Pages

Ads 468x60px

Friday, January 6, 2012

യത്തീം


ഉപ്പ മരിച്ച മൂന്നാം ദിവസമാണ്
നിവര്‍ന്നു നിന്നാല്‍ തല മുട്ടുന്ന
വീട്ടിലേക്ക് ഖാളിയാര്‍ വന്നത്.
ബിസ്മിയും സ്വലാത്തും കഴിഞ്ഞ്
വയര്‍ തടവി പുറത്തിറങ്ങുമ്പോള്‍
ഖാളി എന്നെ അടുത്തു വിളിച്ചു
"മോനിപ്പോ യതീമാണ്,
വല്ലവരും വല്ലതും തരണമെങ്കില്‍
അസര്‍ മുതല്‍ ഇശാ വരെ
പള്ളിയില്‍ കിതാബോതണം"
പിറ്റേന്ന് വെള്ളത്തുണിയും തൊപ്പിയുമിട്ട്
പള്ളിയിലേക്ക് പോകുമ്പോഴാണ്
ഖാളിയാരുടെ മകന്‍ സൈക്കിളുമായി
വഴിയില്‍ വിലങ്ങു നിന്നത്.
"അടിപൊളി സിനിമയാ പോരുന്നോ.."
കാലിടറി ...കണ്ണുകള്‍ ഇറുക്കിയടച്ചു
അന്ന് പള്ളിയില്‍ ഖുറാനോതുമ്പോഴും
മനസ്സ് ഖാളിയുടെ വീട്ടിലെ ടീവിയിലായിരുന്നു.

Saturday, December 31, 2011

2012




ഒടുവിലത്തെ ഒന്നു മാറി  
രണ്ടു വന്നു .
രണ്ടെണ്ണം പൊട്ടിച്ചു 
നാമതാഘോഷിച്ചു .

മുത്തലാഖ്



ഉപ്പയുടെ നാവില്‍ നിന്നുതിര്‍ന്ന 
മുത്തലാഖിന്‍റെ  മൂര്‍ച്ചയിലാണ് 
പതിനെട്ടാം വയസ്സില്‍ 
ഉമ്മ വിധവയായത്.
ഒറ്റ മൊഴിയില്‍ മൂന്നും ചൊല്ലിയതിന്
മൂന്നു നാള്‍ കഴിഞ്ഞു 
ഉപ്പ ഖേദിച്ചുവത്രെ.
ദീനില്‍ പഴുതില്ലെന്നു ഫത്‌വ  ചൊല്ലി 
ഖാദി  മുസ്ഹഫ് മടക്കി വെച്ചു.
ഒന്നും മൂന്നും വയസ്സായ 
ഞങ്ങള്‍ രണ്ടു പേര്‍ക്ക്  
ഉപ്പ മാസത്തിലൊരിക്കല്‍  
അയല്‍പ്പക്കത്തെ എരഞ്ഞിമരചുവട്ടിലെ 
അഞ്ചു മിനിട്ട് ഒളിച്ചുക്കളിയായതങ്ങനെയാണ് .

Monday, December 26, 2011

ഉമ്മ




പൂമുഖത്ത് കത്തിച്ചു വെച്ച 
സ്നേഹത്തിന്‍റെ മെഴുകുതിരി.
സ്വയം ഉരുകി തീരുമ്പോഴും 
എനിക്ക് ചുറ്റുമുയരുന്ന 
ഇരുട്ടിനെ കുറിച്ചായിരുന്നു
നിലച്ചു പോവാത്ത 
വേവലാതി.



Friday, December 23, 2011

സാന്ത്വനമേകൂ നീ ....

വര്‍ണ്ണപ്രപഞ്ചത്തിന്‍ താളം പിടിക്കുന്ന നാഥാ ....
സ്വര്‍ണ്ണ പ്രകാശത്തിന്‍  ഓളം തുടിക്കുന്ന നാഥാ ....
വിണ്ണിന്‍ കീഴിലെ മണ്ണിന്‍ മാറിലെ ഗാനം കേള്‍പ്പൂ നീ ....
                   പാരിടമാകെ കൂരിരുള്‍ വീഴും കാര്‍മുകിലിരുളുന്നൂ....
              ഭൂതലമാകെ കൈതവം വാഴും താന്ധവമുയരുന്നൂ....
              നീല വിണ്ണിന്‍  കീഴിലാകെ സാന്ത്വനമേകൂ നീ ....
പുലര്‍വെയിലിന്‍ പൂവെയിലില്‍ മൂളും ശോക ഗീതങ്ങള്‍ ....
പൂത്തമാവിന്‍ പുഞ്ചിരിയില്‍ പൂക്കും മൂക കാവ്യങ്ങള്‍ ....
നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....
          മഴവില്ലിന്‍ വര്‍ണ്ണത്തില്‍ വിടരും വിണ്ണിന്‍ താരങ്ങള്‍ ...
          പൂവിതളിന്‍ പുലര്‍മഞ്ഞില്‍ പടരും മണ്ണിന്‍ മോഹങ്ങള്‍
          നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....

