Pages

Ads 468x60px

Friday, March 16, 2012

ഓഹ്രീം ...കുട്ടിച്ചാത്താം...


ബാലരമ, ബാലമംഗളം.. വായനയുടെ ലഹരി കുത്തിവെച്ചത് ഈ രണ്ടു ബാലപ്രസിദ്ധീകരണങ്ങള്‍ ആണ്.അനായാസം അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ച മൂന്നാം ക്ലാസില്‍ തുടങ്ങിയതാണ് കഥാപുസ്തക വായനകള്‍ . ബാലരമയായിരുന്നു ഇഷ്ടവിഭവം.അന്ന് ഓരോ ക്ലാസിലും ഒരു രാജുവും രാധയും ഉണ്ടായിരുന്നു.വികൃതി പിള്ളേരെ ചില അധ്യാപകര്‍ ലുട്ടാപ്പിയെന്നു വിളിച്ചിരുന്നു.അവര്‍ ആ അധ്യാപകനെ രഹസ്യമായി പുട്ടാലുവെന്നു തിരിച്ചും വിളിച്ചു.കപീഷും പറക്കും പൊടിയിടുന്ന പക്രുവുമെല്ലാം ബാലരമയിലെ സചിത്രകഥയില്‍ നിന്ന് പലപ്പോഴും സ്വപ്നങ്ങളിലേക്ക് ഇറങ്ങി വന്നിരുന്നു. ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന ഭൂതങ്ങളുടെ രൂപത്തിന് പലപ്പോഴും ഡാകിനിയുടെയും കുട്ടൂസന്റെയും ഛയുണ്ടായിരുന്നു .അന്ന് അപൂര്‍വമായി കുട്ടികളെ തട്ടി കൊണ്ട് പോകുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ അത് വിക്രമനും മുത്തുവും ആയിരിക്കുമെന്ന് ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ അടക്കം പറഞ്ഞിരുന്നു.ചിലരെങ്കിലും ഒറ്റയ്ക്ക് വീട്ടിലേക്കു പോകുമ്പോള്‍ ഭയമകറ്റാന്‍ ഇടയ്ക്കിടയ്ക്ക് മനസ്സില്‍ ഓഹ്രീംകുട്ടി ചാത്താം എന്ന് മന്ത്രിച്ചു.
 പങ്കിലക്കാട്ടിലെ ശക്തരില്‍ ശക്തനായ ഡിങ്കന്റെ സാഹസിക കഥകളുമായി വന്ന ബാലമംഗളമായിരുന്നു ബാലരമക്കു തൊട്ടു പിന്നില്‍ ഞങ്ങളുടെ മനസ്സ് കയ്യേറിയത്.ഡിങ്കനോ  മായാവിയോ  കൂടുതല്‍ ശക്തന്‍ എന്ന വിഷയവും ഞങ്ങള്‍ചൂട് പിടിച്ച ചര്‍ച്ച നടത്തിയിരുന്നു.(പില്‍ക്കാലത്ത് മനോരമ മംഗളം ആഴപ്പതിപ്പുകളിലെ നോവലുകള്‍ തമ്മിലുള്ള   വല്ലേയെട്ടന്‍ ചര്‍ച്ചയിലും ഞാന്‍ പങ്കാളിയായിട്ടുണ്ട്.)ഓരോ ലക്കവും വരുന്ന ഇരു കഥകളും ചേര്‍ത്ത് വെച്ച്നടത്തിയിരുന്ന മായാവി/ഡിങ്കന്‍ ചര്‍ച്ച പലപ്പോഴും അടിപിടിയില്‍ ആണ് അവസാനിച്ചിരുന്നത് .ഓര്‍മ്മയില്‍   ആദ്യമായി ഇടപ്പെട്ട ചര്‍ച്ചയില്‍ ഡിങ്കന്റെ പക്ഷത്തായിരുന്നു ഞാന്‍ . മായവിയെക്കാള്‍ ആക്ഷനും ഹീറോ വേഷവും ഡിങ്കനായിരുന്നു എന്നായിരുന്നു എന്റെ കണ്ടെത്തല്‍ .പെണ്‍ക്കുട്ടികള്‍ എപ്പോഴും
മായാവിയുടെ പക്ഷത്തായിരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ ഒരവസരവും പഴാക്കാത്ത ചില ആണ്ക്കുട്ടികളും അവര്‍ക്കൊപ്പം കൂടും.കാഴ്ചയിലെയും സംസാരത്തിലെയും സ്ത്രൈണതയാണ്  പെണ്‍ക്കുട്ടികള്‍ മായാവിയെ ഇഷ്ട്ടപ്പെടാന്‍
കാരണമെന്നു ഇപ്പോള്‍ എന്റെ മുതിര്‍ന്ന മനസ്സ് പറയുന്നു.
