Pages

Ads 468x60px

Showing posts with label വിമര്‍ശനം. Show all posts
Showing posts with label വിമര്‍ശനം. Show all posts

Tuesday, February 25, 2014

ആത്മീയ പ്രഭാഷകരുടെ ഭൗതിക വര്‍ത്തമാനങ്ങള്‍



         ഭൗതികതയുടെ മറുപക്ഷത്തെയാണ് മതം പ്രതിനിധീകരിക്കുന്നത്. ആത്മീയ ഭൗതിക വിമോചനത്തെ പരിചയപ്പെടുത്തിയ പ്രവാചക ദീനിനെ കുറിച്ചല്ല ഇപ്പറയുന്നത്. ആചാരാനുഷ്ഠാനങ്ങളെയും സ്വര്‍ഗനരകങ്ങളെയും കുറിച്ച് മാത്രം വാചാലമാകുന്ന മതമാണുദ്ദേശ്യം. ഭൗതികതയുടെ മാര്‍ഗവും ലക്ഷ്യവും ദുനിയാവാണെങ്കില്‍ മതം സംസാരിക്കുന്നത് ആഖിറത്തിനെ കുറിച്ചാണ്. രണ്ടും ജീവിക്കുന്നത് ഒരു ഭൂമിയിലായതിനാല്‍ പരസ്പര സ്വാധീനങ്ങള്‍ സ്വാഭാവികം. ആത്മീയ പ്രഭാഷകര്‍ക്ക് നമ്മുടെ മതമാര്‍ക്കറ്റില്‍ ഭൗതിക ഡിമാന്റ് വര്‍ധിക്കുന്നത് ഈ പരസ്പര സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ്. മലബാറിലെ പല ഗ്രാമങ്ങളിലും കാല്‍പ്പന്തുകളിക്കായി സജ്ജീകരിച്ച മൈതാനിയില്‍ സെവന്‍സ് ഫുട്‌ബോളിന്റെ ആരവമൊഴിഞ്ഞാല്‍ അവിടെ അരങ്ങേറുന്നത് ആത്മീയ പ്രഭാഷണങ്ങളാണ്. പലപ്പോഴും രണ്ടിന്റെയും സംഘാടകരും വളന്റിയര്‍മാരും ഒരേ ടീം തന്നെ. മുപ്പതിനായിരമോ അമ്പതിനായിരമോ മുന്‍കൂര്‍ പണമടച്ചാല്‍ തെക്ക് നിന്ന് നല്ല ഈണവും മുഴക്കവുമുള്ള ആത്മീയ പ്രഭാഷകരെത്തും. സംഘാടകര്‍ ആരായാലും അഡ്രസില്‍ ദീനീസ്ഥാപനത്തിന്റെയോ മഹല്ലിന്റെയോ പേരുണ്ടാകണമെന്ന് മാത്രം. പരലോകം പറഞ്ഞ് പേടിപ്പിച്ചും ചൊല്ലുന്ന സ്വലാത്തുകളുടെ ബര്‍കത്ത് പറഞ്ഞ് പ്രലോഭിപ്പിച്ചും ശ്രോതാക്കളില്‍ നിന്ന് എത്ര ലക്ഷം പിരിച്ചെടുക്കണമെന്ന ടാര്‍ഗറ്റ് ആദ്യം തന്നെ നിശ്ചയിക്കപ്പെടും. ക്വാട്ടക്കപ്പുറം സംഖ്യ പിരിഞ്ഞാല്‍ അതിലൊരു ശതമാനം പ്രഭാഷകന് അധികമായും ലഭിക്കും. ഒരു പങ്ക് സംഘാടകര്‍ക്കും ബാക്കിയുള്ളത് ദീനീ സ്ഥാപനങ്ങള്‍ക്കും അതിന്റെ നടത്തിപ്പുകാര്‍ക്കും.
        പ്രവാചക ജീവിതത്തിന്റെ ലാളിത്യത്തില്‍ തുടങ്ങി ദുനിയാവിന്റെ നശ്വരതയിലൂടെ പരലോക ശിക്ഷയുടെ പേടിപ്പെടുത്തലുകളില്‍ പ്രസംഗം മുറുകുമ്പോള്‍ സ്വിറാത്ത് പാലം കടക്കാന്‍ ബര്‍കാത്തക്കപ്പെട്ട സ്വലാത്തുകള്‍ പ്രഭാഷകന്‍ ഓഫര്‍ ചെയ്യുന്നു. മീസാനില്‍ കനം തൂങ്ങാന്‍ പ്രഖ്യാപിക്കുന്ന സംഭാവനയുടെ കനമനുസരിച്ച് സ്വലാത്തിന്റെ എണ്ണവും ദുആയുടെ ഇശലും ഈണവും വ്യത്യാസപ്പെടുന്നു. ഒടുവില്‍ പരിപാടിയവസാനിക്കുമ്പോള്‍ സംഘാടകരുടെ കണക്കു കൂട്ടലിനപ്പുറം സംഖ്യ പിരിയുന്നു. മഹല്ല് കമ്മിറ്റിയും ഉസ്താദുമാരും മുതഅല്ലിമീങ്ങളും വളണ്ടിയര്‍മാരും സംഘാടകരും പ്രഭാഷകനുമെല്ലാം പരിപാടിയുടെ റിസല്‍റ്റില്‍ ഹാപ്പി. ദീനും ദുനിയാവും ഇത്ര മനോഹരമായി ഒത്തുപോകുന്നയിടം  വേറെ ഏതുണ്ട്! സാമ്പത്തിക ബാധ്യതയില്‍ കലാശിക്കുന്ന ഫുട്‌ബോള്‍ മേള സംഘാടകരും മറ്റുള്ളവരുമെല്ലാം നഷ്ടം നികത്താന്‍ ആ വേദിയിലിപ്പോള്‍ ഇത്തരം ആത്മീയ പ്രഭാഷണങ്ങള്‍ നടത്താന്‍ തുടങ്ങിയിരിക്കുന്നു. മലബാറിലിപ്പോള്‍ തങ്ങളുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ് തെക്ക് നിന്ന് ഷാളും തൊപ്പിയുമണിഞ്ഞ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.
           തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പ്രഭാഷകന്‍ കളം മാറാന്‍ തയാറായപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ഓഫറുകളും ഈ വിഷയത്തോട് ചേര്‍ത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ പഴയ അനുയായികള്‍ തന്നെയാണ് കൂറുമാറാന്‍ പ്രഭാഷകന് ലഭിച്ച ഓഫറുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആദ്യം പ്രചരിപ്പിച്ചത്. ദിവസങ്ങള്‍ പിന്നിട്ടില്ല, കാലുമാറി പകുതി ദൂരം പിന്നിട്ട ടിയാന്‍ പഴയ ഈറ്റില്ലത്തേക്ക് തന്നെ തിരിച്ചു നടന്ന വാര്‍ത്ത വന്നു. ഒട്ടും വൈകാതെ പിന്‍നടത്തത്തിന് പ്രചോദനമായ ഞെട്ടിക്കുന്ന ഓഫറുകള്‍ മറുപക്ഷവും സോഷ്യല്‍ നെറ്റ്‌വര്‍കില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് തങ്ങള്‍ പ്രഖ്യാപിച്ച ഓഫറിനേക്കാള്‍ മികച്ചത് ലഭിച്ചപ്പോഴാണ് കൂറുമാറ്റം പൂര്‍ണമാവാതെ തിരിച്ചുപോയതെന്നാണ് അവര്‍ പറയാതെ പറഞ്ഞത്. ഇസ്‌ലാമെന്ന 'മതത്തെ' കേരളത്തില്‍ പ്രതിനിധീകരിക്കുന്ന രണ്ട് പ്രമുഖ മതസംഘടനകളുടെ അകത്തളത്തില്‍ നടന്ന വര്‍ത്തമാനമാണിത്. ആത്മീയതയും അവയുടെ സംഘടനാ രൂപങ്ങളും മികച്ച ഒരു തൊഴിലിടമാകുമ്പോള്‍ മതത്തെ ഒരു തൊഴിലുറപ്പ് പദ്ധതിയായി പ്രഖ്യാപിക്കാന്‍ ഇനിയുമെന്തിന് നാം അമാന്തിക്കണം.

