Pages

Ads 468x60px

Tuesday, April 17, 2012

മതതൊഴിലിടങ്ങളിലെ മിനിമം കൂലിയെത്രയാണ് ?
രോഗാതുരമായ മലയാളി ജീവിതത്തിന്റെ നിത്യസന്ദര്‍ഷകാലയമാണ് ഹോസ്പിറ്റലുകള്‍ .മനം പുരട്ടുന്ന മരുന്ന് മണങ്ങള്‍ക്കിടയില്‍ മനം കുളിര്‍പ്പിക്കുന്ന വിധം സദാ പുഞ്ചിരിച്ചു കൊണ്ട് മാത്രം പ്രത്യക്ഷപ്പെടുന്ന നഴ്സുമാര്‍ ഇത്രയും കാലം ഉള്ളിലൊതുക്കിയ ദുരിതക്കനല്‍ പുറത്തേക്കു വന്നത് ഈയിടെയാണ് .മിനിമം വേതനത്തിനും മറ്റു തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ആതുരാലയങ്ങളിലെ തൂവെള്ള വസ്ത്രധാരികളായ മാലാഖമാരുടെ സമരം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല .ട്രേഡ് യൂണിയനുകളുടെ സ്വന്തം നാടായ കേരളത്തില്‍ ഈ അനീതി ഇത്രയും കാലം എങ്ങനെ തുടര്‍ന്നൂവെന്നു  ചില എഴുത്ത് ജീവികള്‍ ചാനലില്‍ നിര്‍ത്താതെ ചര്‍ദ്ധിക്കുന്നത് കണ്ടു.ഞങ്ങളിത് നേരത്തെ അറിഞ്ഞിരുന്നൂവെങ്കില്‍ പരിഹരിച്ചു തന്നേനെ എന്നാണ് അവരുടെ ശരീര ഭാഷ കണ്ടാല്‍ തോന്നുക.ഞങ്ങളിവിടെ ജീവിച്ചിരിക്കെ, ചാനലുകള്‍ 24 മണിക്കൂറും കണ്ണ് തുറന്നിരിക്കെ ഇത് അസംഭവ്യം എന്നാണ് ധ്യനി.മതക്കാരും മതേതരവാദികളും പങ്കിട്ടെടുത്ത കേരളത്തിലെ  തൊഴിലിടങ്ങളില്‍ മിനിമം കൂലിയും മറ്റു തൊഴില്‍ ആനുകൂല്യങ്ങളും ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത  എത്രയോ  തൊഴിലാളികള്‍ ഇനിയുമുണ്ട്.വോട്ടു ബേങ്കിന്റെ ഐഡന്റിറ്റി കാര്‍ഡില്ലാത്ത ഇവരുടെ പരിഭവങ്ങള്‍ ആരു കേള്‍ക്കാന്‍ ?അവരുയര്‍ത്തുന്ന വിയര്‍പ്പിന്റെ മണമുള്ള ചോദ്യങ്ങള്‍ ഒരു അരിവാള്‍ ചിഹ്നം പോലെ ഏറ്റെടുക്കാനാളില്ലാതെ തെരുവില്‍ ഇപ്പോഴും തൂങ്ങി കിടപ്പുണ്ട് .സഖാക്കളേ ആരുണ്ടിവിടെ ?അവരുടെയൊക്കെ മുതലാളിമാര്‍ ദുനിയാവിലെ മാത്രം ലാഭം മോഹിക്കുന്ന മതേതരക്കാരും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കപട മതവാദികളും ആയതു കൊണ്ട് അതിവിടെ മുഖ്യവിഷയമാക്കുന്നില്ല .
ആത്മാര്‍ത്ഥമായ  മതസ്നേഹത്തിലും ദൈവിക പ്രതിഫലേച്ചയിലും പടുത്തുയര്‍ത്തിയ കാക്കതൊള്ളായിരം സ്ഥാപനങ്ങളുണ്ട് ഈ കൊച്ചു കേരളത്തില്‍.പള്ളിയും പള്ളിക്കൂടവും മുതല്‍ യൂണിവേഴ്സിറ്റി നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അവയിലേറെയും.അനുബന്ധ മേഖലകള്‍ വേറെയും.ഇത്തരം ഒന്നിലധികം മത വിദ്യാലയങ്ങളോ ആരാധനാകേന്ദ്രങ്ങളോ  ഇല്ലാത്ത ഒരു കുഗ്രാമം പോലും കേരളത്തിലില്ല.അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ദൈവനിഷേധികളായ കമ്മ്യൂനിസ്റ്റുകാര്‍ക്കു  ഭരണം നല്‍കുന്ന ,പൊതു ഇടങ്ങളില്‍ മതേതരക്കാരനാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിയും ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇവിടങ്ങളില്‍ കയറിയിറങ്ങുന്നുണ്ട്‌.കണക്കെടുത്താല്‍ പത്തു ലക്ഷത്തിലേറെ വരും ഈ സര്‍ക്കാര്‍ സഹായമില്ലാതെ നടത്തുന്ന ഇത്തരം മതസ്ഥാപനങ്ങളില്‍  പണിയെടുക്കുന്നവര്‍.
