ങളുടെ സ്വാധീനം തന്നെയല്ലേ 'ബാധ്യത ഏല്‍ക്കേണ്ടതുണ്ടോ' എന്ന ചോദ്യം ഈ രംഗത്ത് ആദ്യമുന്നയിക്കുന്ന മുഖ്യ പ്രശ്‌നമായി ഉയര്‍ത്താനിടയാക്കിയത്?

           ഏതായാലും ഇരുപത് വയസ്സ് പിന്നിടാത്ത, ശൈശവ പ്രായത്തിലുള്ള കുഞ്ഞിന്റെ മാതാവിന് ഒന്നുകില്‍ അമ്പത് പിന്നിട്ട വൃദ്ധന്മാര്‍, അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെ മറന്നുള്ള പുതിയ ജീവിതം എന്ന, സമൂഹം കല്‍പ്പിക്കുന്ന ഒറ്റമൂലിക്ക് ഇസ്‌ലാമില്‍ ന്യായീകരണമുണ്ടെന്ന് തോന്നുന്നില്ല. ബഹുഭാര്യത്വം പരാമര്‍ശിച്ച ഖുര്‍ആനിക ആയത്തുകളില്‍ യതീംകുട്ടിയുടെ സംരക്ഷണവും അവന്റെ ധനം കൈകാര്യം ചെയ്യുന്നതുമെല്ലാം ഇടകലര്‍ത്തി പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. വിധവയുടെ കുട്ടികള്‍ യത്തീമുകളാണ്. ആ യതീമുകളുടെ സംരക്ഷണം കൂടി ഏറ്റെടുക്കുമ്പോഴേ വിധവാ വിവാഹം പൂര്‍ണമാവൂ. പിതാവ് മരിച്ചുപോയ ശൈശവ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ അവശേഷിക്കുന്ന ഏക അവലംബമായ മാതാവിനെ കൂടി അവരില്‍നിന്നും പറിച്ചെടുക്കുന്ന പുനര്‍വിവാഹങ്ങള്‍ അവരുടെ അനാഥത്വം പൂര്‍ണമാക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന് ചിലപ്പോള്‍ കാലങ്ങള്‍ കൊണ്ട് അവന്റെ മാതാവിന്റെ അസാന്നിധ്യത്തെ മറികടക്കാന്‍ സാധിച്ചേക്കും. പക്ഷേ, നൊന്തു പെറ്റ കുഞ്ഞിനെ നിര്‍ബന്ധിതമായി വിട്ടുപിരിയേണ്ട ഉമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും? ആ കുഞ്ഞിന്റെ ഓരോ അനക്കവും വളര്‍ച്ചയും തൊട്ടനുഭവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാന്‍ മതത്തിന്റെയും സമൂഹത്തിന്റെയും ഏത് ധാര്‍മികതക്കാണ് സാധിക്കുക.

          ഇത്തരം വിധവകളെ പുനര്‍ വിവാഹം ചെയ്യുന്ന മിക്കയാളുകളും യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധമില്ലാത്തത് കൊണ്ട് മാത്രമാണ് കുട്ടിയെ കൂടെ കൊണ്ടുവരരുതെന്ന ഡിമാന്റ് വെക്കുന്നത്. വെറുതെ ഒരു ഭാരം ഏറ്റെടുത്ത് തങ്ങളുടെ സുഖജീവിതത്തിന് തടസ്സമുണ്ടാക്കേണ്ട എന്ന, സമൂഹം പകര്‍ന്നുനല്‍കിയ ലളിത ചിന്ത മാത്രമാണവരെ അതിന് പ്രേരിപ്പിക്കുന്നത്. കൃത്യമായ ഇസ്‌ലാമികാധ്യാപനം പകര്‍ന്നു നല്‍കാനായാല്‍ നല്ലൊരു പങ്ക് ആളുകളും ഈ തെറ്റായ നാട്ടുനടപ്പുകള്‍ അവസാനിപ്പിക്കും. അത്തരം മികച്ച മാതൃകകള്‍ സമൂഹത്തിലുണ്ടുതാനും. ഈ വിഷയത്തില്‍ പങ്കുവെക്കേണ്ട ഒരു വൈരുധ്യം കൂടിയുണ്ട്. പുനര്‍വിവാഹം കഴിക്കുന്ന പുരുഷന് നേരത്തെയുള്ള ഭാര്യയില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെ സ്വന്തം മക്കളെ പോലെ ഈ പുതുനാരികള്‍ പരിചരിക്കുന്നുണ്ടെന്ന് ഭര്‍ത്താവും സമൂഹവും ഉറപ്പുവരുത്താറുണ്ടെന്നതാണത്. ഈ ജാഗ്രതയും ആത്മാര്‍ഥതയും പുനര്‍വിവാഹിതയാവുന്ന വിധവയുടെ കുഞ്ഞുങ്ങളുടെ വിഷയത്തിലും സമൂഹവും സമുദായവും പുലര്‍ത്തിയിരുന്നെങ്കില്‍!
                                                                                     basheerudheentp@gmail.com