Tuesday, December 31, 2013

പരിസ്ഥിതി സംരക്ഷണമെന്നത് ഒരു മതമൗലികവാദമാണ്‌

എരിയും ചൂട്ടുകളേന്തിത്താരകള്‍ 
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറികയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍ 
   വൈലോപ്പിള്ളി 



    കപട പരിസ്ഥിതിവാദമെന്ന വാക്ക് ഒരു ഇടതുപക്ഷ ശകാരമാണ്. മതമൗലികവാദികള്‍ക്കെതിരെയാണ് ആ തെറി പ്രയോഗം അവര്‍ സാധാരണ എടുത്തെറിയാറുള്ളത്. ആ പദശരീരഘടന ഒട്ടേറെ അവകാശവാദങ്ങളുടെ അര്‍ഥഗര്‍ഭം പേറുന്നുണ്ട്. പരിസ്ഥിതിയും മതവും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിക്കേണ്ട ദര്‍ശനങ്ങളാണെന്ന ധ്വനിയാണ് അതിലെ ആദ്യ വിവരക്കേട്. മതത്തെയും പരിസ്ഥിതിയെയും നിര്‍വചിക്കാനുള്ള പേറ്റന്റ് ജന്മാവകാശമായി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യവും അതിലടക്കം ചെയ്തിട്ടുണ്ട്. തങ്ങള്‍ ഒപ്പുവെച്ച് നല്‍കിയ 'ചുവന്ന ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ്' പ്രദര്‍ശിപ്പിക്കാത്ത പരിസ്ഥിതി ചര്‍ച്ചകളും സമരങ്ങളുമെല്ലാം കപടവും വ്യാജവുമാണെന്ന അന്തിമവിധി ഉണ്ടാകുന്നത് ഈ ജന്മിത്വ മാടമ്പി ബോധം അലങ്കാരമായി എടുത്തണിഞ്ഞത് കൊണ്ടാണ്.

     കാലാകാലങ്ങളില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ് അതതുകാലത്തെ കേരളത്തിന്റെ പരിസ്ഥിതി പാഠങ്ങള്‍ ! ആ പാഠാവലികള്‍ക്ക് പുറത്ത് പരിസ്ഥിതി അനുരാഗത്തിന്റെ വിത്തിറക്കുന്നവര്‍ വര്‍ഗവഞ്ചകരാണ്. വലതുപക്ഷ ബൂര്‍ഷ്വാസികളും മൂരാച്ചികളും പിന്തിരിപ്പന്മാരുമാണ്! നേരെ ചൊവ്വെ പറഞ്ഞാല്‍ പാര്‍ട്ടിക്ക് ബോധ്യപ്പെടാത്ത പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നവര്‍ കപട പരിസ്ഥിതിവാദികളാകുന്നു. അവര്‍ക്ക് നേതൃത്വം കൊടുക്കുന്നത് മതരാഷ്ട്രവാദികളാണ്. ആയതിനാല്‍ പരിസ്ഥിതി സംരക്ഷണമൊരു മതമൗലികവാദമാകുന്നു. അതിനാല്‍ തന്നെ അത് സംസ്ഥാനം നേരിടുന്ന തീവ്രവാദ ഭീഷണിയാണ്. കഴിഞ്ഞ ഭരണകാലത്ത് പാര്‍ട്ടി നടപ്പിലാക്കിയ പല 'പരിസ്ഥിതിസൗഹൃദ' വികസനങ്ങളും പോക്കറ്റ് വികസനം ലക്ഷ്യമിട്ടതും പരിസ്ഥിതി ചൂഷണം നിറഞ്ഞതുമായിരുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്നത് ഈ മതമൗലികവാദികള്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളാണ്. ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് അത് ഏറ്റു പിടിക്കുന്നത്. അതാരൊക്കെയാണെന്ന് പാര്‍ട്ടിക്ക് നല്ലവണ്ണം അറിയാം. അവര്‍ക്കെല്ലാം നല്ല നമസ്‌കാരം നേരുന്നു.

