കേരളത്തിന്റെ വികസന ചര്‍ച്ചയിലും നവരാഷ്ട്രീയ മുദ്രാവാക്യങ്ങളിലുമെല്ലാം കുറച്ചു വര്‍ഷങ്ങളായി മുഴക്കപ്പെടുന്ന പദമാണ് 'മലബാര്‍.' പഴയ തിരുവിതാംകൂറും കൊച്ചിയും ആധുനിക കേരളത്തിന്റെ വികസന ഫണ്ടുകളും പദ്ധതികളും പങ്കുവെച്ചപ്പോള്‍ പഴയ മലബാര്‍ അവഗണിക്കപ്പെട്ടുവെന്ന തിരിച്ചറിവാണ് മലബാറിനെ വീണ്ടും സമരപദമാക്കിത്തീര്‍ത്തത്. മലബാര്‍ സംസ്ഥാനവും മലപ്പുറം ജില്ലാ വിഭജനവുമെല്ലാം അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ചര്‍ച്ചകളായിരുന്നു. മുസ്‌ലിം സമുദായത്തിനകത്തും അതിന്റെ മേല്‍നോട്ടത്തിലും ശക്തിപ്പെട്ടുവരുന്ന നവരാഷ്ട്രീയ വേദികളിലായിരുന്നു ഇത്തരം ആവശ്യങ്ങളധികവും ഉന്നയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ പാകിസ്താന്‍ വാദത്തിനും മലപ്പുറം ജില്ലാ വിഭജനത്തിനും ശേഷം മുസ്‌ലിംകള്‍ വീണ്ടും വിഘടനവാദം മുഴക്കുന്നുവെന്നാണ് അതിനോട് തീവ്രഹിന്ദുത്വ വാദികളും മൃദുഹിന്ദുത്വം ബാധിച്ചവരും പ്രതികരിച്ചത്. രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലുള്ള മുസ്‌ലിം ശാക്തീകരണം തീവ്രഹിന്ദുത്വവാദികളിലും മൃദുഹിന്ദുത്വരിലും ഉണ്ടാക്കുന്ന അസഹിഷ്ണുതയും ശത്രുതാ മനോഭാവവും സുന്ദരമായി ചിത്രീകരിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2014 ഫെബ്രുവരി 23) ടി.പി വേണുഗോപാല്‍ എഴുതിയ 'ജഗദീശ്വരാ ഫയര്‍ വര്‍ക്‌സ്' എന്ന കഥ. കഥയിലുടനീളം മലബാര്‍ എന്ന പദം പല സൂചകങ്ങളായി കടന്നുവരുന്നതോടൊപ്പം മലപ്പുറം ജില്ലാ വിഭജന ആവശ്യവും മലബാര്‍ സംസ്ഥാന വാദവുമെല്ലാം സംസാരവിഷയമാകുന്നു.
മൂന്ന് കഥാപാത്രങ്ങളാണ് പ്രധാനമായും കഥയിലുള്ളത്. ഒന്ന്, തീവ്രഹിന്ദുത്വവാദിയായ രഞ്ചന്‍. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് കടുത്ത അസഹിഷ്ണുതയുള്ള ഇയാള്‍ അവരെ സാധിക്കുന്നിടത്തെല്ലാം കായികമായിത്തന്നെ കൈകാര്യം ചെയ്യണമെന്ന വാദക്കാരനാണ്. മുസ്‌ലിമിന്റെ പേര് കേള്‍ക്കുന്നത് തന്നെ രഞ്ചന് അലര്‍ജിയാണ്. രഞ്ചന്റെ ഈ സ്വഭാവം വ്യക്തമാക്കാന്‍ കഥാകൃത്ത് പറയുന്ന ഒരു ഉദാഹരണമിവിടെ പകര്‍ത്തുന്നു. ''അമ്പലക്കുളം വൃത്തിയാക്കാന്‍ വന്ന കൂട്ടത്തിലെ ഒരു പാവം ഹിന്ദിക്കാരനെ നദീര്‍, നദീര്‍ എന്നു വിളിക്കുന്നതു കേട്ടപ്പോള്‍ ചാടിപ്പോയി കോളറിന് കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് തള്ളിയിട്ടവനാണ് രഞ്ചന്‍. പിന്നെയാണ് ആരോ പറഞ്ഞുകൊടുത്തത് പേര് നദീധര്‍. പക്കാ പരമശിവന്‍! തിരിച്ചുവിളിച്ച് രണ്ട് 'മാഫ്കരോ' പറഞ്ഞ് ദൈവദോഷത്തില്‍നിന്ന് മോചനം നേടിയെങ്കിലും ഊരും പേരും തിട്ടമില്ലാത്ത ഹിന്ദിക്കാരില്‍ അശുദ്ധക്കാരുണ്ടോ എന്നറിയാന്‍ ആവുന്ന ഭാഷയില്‍ സര്‍വരെയും പോലീസ് മുറയില്‍ ഭേദ്യം ചെയ്തുകൊണ്ടിരുന്നു, രഞ്ചന്‍.''
രണ്ടാമത്തെ കഥാപാത്രമായ, ജഗദീശ്വരാ ഫയര്‍ വര്‍ക്‌സ് എന്ന പടക്കക്കടയുടെ ഉടമ ജഗദീശ്വരന്റെ കാഴ്ചയിലൂടെയാണ് കഥ വികസിക്കുന്നത്. തികഞ്ഞ ഹിന്ദുമത വിശ്വാസിയായ ജഗദീശ്വരന്‍ രഞ്ചന്റെ പല തീവ്രനിലപാടുകളും പേടിയോടെയാണ് നോക്കിക്കാണുന്നതെങ്കിലും 'അങ്ങനെത്തന്നെയാണ് വേണ്ടതെന്ന്' പലപ്പോഴും അയാള്‍ മൗനമായി ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ഹിന്ദുമതവിശ്വാസികളില്‍ പോലും മുസ്‌ലിം ക്രിസ്ത്യന്‍ വിരോധവും അസഹിഷ്ണുതയും വളര്‍ന്നുവരുന്നുണ്ടെന്നും തീവ്രഹിന്ദുത്വം പല നിലക്കും അതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ജഗദീശ്വരനിലൂടെ നമുക്ക് വായിച്ചെടുക്കാം. മൂന്നാമത്തെ കഥാപാത്രമായ മുസ്‌ലിമിന് കഥയില്‍ പേരില്ല. 'മലബാര്‍ റൈസ് ആന്റ് ഫ്‌ളവര്‍ മില്ലി'ന്റെ നടത്തിപ്പുകാരന്‍ എന്ന നിലയിലും മറ്റനേകം അര്‍ഥസാധ്യതകള്‍ക്ക് ഇടം നല്‍കുന്ന വിധത്തിലും 'മലബാറുകാരന്‍' എന്നാണ് കഥയിലുടനീളം ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.
ജഗദീശ്വരന്റെ പടക്കക്കടക്ക് സമീപം മലബാറുകാരന്‍ ഫ്‌ളവര്‍ മില്‍ തുടങ്ങുന്നു. ഹിന്ദുക്കളടക്കം ജാതിമത ഭേദമെന്യേ ആളുകള്‍ അവിടെ ധാന്യം പൊടിക്കാന്‍ തിരക്കുകൂട്ടുന്നു. രഞ്ചന്‍ പരസ്യമായും ജഗദീശ്വരന്‍ മൗനമായും അയാളുടെ വളര്‍ച്ചയില്‍ അസൂയ പുലര്‍ത്തുന്നു. ''ന്ങ്ങള്‍ടെ പടക്കപ്പീട്യ ഉള്ളതോണ്ട് ബാക്കിയുള്ളോര്‌ടെ ചങ്ക് ടപ്ടപ്പാന്ന് അടിക്ക്വാണെന്നും ഒരു തീപ്പൊരി പാറിവീണ് നിങ്ങള്‍ടെ കട പൊട്ടിത്തെറിക്കുമ്പം മില്ലില്‍ പൊടിക്കാന്‍തന്ന് പുറത്ത് കാത്തുകെട്ടിനില്‍ക്കുന്ന ആള്‍ക്കാര്‌ടെ ദേഹത്തുവരെ തീക്കട്ടകള്‍ തെറിച്ചുവീഴാമെന്നും അതു ഭയന്ന് ആള്‍ക്കാര്‍ മില്ലിലേക്ക് വരാന്‍ മടിക്കുന്നു...' എന്നും മലബാറുകാരന്‍ ജഗദീശ്വരന്റെ മുഖത്തുനോക്കി പറഞ്ഞതോടെ എങ്ങനെയെങ്കിലും അയാളുടെ മില്ല് പൂട്ടിക്കണമെന്ന ലക്ഷ്യത്തിലേക്ക് ജഗദീശ്വരന്‍ എത്തുന്നു. മില്ലിനെതിരെ അയാള്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് പരാതി നല്‍കുന്നു. ''ന്ങ്ങ്‌ള് ഒന്ന് മൂള്യാ മതി. ഓന്റെ പന്നികൂടം തകര്‍ക്ക്ന്ന കാര്യം നമ്മളേറ്റ്'' എന്ന് രഞ്ചന്‍ പലവട്ടം അയാളോട് പറയുന്നുണ്ട്. പക്ഷേ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചാല്‍ തന്റെ കട കത്തിച്ചാമ്പലാവുമെന്ന ഭയം മൂലം ജഗദീശ്വരന്‍ അതിന് സമ്മതം മൂളുന്നില്ല. മലബാറുകാരന്‍ കാശിറക്കി കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ മറ്റെന്തെങ്കിലും പണി കൊടുക്കുകയായിരിക്കും നല്ലതെന്നും രഞ്ചന്‍ പറയുമ്പോള്‍ മുസ്‌ലിംകളുടെ വളര്‍ച്ചയോടുള്ള അയാളുടെ അസഹിഷ്ണുത മുഴുവനായും പുറത്തുവരുന്നു. ''...നമ്മള് ഏറിവന്നാല് പത്തോ നൂറോ ചുരുട്ടിപ്പിടിച്ച് നീട്ടും. മുക്കിത്തൂറ്യാല് അഞ്ഞൂറ്. അതിലപ്പുറം എറിയാന്‍ നമ്മള് മെനക്കെടൂല. പതിനായിരൂം ലക്ഷൂം കൊണ്ടാ മലബാറുകാരന്റെ കളി. പൊല്യൂഷന്‍കാരെന്താ മന്‍ഷന്‍മാരല്ലേ?
....അല്ലെങ്കിലും അവന്മാരുടെ കയ്മിലല്ലേ പണം കെടക്ക്ന്ന്......എവ്ട്ന്നാണ് പണം കുയിച്ചെട്ക്ക്ന്നതെന്നാണ് നമ്മക്ക് തിരിയാത്തെ. രാജാക്കന്മാര് രാജ്യം വെട്ടിപ്പിടിക്കുമ്പോലെ പണമെറിഞ്ഞ് ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ട്യാണ്. പെറ്റ്‌വീണ നാട്ട്ന്ന് കെട്ടിപ്പെറുക്കി പോകേണ്ടുന്ന ഗതികേടിലായി നമ്മള്. നാം രണ്ട്, നമ്മക്കൊന്ന് എന്ന് നമ്മള് പാടിനടന്നപ്പം, നാം രണ്ട് നമ്മക്ക് പന്ത്രണ്ട് എന്നവന്‍മാര് നടപ്പാക്കി. കല്യാണപ്രായം കൊറക്കാന്‍ സമരം ചെയ്യ്ന്നയ്‌ന്റെ ഗുട്ടന്‍സ് ആര്‍ക്കാ പിടികിട്ടാത്തെ! നേരത്തെ കാലത്തെ തൊടങ്ങ്യാല് തെരളല് വറ്റ്ന്നത്‌വരെ കൈയും കണക്കുമില്ലാതെ പെറ്റ് കൂട്ടാന്‍ പറ്റ്വല്ലോ. ഇനി ഒരു ജില്ല കൂടി വേണത്രെ! പോരാത്തയ്‌ന് തറവാട്ട് സ്വത്ത് പോലെ കൊണ്ടുനടക്കാന്‍ ഒരു സംസ്ഥാനൂം. പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്ന് കരഞ്ഞ് പറഞ്ഞപ്പം മുറിച്ച്‌കൊട്ത്തില്ലേ. എന്നാപ്പിന്നെ ബാക്കിയുള്ളോരെ മെനക്ക്ട്ത്താണ്ട് ആടപ്പോയി ജീവിക്ക്വോ മരിക്ക്വോ എന്തെങ്കിലും ചെയ്തൂടെ അയ്റ്റക്ക്...?''
നമ്മുടെ മതക്കാര്‍ക്ക് സംഘബോധമില്ലെന്നും നസ്രാണികള്‍ ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റുകയാണെന്നുമെല്ലാം പരാതി പറയുന്ന രഞ്ചന്‍ അതിനൊരുമ്പെട്ടിറങ്ങിയ ഒരു ഫാദറെ താന്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിടുകയും ചെയ്ത സന്ദര്‍ഭം ആവേശത്തോടെ ജഗദീശ്വരന് വിശദീകരിച്ചുകൊടുക്കുന്നുണ്ട്. രഞ്ചനെന്ന തീവ്രഹിന്ദുത്വവാദിയുടെ അസഹിഷ്ണുത നിറഞ്ഞ വര്‍ത്തമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം ജഗദീശ്വരനെന്ന സാധാരണ ഹിന്ദുവിശ്വാസി അത്തരമൊരാശയത്തോട് ചേര്‍ന്ന് പോകുന്നുവല്ലോ എന്നാണ് കഥ വായിച്ചപ്പോള്‍ മനസ്സിലുടക്കിയ വിഷയം. ഈഴവ സമുദായ വേദികളിലൂടെയും അമൃതാനന്ദമയി മഠം വഴിയും മോഡി കേരളത്തിലെത്തുമ്പോള്‍ വര്‍ധിച്ചുവരുന്ന ന്യൂനപക്ഷവിരുദ്ധതയും അസഹിഷ്ണുതയും വെറുമൊരു കഥയല്ലെന്ന് ഞെട്ടലോടെ നാം അനുഭവിച്ചറിയുന്നു.