Pages

Ads 468x60px

Monday, October 15, 2012

ബലിപെരുന്നാള്‍ ദിനത്തെ ബീഫ് ഫെസ്റ്റിവലാക്കേണ്ടതുണ്ടോ?



. ഒരു ബലിപെരുന്നാള്‍ ദിനം. സൗഹൃദസന്ദര്‍ശനാര്‍ഥം കൂട്ടുകാരന്റെ വീട്ടിലായിരുന്നു. സംസാരവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് തരിച്ചുപോരുമ്പോള്‍ സുഹൃത്തിന്റെ സ്‌നേഹനിധിയായ ഉമ്മ ഒരു വലിയ സഞ്ചിയില്‍ നിറയെ മാംസവുമായി വന്നിട്ട് പറഞ്ഞു: ''ഇതല്‍പ്പം പോത്തിറച്ചിയാണ് (ഏകദേശം അഞ്ച് കിലോ ഉണ്ടാവും). ഇന്ന് ഈ ചെറിയ മഹല്ലില്‍ 30 പോത്തിനെയെങ്കിലും അറുത്തിട്ടുണ്ടാവും. ഓരോ വീട്ടിലേക്കും പത്ത് കിലോ ഇറച്ചിയെങ്കിലുമുണ്ട്. ഇതെല്ലാം കൂടി ഞങ്ങളെന്തു ചെയ്യാനാ? ഇവിടെയാണെങ്കില്‍ ഫ്രിഡ്ജും ഇല്ല. കഴിഞ്ഞ കൊല്ലവും ഇവന്റെയൊരു കൂട്ടുകാരന്‍ വന്നപ്പോള്‍ അവനല്‍പം കൊണ്ടുപോയതിനാലാ ഞങ്ങള്‍ രക്ഷപ്പെട്ടത്.'' ഒരു നിമിഷം ഞാന്‍ കേരളത്തിലെ അത്രയൊന്നും സമ്പന്നമല്ലാത്ത എന്റെ മഹല്ലിന്റെ ചിത്രമോര്‍ത്തു. ശരാശരി ഓരോ 'മുസ്‌ലിം വീട്ടിലും' പെരുന്നാള്‍ ദിനം അഞ്ചുകിലോ ഇറച്ചിയെങ്കിലും എത്തുന്നുണ്ട്. അപ്പോള്‍ പിന്നെ എന്റെ കൂട്ടുകാരന്റെ മഹല്ലിനേക്കാള്‍ സമ്പന്നമായ മറ്റ് മഹല്ലുകളുടെ അവസ്ഥ എന്തായിരിക്കും?

ബലിപെരുന്നാള്‍ ദിവസത്തിലൊതുങ്ങുന്നതല്ല പലപ്പോഴും ഈ 'ബീഫ് ഫെസ്റ്റിവല്‍.' അഖീഖയുടെ  (നവജാത ശിശുവിന്റെ മുടി കളയുന്നതിന്റെ ഭാഗമായി നടത്തുന്ന അറവു ) പേരില്‍ പലയിടത്തുമിപ്പോള്‍ ലക്ഷങ്ങളുടെ ഉരുക്കളാണ് അറുക്കപ്പെടുന്നത്. ഒരു ഉരു അന്നത്തെ 'പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള' സ്‌പെഷ്യല്‍ സദ്യക്ക് മാത്രമുള്ളതാണ്. ഇറച്ചി വിതരണത്തിനായി രണ്ടും മൂന്നുമാണ് പലരും അറുക്കുന്നത്. വെറുതെയല്ല സിനിമകളിലും മറ്റ് കലാസൃഷ്ടികളിലും മുസ്‌ലിം കുടുംബത്തെ ചിത്രീകരിക്കുമ്പോള്‍ ഇറച്ചിയും ബിരിയാണിയുമൊക്കെ തീന്‍മേശകളില്‍ നിറഞ്ഞിരിക്കുന്നത്. എത്ര തന്നെ മുന്‍വിധികളുടെ വാര്‍പ്പ് മാതൃക ആ സംവിധായകരിലും എഴുത്തുകാരിലും ആരോപിച്ചാലും അവരും ഈ മുസ്‌ലിം മഹല്ല് പരിസരങ്ങളില്‍ തന്നെയാണല്ലോ ജീവിക്കുന്നത്.