    കേരളത്തിന്റെ കാടുകളെയും മലകളെയും പുഴകളെയും കടലിനെയും പൂഴിയെയും ഖനിജങ്ങളെയും ഈ മതമൗലികവാദ ഒളിയജണ്ടകളുടെ വര്‍ഗീയ നീരാളിക്കൈകളില്‍ നിന്ന് മോചിപ്പിച്ച് അതിന്റെ 'യഥാര്‍ഥ അവകാശികള്‍ക്ക്' ഏല്‍പ്പിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടിക്ക് കേരളീയ സമൂഹത്തോട് ആവശ്യപ്പെടാനുള്ളത്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന വിപ്ലവ കവിവാക്യത്തെ നെഞ്ചേറ്റി, കരിമണല്‍ അത് ഊറ്റാന്‍ ശേഷിയുള്ളവര്‍ക്കും, ഖനിജങ്ങള്‍ ഖനനം ചെയ്യാന്‍ കോപ്പുള്ളവര്‍ക്കും, മലകളും പാറമടകളും അത് തുരക്കാന്‍ കെല്‍പുള്ളവര്‍ക്കും സ്വന്തമാകുന്ന ഒരു നല്ല കാലത്തിന് വേണ്ടിയാണ് പാര്‍ട്ടി പണിയെടുക്കുന്നത്. ആ ലക്ഷ്യം നിറവേറ്റുന്നതിന് ഇടതു-വലതു പക്ഷ ഭേദമന്യെ ബഹുജനങ്ങളെ അണിനിരത്തുകയെന്നത് പാര്‍ട്ടിയുടെ ബാധ്യതയാണ്. ക്വാറി -ഖനിജ വ്യവസായികളും റിസോര്‍ട്ട് മുതലാളിമാരും കൈയേറ്റ കര്‍ഷകരും പള്ളിയും പട്ടക്കാരും മാണിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നതാണല്ലോ ബഹുജനം. അതുകൊണ്ട് വിപ്ലവം അരമനയിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ആരംഭിച്ച് റിസോര്‍ട്ടിലെ അത്താഴത്തിനു ശേഷം സുഖനിദ്ര പ്രാപിക്കുന്നതാണ്. വോട്ടുബാങ്ക് ജനാധിപത്യ രാജ്യത്ത് വിപ്ലവം വരുന്ന വഴി ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയാത്തവരാരോ അവരാണ് കുലംകുത്തികള്‍ . അവര്‍ക്ക് എന്നന്നേക്കുമായി ലാല്‍ സലാം. 


Monday, October 8, 2012

ചില 'മാധ്യമ' നിരൂപണങ്ങള്‍


സെഞ്ചറിയും അര്‍ദ്ധ സെഞ്ചറിയുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പിന്നിട്ട മുഖ്യധാരാപത്രങ്ങള്‍ക്കിടയിലാണ് മാധ്യമം  25   തികക്കുന്നത്.മാധ്യമം 25 ദിവസം മുന്നോട്ടു പോകില്ലെന്ന് ശകുനം ഗണിച്ചു പ്രവചനം നടത്തിയ മതേതര ജ്യോത്സ്യന്മാര്‍ ഇന്നും മാധ്യമത്തിന്റെ ജാതകമെഴുത്തുമായി കവടിനിരത്തികൊണ്ടിരിക്കുന്നു. ഗര്‍ഭത്തിലെ അലസിപ്പോകുമെന്നു കരുതിയ ചാപിള്ള യൌവ്വനത്തിന്റെ കരുത്തും ഉശിരുമായി കേരളത്തിന്റെ നടുമുറ്റത്ത്‌   നിവര്‍ന്നു നിന്ന് നിലപാട് പ്രഖ്യാപിക്കുമ്പോള്‍ ,ആശയവാര്‍ധക്യത്താല്‍ തല നരച്ചവരുടെ ഗവേഷണങ്ങള്‍ ഒടുവില്‍ ഇന്റലക്ച്യല്‍ ജിഹാദിലൊടുങ്ങിയിരിക്കുന്നു .ഒരു പത്രത്തിന്റെ വളര്‍ച്ചയില്‍ അത് ഏറെ കടപ്പെട്ടു നില്‍ക്കുന്നതില്‍ ഒരു വിഭാഗം അതിന്റെ വിമര്‍ശകരോടാണ് .മാധ്യമം നേരിട്ട് അനുഭവിക്കാത്തവര്‍ക്ക് മുന്‍പില്‍ അതിനെ പരിചയപ്പെടുത്തുന്നത് അതിന്റെ വിമര്‍ശകരാണ് .പിന്നെ പോസിറ്റീവായ വിമര്‍ശനങ്ങള്‍ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്യും.ആ നിലക്ക് മാധ്യമം അതിന്റെ വിമര്‍ശകരോട് ഏറെ കടപ്പെട്ടിരിക്കുന്നു .  25 വാര്‍ഷികത്തില്‍ കേരളീയ  സമൂഹത്തിനു മാധ്യമം നല്‍കിയ സംഭാവന ഗൌരവമായി  വിലയിരുത്തേണ്ടിയിരിക്കുന്നു .വീഴ്ചകളും പോരായ്മകളും തിരുത്തി മുന്നോട്ട് പോകാന്‍ അതാവശ്യമാണ് .