Thursday, December 22, 2011

വെള്ളത്തണ്ട്


 എന്‍റെ സ്ലൈറ്റിലെ
 വള്ളിയും പുള്ളിയും മായ്ക്കാന്‍
 വെള്ളത്തണ്ട് പറിക്കാന്‍
 പോയതായിരുന്നു അവന്‍  .
 "വെള്ളിക്കെട്ടനാണെന്ന് തോന്നുന്നു"         
 വെള്ള തുണിയില്‍  പൊതിഞ്ഞു
 പള്ളിക്കാട്ടിലേക്കെടുത്തപ്പോള്‍
 വെള്ളത്തണ്ടുമായി
 ഞാന്‍ മുന്നിലുണ്ടായിരുന്നു.
 ഇന്നലെയും ഞാന്‍ കണ്ടിരുന്നു 
 മീസാന്‍ക്കല്ലില്‍
 കള്ളിചെടികള്‍ക്കൊപ്പം
 ഒരു വെള്ളത്തണ്ട് 
 എന്നോട് ചിരിക്കുന്നത്. 

Tuesday, December 20, 2011

പെങ്ങള്‍



 പുര നിറഞ്ഞപ്പോഴാണ്‌
 പുറത്തേക്കിറങ്ങിയത്.
 പിന്നെ അകത്തേക്ക്
 പടി കയറി വന്നിട്ടില്ല.
 പുരയില്‍ വന്നൊരാളും
 പെണ്ണ് കാണാത്തവളെ
 പകലില്‍ പോലും
 പലരും കണ്ടു മടങ്ങുന്നു.

Friday, December 16, 2011

പിന്‍ബെഞ്ചിലെ കുട്ടി


ഓര്‍മ്മയുടെ പിന്‍ബെഞ്ചില്‍
രണ്ടാം ക്ലാസിലെ കുട്ടി കരയുകയാണ്.
കുട്ടികളെല്ലാം ചുറ്റും ചിരിക്കുന്നു.
രണ്ടില്‍ നിന്നും ഒന്ന് പോയാലെത്ര?
ചോദ്യമുന വീണ്ടും കൂര്‍ത്തു വന്നു.
കണക്കുമാസ്റ്റര്‍ വടി ചുഴറ്റുന്നു.
ഒന്നിനും രണ്ടിനും മുട്ടി .
ഉത്തരം മാത്രം പുറത്തു വന്നില്ല.
രണ്ടില്‍ നിന്ന് ഒന്ന് പോയാല്‍ ....ശിഷ്ട്ടം?
വടി വീണ്ടുമുയര്‍ന്നു .
ആദ്യം പോയത് ഒന്നായിരുന്നു.
പിന്നെ ശിഷ്ട്ടവും .

Tuesday, December 13, 2011

പ്രണയം


മഴ നനഞ്ഞ ഒരു നോട്ടമാണെന്നെ
കാമുകനാക്കിയത്.
നാണം കുണുങ്ങിയുള്ള
ഒരു ചാറ്റല്‍ മഴയെ
ആരാണ് പ്രേമിച്ചു പോകാത്തത് .

Monday, December 12, 2011

രാജ്യദ്രോഹം


കൂരിരുട്ടില്‍ പുലരുവാന്‍ പോകുന്ന
പകല്‍വെളിച്ചത്തെ
സ്വപ്നം കണ്ടതിനാണവരെന്നെ
രാജ്യദ്രോഹിയാക്കിയത്.
ഇപ്പോള്‍ നട്ടുച്ചയ്ക്ക് ഉണര്‍ച്ചയില്‍
ഞാന്‍ കാണുന്ന യാഥാര്‍ത്യങ്ങള്‍
രാത്രിയിലെന്‍റെ ഉറക്കം കെടുത്തുന്നു.
കിനാവിന്‍റെ പേറ്റന്‍റെമായി വന്നു
സ്വപ്നത്തിന്‍റെ നൂല്‍പ്പാലത്തില്‍ നിന്ന്
എപ്പോഴാണ് അവരെന്നെ താഴേക്കു തള്ളിയിടുക.