ഓരോ മഹല്ലിലും (ചിലയിടത്ത് സംഘടനകളുടെ കീഴിലായിരിക്കും) ബലിപെരുന്നാളിന് അറുക്കുന്ന ആടുമാടുകളുടെ എണ്ണത്തിന്റെ വര്‍ധനവ് അഭിമാനവും താന്‍പോരിമയുമായിട്ടാണവര്‍ കൊണ്ടാടുന്നത്. ഇതെല്ലാം എത്തുന്ന ഓരോ വീട്ടിലും അതുകൊണ്ടുണ്ടാകുന്ന അടുക്കള ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പല വീട്ടുകാരും പെരുന്നാള്‍ ദിനത്തില്‍ ഇറച്ചിപ്പൊതിയുമായി വരുന്നവരെ ഗൗനിക്കാറേയില്ല. പിന്നെയും ആര്‍ക്കുവേണ്ടിയാണിത്രയധികം മാടുകളെ അറുത്തുകൂട്ടുന്നത്. 'നിങ്ങളറുക്കുന്നതിന്റെ രക്തവും മാസംവുമല്ല; അതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് അല്ലാഹുവിനാവശ്യം' എന്നതിനെ എങ്ങനെയാണ് നാം വായിക്കുക? പൊങ്ങച്ചവും ഗര്‍വുമായി നമ്മുടെ ബലികള്‍ മാറുന്നുണ്ടോ എന്ന് ബലിക്കൊരുങ്ങുന്ന ഓരോരുത്തരും ഈ പെരുന്നാളിന് മുമ്പെങ്കിലും പുനരാലോചന നടത്തേണ്ടതാണ്.

സദുദ്ദേശ്യമാണ് ബലിക്ക് പിന്നിലുള്ളതെങ്കില്‍ അതിന്റെ മാംസം ഏറ്റവും അര്‍ഹരിലേക്കെത്തിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ലക്ഷക്കണക്കായ ആസാമിലെ അഭയാര്‍ഥികളടക്കമുള്ള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ചിത്രം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനാര്‍ഹമെന്ന് തന്നെ പറയട്ടെ അവരുടെ ദുരിതങ്ങള്‍ ആവുംവിധം പരിഹരിക്കാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തിലെങ്കിലും അവര്‍ക്ക് സുഭിക്ഷമായ ഭക്ഷണമൊരുക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അതാത് സംഘടനകള്‍ നടത്തുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ഈവര്‍ഷത്തെ ബലികര്‍മം ഇത്തരം ദുരിതബാധിതര്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതികളാണ്. കേരളത്തിലെ ഓരോ മഹല്ലിലെ കുടുംബത്തിനും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷിക്കാനുള്ള മാംസത്തിനപ്പുറമുള്ള ബലിമൃഗങ്ങളെ ഓരോരുത്തരും തങ്ങള്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ മുഖേന അത്തരം സംരംഭങ്ങളിലേക്ക് സമര്‍പിക്കാനുള്ള സന്‍മനസ് കാണിക്കേണ്ടിയിരിക്കുന്നു. ആ സന്നദ്ധതയായിരിക്കും ഒരുപക്ഷേ ഈ പെരുന്നാളിന്റെ ത്യാഗങ്ങളിലൊന്നായി അല്ലാഹു നമുക്കായി രേഖപ്പെടുത്തുക. മഹല്ല് - സംഘടനാ നേതൃത്വവും ഖത്വീബുമാരും അതിനായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ കേരളീയ മുസ്‌ലിംകളിലത് പുതുചരിത്രം സൃഷ്ടിക്കും.
basheerudheentp@gmail.com