എഴുത്തും ആക്റ്റിവിസവും രണ്ടായിരുന്ന കാലത്ത് ആക്റ്റിവിസ്റ്റുകളെ എഴുത്തുക്കാരായും ,എഴുത്തുക്കാരെ ആക്റ്റിവിസ്റ്റുകളായും മാറ്റിയെടുക്കാന്‍ മാധ്യമത്തിനു സാധിച്ചുവെന്നതാണ് അത് കേരളീയ സമൂഹത്തിനു നല്‍കിയ മികച്ച സംഭാവനകളില്‍  ഒന്ന് എന്നാണ് എന്റെ വിലയിരുത്തല്‍  .മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും കെട്ടും മട്ടും എഴുത്തുക്കാരെയും വിലയിരുത്തിയ ശേഷം ,മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മാതൃഭൂമിയുടെ മാറ്റം നിരീക്ഷിച്ചാല്‍ ഈ മാധ്യമ സ്വാധീനം കാണാം. .ഈ വിഷയം ഗഹനമായ പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്താല്‍ നന്നായിരിക്കും .
.കേരളീയ പരിസരത്ത് പുതിയ സമരങ്ങള്‍ ഉയര്‍ത്താനും മുഖ്യധാര പത്രങ്ങള്‍ ശ്രദ്ധിക്കാതെ അരികിലേക്ക് തള്ളി മാറ്റിയ സമരങ്ങളെ പ്രൊജക്റ്റ്‌ ചെയ്യാനും  മാധ്യമത്തിനു സാധിച്ചു..ദളിത് - കീഴാള വായനകള്‍ക്ക് ശക്തി പകരാനും അവരുടെ ആക്ട്ടിവിസ്ട്ടുകളെ എഴുത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും മാധ്യമം ശ്രദ്ധിച്ചിട്ടുണ്ട് .ഇത് മാധ്യമത്തിന്റെ ഔദാര്യമല്ല.മറിച്ചു ഉത്തരവാദിത്തവും ബാധ്യതയുമായാണ്  വിലയിരുത്തേണ്ടത് .പുതിയ കാലത്ത് മാധ്യമത്തിന്റെ ഈ സ്വയം അവകാശവാദത്തില്‍ നിന്ന് അകലുന്നുണ്ടോ എന്ന് എന്ന വിലയിരുത്തലും നല്ലതാണു .25 വാര്‍ഷി കത്തോടനുബന്ധിച്ചു  ആഘോഷപൂര്‍വ്വം പുറത്തിറക്കിയ സപ്പ്ലിമെന്റില്‍ ഒരു ദളിത് എഴുത്തുക്കാരനും ഇടം പിടിക്കാതെ പോയത് ഗുരുതരമായ 'മാധ്യമ ' അപരാധമായി തന്നെ വേണം അടയാളപ്പെടുത്താന്‍ .

ദളിത്-മുസ്ലിം- ആദിവാസി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വിഷയത്തിലുള്ള കൃത്യമായ ഇടപ്പെടല്‍, മനുഷ്യാവകാശ -പരിസ്ഥിതി പ്രശ്നങ്ങളിലെ ധീരമായ നിലപാട് ,പോലീസും ഭരണക്കൂടവും നല്‍കുന്ന തീവ്രവാദ-ഭീകരവാദ വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം,എല്ലാ വിഭാഗങ്ങള്‍ക്കും ഇടം നല്‍കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ,ഇടതു വലതു പക്ഷത്തോട് അമിതവിധേയത്യമില്ലായ്മ, വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യം,സാംസ്ക്കാരിക ജീര്‍ണ്ണതകളും അശ്ലീലതയും പടിക്ക് പുറത്തു നിര്‍ത്തുന്ന  'യഥാസ്തികത' ,പുതിയകാല സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഉണര്‍ന്നു നില്‍ക്കുന്ന ജാഗ്രത ,ഗൌരവ മലയാളി  വായനക്കാര്‍ക്ക്‌ ഒഴിവാക്കാനാവാത്ത നിലപാട് പേജിലെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും. . . ഇങ്ങനെ നീണ്ടു പോകുന്നു മാധ്യമത്തിന്റെ വായന ഉറപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ . ഇവ എന്ന് ചോര്‍ന്നു പോകുന്നുവോ അന്ന്  മാധ്യമം അനിവാര്യമല്ലാതാവുമെന്നു വിശ്യസിക്കാനാണ് എനിക്കിഷ്ട്ടം .

ഏതൊരു പത്രം പോലെയും മാധ്യമത്തിനും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് .പോരായ്മകളും ഒരു പാടുണ്ട്.ഇവ രണ്ടും നിലപാടിലടക്കം പലപ്പോഴും പ്രതിഫലിച്ചിട്ടുമുണ്ട് . അമിതമായ ഇടതുപക്ഷ ചായവ് ചിലപ്പോഴെങ്കിലും പരിധി വിട്ടിട്ടുണ്ട് . പിണറായി -വിഎസ് പോരില്‍ വിഎസിന് വേണ്ടി ഒരു സ്പെഷല്‍ റിപ്പോര്‍ട്ടര്‍ മാധ്യമത്തെ വല്ലാതെ ഉപയോഗിച്ചത് വായനാനുഭവമാണ്.മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയോട് പരിധിയില്‍ കവിഞ്ഞ അനീതി കാണിച്ചോ എന്നതും ആലോചിക്കേണ്ടതാണ് . മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം ആര്‍ക്കു വേണ്ടി ആര്‍ തീരുമാനിക്കുന്നൂവെന്ന പലരും പലപ്പോഴായി പങ്കുവെച്ച   ചോദ്യമാണ്.അതുയര്‍ത്തിയ സംശയങ്ങളില്‍ പൂര്‍ണ്ണമായും അങ്കലാപ്പില്ലെങ്കിലും ഭാഗികമായി  അതില്‍ ശരിയുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് .