പലപ്പോഴും എല്ലാവരാലും അവഗണിക്കപ്പെട്ടു ഒരു കളിയിലും കാര്യത്തിലും ഇടപ്പെടാതെ ക്ലാസിന്റെ നിശബ്ദത കാത്തു സൂക്ഷിച്ച എലുമ്പന്‍ പയ്യന്മാര്‍ ബാലമംഗളത്തിലെ ശക്തി മരുന്ന് വായിച്ചതോടെ ഉശിര് കാട്ടാന്‍ തുടങ്ങി.വൈദ്യരുടെ ശക്തിമരുന്നു കഴിച്ചു വീരശൂര പരാക്രമങ്ങള്‍ കാട്ടുന്ന എലുമ്പന്‍ നമ്പോലന്‍ അവര്‍ക്ക് അത്രയും ആത്മവിശ്യാസമാണ് നല്‍കിയത്. പല തടിയന്‍ പയ്യന്മാരും ക്ലാസിലെ എലുമ്പന്‍ നമ്പോലന്‍മാരോട് പരസ്യമായി തന്നെ അസൂയ പുലര്‍ത്തി.പെണ്‍ക്കുട്ടികളില്‍ ചിലര്‍ ഈ നമ്പോലന്മാരെ അവരെക്കാള്‍ പരിഗണിക്കാന്‍ തുടങ്ങിയതായിരുന്നു ഈ അസൂയയുടെ പിന്നിലെ രഹസ്യം.
ആ കാലത്തിറങ്ങിയ  ബാലരമയുടെ സ്പെഷല്‍ അമര്‍ചിത്രകഥകളായ വേദ ഇതിഹാസ നായകന്മാരുടെയും ദേശീയ വ്യക്തികളുടെയും കഥകള്‍ ഒന്നും മുടങ്ങാതെ വായിച്ചിട്ടുണ്ട്.കാശില്ലാത്ത വീട്ടിലെ കുട്ടികളായിരുന്ന ഞങ്ങളില്‍ പലര്‍ക്കും ഇവയൊന്നും   വില കൊടുത്തു വാങ്ങി വായിക്കാന്‍ കഴിയുമായിരുന്നില്ല .എങ്കിലും അവയെല്ലാം സുലഭമായി വായിക്കാന്‍ അന്ന് സാധിച്ചിരുന്നു.അത്രക്കും വിശാലമായിരുന്നു അന്ന്സ്കൂളിലെ ചങ്ങാതിക്കൂട്ടം .അവരില്‍ ഒരാളെങ്കിലും വിപണിയില്‍ പുതുതായി ഇറങ്ങുന്ന കഥാപുസ്തകം   വാങ്ങുമായിരുന്നു. അവരുടെ വായനയും അവരിഷ്ട്ടപ്പെടുന്ന പെണ്‍ക്കുട്ടികളുടെ വായനയും കഴിഞ്ഞായിരിക്കും പലപ്പോഴും ഇവ ഞങ്ങള്‍ ദരിദ്രവാസികളുടെ കയ്യിലെത്തുക.അപ്പോഴേക്കും പുതിയ ഒരെണ്ണം അവരുടെ കയ്യിലിരുന്നു ഞങ്ങളെ കൊതിപ്പിക്കുന്നുണ്ടാവും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നു വിപണിയില്‍ ഇറങ്ങുന്ന ദിവസം  കഥാപുസ്തകം  വാങ്ങുന്ന  ക്ലാസ്സിലെ ആദ്യ ആളാവുക എന്നതായിരുന്നു .
ചില ബിസിനസ് മൈന്റുള്ള വിരുതന്‍മാര്‍ അവര്‍ വായിച്ചുകഴിഞ്ഞാല്‍ ചില്ലറ കാശു നല്‍കുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കും.ഈ വാടക വായനക്ക് ചില്ലറ തുട്ടു കണ്ടെത്താന്‍ഒഴിവു ദിവസങ്ങളില്‍ കൊച്ചു കൊച്ചു പണികള്‍ക്ക് പോകാറുണ്ടായിരുന്നു ഞങ്ങള്‍ മൂന്നു പേര്‍ .എന്നേക്കാള്‍ രണ്ടു വയസുള്ള ജ്യേഷ്ട്ടനും നാലു വയസ്സ് മൂപ്പുള്ള ചെറിയ അമ്മാവനും ഉള്‍പ്പെട്ടതാണ് ഈ മൂവര്‍ സംഘം.വായിച്ചു കഴിഞ്ഞാല്‍ കഥാപുസ്തകങ്ങള്‍ പരസ്പരം വില്‍ക്കുന്ന ബാര്‍ട്ടര്‍ സമ്പ്രദായവും സ്കൂളില്‍ നിലവിലുണ്ടായിരുന്നു . ബാലരമ വാങ്ങിയവര്‍ ബാലമംഗളത്തി നും തിരിച്ചും ഇങ്ങനെ കച്ചവടത്തിലേര്‍പ്പെട്ടു.
വായനയുടെ മധുര മിട്ടായി നുകര്‍ന്ന കഥാപുസ്തക അനുഭവങ്ങള്‍ പറയാന്‍ ഇനിയും ഒരു പാടുണ്ട്.ബാല്യത്തിന്റെ മധുരവും കയ്പ്പും നിറഞ്ഞ കഥകള്‍ . ഇന്ന് മാതൃഭൂമി ,മാധ്യമം ആഴ്ചപതിപ്പുകളില്‍ വരുന്ന കഥകളും നോവലുകളും ഒരു ലക്കവും വിടാതെ വായിക്കുമ്പോഴും ലഭിക്കാത്തതാണ് ആ പഴയ ചങ്ങാതിക്കൂട്ടമുയര്‍ത്തിയ ചര്‍ച്ചകളും ആവേശങ്ങളും .