9 comments:

  1. തീര്‍ത്തും പ്രസക്തം, കുറച്ചു നേരത്തെ ആകാമായിരുന്നു

    ReplyDelete
  2. അതെ ഈ ചിന്ത അല്‍പം നേരത്തെ തുടങ്ങണമായിരുന്നു.. മാത്രമല്ല തുടരുകയും വേണം. ബലിയുടെ ഉദ്ദേശ്യം എന്താണ് ?. ഇപ്പോഴത്തെ ബലിയിലൂടെ അത് നിര്‍വഹിക്കപ്പെടുന്നുണ്ടോ ?. മാംസം തന്നെ ആഹാരമായി ഉപയോഗിക്കുമ്പോഴും മാസം ആഹാരത്തിലെ വളരെ ചെറിയ ഒരു സ്ഥാനം നല്‍കുന്ന കേരളത്തിലും ഒരേ പോലെതന്നെയാണോ ഈ കര്‍മങ്ങള്‍ ചെയ്യേണ്ടത് ?.

    ReplyDelete
  3. പെരുന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കന്നുകള്‍ക്ക് ഇരട്ടി വിലകൂട്ടിയാണ് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത്. ഫിഖ്ഹുല്‍ മഖാസിദ് വെറുതെ ചര്‍ച ചെയ്യാനുള്ളതാണോ ?.

    ഒരു രൂപക്ക് കിട്ടുന്ന അരി, 25 രൂപക്ക് വാങ്ങി, ചെറിയ പെരുന്നാളിന് അരിമാത്രം നല്‍കി ആളുകളെ പ്രയാസപ്പെടുത്തുന്നതിനും അറുതി വരുത്തണം. അരി വേവിച്ച് തിന്നാന്‍ പോലും സാധിക്കാതെ പ്രയാസപ്പെടുന്നവരെ കാണാതെ ഫിത്റ് സകാത്തിന്റെ ഉദ്ദേശ്യം നിറവേറി എന്ന് നമുക്ക് അവകാശപ്പെടാമോ ?.

    ഈ അറവിലും അങ്ങനെ ഒന്ന് ഉണ്ട്. അതിനാല്‍ ഒരു വീട്ടില്‍ രണ്ട് കിലോ ഇറച്ചിയൊക്കെ ലഭിക്കുന്ന വിധം അറവ് ചുരുക്കുകയും. ബാക്കി വിഹിതം കാശായി പാവപ്പെട്ടവര്‍ക്ക് നല്‍കി അവരുടെ പെരുന്നാള്‍ കുശാലാക്കുകയും ചെയ്യാന്‍ കഴിയുന്ന വിധം പണ്ഡിതന്‍മാര്‍ ഫത് വ പുറപ്പെടുവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

    ReplyDelete
  4. ചില ഭാഗത്ത്‌ നിന്ന് വന്ന വിമര്‍ശനത്തോട് രണ്ടു വാക്ക് .പെരുന്നാളിന്റെ അടയാളമാണ് ബലി.അത് നടക്കുക തന്നെ വേണം .മാംസം മോശമാണെന്ന സവര്‍ണ്ണ കാഴ്ചപ്പാടും ചെറുക്കണം .ഈ പോസ്റ്റിന്റെ ഉദ്ദേശം അതല്ല .രാജ്യത്തിന്‍റെ ഒരു ഭാഗത്ത്‌ പട്ടിണി അരങ്ങേറുമ്പോള്‍ ആവശ്യത്തിലധികം ഇറച്ചി കുന്നു കൂടുന്ന നിലവിലെ ചിലയിടങ്ങളിലെയെങ്കിലും ഉള്ള സാഹചര്യം മാറ്റി .പകരം അത് ഈ പട്ടിണി സ്ഥലങ്ങളില്‍ ബലി അറുത്തു കൂടെ എന്നാണ് .ഇവിടെ ബലിയുടെ എണ്ണം കുറയുന്നില്ല ,സ്ഥലമേ മാറുന്നുള്ളൂ .