വിയര്‍പ്പു വറ്റുന്നതിനു മുന്‍പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന് പഠിപ്പിച്ചത് മാര്‍ക്സല്ല,പ്രവാചകന്‍ മുഹമ്മദാണ്.ആ മനുഷ്യ സ്നേഹിയുടെ മതദര്‍ശനത്തിന്റെ   ഏറ്റവും പരിശുദ്ധമായ ഇടമാണ് മസ്ജിദുകള്‍.കേവലം 2000 രൂപ മുതല്‍ 6000 വരെയാണ് ഒരു പള്ളി തൊഴിലാളിക്ക്  രാശരി ശമ്പളം  ('തൊഴിലാളി' പ്രയോഗം ബോധപൂര്‍വമാണ്.പല പള്ളികമ്മിറ്റികളുടെയും സമീപനവും അങ്ങനെ തന്നെയാണ്.) അതിജാഗ്രതയോടെ നിര്‍വഹിക്കേണ്ട ഒരു നിമിഷം പോലും തെറ്റാന്‍ പാടില്ലാത്ത അഞ്ചു നേരത്തെ ബാങ്കുവിളി മുതല്‍ ഇമാമത്തും(നമസ്കാര നേത്രത്യം),മദ്രസകളെന്ന മതപാഠശാലയിലെ അധ്യാപനവും ,ഇരു നിലയും അതിലപ്പുറവുമുള്ള പള്ളിയുടെ ക്ലീനിങ്ങും ഉള്‍പ്പെടെയുള്ള ജോലിക്കാണ് ഈ വേതനമെന്നു ഓര്‍ക്കുക.(എല്ലാത്തിനും  അപവാദങ്ങളായ ചില മസ്ജിദുകള്‍ ഉണ്ടെന്നു മറക്കുന്നില്ല.)മിക്ക പള്ളി ജീവനക്കാരും രാത്രിയടക്കം ഡ്യൂട്ടിയുള്ള മുഴുസമയ തൊഴിലാളികളാണ് .ആഴചയില്‍ ഒരിക്കല്‍ മാത്രമാണവരുടെ ലീവ്.അത് തന്നെ കമ്മിറ്റിക്കാരുടെ ഔദാര്യത്തില്‍ മാത്രം .ഇപ്പറഞ്ഞത്‌ പള്ളി മദ്രസകളുടെ കാര്യം മാത്രം .മത സംഘടനാനേതാക്കളുടെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , അറബി കോളേജുകള്‍ ,ഉന്നത മതപഠന കേന്ദ്രങ്ങളായ ജാമിഅകളില്‍ ജോലി ചെയ്യുന്നവര്‍ വരെ മിനിമം വേതനവും മറ്റു ആനുകൂല്യങ്ങളും അനുഭവിക്കാന്‍ യോഗമില്ലാത്ത ഹതഭാഗ്യരാണ്.മതേതര സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഈ നിയമങ്ങളൊന്നും മത തൊഴിലിടങ്ങളില്‍ വേണ്ടെന്ന വിഷയത്തില്‍ മലയാളികള്‍ക്ക് ഏകാഭിപ്രയമാണെന്നു തോന്നുന്നു .ആരാണ് ഇനി ഇവര്‍ക്ക് വേണ്ടി സംസാരിക്കുക? പത്തു മിനിട്ട് ചര്‍ച്ചയിലെ പങ്കാളിത്തത്തിനു ആയിരങ്ങള്‍ കൂലി വാങ്ങുന്ന  ചാനല്‍ ബുദ്ധിജീവികള്‍ തയ്യാറുണ്ടോ? മതേതരക്കാരുടെ ഇടമല്ലാത്തതിനാല്‍ അവരെ പ്രതീക്ഷിക്കാന്‍ വയ്യ.മതം വോട്ടുബാങ്കായതിനാല്‍  രാഷ്ട്രീയക്കാരും അനങ്ങില്ല.പിന്നെ ആകെ പ്രതീക്ഷ മതത്തിന്റെ ഉള്ളില്‍ നിന്ന് തന്നെയാണ്.മതം ചൂഷണ വ്യവസ്ഥയല്ലെന്നു തെളിയിക്കേണ്ട പ്രഥമ ബാധ്യത അവര്‍ക്ക് തന്നെയാണല്ലോ?മത പണ്ഡിതരെ, വിശ്യസികളെ നിങ്ങളതിന് തയ്യാറുണ്ടോ? സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് സോളിഡാരിറ്റി  പ്രഖ്യാപിക്കുന്ന ഒരു യുവജന സംഘടനയുടെ പ്രകടനം കണ്ടിരുന്നു .ആ നഴ്സുമാര്‍ അനുഭവിക്കുന്ന അതേ പ്രശ്നങ്ങള്‍ അതിലും ഭീകരമായി വേട്ടയാടുന്ന ഈ മതയിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ആര്‍ജവം അവര്‍ക്കുമുണ്ടോ ?ഒരു വിമോചകന് വേണ്ടി ആരാധനാലയങ്ങളിലെ കാവല്‍ക്കാര്‍ കാതോര്‍ക്കുന്നു .കാലം ഉത്തരം നല്‍കുമോ ? കാത്തിരിക്കാം.ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ .  
പിന്‍കുറി:ഞാന്‍ ജീവിക്കുന്ന മതപരിസരങ്ങളിലെ വേതന വിഷയത്തിലെ   വേദനാനുഭവങ്ങളാണ് ഇവിടെ പകര്‍ത്തിയത്.ഇതിലും കുറഞ്ഞോ കൂടിയോ ഇതര സഹോദര മതങ്ങളിലെ ആരാധനാലയം അടക്കമുള്ള സ്ഥാപനങ്ങളിലും ഉണ്ടാവാം.ദേവിക്ക് വേണ്ടി മാത്രം ജീവിച്ചതിനാല്‍ കുടുംബം മുഴുപ്പട്ടിണിയിലായ എം ടി യുടെ നിര്‍മാല്ല്യത്തിലെ വെളിച്ചപ്പാടിന്റെ വര്‍ത്തമാനപ്പതിപ്പുകള്‍ ഒരു പക്ഷേ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടാവാം .3 comments:

 1. പറയേണ്ടുന്ന കാര്യങ്ങള്‍ പറയേണ്ടുംവിധം തന്നെ പറഞ്ഞൂ...
  കൈ പൊള്ളും എന്നതിനാല്‍ മതക്കാരും മതേതരക്കാരും ആരും ഈ വിഷയം കണ്ടെന്ന് വരില്ല...

  ReplyDelete
 2. മതപ്രവര്‍ത്തകരുടെയും മഹല്ല് ഭാരവാഹികളുടെയും കര്‍ണ്ണങ്ങളില്‍ ചെന്ന് തറക്കേണ്ട പോസ്റ്റ്.. മസ്ജിദില്‍ ഇമാം നില്‍ക്കാന്‍ പോലും മറുനാട്ടില്‍ നിന്നും ഹാഫിധുകളെ കൊണ്ട് വരുന്ന ദുരവസ്ഥ കൂടി പ്രതിപാധിക്കാമായിരുന്നു..

  ReplyDelete
 3. "ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്‍റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു." -ഖുർആൻ 2 :125

  പ്രവാചകന്മാരുടെ ഉത്തരവാധിത്വമായിക്കൊണ്ടാണ് പരിശുദ്ധ ഖുർആൻ പള്ളി പരിപാലനത്തെ കാണുന്നത്....

  സമുദായം അതിന്നു ഒരു മൊബൈൽ ഫോണിന്റെ വിലപോലും കൽപിക്കുന്നില്ല.

  ഒരു മഹല്ലിലെ പള്ളിയുടെ പരിപാലനം ആ മഹല്ലിൽ ഉള്ള ഓരോ കുടുംബത്തിന്റെയും ഉത്തരവാധിമായി നിശ്ചയിക്കണം. അതിന്നു അവരെ ഭോധവൽകരിക്കണം. അങ്ങിനെ, മാസത്തിൽ ഒരു ദിവസമെങ്കിലും ഒരു വീട്ടിലെ ആളുകൾ ഒരു ദിവസത്തെ പള്ളി പരിപാലനം ഏറ്റെടുത്താൽ, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഉണ്ടാകും, ഇൻഷാ അല്ലാഹു.

  ReplyDelete