  ദളിത് എഴുതുക്കാര്‍ക്ക് മാന്യമായ ഇടം നല്‍കിയ മാധ്യമം സമുദായത്തിലെ എഴുത്തുക്കാര്‍ക്കും സര്‍ഗപ്രതിഭകള്‍ക്കും വേണ്ടത്ര പരിഗണന ഇന്ന് വരെ നല്‍കിയിട്ടില്ല എന്നത് പച്ചയായ സത്യമാണ്.ഒരു തരം അമിതമായ  മതേതര അപകര്‍ഷതാബോധം മാധ്യമത്തെ ഈ വിഷയത്തില്‍ പിടികൂടിയിട്ടുണ്ട്.ഇത് വെറും വര്‍ത്തമാനമല്ല .മുസ്ലിം സമൂഹമാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കുന്ന മലയാളിവിഭാഗം.പുതിയ  എഴുത്തുക്കാരും അവരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.കഥയും കവിതയും എഴുതുന്നവരെല്ലാം സമുദായത്തിലെ പുതിയ തലമുറയില്‍ സജീവമാണ്.പക്ഷെ ഈ പ്രതിഫലനം  മാധ്യമത്തില്‍ വേണ്ടത്ര കാണാനില്ല .. എന്നാല്‍ മാതൃഭൂമി അടക്കമുള്ള മതേതര ആഴ്ചപ്പതിപ്പിലെ പുതിയ എഴുത്തുക്കാര്‍ക്കുള്ള ഇടത്തില്‍ തൊപ്പിയിട്ട ഫോട്ടോ വെച്ച് കൊണ്ട് തന്നെ ഇവരുടെ രചനകള്‍ കാണാം.മിക്ക ആഴ്ചയും സമുദായത്തിലെ പുതിയ തലമുറയുടെ ഒരു രചനയെങ്കിലും ഒരു മതേതര പ്രസിദ്ധീകരണത്തില്‍ വരുന്നുണ്ട് .മാധ്യമത്തില്‍ പക്ഷേ ഈ സമുദായവളര്‍ച്ച  കാണാന്‍ കഴിയില്ല.ഈ വിഷയത്തിലെ ഒരു തമാശ പങ്കു വെക്കേണ്ടതാണ് എന്ന് തോന്നുന്നു . ഒരു ഇസ്ലാമിയ കോളേജിലെ നന്നായി കവിത എഴുതുന്ന വിദ്യാര്‍ഥി അധ്യാപകരുടെ നിരന്തര ആവശ്യപ്രകാരം കവിത മാധ്യമം ആഴ്ച്ചപ്പതിപ്പിലേക്ക് അയച്ചു.സ്വാഭാവികം,  പ്രസിദ്ധീകരിച്ചില്ല .തുടര്‍ന്നും നിരന്തരം അയക്കാനുള്ള പ്രോത്സാഹനം നിമിത്തം അവന്‍ അയച്ചു കൊണ്ടേയിരുന്നു  .ഒടുവില്‍ അവന്‍ പരിപാടി മടുത്തുനിര്‍ത്തി.അപ്പോഴാണ് നാട്ടിലെ  അല്‍പ്പം വായനയുള്ള ഒരു കൂട്ടുക്കാരന്‍ പേര് മാറ്റി അയക്കാന്‍ പറഞ്ഞത്.അങ്ങനെ ആദ്യം അയച്ച കവിത ഒരമുസ്ലിം പേരില്‍  വീണ്ടും  അയച്ചു.അത് മാധ്യമം  വള്ളിപുള്ളി വ്യത്യസമില്ലാതെ പ്രസിദ്ധീകരിച്ചു എന്നാണ് കഥ. ഇതില്‍ ഒരു പക്ഷെ യഥാര്‍ത്യമുണ്ടാവില്ല.പക്ഷേ അങ്ങനെ ഒരു കഥ   കെട്ടി ചമയ്ക്കാന്‍  ഇട വന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെട്ടതെങ്ങനെ എന്നത് ചിന്തനീയമാണ്.

  നേടിയ നേട്ടങ്ങളെയല്ല,പറ്റി പോയ വീഴ്ചകള്‍ തിരുത്താനുള്ള സമയമാവട്ടെ 25 ന്റെ ഈ വാര്‍ഷികാഘോഷങ്ങള്‍ .ആശയ വാര്‍ധക്യത്തില്‍ മുത്തശി പ്രായത്തിലെത്തിയ മുഖ്യധാരാ പത്രങ്ങള്‍ വിജയിപ്പിചെടുത്ത ബിസിനസ് ഫോര്‍മുല പയറ്റാന്‍ ഒരു മാധ്യമം ആവശ്യമില്ല.ഇടക്കാലത്ത് ചില ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍  പയറ്റിയത് ഈ മുഖ്യധാര ഫോര്‍മുലയല്ലേ  എന്ന് സംശയം.?ഏതായാലും ഒരു മാധ്യമം ഇല്ലായിരുന്നൂവെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്റെ മുന്നില്‍ ഇവയെല്ലാം പൊറുക്കപ്പെടാവുന്ന വീഴ്ച്ചകളായി ചുരുക്കി കാണാനാണ് എനിക്കിഷ്ട്ടം.പുതിയ കാല വായനയുമായി സധീരം മുന്നോട്ടു പോവാന്‍ മാധ്യമത്തിനാവട്ടെ എന്ന് ആശംസിക്കുന്നു .

Friday, May 4, 2012

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?