    ReplyDelete
  5. മിസ്ടര്‍ ബഷീര്‍ താങ്കള്‍ കൊടുത്ത ടോപിക് തന്നെ '' ബീഫ് ഫെസ്റ്റിവല്‍'' ആക്കെണ്ടാതുണ്ടോ എന്നാണു ? അല്ലെ ? ആക്കണം എന്ന് തന്നെയാണ് മത വിശ്വാസ കാഴ്ചപ്പാട് , ണ് ,ഇതല്ലാം കഴിവുല്ലവന്നു പറഞ്ഞ കാര്യമാണ് , ഇത്ര എണ്ണമേ ഒരു മസ്ജിതിന്നു കീഴില്‍ പാടൊല്ല് എന്ന് ഒരു നിയമം എവിടെയും ഇല്ല , ആസാമിലെയും മറ്റു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പാവപെട്ട മനുഷ്യര്‍ക്ക്‌ അവര്‍ മുസ്ലിമെന്നോ അമുസ്ലിമെന്നോ നോക്കാതെ ലുക്കും ലഗാനുമില്ലാത്ത ലുക്കിയെപോലുള്ള ആളുകള്‍ ആണോ എന്ന് പോലും നോക്കാതെ വിശപ്പ്‌ അകറ്റാന്‍ കഠിനമായ ശ്രമം ലോകത്തിന്റെ വിവിധ കോണുകളില്‍ നടത്തി കൊണ്ടിരിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ''വിവരക്കുരവ് മൂലം ലുക്കി പറഞ്ഞ അല്ലാഹുവിന്റെ വിനീത ദാസന്മാര്‍ മുസ്ലിങ്ങള്‍ തന്നെയാണ് ,അത് വെറും ഒരു വര്‍ഷത്തിലെ സുന്നത്തായ ബലി കര്‍മ്മത്തില്‍ ഒതുങ്ങുന്നതല്ല , ബീഫ് ഇറച്ചി മാത്രമല്ല ഉണ്ണാനും ഉടുക്കാനും ആവശ്യമായ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്നുണ്ട്‌ ,എന്ന് സമ്മതിക്കുന്ന താങ്കള്‍ ബലിയുടെ പിന്നിലെ ഉദ്ദേശ ശുദ്ടിയെ ചോദ്യം ചെയ്യുന്നിടത്താണ് ഒരു സന്ഘു പരിവാര്‍ ടച്ചുള്ളതായി കാണുന്നത് ,ഒരാളുടെയും മനസ്സിനകത്ത് കയറി കസാര ഇട്ടു ഇരിക്കാന്‍ നാം ശ്രമിക്കാതിരിക്കുക , താങ്കളുടെ ഉദ്ദേശ വിചാര കര്‍മ്മ ശാകയെ ഞാന്‍ അവമാതിക്കുന്നില്ല , ''ഫെസ്റ്റിവല്‍ എന്ന് പറഞ്ഞു ഒരു കൊച്ച്ചാക്കള്‍ ആണ് മനസ്സില്‍ കയറിയതെങ്കില്‍ അത് മുസ്ലിം മനസ്സിന്റെ ലക്ഷണം അല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം , അറവു ആസാമില്‍ കൊണ്ട് പോയി തന്നെ അറുത്തു കൊള്ളണം എന്നില്ല മാംസം അങ്ങോട്ട്‌ എത്തിച്ചാലും താങ്കളുടെ ആശയം സഫലമാകും , സ്വന്തം രാജ്യത്തെ പട്ടിണി കാണാത്ത ലുക്കിക്ക് ഇപ്പോള്‍ കണ്ണ് രുവാണ്ടയിലാണ് , എന്നാല്‍ മുസ്ലിങ്ങള്‍ക്ക്‌ പട്ടിനിക്കിടയില്‍ രാജ്യങ്ങളുടെ അതിര്‍ വരബ്ബില്ല ,അത് കൊണ്ട് തന്നെ ഒരു പ്രത്യേക ഭൂ പ്രദേശത്തെ മനുഷ്യരുടെ വിശപ്പ്‌ മാത്രം മാറിയാല്‍ മതി എന്ന ഒരു നിലപാടല്ല ലോക മുസ്ലിങ്ങല്‍ക്കുള്ളത് ,അത് കൊണ്ടാണ് ലോകത്തിന്റെ ഒത്തിരി ഭാഗങ്ങളില്‍ മുസ്ലിം രാഷ്ട്ട്രങ്ങളുടെ കൈ മെയി മറന്നു കൊണ്ടുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത് അതിന്നുള്ള പ്രചോതനം അല്ലാഹുവിന്റെ കല്പനയുമാണ് .