7 comments:

 1. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടവര്‍ വിവാഹത്തിലൂടെ സ്വന്തം നിലഭദ്രമാക്കിയവര്‍ ആകണം അല്ലെങ്കില്‍ ആണ് എന്നതാണ് നമ്മുടെ ശാപം....

  ReplyDelete
 2. പ്രസക്തമായ ഒരു സാമൂഹിക വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വിഷയമാണ് കൈകാര്യം ചെയ്തത് . ഇതേ കാരണത്താല്‍ വീട്ടില്‍ ഇരിക്കുന്ന ഒരു പാട് വിധവകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്, ഒരു പോംവഴി ഇല്ലാ എന്നതാണ് സത്യം.

  ReplyDelete
 3. ലേഖനം വായിച്ചു. അഭിപ്രായമില്ല

  ReplyDelete
 4. 'കുട്ടിയുണ്ട്, ബാധ്യത ഏറ്റടുക്കെണ്ടതില്ല', എന്നത് ഒരു ലീഗല്‍ ഇഷ്യൂ കൂടിയാണ്. മാതാവ്/കുഞ്ഞ് എന്നതില്‍ കവിഞ്ഞ, ബന്ധം വേര്‍പ്പെടുത്തപെട്ട ഒരു പുരുഷന്‍റെ തന്റെ കുഞ്ഞിനോടുള്ള നിയമപരമായ ഒരു വശം കൂടി അതിലുണ്ട്. ഇതാണ് ആ വാചകത്തിലെ കാര്യപ്പെട്ട പോയന്റും...

  ReplyDelete
 5. കൃത്യമായ ഒരു കാഴ്ചപ്പാട് ഈ വിഷയത്തില്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാനുണ്ടെങ്കില്‍ ഇത്തരം പരസ്യം നല്‍കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരെങ്കിലും അത്തരം വാചകങ്ങള്‍ ഒഴിവാക്കേണ്ടതില്ലേ? ഒരു പരസ്യവും വെറും പരസ്യമല്ലെന്നും അതിന് കൃത്യമായ ഉള്ളടക്കവും ലക്ഷ്യവും പ്രത്യയശാസ്ത്രവുമുണ്ടെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ പ്രത്യേകിച്ചും ഇത്തരം വിഷയങ്ങളില്‍ അതിജാഗ്രത പുലര്‍ത്തേണ്ടതില്ലേ?

  ReplyDelete
 6. ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല, എല്ലായിടത്തും വിധവയുടെ , വിവാഹമോചിതയുടെ കുട്ടി ഇത്തരം പ്രശ്നം ഉണ്ടാക്കാറുണ്ട്.. ഭാര്യ മരിച്ചവന്‍റേയും വിവാഹമോചിതന്‍റെയും കുട്ടിയുടെ കാര്യത്തില്‍ പ്രശ്നം അത്ര രൂക്ഷമാകാറില്ല..

  നല്ല ലേഖനം...

  ReplyDelete
 7. There is more in the world than what was taught in Madarsa, bhai.

  ReplyDelete