ആദ്യത്തെ ഫെമിനിസ്റ്റു ആരാണ് ?
  രാവിലെ തന്നെ നോവല്‍ വായിക്കാനിരുന്ന നല്ല പാതിയായ കൂട്ടുകാരിയോടു വെറുതെ ഒരു ചോദ്യം പങ്കു വെച്ചതാണ് .
ഹവ്വയാണ് ആദ്യ ഫെമിനിസ്റ്റു ...
ഒരു നിമിഷം പോലും പഴാക്കാത്ത അവളുടെ മറുപടി കേട്ട് ഞാന്‍ കണ്ണ് മിഴിച്ചു.
വാ പൊളിച്ചു നില്‍ക്കുന്ന എന്റെ കോലം കണ്ടവള്‍ അകത്തെ ചിരി പുറത്തേക്കു സുദീര്‍ഘമായി പൊഴിച്ച്.പിന്നെ കാരണം വളരെ സരസമായി അവതരിപ്പിച്ചു തുടങ്ങി.
'നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം.....?
മനസ്സിലാകായ്മ പ്രകടിപ്പിക്കുന്നതിനിടയില്‍ തുറന്നു വെച്ച വായ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സാ ഉറപ്പു വരുത്തി.
ഭവതി വിശദീകരിച്ചു തുടങ്ങി .....
' മേധാവിത്യവും തീരുമാനധികാരവും ആണുങ്ങളുടെ ജന്മാവകാശമാണെന്നാണല്ലോ ഭൂമിയില്‍ മനുഷ്യന്‍ സ്ഥിരവാസമുറപ്പിച്ചത് മുതലുള്ള നിങ്ങളുടെ കുടികിടപ്പ് പ്രമാണം .....
അറിയാതെ വീണ്ടും എന്റെ വാ തുറന്നു പോയി .
' ഈ ആണ്‍ കോയ്മയെ ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ ഞങ്ങളുടെ പ്രതിനിധി ചെറുത്തു തോല്‍പ്പിച്ചിരുന്നു .....
 അവളുടെ കണ്ണിലെ തീക്ഷണതയും കൈ കാലുകളുടെ ഭാഷയുടെ വ്യാകരണവും മാറുന്നത് കണ്ടു എന്റെ ചെവിമാത്രം അവള്‍ക്കു കൊടുത്തു ഞാനല്‍പ്പം പിറകോട്ടു മാറി .
' സ്വര്‍ഗീയ പഴം തിന്നരുതെന്നു ദൈവ കല്‍പ്പന പാവം ആദം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചു.ഹവ്വയോടവന്‍ ഇടയ്ക്കിടെ അതോര്‍മ്മപ്പെടുത്തുകയും ചെയ്തു .നിരന്തരമുള്ള ആദമിന്റെ ഈ ഉപദേശം ചിലപ്പോള്‍ കല്പ്പനയോളം എത്തി.തന്റെ അസ്ടിത്യത്തെ ആദം വക വെച്ച് തരുന്നില്ലെന്ന് ഹവ്വ തിരിച്ചറിഞ്ഞു .ഈ പുരുഷാധിപത്യത്തെ മറിച്ചിടാന്‍ അവള്‍ തീരുമാനിച്ചു......
ഇത്രയും പറഞ്ഞു അവള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അല്‍പ്പം നിര്‍ത്തി. രണ്ടു മൂന്ന് ശ്യാസം അധികമെടുത്തവള്‍ തുടര്‍ന്നു.
....തീരുമാനാധികാരം പെണ്ണിനും കഴിയുമെന്ന് ഹവ്വ തെളിയിച്ചു . ആണൊരുത്തനായ ആദമിനെ കൊണ്ട് പഴം തീറ്റിക്കുന്നത് അങ്ങനെയാണ്. പുരുഷാധിപത്യത്തിന്റെ മുള പൊട്ടല്‍  പെണ്ണുണര്‍വിന്റെ തിരിച്ചടിയില്‍ തകര്‍ന്നു തരിപ്പണമായി .ഇങ്ങനെയാണ് ഹവ്വ ആദ്യ ഫെമിനിസ്റ്റായത്.
ഇത്രയും പറഞ്ഞവള്‍ ക്ഷീണിച്ചു കസേരയില്‍ ചാഞ്ഞിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അടുക്കളയിലേക്കു വെച്ചടിച്ചു .
ആദി പാപത്തിന്റെ ബൈബിള്‍ സ്റ്റോറി പൊടിച്ചു ചേര്‍ത്ത് അവളുണ്ടാക്കിയ ഫെമിനിസ്റ്റു റൂട്ട് വേ മിട്ടായി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഞാനങ്ങനെ തന്നെ നിന്നു പോയി.
തരിപ്പ് വിട്ടപ്പോഴാണ് ഭവതി അടുക്കളയിലെത്തിയത്‌ അറിഞ്ഞത്.
പുസ്തകം കയ്യില്‍ നിന്നും വെക്കാതെ ചായപ്പൊടി തപ്പുകയാണവള്‍ . ഞാന്‍ അവളുടെ കയ്യിലുള്ള സാറജോസഫിന്റെ ആലാഹയുടെ പെണ്‍മക്കളിലേക്ക് തുറിച്ചു നോക്കി.
എന്റെ ആണ്‍ നോട്ടം ഇഷ്ട്ടപ്പെടാതെ അവള്‍ അടുക്കള ബഹിഷ്ക്കരിച്ചു പൂമുഖത്ത് കസേരയില്‍ വന്നിരുന്നു വായന തുടര്‍ന്നു.
കൂടുതല്‍ അലമ്പിനൊന്നും പോവാതെ ഗ്യാസ് സ്റ്റൌവില്‍ ഞാനൊരു ചായക്ക് തീ കൊളുത്തി.
ചായ തിളക്കുന്നതിനിടയില്‍ എന്റെ തലയും തിളച്ചു.
ഏതോ ഒരു സ്ത്രീ വിരുദ്ധന്‍ എഴുതി വിട്ട ലേഖനത്തിന്റെ തലക്കെട്ടാണ് ഓര്‍മ്മ വന്നത്. പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ? 
ചോദ്യം അതിര് കടന്നതാണ് .എങ്കിലും ഭവതിയോടു ചോദിച്ചാലോ ?
ചായ തിളച്ചു മറിഞ്ഞു.
രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഒന്ന് ഭവതിക്കു കൊടുക്കാന്‍ മുന്നോട്ടു നടന്നക്കുമ്പോഴാണ് ചിന്ത പിറകോട്ടു പോയത്.
കിടപ്പറ ബഹിഷ്ക്കരിക്കാന്‍ ആഹ്യാനം ചെയ്ത മഹതിക്ക്‌ നോബല്‍ പ്രൈസ് കിട്ടിയ കാലമാണ്. വെറുതെ റിസ്ക്ക് എടുക്കണോ ?
മനസ്സിലുള്ള കയ്പ്പ് ചവച്ചരച്ചു ഞാന്‍ പുഞ്ചിരിയോടെ മധുരമുള്ള ചായ വായനക്കാരിക്ക് നല്‍കി .
കടുപ്പം കൂടുതല്‍ ചായക്കോ അവള്‍ക്കോ?
രണ്ടിറക്ക്‌ കുടിച്ചു അവളെന്നെ പാളി നോക്കി.
   പിന്നെയൊന്ന് ചിരിച്ചു .
ഹാവൂ ...സമാധാനമായി .
നോബല്‍ സമ്മാനം നേടാനുള്ള ശ്രമം അവള്‍ തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നു എന്ന സമാധാനത്തോടെ ഞാന്‍ ഗ്ലാസ്‌ തിരികെ വെക്കാന്‍ അടുക്കളയിലേക്കു പോയി .