    ReplyDelete

  6. ലക്ഷക്കണക്കിനു ഹാജിമാർ ഒത്ത് ചേരുന്ന മക്കയിൽ ലക്ഷക്കണക്കിനു ആട്, മാട്, ഒട്ടകം എന്നിവയെ അറുക്കുന്നു... ആവശ്യത്തിനുള്ളതെടുത്ത് ബാക്കി ഇന്തോനേഷ്യ, സുഡാൻ, സോമാലിയ പോലെയുള്ള രാജ്യത്തേക്ക് കയറ്റിയയക്കുന്നു, ഈ രീതി നമുക്കും അവലംബിക്കാവുന്നതാണ്, അയൽ സംസ്ഥാനത്തിലേക്കോ ജില്ലയിലേക്കോ കയറ്റി അയക്കാവുന്നതാണ്...

    പിന്നേ ഉളുഹിയത്ത് അറവ് അതിനൊക്കെ ദീനിൽ ഒരു കണക്കുണ്ട്, എങിനെ എത്ര അതനുസരിച്ചേ ചെയ്യാൻ കഴിയൂ ലത്വീഫ് സാഹിബേ.. ചിലപ്പോൾ ഫിത്വറിന്റ് അരിയും, ഉളുഹിയ്യത്തിന്റ് ഇറച്ചിയും കൂടുതൽ പല കുടുംബങൾക്കും ലഭിച്ചേക്കാം എന്ന് വെച്ച് അതിനെ മൊത്തം മാറ്റി മറിക്കണം എന്ന് പറയുന്നത് അത്ര എളുപ്പമല്ലാ... പിന്നേ നമ്മൂടേ ചില സഹോദരന്മാർ പറയുന്നത് പോലെ ഇടക്കിടേ ആദർശവും നിലപാടൂം മാറ്റുന്നവർക്ക് അതൊക്കെയാവാം, അത് നമ്മൾ ഭരിക്കുന്ന വീട്ടിലാവണം ദീനീ വിഷയത്തിലാവണം എന്ന് പറയുന്നത് ഭോഷ്കല്ലേ....

    സിനിമയിൽ അങിനെ മുസ്‌ലിമിനെ താറടിച്ച് കാണിക്കുന്നു ഇകഴ്ത്തുന്നു സിനിമക്കാർ അതും ചെയ്യും അതിലപ്പുറവും ചെയ്യും... എന്നുവെച്ച് ദീനിൽ സ്ഥിരപ്പെട്ടത് മാറ്റാൻ നമുക്ക് അധികാരമുണ്ടോ??? ഇല്ലാ അതുകൊണ്ട് അതിനെയൊക്കെ അർഹിക്കുന്ന അവഗണനയോടെ ചവറ്റുകൊട്ടയിലേക്ക് മാറ്റാം....

    ReplyDelete