7 comments:

  1. സത്യത്തില്‍ ആരാ താരം.. മായാവിയോ, ഡിങ്കനോ..?
    എനിക്കിഷ്ടം ശിക്കാരി ശംഭുവാ.., അന്നും ഇന്നും...

    ReplyDelete
  2. അപ്പൊ നിങ്ങള്‍ക്കൊന്നും പൂച്ച പ്പോലീസിനെ ഇഷ്ടമില്ലേ ? എന്റെ താരം അവനായിരുന്നു.

    ReplyDelete
  3. മലര്‍വാടി എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലൊന്നും കണ്ടിട്ടില്ല.അതെല്ലാം മുതിര്‍ന്ന ശേഷമാണു കാണുന്നത് .മലര്‍വാടിയിലെ പൂച്ച പോലീസും ബാലകൌതകത്തിലെ CID ലാലുമെല്ലാം കുട്ടിത്തം കഴിഞ്ഞാണ് വായിച്ചതു.ആ കുറ്റന്യേഷണ കഥകളാണ് പിന്നെ ഷെര്‍ലോക്ക് ഹോംസ് കഥകളിലേക്ക് വായനയെ എത്തിച്ചത് .

    ReplyDelete
  4. എനിക്ക് പൊതുവെ നമ്പോലനെ ആയിരുന്നു ഇഷ്ടം, അതിനു കാരണം എന്റെ ക്ലാസിലെ ഫാസിലക്കും സമ്പോലനെ ഇഷ്ടമായിരുന്നു ഹിഹിഹി

    ReplyDelete
  5. ഓർമ്മകൾ ഉണർത്തിയ പോസ്റ്റ്.. :)

    ReplyDelete
  6. കുറച്ച് നേരത്തേക്ക് ഞങ്ങളെ ആ പഴയ ക്ലാസ്മുറികളിലേക്ക് കൊണ്ടുപോയ ബഷീറിനു നന്ദി. എങ്കിലും പട്ടാളം പൈലിയെയും പൂച്ചപ്പോലിസിനെയും മറന്നതു ശരിയായില്ല....

    ReplyDelete
    Replies
    1. പട്ടാളം പൈലിയെയും പൂച്ചപ്പോലിസിനെയും മറന്നതല്ല .അതൊന്നു എന്റെ കുട്ടിക്കാലത്ത് ഞാന്‍ വായിച്ചിട്ടില്ല .ഇതെന്റെ സ്കൂള്‍ കാലത്തെ അനുഭവമാണ്‌ .

      Delete