Tuesday, April 17, 2012

മതതൊഴിലിടങ്ങളിലെ മിനിമം കൂലിയെത്രയാണ് ?




രോഗാതുരമായ മലയാളി ജീവിതത്തിന്റെ നിത്യസന്ദര്‍ഷകാലയമാണ് ഹോസ്പിറ്റലുകള്‍ .മനം പുരട്ടുന്ന മരുന്ന് മണങ്ങള്‍ക്കിടയില്‍ മനം കുളിര്‍പ്പിക്കുന്ന വിധം സദാ പുഞ്ചിരിച്ചു കൊണ്ട് മാത്രം പ്രത്യക്ഷപ്പെടുന്ന നഴ്സുമാര്‍ ഇത്രയും കാലം ഉള്ളിലൊതുക്കിയ ദുരിതക്കനല്‍ പുറത്തേക്കു വന്നത് ഈയിടെയാണ് .മിനിമം വേതനത്തിനും മറ്റു തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ആതുരാലയങ്ങളിലെ തൂവെള്ള വസ്ത്രധാരികളായ മാലാഖമാരുടെ സമരം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല .ട്രേഡ് യൂണിയനുകളുടെ സ്വന്തം നാടായ കേരളത്തില്‍ ഈ അനീതി ഇത്രയും കാലം എങ്ങനെ തുടര്‍ന്നൂവെന്നു  ചില എഴുത്ത് ജീവികള്‍ ചാനലില്‍ നിര്‍ത്താതെ ചര്‍ദ്ധിക്കുന്നത് കണ്ടു.ഞങ്ങളിത് നേരത്തെ അറിഞ്ഞിരുന്നൂവെങ്കില്‍ പരിഹരിച്ചു തന്നേനെ എന്നാണ് അവരുടെ ശരീര ഭാഷ കണ്ടാല്‍ തോന്നുക.ഞങ്ങളിവിടെ ജീവിച്ചിരിക്കെ, ചാനലുകള്‍ 24 മണിക്കൂറും കണ്ണ് തുറന്നിരിക്കെ ഇത് അസംഭവ്യം എന്നാണ് ധ്യനി.മതക്കാരും മതേതരവാദികളും പങ്കിട്ടെടുത്ത കേരളത്തിലെ  തൊഴിലിടങ്ങളില്‍ മിനിമം കൂലിയും മറ്റു തൊഴില്‍ ആനുകൂല്യങ്ങളും ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത  എത്രയോ  തൊഴിലാളികള്‍ ഇനിയുമുണ്ട്.വോട്ടു ബേങ്കിന്റെ ഐഡന്റിറ്റി കാര്‍ഡില്ലാത്ത ഇവരുടെ പരിഭവങ്ങള്‍ ആരു കേള്‍ക്കാന്‍ ?അവരുയര്‍ത്തുന്ന വിയര്‍പ്പിന്റെ മണമുള്ള ചോദ്യങ്ങള്‍ ഒരു അരിവാള്‍ ചിഹ്നം പോലെ ഏറ്റെടുക്കാനാളില്ലാതെ തെരുവില്‍ ഇപ്പോഴും തൂങ്ങി കിടപ്പുണ്ട് .സഖാക്കളേ ആരുണ്ടിവിടെ ?അവരുടെയൊക്കെ മുതലാളിമാര്‍ ദുനിയാവിലെ മാത്രം ലാഭം മോഹിക്കുന്ന മതേതരക്കാരും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കപട മതവാദികളും ആയതു കൊണ്ട് അതിവിടെ മുഖ്യവിഷയമാക്കുന്നില്ല .
ആത്മാര്‍ത്ഥമായ  മതസ്നേഹത്തിലും ദൈവിക പ്രതിഫലേച്ചയിലും പടുത്തുയര്‍ത്തിയ കാക്കതൊള്ളായിരം സ്ഥാപനങ്ങളുണ്ട് ഈ കൊച്ചു കേരളത്തില്‍.പള്ളിയും പള്ളിക്കൂടവും മുതല്‍ യൂണിവേഴ്സിറ്റി നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അവയിലേറെയും.അനുബന്ധ മേഖലകള്‍ വേറെയും.ഇത്തരം ഒന്നിലധികം മത വിദ്യാലയങ്ങളോ ആരാധനാകേന്ദ്രങ്ങളോ  ഇല്ലാത്ത ഒരു കുഗ്രാമം പോലും കേരളത്തിലില്ല.അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ദൈവനിഷേധികളായ കമ്മ്യൂനിസ്റ്റുകാര്‍ക്കു  ഭരണം നല്‍കുന്ന ,പൊതു ഇടങ്ങളില്‍ മതേതരക്കാരനാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിയും ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇവിടങ്ങളില്‍ കയറിയിറങ്ങുന്നുണ്ട്‌.കണക്കെടുത്താല്‍ പത്തു ലക്ഷത്തിലേറെ വരും ഈ സര്‍ക്കാര്‍ സഹായമില്ലാതെ നടത്തുന്ന ഇത്തരം മതസ്ഥാപനങ്ങളില്‍  പണിയെടുക്കുന്നവര്‍.
വിയര്‍പ്പു വറ്റുന്നതിനു മുന്‍പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന് പഠിപ്പിച്ചത് മാര്‍ക്സല്ല,പ്രവാചകന്‍ മുഹമ്മദാണ്.ആ മനുഷ്യ സ്നേഹിയുടെ മതദര്‍ശനത്തിന്റെ   ഏറ്റവും പരിശുദ്ധമായ ഇടമാണ് മസ്ജിദുകള്‍.കേവലം 2000 രൂപ മുതല്‍ 6000 വരെയാണ് ഒരു പള്ളി തൊഴിലാളിക്ക്  ശരാശരി ശമ്പളം  ('തൊഴിലാളി' പ്രയോഗം ബോധപൂര്‍വമാണ്.പല പള്ളികമ്മിറ്റികളുടെയും സമീപനവും അങ്ങനെ തന്നെയാണ്.) അതിജാഗ്രതയോടെ നിര്‍വഹിക്കേണ്ട ഒരു നിമിഷം പോലും തെറ്റാന്‍ പാടില്ലാത്ത അഞ്ചു നേരത്തെ ബാങ്കുവിളി മുതല്‍ ഇമാമത്തും(നമസ്കാര നേത്രത്യം),മദ്രസകളെന്ന മതപാഠശാലയിലെ അധ്യാപനവും ,ഇരു നിലയും അതിലപ്പുറവുമുള്ള പള്ളിയുടെ ക്ലീനിങ്ങും ഉള്‍പ്പെടെയുള്ള ജോലിക്കാണ് ഈ വേതനമെന്നു ഓര്‍ക്കുക.(എല്ലാത്തിനും  അപവാദങ്ങളായ ചില മസ്ജിദുകള്‍ ഉണ്ടെന്നു മറക്കുന്നില്ല.)മിക്ക പള്ളി ജീവനക്കാരും രാത്രിയടക്കം ഡ്യൂട്ടിയുള്ള മുഴുസമയ തൊഴിലാളികളാണ് .ആഴചയില്‍ ഒരിക്കല്‍ മാത്രമാണവരുടെ ലീവ്.അത് തന്നെ കമ്മിറ്റിക്കാരുടെ ഔദാര്യത്തില്‍ മാത്രം .ഇപ്പറഞ്ഞത്‌ പള്ളി മദ്രസകളുടെ കാര്യം മാത്രം .മത സംഘടനാനേതാക്കളുടെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , അറബി കോളേജുകള്‍ ,ഉന്നത മതപഠന കേന്ദ്രങ്ങളായ ജാമിഅകളില്‍ ജോലി ചെയ്യുന്നവര്‍ വരെ മിനിമം വേതനവും മറ്റു ആനുകൂല്യങ്ങളും അനുഭവിക്കാന്‍ യോഗമില്ലാത്ത ഹതഭാഗ്യരാണ്.മതേതര സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഈ നിയമങ്ങളൊന്നും മത തൊഴിലിടങ്ങളില്‍ വേണ്ടെന്ന വിഷയത്തില്‍ മലയാളികള്‍ക്ക് ഏകാഭിപ്രയമാണെന്നു തോന്നുന്നു .ആരാണ് ഇനി ഇവര്‍ക്ക് വേണ്ടി സംസാരിക്കുക? പത്തു മിനിട്ട് ചര്‍ച്ചയിലെ പങ്കാളിത്തത്തിനു ആയിരങ്ങള്‍ കൂലി വാങ്ങുന്ന  ചാനല്‍ ബുദ്ധിജീവികള്‍ തയ്യാറുണ്ടോ? മതേതരക്കാരുടെ ഇടമല്ലാത്തതിനാല്‍ അവരെ പ്രതീക്ഷിക്കാന്‍ വയ്യ.മതം വോട്ടുബാങ്കായതിനാല്‍  രാഷ്ട്രീയക്കാരും അനങ്ങില്ല.പിന്നെ ആകെ പ്രതീക്ഷ മതത്തിന്റെ ഉള്ളില്‍ നിന്ന് തന്നെയാണ്.മതം ചൂഷണ വ്യവസ്ഥയല്ലെന്നു തെളിയിക്കേണ്ട പ്രഥമ ബാധ്യത അവര്‍ക്ക് തന്നെയാണല്ലോ?മത പണ്ഡിതരെ, വിശ്യസികളെ നിങ്ങളതിന് തയ്യാറുണ്ടോ? സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് സോളിഡാരിറ്റി  പ്രഖ്യാപിക്കുന്ന ഒരു യുവജന സംഘടനയുടെ പ്രകടനം കണ്ടിരുന്നു .ആ നഴ്സുമാര്‍ അനുഭവിക്കുന്ന അതേ പ്രശ്നങ്ങള്‍ അതിലും ഭീകരമായി വേട്ടയാടുന്ന ഈ മതയിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ആര്‍ജവം അവര്‍ക്കുമുണ്ടോ ?ഒരു വിമോചകന് വേണ്ടി ആരാധനാലയങ്ങളിലെ കാവല്‍ക്കാര്‍ കാതോര്‍ക്കുന്നു .കാലം ഉത്തരം നല്‍കുമോ ? കാത്തിരിക്കാം.ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ .  
പിന്‍കുറി:ഞാന്‍ ജീവിക്കുന്ന മതപരിസരങ്ങളിലെ വേതന വിഷയത്തിലെ   വേദനാനുഭവങ്ങളാണ് ഇവിടെ പകര്‍ത്തിയത്.ഇതിലും കുറഞ്ഞോ കൂടിയോ ഇതര സഹോദര മതങ്ങളിലെ ആരാധനാലയം അടക്കമുള്ള സ്ഥാപനങ്ങളിലും ഉണ്ടാവാം.ദേവിക്ക് വേണ്ടി മാത്രം ജീവിച്ചതിനാല്‍ കുടുംബം മുഴുപ്പട്ടിണിയിലായ എം ടി യുടെ നിര്‍മാല്ല്യത്തിലെ വെളിച്ചപ്പാടിന്റെ വര്‍ത്തമാനപ്പതിപ്പുകള്‍ ഒരു പക്ഷേ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടാവാം .