Pages

Ads 468x60px

Monday, April 8, 2013

ലോകം അന്യേഷിക്കുന്നത് പാലിയേറ്റീവിന്റെ കേരള മോഡൽ




കേരളത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ ലോകമംഗീകരിച്ച കേരള മോഡല്‍ പാലിയേറ്റീവ് സംരംഭങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്നു

1993 -ല്‍ താങ്കളുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പാലിയേറ്റീവ് സംരംഭം കേരളത്തിലുടനീളമായി ആയിരത്തിനടുത്ത് സെന്ററുകളുള്ള വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. പതിനായിരക്കണക്കിന് രോഗികളും കുടുംബങ്ങളുമാണ് ഈ സംരംഭത്തിന്റെ പരിചരണവും തണലും സഹായവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തായിരുന്നു ഇങ്ങനെയൊരു സാന്ത്വന സംരംഭത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രേരകങ്ങളും?

അടിയന്തരാവസ്ഥക്ക് ശേഷമുള്ള എണ്‍പതുകളിലാണ്  മെഡിക്കല്‍ വിദ്യാര്‍ഥിയായി ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കേരളത്തിലെ കാമ്പസുകളില്‍ ആക്ടിവിസം ഏറ്റവും കൂടുതല്‍ സജീവമായ കാലം. അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഉണ്ടായിരുന്ന ആക്ടിവിസങ്ങളിലെല്ലാം ഞാനും പങ്കാളിയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനപ്പുറത്ത് സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളും സമരങ്ങളും ഞങ്ങള്‍ കാമ്പസില്‍ ചര്‍ച്ചാവിഷയമാക്കി. കരിയറിനപ്പുറം സാമൂഹികമായി എന്തെങ്കിലും സേവനം ചെയ്യണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ തുടര്‍പഠനത്തിന് അവസരം ലഭിച്ചപ്പോള്‍ അവിടെയുള്ള ചില പാലിയേറ്റീവ് സംരംഭങ്ങള്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യനായി നിയമിതനായ വേളയില്‍ അര്‍ബുദരോഗികളുടെ തീരാവേദനയും ദുരിതവും നിത്യകാഴ്ചയായിരുന്നു. അവര്‍ക്ക് ആവുംവിധം ഒരാശ്വാസ പദ്ധതി എന്ന നിലക്കാണ് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ 1993-ല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഇതിന്റെ പ്രവര്‍ത്തന രീതിയൊരിക്കലും വിദേശത്തുള്ള പാലിയേറ്റീവ് സംരംഭങ്ങളുടെ മാതൃകയിലാവരുത് എന്ന് തുടക്കം മുതലേ തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടിലടക്കമുള്ള പാലിയേറ്റീവ് സംരംഭങ്ങള്‍ ചാരിറ്റി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ജനകീയ പങ്കാളിത്തമുണ്ടായിരുന്നില്ല. എന്റെ കാമ്പസ് ആക്ടിവിസത്തിന്റെ അനുഭവം കൂടി മുന്നില്‍വെച്ച് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന പാലിയേറ്റീവ് സംരംഭമാണ് ഞങ്ങളാഗ്രഹിച്ചത്. അങ്ങനെയാണ് മെഡിക്കല്‍ ടീമിനു പുറമെ വളണ്ടിയര്‍മാരും മറ്റ് സഹകാരികളുമായി സേവന സന്നദ്ധരായ പൊതുജനത്തെ പാലിയേറ്റീവിന്റെ നിര്‍ബന്ധ ഘടകമാക്കിയത്. കേരളത്തിന്റെ ഈ പാലിയേറ്റീവ് മാതൃകയെ ഇന്ന് ലോകം അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നു.

മതസംഘടനകള്‍ പ്രത്യേകിച്ച് മുസ്‌ലിം സമുദായ സംഘടനകള്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ അവരുടെ മുഖ്യഅജണ്ടകളിലേക്ക് ചേര്‍ത്ത് വെച്ചത് താങ്കളുടെ ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ?  കേരളത്തിലേറ്റവും കൂടുതല്‍ പാലിയേറ്റീവ് യൂനിറ്റുകളുള്ള ജില്ലകളായി കോഴിക്കോടും മലപ്പുറവും മാറാനുള്ള കാരണങ്ങളിലൊന്ന് ഈ സംഘടനകളുടെ ഇടപെടലുകളല്ലേ? 

മതസംഘടനകളും രാഷ്ട്രീയ സംഘടനകളും കേരളീയ പൊതുസമൂഹത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ആ വേദികള്‍ പാലിയേറ്റീവ് സംവിധാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇത് മുസ്‌ലിം സംഘടനകള്‍ ആണെങ്കില്‍ മലയോര ജില്ലകളില്‍ ക്രൈസ്തവ വിഭാഗമാണ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത്. എന്നാല്‍ പാലിയേറ്റീവ് സംവിധാനത്തിന്റെ ഒരു ഘട്ടത്തിന് ശേഷമുള്ള വളര്‍ച്ചക്ക് ഈ സംഘടനാവല്‍ക്കരണം തടസ്സമായിട്ടുണ്ട്. മതസംഘടനയോ രാഷ്ട്രീയ സംഘടനയോ ഒരു പ്രദേശത്ത് പെയിന്‍ ആന്റ് പാലിയേറ്റീവിന് നേതൃത്വം നല്‍കുമ്പോള്‍, കേരളത്തില്‍ നിലനില്‍ക്കുന്ന പ്രത്യേക സാമൂഹികാന്തരീക്ഷം കാരണം മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അതിനോട് അകലം പാലിക്കും. ഇത് അതിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയെയും ജനകീയതയെയും ബാധിക്കും. എന്നാല്‍ അഭിനന്ദനാര്‍ഹമെന്ന് പറയട്ടെ, ആര് നേതൃത്വം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ ആയാലും രോഗിയെ തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് പരിചരണം നല്‍കുന്നതിലും മത രാഷ്ട്രീയ വേര്‍തിരിവുകളൊന്നും തന്നെ കാണാന്‍ കഴിയില്ല. തീര്‍ത്തും പൊതുവായ  പ്ലാറ്റ്‌ഫോമുള്ള സന്നദ്ധ സംഘടനയായി പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് പറയുമ്പോഴും, പലയിടത്തും ഈ സംരംഭത്തിന് തുടക്കം കുറിച്ച മത-രാഷ്ട്രീയ സംഘടനകളുടെ പങ്ക് വില കുറച്ച് കാണാന്‍ സാധ്യമല്ല.

ലോകത്തെങ്ങുമുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, താങ്കള്‍ ഡയറക്ടറായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ (ഐ.പി.എം) ലോകാരോഗ്യസംഘടന തെരഞ്ഞെടുത്തിട്ടുണ്ടല്ലോ. ഏതെല്ലാം രാജ്യങ്ങളിലാണ് ഈ സ്ഥാപനം കേരള മോഡല്‍ പാലിയേറ്റീവ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നത്?

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ) അവരുടെ പാലിയേറ്റീവ് രംഗത്തെ മുഖ്യ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മൂന്നാം ലോകരാജ്യത്തെ ഒരു സ്ഥാപനത്തിന് അവരിങ്ങനെയൊരു അംഗീകാരം നല്‍കുന്നത്. ഇതോടെ പല രാഷ്ട്രങ്ങളും ഈ വിഷയത്തില്‍ നമ്മോട് മാര്‍ഗനിര്‍ദേശം തേടുന്നുണ്ട്. ബംഗ്ലാദേശ്, തായ്‌ലന്റ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കേരള മോഡല്‍ പരീക്ഷണമാരംഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ നേരിട്ട് സന്ദര്‍ശിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഡയറക്ടര്‍ എന്ന നിലക്ക് എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗ്ലാദേശില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആരംഭിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഐ.പി.എം ആണ്. മൂന്ന് വര്‍ഷം പൂര്‍ണമായും ഐ.പി.എമ്മിന്റെ മേല്‍നോട്ടത്തില്‍ നടത്തി അതിനെ വിജയകരമായ സംവിധാനമാക്കാനാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവിടെ വരികയും നമ്മുടെ മാതൃക നേരിട്ട് പഠിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പാലിയേറ്റീവ് രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പുതിയ പരീക്ഷണങ്ങളും സേവന മേഖലകളും പഠിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്ന വേദി കൂടിയാണ് ഐ.പി.എം. സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതും ഈ സ്ഥാപനമാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ അംഗമായ ഏതൊരു രാജ്യത്തും ഈ മോഡല്‍ നടപ്പാക്കാനുള്ള മേല്‍നോട്ടത്തിന് ഈ സ്ഥാപനത്തിന് അധികാരമുണ്ട്.

പാലിയേറ്റീവിന്റെ കേരള മാതൃക ഇന്ന് മെഡിക്കല്‍ ലോകത്തെ പഠന വിഷയങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടനയടക്കം ഈ മാതൃകയെ അംഗീകരിക്കുകയും മറ്റു രാജ്യങ്ങള്‍ക്ക് മോഡലായി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് പാലിയേറ്റീവ് രംഗത്തെ കേരള മോഡല്‍ കൊണ്ടുദ്ദേശിക്കുന്നത്?

കേരളത്തെക്കാള്‍ വിപുലമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒട്ടനവധി രാജ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ടു നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യങ്ങളുമുണ്ട്. നമ്മുടേതിനേക്കാള്‍ ഫണ്ടും വളണ്ടിയര്‍ സംവിധാനവുമുള്ള എന്‍.ജി.ഒ സംരംഭങ്ങളാണ് മറ്റു ചില രാജ്യങ്ങളില്‍. പാലിയേറ്റീവെന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ടീം എന്ന പൊതുമാതൃകയെ പൊളിച്ചെഴുതി എന്നതാണ് കേരള മോഡലിന്റെ പ്രഥമ സവിശേഷത. രോഗ ചികിത്സ എന്നതിനപ്പുറം രോഗിയുടെ കുടുംബത്തിന്റെ സംരക്ഷണം, പുനരധിവാസം തുടങ്ങി നിരവധി സേവനങ്ങള്‍ ചെയ്യുന്ന കേന്ദ്രങ്ങളായി പാലിയേറ്റീവ് പ്രസ്ഥാനത്തെ മറ്റിയെടുത്തുവെന്നതാണ് മറ്റൊരു പ്രത്യേകത. എന്‍.ജി.ഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പാലിയേറ്റീവ് പ്രസ്ഥാനം കുറച്ച് കണ്ടിട്ടില്ല. ആ സംവിധാനങ്ങളെ കൂടി ഉപയോഗപ്പെടുത്തുകയാണ് പാലിയേറ്റീവിന്റെ കേരള മോഡല്‍ ചെയ്യുന്നത്. മറ്റു രാജ്യങ്ങളില്‍ പാലിയേറ്റീവ് സംരംഭങ്ങള്‍ ഒന്നുകില്‍ സമ്പൂര്‍ണമായ ഗവണ്‍മെന്റ് പദ്ധതികളോ അല്ലെങ്കില്‍ നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ പ്രോജക്ടുകളോ ആയിരിക്കും. കേരളം ഈ രണ്ട് സംവിധാനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആധികാരിക മെഡിക്കല്‍ പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും ഇക്കണോമിക്‌സ് മാഗസിനും ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പോലുള്ള സംഘടനകളും ഈ കേരള മോഡലിനെയാണ് അംഗീകരിച്ചത്.

2008-ല്‍ കേരള സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അജണ്ടകളുടെ ഭാഗമാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ വര്‍ഷത്തെ പുതിയ ഉത്തരവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ പാലിയേറ്റീവ് പദ്ധതികള്‍ നടപ്പിലാക്കണമെന്ന് വ്യക്തമാക്കുന്നു. പാലിയേറ്റീവ് രംഗത്തേക്കുള്ള കേരള സര്‍ക്കാറിന്റെ ഈ പ്രത്യക്ഷമായ കടന്നുവരവ് സന്നദ്ധ സംഘടനകളുടെ മേല്‍നോട്ടത്തിലുള്ള പെയിന്‍ പാലിയേറ്റീവ് പ്രസ്ഥാനത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുക?

1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആരംഭിക്കുമ്പോള്‍ പാലിയേറ്റീവ് എന്ന വാക്കുപോലും കേരളത്തിന് സുപരിചിതമായിരുന്നില്ല. 2008 വരെ ചില ചെറിയ സര്‍ക്കാര്‍ സഹായങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും എന്‍.ജി.ഒ ആയാണ് പാലിയേറ്റീവ് സംവിധാനങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായതും വളര്‍ന്നതും. വീടുകളില്‍ ചെന്നുള്ള ഹോംകെയര്‍ സംവിധാനങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തതും ഈ സന്നദ്ധ സംഘടനകളാണ്. 2008 ലാണ് കേരള സര്‍ക്കാര്‍ ഈ രംഗത്ത് മാതൃകാപരമായ ഇടപെടല്‍ ആരംഭിച്ചത്. തീര്‍ച്ചയായും അത് പ്രോത്സാഹജനകവും കേരളത്തിലെ പാലിയേറ്റീവ് സംവിധാനങ്ങളുടെ വിജയവും അവര്‍ക്കുള്ള അംഗീകാരവുമാണ്. അതോടൊപ്പം നിലവിലുള്ള സന്നദ്ധസംഘടനകളുടെ മേല്‍നോട്ടത്തിലുള്ള പാലിയേറ്റീവ് സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുമാണ്. കേവലം രോഗപരിചരണം എന്നതില്‍ പ്രവര്‍ത്തനങ്ങളൊതുക്കാതെ സേവനത്തിന്റെ പുതിയ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയും, സര്‍ക്കാര്‍ സംവിധാനങ്ങളോട് ഏറ്റുമുട്ടാന്‍ പോവാതെ പരമാവധി അവയെ ഉപയോഗപ്പെടുത്തുകയും ചെയ്താലേ നിലവിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് സംവിധാനങ്ങള്‍ക്ക് ഭാവിയില്‍ നിലനില്‍ക്കാനാവൂ. പാലിയേറ്റീവ് പ്രസ്ഥാനം തുടങ്ങിയ കാലത്തെ പ്രഥമ ദൗത്യം സര്‍ക്കാര്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ അവസാനിച്ചിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന  ആനൂകൂല്യങ്ങള്‍ രോഗിക്ക് വാങ്ങിക്കൊടുക്കാന്‍ സഹായിക്കുന്ന ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളായും, സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിരീക്ഷണ കേന്ദ്രങ്ങളായും കൂടി പാലിയേറ്റീവ് പ്രസ്ഥാനം മാറേണ്ടതുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്. നിലവിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍തന്നെ സര്‍ക്കാറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവാന്‍ ശ്രദ്ധവെക്കണം. ഈ സംയുക്ത മാതൃക ചില പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തീര്‍ത്തും അവഗണിച്ച് പഴയ പോലെ മുന്നോട്ട് പോകുന്നവരുമുണ്ട്. ഈ നിലപാട് ഭാവിയില്‍ അവര്‍ക്ക് ദോഷം ചെയ്യും. ഉദാരവത്കരണ കാലത്ത് ആരോഗ്യരംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളെ അംഗീകരിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ് എല്ലാവരും ചെയ്യേണ്ടത്.

Monday, March 25, 2013

ഈ 'വഷളൻമാരെ' വെടി വെച്ചിട്ടാൽ 'പൊതു സമൂഹത്തിനു' അത്രയും ശല്യം തീരും .


           മതസംസ്‌കാര ചിഹ്നങ്ങളെ മുന്‍നിര്‍ത്തി ഒരു സമുദായത്തെ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അപരിഷ്‌കൃത വര്‍ഗമെന്ന് 'പൊതുസമൂഹത്തിന്' മുന്നില്‍ നിരന്തരം പരിചയപ്പെടുത്തുക. സംസ്‌കാര സമ്പന്നരുടെ സൈ്വരജീവിതത്തിനു ശല്യമായി കഥകളിലും സിനിമകളിലും സ്ഥിരം വില്ലന്മാരായി അവര്‍ വഷളത്തരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഏതൊരു വിഭാഗം അവര്‍ ജീവിക്കുന്ന കാലത്ത് തന്നെ ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നുണ്ടോ, അവര്‍ അക്കാലത്ത് ജീവിക്കാനര്‍ഹതയില്ലാത്തവരാണെന്ന് ചിലരൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആ ബോധത്തിലേക്ക് പൊതുസമൂഹം എത്തിയിട്ടുണ്ടോ എന്നവര്‍ ഇടക്കിടെ പരിശോധിച്ച് കൊണ്ടിരിക്കും. ഇന്നലെ ഗുജറാത്തിലും ഇന്ന് ബംഗളൂരു കേന്ദ്രീകരിച്ചും നടക്കുന്നത് അത്തരം ടെസ്റ്റ് ഡോസുകളാണ്. മുന്‍വിധികളില്‍ ഒരു സമൂഹത്തിന്റെ മനസ്സിനെ കുരുക്കിയിട്ട ശേഷം അവരുടെ മൗനസമ്മതത്തോടെ ചില വിഭാഗങ്ങളെ വേട്ടയാടിപ്പിടിക്കുക. ഈ പൊതുബോധത്തെ സംശയിച്ച് സത്യമന്വേഷിച്ച് പുറപ്പെടുന്ന ഒറ്റപ്പെട്ട ധിക്കാരികളെ സമൂഹമനഃസാക്ഷിക്ക് തൃപ്തിയാകുംവിധം പാഠം പഠിപ്പിക്കുക. കുറച്ച് കാലമായി ഇന്ത്യയിലുടനീളം വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പരീക്ഷണങ്ങളാണിത്. ഭരണകൂട സംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഈ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളുടെ മികച്ച കേരളീയ ഉദാഹരണമായ ബീമാപള്ളി വെടിവെപ്പിന്റെ നേര്‍ക്കാഴ്ചകളെ ദൃശ്യവല്‍ക്കരിക്കുകയാണ് മെയ് 17 ബീമാപള്ളി എ കൗണ്ടര്‍ സ്റ്റോറി എന്ന ഡോക്യുമെന്ററി.

              ബീമാപ്പള്ളിയുടെ ചിത്രങ്ങളും ചരിത്രവും ആമുഖമായി പരിചയപ്പെടുത്തി 2009 മെയ് 17-ന് നടന്ന ബീമാപള്ളിയിലെ പോലീസ് വെടിവെപ്പിന്റെ ദുരൂഹതയിലേക്കാണ് കാമറ ഫോക്കസ് ചെയ്യുന്നത്. കേരളം കണ്ട ഏറ്റവും വലിയ പോലീസ് വെടിവെപ്പുകളിലൊന്നായ ബീമാപള്ളി വേട്ടയിലെ ഇരകളുടെ മൊഴികളും ദയനീയാവസ്ഥയും കേട്ടു കഴിയുമ്പോള്‍ മലയാള പത്രമാധ്യമങ്ങളും സിനിമാ സാഹിത്യങ്ങളും വരച്ചുവെച്ച ബീമാപള്ളിയുടെ ക്രിമിനല്‍ ചിത്രമാണ് നേര്‍ത്തുനേര്‍ത്തു ഇല്ലാതാവുക. വയനാട്ടില്‍ പോലീസ് വെടിവെച്ചുകൊന്ന പുലിയെക്കുറിച്ച് ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത നമ്മുടെ ചാനലുകള്‍ ആറു മനുഷ്യജീവനുകള്‍ പിടഞ്ഞു മരിച്ച പോലീസ് വെടിവെപ്പിന്റെ ഇരകളിലേക്ക് കാമറ സൂം ചെയ്യാന്‍ അറച്ചുനിന്നത് അത് നമ്മുടെ പൊതുബോധത്തിലെ കൊല്ലപ്പെടേണ്ട 'ശല്യക്കാരായ ക്രിമിനലുകളാ'യതു കൊണ്ടാണ്. വെടിവെപ്പ് ദിവസം ചില ചാനലുകളില്‍ മിന്നിമറിഞ്ഞ വാര്‍ത്തകളില്‍ തികട്ടി വന്നിരുന്നതും ബീമാപള്ളിയുടെ ക്രിമിനല്‍ ദുരൂഹതകളായിരുന്നു. ഈ പൊതുബോധനിര്‍മിതിയും വെടിവെപ്പിന്റെ ഭരണകൂട ന്യായീകരണങ്ങളുമാണ് സംവിധായകന്‍ കെ. ഹാശിറും കൂട്ടരും കാമറയുമായി ചെന്ന് തകര്‍ത്ത് തരിപ്പണമാക്കുന്നത്. കേരളം കാണാതെയും കേള്‍ക്കാതെയും പോയ ദൃശ്യങ്ങളും വിവരണങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകരുടെയും അനുഭവങ്ങളും നിരീക്ഷണങ്ങളുമെല്ലാം ഡോക്യുമെന്ററിയെ വിലപ്പെട്ടതാക്കുന്നു.

               പഴയ തിരുവിതാംകൂറിന്റെ ജാതി പുതിയ ജനാധിപത്യ കേരളത്തിന്റെ ശ്രീകോവിലുകള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് ഇപ്പോഴും എങ്ങനെയെല്ലാം നിലനില്‍ക്കുന്നുവെന്ന് ഈ കേസിന്റെ അന്വേഷണ വഴികള്‍ ചൂണ്ടിക്കാട്ടി ഡോക്യുമെന്ററി വെളിവാക്കുന്നു. വെടിവെപ്പിനെക്കുറിച്ചന്വേഷിച്ച രാമകൃഷ്ണന്‍ കമീഷന്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പോലീസിന്റെ ഗൂഢ ഇടപെടലുകള്‍ തെളിവ് സഹിതം രേഖപ്പെടുത്തിയപ്പോള്‍, കണ്ടെത്തലുകളെ മുഴുവന്‍ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് മാറ്റിവെക്കുകയാണ് 'മതേതര ജനാധിപത്യ സര്‍ക്കാര്‍' ചെയ്തത്. പിന്നീടാഫയല്‍ തുറക്കാന്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഒരു പാര്‍ട്ടിയും വിരലനക്കിയതുമില്ല. 24 മണിക്കൂറും കണ്ണുതുറന്നിരിക്കുന്ന ചാനലുകളുടെ മുന്നില്‍വെച്ച് നട്ടുച്ചക്ക് പൊതുസമൂഹത്തിന് 'ശല്യക്കാരായ' ഒരു വിഭാഗത്തെ വെടിവെച്ചിട്ടാല്‍ ജനാധിപത്യ കേരളം എങ്ങനെ പ്രതികരിക്കുമെന്നറിയാനുള്ള ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു ബീമാപള്ളി വെടിവെപ്പ് എന്ന തിരിച്ചറിവിലാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ആ ടെസ്റ്റ് ഡോസ് നടത്തിയവരും അതിന് പിന്നിലെ ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരും വിജയിച്ചോ അതോ പരാജയപ്പെട്ടോ? നമ്മുടെ പൊതുസമൂഹത്തെയും അതിന്റെ ഭരണകൂട സംവിധാനങ്ങളെയും മാധ്യമങ്ങളെയും അസ്വസ്ഥപ്പെടുത്തുന്ന ആ അപ്രിയ ചോദ്യത്തിന്റെ തുടക്കമായി ഈ ഡോക്യുമെന്ററിയെ അടയാളപ്പെടുത്താം.

Friday, March 15, 2013

ഇനി എത്ര കാലം വേണം ഒരു ചാവെസ് ജനിക്കാൻ



സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ബാക്കിവെച്ചാണ് ഹ്യൂഗോ ചാവെസ് (1954-2013) വിടവാങ്ങിയത് . 1998-ല്‍ വെനിസ്വേലയുടെ പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ മരിക്കുന്നതുവരെ അന്താരാഷ്ട്ര വേദികളില്‍ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട ധീരശബ്ദമായി ചാവെസ് നിലകൊണ്ടു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ജോര്‍ജ് ബുഷ് ചെകുത്താനാണെന്ന് പ്രസംഗിക്കാന്‍ വരെ അദ്ദേഹം ധൈര്യം കാണിച്ചു. അഫ്ഗാനിസ്താനെ അമേരിക്ക അക്രമിച്ചപ്പോള്‍ ആദ്യം പ്രതികരിച്ച ഭരണാധികാരി ചാവെസായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ അപലപിക്കപ്പെടേണ്ടതാണ് അഫ്ഗാനെതിരെയുള്ള യുദ്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ പ്രസ്താവന തിരുത്താന്‍ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ നിരന്തര സമ്മര്‍ദം ചെലുത്തിയിട്ടും അത്തരം നിലപാടു പ്രഖ്യാപനങ്ങളുമായി അന്താരാഷ്ട്ര വേദികളെ ചാവെസ് വീണ്ടും കിടിലം കൊള്ളിച്ചു. ഇറാഖിലെ അമേരിക്കയുടെ അന്യായമായ അധിനിവേശത്തിനെതിരെ ചാവെസ് പരസ്യമായി രംഗത്തുവന്നു. ഇറാന്‍ ആക്രമണത്തിന് കോപ്പു കൂട്ടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങള്‍ക്കെതിരെ, പ്രസിഡന്റ് അഹ്മദീ നജാദിന് വെനിസ്വേലയില്‍ ഉജ്വല സ്വീകരണം നല്‍കിക്കൊണ്ടാണ് ചാവെസ് ഇറാനുള്ള തന്റെ പിന്തുണ അറിയിച്ചത്. ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ടാണ് വെനിസ്വേലന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും വിടപറഞ്ഞ നേതാവിനോടുള്ള ആദരവും ഇറാനികള്‍ പ്രകടിപ്പിച്ചത്.
 
ലോക ചരിത്രത്തില്‍ പ്രധാനമായും ചാവേസ് അടയാളപ്പെടുന്നത് സാമ്രാജ്യത്വവിരുദ്ധ പോരാളിയായിട്ടാണെങ്കിലും, അദ്ദേഹം ഒരു മികച്ച ഭരണാധികാരി കൂടിയായിരുന്നു. ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമായിട്ടും ചാവെസ് അധികാരമേല്‍ക്കുന്നതുവരെ പട്ടിണിയിലും ദാരിദ്ര്യത്തിലും മുന്‍പന്തിയിലുള്ള രാഷ്ട്രങ്ങളിലൊന്നായിരുന്നു വെനിസ്വേല. പൊതുവെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെല്ലാം അന്ന് അമേരിക്കയുടെ അടുക്കള തോട്ടങ്ങളായ വാഴപ്പിണ്ടി രാഷ്ട്രങ്ങളായിരുന്നു (Banana Countries). അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് അവിടത്തെ പ്രകൃതി വിഭവങ്ങളെല്ലാം അമേരിക്ക കടത്തിക്കൊണ്ടിരുന്നു. വെനിസ്വേലയുടെ ടണ്‍ കണക്കിന് ബാരല്‍ എണ്ണ നാമമാത്രമായ വിലയ്ക്കാണ് പ്രതിദിനം അമേരിക്കന്‍ കമ്പനികള്‍ ഊറ്റിക്കൊണ്ടുപോയിരുന്നത്. അതിന്റെ കമീഷന്‍ പറ്റി ജീവിക്കുന്ന ദല്ലാള്‍ മാത്രമായിരുന്നു പ്രസിഡന്റ് കാര്‍ലോസ് അദ്രേസ് പെറോസ്. അഴിമതിയും പട്ടിണിയും മുഖമുദ്രയായ രാജ്യത്ത് ഉയര്‍ന്നുവന്ന തീക്ഷ്ണമായ ജനകീയ സമരങ്ങളുടെയും നിരന്തര പോരാട്ടങ്ങളുടെയും ഒടുവിലാണ് ചാവെസ് വെനിസ്വേലയില്‍ പ്രസിഡന്റാവുന്നത്.
 
അധികാരമേറ്റയുടനെ രാജ്യത്തിന്റെ എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ച ചാവെസ്, എണ്ണ വിറ്റുകിട്ടിയ പണം ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവക്കായി നീക്കിവെച്ചു. വെറും 14 വര്‍ഷം കൊണ്ട് ലോകഭൂപടത്തിലെ മുന്‍നിര രാഷ്ട്രങ്ങളിലൊന്നായി വെനിസ്വേലയെ അദ്ദേഹം മാറ്റിയെടുത്തു. ഈ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം മുഴുവന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. വിപ്ലവകരമായ ആ മാറ്റങ്ങള്‍ക്ക് ചാവെസ് തന്നെ നേതൃത്വം നല്‍കി. ലാറ്റിനമേരിക്കയിലെ ആറ് രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് അദ്ദേഹം രൂപം നല്‍കി. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കൊത്ത് നീങ്ങുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ബദലായി അവര്‍ സാമ്പത്തിക സഹകരണ സംവിധാനങ്ങള്‍ ഉണ്ടാക്കി. സ്വന്തമായി ടെലിവിഷന്‍ ശൃംഖലകളും മാധ്യമസംവിധാനവും സ്ഥാപിച്ചു. സാമ്രാജ്യത്വ വിരുദ്ധത വാക്കുകളിലൊതുക്കുന്നതിന്പകരം സാധ്യമാകുന്ന ബദലുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുക കൂടി ചെയ്ത ഒരു ഭരണാധികാരിയാണ് ചാവെസിന്റെ മരണത്തോടുകൂടി ലോക രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് വിടവാങ്ങുന്നത്. അറബ് വസന്തത്തോടെ ശക്തിപ്പെട്ടുവരുന്ന സാമ്രാജ്യത്വവിരുദ്ധ ബദല്‍ ചേരികളോട് ചാവെസ് വളര്‍ത്തിയെടുത്ത രാഷ്ട്ര കൂട്ടായ്മകള്‍ വരുംകാലങ്ങളില്‍ എങ്ങനെ ചേര്‍ന്നുപോകുന്നു എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും സാമ്രാജ്യത്വവിരുദ്ധ ലോകത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക. 

Thursday, March 7, 2013

നരി



അമ്മേ...പേടിയാവുന്നു
രാത്രിയിരുളുമ്പോള്‍
വാതില്‍ തുറന്നു നരി വരുന്നു
ദൈവങ്ങളെ വിളിച്ചു മൂടിപ്പുതച്ചിട്ടും
പമ്മി മണം പിടിച്ചെത്തി
പുതപ്പിനുള്ളില്‍ നുഴഞ്ഞു കയറുന്നു
ഇനി വരുമ്പോള്‍ ഒച്ചവെക്കൂ
പേടിക്കേണ്ട അച്ചനുണ്ടെന്നമ്മ
രാത്രിയിരുളി നരി വന്നു
ഒച്ചയുയര്‍ന്നു അമ്മ വന്നു
ഇരുളില്‍ പുതപ്പിനുള്ളിലെ നരിയിറങ്ങി
രണ്ടു കാലില്‍ നിന്നമ്മയോടെന്തോ ചൊല്ലി
അച്ഛന്റെ വാതില്‍ തുറന്നു കതകടച്ചു

Monday, February 25, 2013

മുങ്ങാം കുഴി



മടുപ്പിന്റെ ചൂരടിച്ചപ്പോള്‍
ബാല്യത്തിലേക്ക് ഒരു മുങ്ങാം കുഴി
വക്കു പൊട്ടിയ സ്ലൈറ്റ്
കല്ല്‌ ചുംബിച്ച മാങ്ങ
നൂലറ്റ പട്ടം
പാതി നിറഞ്ഞ തൊണ്ട്
മൂന്നു ഗോട്ടി ഒരു കെട്ടുപന്ത്
ഇത്രയേ തടഞ്ഞുള്ളൂ ...
 ചൂരകന്നു ...

Friday, February 22, 2013

ബോംബിന്റെ ജാതി




നിങ്ങളുടെ  പൊട്ടിത്തെറികള്‍ക്കിനി
ഞങ്ങളുടെ തൊപ്പിയും താടിയും വരക്കരുത്‌
ഇനിയും ഉണങ്ങിയിട്ടില്ല
പണ്ട് പൊട്ടിയ ബോംബിന്റെ ജാതിയില്‍
ജയിലില്‍ ഛര്‍ദ്ധിച്ച ചോരപ്പാടുകള്‍
ചിതറിപ്പോയ ഉടലിന്റെ
മതമന്യേഷിക്കുന്ന
പ്രിയ പത്രക്കാരാ ...
വയ്യ ഇനിയും
മറ്റുളവരുടെ പാപം പേറുവാന്‍
റിക്ഷ വലിച്ചും വിറക് വെട്ടിയും
ഊര്‍ദ്ധം വലിച്ചോട്ടെ
ഈ മണ്ണ്  പെറ്റ ജീവിതങ്ങള്‍

Thursday, February 21, 2013

വിമതന്‍



ഒറ്റപ്പെട്ട സ്വരങ്ങള്‍ ഒളിച്ചോടുന്നത്
ആള്‍ക്കൂട്ടാരവങ്ങളുടെ
നിയമാവലികളില്‍ നിന്നാണ്
പൂരം കഴിഞ്ഞു , ആളൊഴിഞ്ഞു
പാടം ശൂന്യമാവുമ്പോള്‍
തിരിച്ചു വന്ന ബോധവും
ശൂന്യമായ പോക്കറ്റും
ഒറ്റപ്പെട്ടു പോയവന്റെ മുന്നറിയിപ്പുകളെ
തപ്പിയെടുക്കും
അപ്പോഴും മറ്റൊരാള്‍ക്കൂട്ടത്തില്‍
അതെ സ്വരം നാട് കടത്തപ്പെടുന്നുണ്ടാകും

Monday, January 14, 2013

'നേറ്റീവ് ബാപ്പ' സംഗീതത്തിന്റെ പുതുവഴികള്‍



പാട്ടും സംഗീതവും കേവല വിനോദത്തിനപ്പുറം പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പിന്റെയും ജനകീയായുധമായി വികസിച്ച കാലത്താണ് നാമുള്ളത്. അമേരിക്കന്‍ തെരുവിനെ ഇളക്കി മറിച്ച കറുത്ത വര്‍ഗക്കാരുടെ ഹിപ്‌ഹോപ് റാപ് സംഗീതം മുതല്‍ മലബാറിലെ പടപ്പാട്ടുകള്‍ വരെ ഈ സംഗീതധാരയിലെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള കണ്ണികളാണ്. നിലനിന്നിരുന്ന സംഗീത ബോധങ്ങളെ തകിടം മറിച്ച് അമേരിക്കയില്‍ അറുപതുകളില്‍ വെള്ള വംശീയ ബോധത്തിനെതിരെ കറുത്ത വര്‍ഗക്കാര്‍ രൂപപ്പെടുത്തിയ ചടുല റാപ് താളമായ ഹിപ്‌ഹോപിന്റെ വികസിത രൂപമാണ് പൊളിറ്റിക്കല്‍ ഹിപ്‌ഹോപ്. ഒരേ താളക്രമത്തില്‍ പോവുന്ന സംഗീതത്തോടൊപ്പം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആക്ഷേപഹാസ്യമായോ അല്ലെങ്കില്‍ തുറന്നു പറച്ചില്‍ കൊണ്ടോ വാക്കുകളുടെ റൈമിംഗ് ഉപയോഗിച്ചുള്ള സംഗീതമാണിത്. അറബ് വസന്ത പ്രക്ഷോഭം തമ്പടിച്ച തഹ്‌രീറടക്കമുള്ള തെരുവിലെല്ലാം യുവാക്കള്‍ക്ക് ആവേശവും പ്രചോദനവുമായി ഇത്തരം വ്യത്യസ്ത സംഗീത ഗ്രൂപ്പുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
                           കേരളീയര്‍ക്ക് ഒട്ടും പരിചിതമില്ലാത്ത ഈ ചെറുത്ത്‌നില്‍പ് സംഗീതത്തിന്റെ മലയാള പതിപ്പാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ യൂട്യൂബില്‍ റിലീസ് ചെയ്ത, മുഹ്‌സിന്‍ പരാരി രചനയും സംവിധാനവും നിര്‍വഹിച്ച മാപ്പിള ലഹള മ്യൂസിക് ബാന്‍ഡിന്റെ പ്രഥമ സംരംഭമായ 'നേറ്റീവ് ബാപ്പ' എന്ന പൊളിറ്റിക്കല്‍ ഹിപ്‌ഹോപ് ആല്‍ബം. തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട് ഭരണകൂട ഭീകര വേട്ടയില്‍ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളിലൂടെ സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയിലേക്കാണ് ആല്‍ബം വികസിക്കുന്നത്. മുസ്‌ലിം തീവ്രവാദ കഥകളില്‍ മീഡിയ പ്രതിഷ്ഠിച്ചിട്ടുള്ള എല്ലാ അടയാളക്കുറികളും നാലര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആല്‍ബത്തിന്റെ പശ്ചാത്തലമായി കടന്നുവരുന്നുണ്ട്.
                      കടലില്‍ നിന്ന് പച്ച പതാക നാട്ടിയ ബോട്ടില്‍ തീരത്തേക്ക് വരുന്ന കേന്ദ്ര കഥാപാത്രമായ ബാപ്പയുടെ ചിത്രമാണ് സ്‌ക്രീനില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് (അറബിക്കടല്‍ വഴി തീവ്രവാദത്തിന് ആയുധവും കള്ളനോട്ടും വരുന്നുവെന്ന വാര്‍ത്ത ഓര്‍ക്കുക). പഴയ മലയാള സിനിമയിലെ 'മാപ്പിള വില്ലന്മാര്‍' മുറുക്കിയുടുക്കുന്ന പച്ച ബെല്‍റ്റും പുതിയ കാലത്തെ തീവ്രവാദത്തിന്റെ അന്താരാഷ്ട്ര അടയാളമായ അറബിത്തട്ടവുമാണ് ബാപ്പയുടെ വേഷം. 'തീവ്രവാദികള്‍' തിങ്ങിപ്പാര്‍ക്കുന്ന ദാരിദ്ര്യത്തിന്റെ നിറമുള്ള മുസ്‌ലിം ഭൂരിപക്ഷ കോളനിയും കെ.എല്‍ 10 അടയാളപ്പെടുത്തിയ ബൈക്കും മഅ്ദനിയുടെ ചിത്രങ്ങളുമെല്ലാം മകന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്ന പിതാവിന്റെ വാക്കുകളുടെ പശ്ചാത്തലമാകുന്നത് ആല്‍ബം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നത്.
                     ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചിലപ്പോഴൊക്കെ നാളേം മറ്റന്നാളും ങ്ങള് പത്രത്തില്‍ കാണുന്നത് ഞമ്മളെ മോന്‍ കുഞ്ഞൂന്റെ ഫോട്ടോ... എന്ന് പറഞ്ഞുതുടങ്ങുന്ന ബാപ്പയുടെ വാക്കുകള്‍ കൂലിവേലക്ക് മറുനാട്ടില്‍ പോയ മകന്റെ തീവ്രവാദബന്ധത്തിന് പോലീസ് കണ്ടെത്തിയ തെളിവുകളും വ്യക്തമാക്കുന്നു. പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടക്കും ബോണ്ടക്കും പഴം പൊരിക്കും പകരം ബേറൊരു സാധനാണ്. ബോംബ്, ബോബെയ്... പുറംനാട്ടിലെ തണുപ്പകറ്റാന്‍ ബാപ്പ നല്‍കിയ തട്ടത്തിന്റെ മാധ്യമഭാഷയും ബാപ്പ ഓര്‍ത്തെടുക്കുന്നു: ഇന്നലെ പത്രത്തിലാണ് കണ്ടത് ആ തട്ടത്തിന് ബേറൊരു അറബിപ്പേരുണ്ടെന്ന്! അതുള്ളോരുടെ കൈയീ കാണാം. തസ്ബീഹല്ല.... പിന്നെ? ബോംബ്. ഏത് ബോബെയ്.... ഇത്തരം മുനകൂര്‍ത്ത കറുത്ത ഫലിതങ്ങള്‍ സ്വതസിദ്ധമായ തന്റെ ശരീരഭാഷയിലൂടെ ഭാവതീവ്രമാക്കാന്‍ ബാപ്പയായി അഭിനയിക്കുന്ന മാമുക്കോയക്ക് സാധിച്ചിരിക്കുന്നു.
                      പോലീസ് നടത്തുന്ന നായാട്ടും തുടര്‍ച്ചയായ മാധ്യമവേട്ടയും പരാമര്‍ശിക്കുന്നിടത്ത് വെള്ളക്കാരനോട് പടവെട്ടിയ തന്റെ കുടുംബ പാരമ്പര്യം ആ പിതാവ് ഓര്‍ത്തെടുക്കുന്നുണ്ട്. പക്ഷേ, പൊതുസമൂഹത്തിന്റെ തുറിച്ചു നോട്ടത്തില്‍നിന്ന് കുടുംബത്തെ രക്ഷപ്പെടുത്താന്‍ ഒടുവില്‍  ഭാര്യക്കൊപ്പം നിസ്സഹായതയോടെ അയാള്‍ക്കും പറയേണ്ടി വന്നു: 'രാജ്യദ്രോഹിയാണെങ്കില്‍ ഓന്റെ മയ്യത്ത് ഞമ്മക്കും കാണണ്ട' എന്ന്. ബാപ്പയുടെ ഇത്തരം ആത്മഗതങ്ങള്‍ക്കൊപ്പം ചടുലതാളത്തിന്റെ അകമ്പടിയോടെ റാപ്പ് ശൈലിയില്‍ ചിത്രീകരിച്ച ഇംഗ്ലീഷ് വരികളിലൂടെ ഇസ്‌ലാമിന്റെ സമാധാന കാഴ്ചപ്പാടുകളും ഇസ്‌ലാമോഫോബിയയുടെ കുപ്രചാരണങ്ങളും ആല്‍ബം അടയാളപ്പെടുത്തുന്നുണ്ട്.
                    ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞത് തന്നെ ആല്‍ബത്തിന്റെ പ്രസക്തിയും ജനകീയതയും ബോധ്യപ്പെടുത്തുന്നതാണ്. മുഹ്‌സിന്‍ പരാരിക്ക് പുറമെ റാപ്പ് താളങ്ങളുമായി ഹാരിസും മികച്ച കാഴ്ചയൊരുക്കിയ കാമറാമാന്‍ ജിജോ എബ്രഹാമും സംഗീത സംവിധായകന്‍ റോയ് ജോര്‍ജും മറ്റ് ടീമംഗങ്ങളും സംഗീതത്തിന്റെ പുതിയ സാധ്യതകള്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ അഭിനന്ദനാര്‍ഹമായ പങ്കുവഹിച്ചിരിക്കുന്നു.


Wednesday, October 31, 2012

തൃപ്പനച്ചി എന്ന എന്റെ ഗ്രാമം



മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമം. മഞ്ചേരി മുന്‍സിപ്പാലിറ്റിയുടെയും മൊറയൂര്‍-കുഴിമണ്ണ (കിഴിശേരി) പഞ്ചായത്തുകളുടെയും ഇടയിലുള്ള പുല്‍പ്പറ്റ പഞ്ചായത്തിലാണ് തൃപ്പനച്ചി എന്ന എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. കാഞ്ഞിരം, ആനപ്പാലം, മുത്തനൂര്‍, പാടിഞ്ഞാറ്റിയകം, തൃപ്പനച്ചി, പാലക്കാട് എന്നീ ആറു പഞ്ചായത്തു വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് തൃപ്പനച്ചി ദേശം. ജനങ്ങളില്‍ 85 ശതമാനവും മുസ്‌ലിംകളാണ്. 10 ശതമാനം പേര്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരായുണ്ട്. മൂന്ന് ഹരിജന്‍ കോളനികളുള്ള തൃപ്പനച്ചിയിലെ ആക്കപ്പുറം പൂരം ജില്ലയില്‍ പ്രശസ്തമായ താലപ്പൊലി ഉത്സവങ്ങളില്‍ ഒന്നാണ്. ഈഴവരും തിയ്യന്മാരും  നായന്മാരുമടങ്ങുന്ന ഹിന്ദു വിഭാഗങ്ങളാണ് ബാക്കിയുള്ളവര്‍. തൃപ്പനച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി വന്ന് ഇവിടെ സ്ഥിരതാമസമാക്കിയ ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങളുമുണ്ട്.
         ഒരു ഉള്‍നാടന്‍ ഗ്രാമമാണെങ്കിലും വളരെ കാലം മുമ്പുതന്നെ വിദ്യാഭ്യാസപരമായി ഉണര്‍വ് പ്രകടിപ്പിച്ചുവന്ന നാടാണ് തൃപ്പനച്ചി. 95 ശതമാനമാണ് പ്രദേശത്തെ സാക്ഷരത. 1915 ല്‍ തന്നെ ഇവിടെ എല്‍.പി സ്‌കൂള്‍ നിലവില്‍ വന്നു. നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന ആ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് 1500 ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍.പി, യു.പി ഡിവിഷനുകള്‍ ചേര്‍ന്നതാണ്. 1958 പ്രവര്‍ത്തനമാരംഭിച്ച വായനശാലയും തൃപ്പനച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക സ്വത്വരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്ത് സജീവ പങ്കാളിത്തം വഹിക്കുന്ന എട്ട് ക്ലബ്ബുകളുടെ പ്രവര്‍ത്തനവും എടുത്തുപറയേണ്ടതാണ്. സംസ്ഥാന ജില്ലാതലങ്ങളില്‍ വ്യത്യസ്ത രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കായിക താരങ്ങളും കലാകാരന്മാരും പ്രഭാഷകരും എഴുത്തുകാരും തൃപ്പനച്ചി കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
              രാഷ്ട്രീയമായി മുസ്‌ലിം ലീഗിന് ആധിപത്യമുള്ള പ്രദേശമാണിത്. ലീഗും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയാണ് കാലങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്നത്. പഞ്ചായത്ത് ചരിത്രത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ലീഗിതരര്‍ അധികാരത്തിലെത്തിയിട്ടുള്ളത്. എങ്കിലും വളരെ മുമ്പുതന്നെ സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും ഉദ്യോഗസ്ഥരായുള്ളവരുടെ മേല്‍നോട്ടത്തില്‍ തൃപ്പനച്ചിയിലെ സാംസ്‌കാരിക രംഗത്ത് ഇടതുപക്ഷത്തിന് അന്നും ഇന്നും ചെറുതല്ലാത്ത സ്വാധീനമുണ്ട്. പഞ്ചായത്തില്‍ ഇടതുപക്ഷം ഇടക്കിടെ വിജയിച്ചുപോരുന്ന വാര്‍ഡുകളിലൊന്ന്‌ തൃപ്പനച്ചിയിലാണുള്ളത്.
കേരള മുസ്‌ലിം നവോത്ഥാന ശ്രമങ്ങള്‍ ശക്തി പ്രാപിച്ച 1940 കളുടെ അവസാനത്തില്‍ തന്നെ അതിന്റെ അലയൊലികള്‍ ഈ ഗ്രാമത്തിലും എത്തിയിരുന്നു. ഈ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായാണ് 1950 ല്‍ ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്‍ എന്ന കൂട്ടായ്മക്ക് തൃപ്പനച്ചിയിലെ പുരോഗമന ചായ്‌വുള്ള വ്യക്തികള്‍ രൂപം നല്‍കിയത്. കേരളത്തില്‍ ഏറെ പ്രസിദ്ധമായതും മുസ്‌ലിം നവോത്ഥാന ശ്രമങ്ങള്‍ക്ക് വഴിത്തിരിവാവുകയും ചെയ്ത 'മുത്തനൂര്‍ പള്ളിക്കേസ്' നടന്നത് തൃപ്പനച്ചി അംശത്തില്‍ പെട്ട പ്രദേശത്തായിരുന്നു. ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്റെ പ്രവര്‍ത്തനങ്ങളോടുള്ള യാഥാസ്ഥിതിക വിഭാഗക്കാരുടെ പ്രതിഷേധവും പ്രതികരണവുമായിരുന്നു ആ കേസിനാധാരം.
ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്‍ പിന്നീട് കേരളത്തില്‍ ശക്തിയായി വേരോട്ടം ലഭിച്ച ഇസ്‌ലാഹി മൂവ്‌മെന്റിന്റെ പ്രാദേശിക ശാഖയായി വളര്‍ന്നു. ഇസ്‌ലാഹി ധാരക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ജുമാ മസ്ജിദുകളും മദ്‌റസകളും ഇന്നും ഈ കൂട്ടായ്മക്ക് കീഴിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ മുജാഹിദു പ്രസ്ഥാനത്തില്‍ പില്‍ക്കാലത്തുണ്ടായ പിളര്‍പ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടില്ല. ഇരുഗ്രൂപ്പുകളിലെയും ആളുകള്‍ മെമ്പര്‍മാരായുള്ള കൂട്ടായ്മയായി ഇന്നും ജംഇയ്യത്തുല്‍ മുസ്‌ലിഹൂന്‍ നിലനില്‍ക്കുന്നു. പ്രശസ്തരായ പണ്ഡിതന്മാരെയും എഴുത്തുകാരെയും പ്രസംഗകരെയുമെല്ലാം തൃപ്പനച്ചി ഇസ്‌ലാഹി കേരളക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
നവോത്ഥാന ശ്രമങ്ങള്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്ന തൃപ്പനച്ചിയിലെ യാഥാസ്ഥിതിക വിഭാഗം ഒരുപാട് മാറിയിരിക്കുന്നു. മഹല്ലുപള്ളിയിലും മദ്രസയിലും മാത്രം ദീനീ കാര്യങ്ങള്‍ ഒതുക്കിയിരുന്ന സുന്നീ വിഭാഗങ്ങള്‍ വളരെ വൈകിയാണെങ്കിലും വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭങ്ങളുമായി ഏറെ മുന്നേറിയിരിക്കുന്നു. ഇന്ന് തൃപ്പനച്ചിയില്‍ ഈ രംഗത്ത് ഇസ്‌ലാഹി പ്രസ്ഥാനങ്ങളേക്കാള്‍ ഇവരാണ് മുന്നിട്ട് നില്‍ക്കുന്നത്. 1992 ല്‍ സുന്നി എ.പി വിഭാഗം രൂപീകരിച്ച അല്‍ ഇര്‍ശാദ് ഇസ്‌ലാമിക് സെന്ററാണ് ഇതിലെ പ്രഥമ സംരംഭം. അല്‍ ഇര്‍ശാദ് പബ്ലിക് സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സെക്കണ്ടറി മദ്രസ, ലൈബ്രറി, മസ്ജിദ് എന്നിവ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഭൗതിക പഠനത്തോടൊപ്പം ധാര്‍മ്മിക പഠനത്തിനും മുന്‍ഗണന നല്‍കുന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതികള്‍. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
1994 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ മുഴുവന്‍ മഹല്ലുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ കൂടി രൂപീകരിച്ച അല്‍ ഫാറൂഖ് മുസ്‌ലിം വെല്‍ഫയര്‍ സൊസൈറ്റിയാണ് ഈ രംഗത്തെ രണ്ടാമത്തെ കാല്‍വെപ്പ്. ഇ.കെ വിഭാഗം സുന്നികളോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് സംരംഭത്തിനു പിന്നില്‍. തൃപ്പനച്ചി അല്‍ഫാറൂഖ് യത്തീംഖാന, മതഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്ന അല്‍ ഫാറൂഖ് പബ്ലിക് സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ഐ.ടി.സി, മദ്രസ, പള്ളി എന്നിവ ട്രസ്റ്റിനു കീഴില്‍ നടന്നുവരുന്നു. ടി.ടി.ഐ, ബി.എഡ് കോളേജ് എന്നിവ ട്രസ്റ്റിന്റെ അടുത്ത പ്രൊജക്റ്റുകളാണ്. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളാണ് അല്‍ ഫാറൂഖ് സ്ഥാപനങ്ങളുടെ മുഖ്യ രക്ഷാധികാരിയും ഉപദേഷ്ടാവും. ഒ.പി കുഞ്ഞാപ്പു ഹാജി പ്രസിഡണ്ടും ഒ.പി ആലി ബാപ്പു സെക്രട്ടറിയുമാണ്.
        സേവന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിനായി തൃപ്പനച്ചിയിലെ വിദ്യാ സമ്പന്നരായ ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഡോ. ഇബ്‌റാഹീം ചെയര്‍മാനും, എഞ്ചിനീയര്‍ ഹാറൂണ്‍ (ഉണ്ണി അവറു) സെക്രട്ടറിയുമായി 2004 ല്‍ രൂപീകരിച്ച ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു സംരംഭം. അനാഥകളും അഗതികളുമായ കുടുംബത്തിന് റേഷന്‍ , അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ , ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയ്ക്ക് ട്രസ്റ്റ് നേതൃത്വം നല്‍കിവരുന്നു. 2006 ല്‍ ഉദ്ഘാടനം ചെയ്ത മസ്ജിദ് റഹ്മാന്‍ കേന്ദ്രീകരിച്ചാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. 2007 ല്‍ ഇവിടെ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ആരംഭിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിതാക്കളായുണ്ട്. 2011 ല്‍ ജനശിക്ഷന്‍ സന്‍സ്ഥാനിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിച്ച് ആശ്രയം ട്രസ്റ്റ് തൃപ്പനച്ചിയില്‍ വിദ്യാഭ്യാസ സംരംഭങ്ങളിലേക്ക് തങ്ങളുടെ സംഭാവനകൂടി രേഖപ്പെടുത്തിയിരിക്കുന്നു.
1998 ലാണ് ജമാഅത്തെ ഇസ്‌ലാമിയും പോഷക ഘടകങ്ങളും തൃപ്പനച്ചിയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. മദ്രസ, ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍, സേവന കേന്ദ്രം, പാലിയേറ്റീവ് സെന്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദയാ സെന്റര്‍ ജമാഅത്തെ ഇസ്‌ലാമി തൃപ്പനച്ചി ഘടകത്തിന്റെ കീഴിലുണ്ട്.
സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പ്രശംസാര്‍ഹമായ ഈ വളര്‍ച്ചയും പുരോഗതിയുമെല്ലാം നിലനില്‍ക്കെ തന്നെ 'ആത്മീയ മേഖലയിലും' തൃപ്പനച്ചി സ്വന്തം ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. 'ഗ്രാനൈറ്റ് പള്ളി', 'ജിന്നുപള്ളി' എന്ന പേരിലെല്ലാം മലപ്പുറം ജില്ലയിലേറെ വിവാദമായ രണ്ടരകോടി ചിലവഴിച്ച് നിര്‍മ്മിച്ച; ഇനിയും പണി തീരാത്ത തൃപ്പനച്ചി-ആനപ്പാലം മസ്ജിദ് ആണ് തൃപ്പനച്ചിയിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രം. തൃപ്പനച്ചി മുസ്‌ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനായ (ഇദ്ദേഹം 2012-ല്‍ മരിച്ചു) ഇ.കെ സുന്നി വിഭാഗത്തിന്റെ കേരളത്തിലെ പ്രമുഖ ഔലിയയായ മുഹമ്മദ് മുസ്‌ലിയാരെ ചുറ്റിപ്പററിയാണ് ഈ 'ആത്മീയകേന്ദ്രങ്ങള്‍' പ്രവര്‍ത്തിക്കുന്നത്. തൃപ്പനച്ചി സ്‌കൂള്‍ പടിക്കടുത്ത് ഏക്കറക്കണക്കിന് ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടങ്ങളും പിച്ചളത്തില്‍ തീര്‍ത്ത കൊടിമരങ്ങളും ഏത് രോഗത്തെയും 'സുഖപ്പെടുത്തുന്ന' ഇവിടത്തെ 'തീര്‍ത്ഥജല'വും ഏറെ പ്രസിദ്ധമാണ്. ഓരോ വെള്ളിയാഴ്ച രാവിലും പ്രത്യേകം നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് 'കൊടിമരം' സ്റ്റോപ്പില്‍ ബസ്സിറങ്ങുന്നത്. ഇവര്‍ക്കെല്ലാം രാത്രി താമസിക്കാനാവാശ്യമായ സൗധങ്ങളും ഭക്ഷണ സൗകര്യങ്ങളും ഇതിനടുത്തുള്ള   കുന്നിന്‍പുറത്ത് സംവിധാനിച്ചിട്ടുണ്ട്.
തൃപ്പനച്ചിയുടെ സവിശേഷതകളും വിശേഷങ്ങളും പങ്കുവെക്കുന്ന ഗ്രാമത്തിന്റെ സ്വന്തം വെബ്‌സൈറ്റ്  2012-ല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്: www.trippanachi.com
 basheerudheentp@gmail.com

Thursday, October 18, 2012

വായനയുടെ വ്യാഴവട്ടക്കാലം അഥവാ അല്‍ജാമിഅ ജീവിതം 1999 - 2012



ശാന്തപുരം അല്‍ജാമിഅയിലെ 12 വര്‍ഷത്തെ പഠന - ഉദ്യോഗ ജീവിതത്തിനിടയിലെ  വായനാ ജീവിതത്തിന്‍റെ ചില ഓര്‍മ്മകളെക്കുറിച്ച്   യറിയില്‍ കുറിച്ചിട്ട വരികളാണ് ഇവിടെ പകര്‍ത്തുന്നത്  .

02/01/2012 
12  വര്‍ഷത്തെ ഓര്‍മ്മകള്‍ 
12 ലോകങ്ങളായി ഇന്നുമുണ്ട് ഡയറിയുടെ താളുകളില്‍ .
ഉറൂബും ബഷീറും എംടിയുമെല്ലാം 
തലയണക്കടിയില്‍ കൂടെ ഉറങ്ങുകയും ഉണരുകയും 
ചെയ്ത ആദ്യവര്‍ഷങ്ങള്‍ .
ബേപ്പൂര്‍ സുല്‍ത്താന്‍റെ  ഭാര്‍ഗവിനിലയം  
പൊടി തട്ടുമ്പോഴാണ് മുന്‍പേ പറക്കുന്ന പക്ഷികള്‍ 
കണ്ണില്‍ പെട്ടത് .
പിന്നിട് കുറെ മാസങ്ങള്‍ സീ ആറി ന്‍റെ കൂടെയായിരുന്നു.
അവസാന നോവലിന്‍റെ ഒടുവിലത്തെ പേജും 
കരണ്ടിട്ടുണ്ടെന്നു ഉറപ്പു വരുത്തിയാണ് 
അപ്പുവിന്‍റെ യാത്രയിലെ 
ഭാന്ധക്കെട്ടില്‍ നിന്ന് കയ്യെടുത്തത് .
ഇതിനിടയിലെ രാത്രികളില്‍ 
നക്സലൈറ്റും ജേണലിസ്റ്റും സയന്റിസ്റ്റുമായെല്ലാം
അപ്പുവിനൊപ്പം  വേഷം കെട്ടിയത് ഞാന്‍ കൂടിയായിരുന്നു .

വയലാറും  ഒഎന്‍വിയും ചുള്ളിക്കാടുമെല്ലാം
അപഹരിച്ചത് മറ്റൊരു  വര്‍ഷത്തെ   ഡയറിയായിരുന്നു 
പ്രണയത്തിന്‍റെ    തുലാവര്‍ഷമായിരുന്നു പിന്നീടൊരിക്കല്‍ .
ഓഷോയുടെ പ്രണയത്തിന്‍റെ    രഹസ്യമാണ്‌
ഘനീഭവിച്ചു ഇടിവെട്ടി പെയ്തത് .
പ്രണയം പ്രളയമായത് ആ വര്‍ഷമാണ്‌  .
ഒടുവില്‍ അലിശരീഅത്തിയും മാലിക് ബിന്നബിയും ചേര്‍ന്നാണ്  
നോഹയുടെ പെട്ടകത്തില്‍ കയറ്റി 
ആ പ്രളയത്തില്‍ നിന്ന് രക്ഷിച്ചത്‌ .
പിന്നീടു പുഴ ഗതി മാറിയാണ് ഒഴുകിയത് .
അത് ചെന്ന് ചേര്‍ന്നത്‌  മക്കയിലേക്കുള്ള 
പാതയിലായിരുന്നു .
മുഹമ്മദ്‌ അസദിന്‍റെ   കൂടെ മക്ക മുഴുവന്‍ ചുറ്റി കണ്ടു.
ആലു സഊദിന്‍റെ  കൊട്ടരത്തിനുള്ളിലും 
മരുഭൂമിയില്‍ ഒട്ടകത്തിന്‍റെ  പുറത്തും 
അസദിന്‍റെ  കൂടെ സഞ്ചരിച്ചു .
ഇന്ത്യയിലെ ഗോക്കളെപ്പോലെ ദഹിച്ചാലും ഇല്ലെങ്കിലും 
എന്തു കിട്ടിയാലും വാരി വിഴുങ്ങുന്ന 
അസ്ഹര്‍ വിദ്യാര്‍തികളെ കുറിച്ച് 
അസദ് നെടുവീര്‍പ്പെട്ടപ്പോള്‍ 
ദഹനക്കേടിന്‍റെ  പുളിച്ചു തികട്ടില്‍ ഉയര്‍ന്നത്
എന്‍റെ  ഉദരത്തില്‍ നിന്നുക്കൂടിയായിരുന്നു.

പിന്നീടു കുറച്ചു നാള്‍  നാട്ടില്‍ വിശ്രമകാലമായിരുന്നു .
ഒഴിവുകാലം പഴയ കൂട്ടുക്കാര്‍ക്കൊപ്പമുള്ള
വിനോദ കാലമാണ് .
മലയാള സിനിമയും സിനിമാലോകവും 
ദൃശ്യ കാഴ്ചകളുടെ വിരുന്നു സല്‍ക്കാരങ്ങളുടെ കാലം 
കയ്പ്പും മധുരവും പുളിയും 
കാഴ്ചയുടെ ഭക്ഷണതളിക എപ്പോഴും വിഭവസമ്രദ്ധമായിരുന്നു.
സുഭിക്ഷത നമ്മെ ഒടുവില്‍ ഉപവാസത്തിലെത്തിക്കും.
ഉപവാസം കഴിഞ്ഞാല്‍ മികച്ചതും നല്ലതുമായാതെ കഴിക്കൂ ....
കാഴ്ചകളുടെ ലോകത്തെ ഉപവാസം കഴിഞ്ഞാണ് 
കാമ്പസില്‍ തിരിച്ചെത്തിയത്‌ .

കാഴ്ചയുടെ ഈ ഇടവേളക്ക്‌ ശേഷമാണു 
ബെഗോവിച്ചിനെ പരിചയപ്പെട്ടത്‌ .
ഇന്നും വേണ്ടത്ര ദഹിചിട്ടില്ലെങ്കിലും 
അവസാന പേജും വിഴുങ്ങിയിട്ടുണ്ട് .
ആ ദഹനക്കേട് മാറാനാണ്‌ വീണ്ടും  ലോകം ചുറ്റാന്‍ തീരുമാനിച്ചത്
മുഹമ്മദ്‌ അസദിനോളം സാഹസികനല്ലെങ്കിലും 
നല്ലൊരു സഹയാത്രികനായിരുന്നു സിയാവുദ്ധീന്‍ സര്‍ദാര്‍  .
ഒട്ടകത്തിനു പകരം മിക്കവാറും യാത്ര വിമാനത്തിലായിരുന്നു .
പഴയ ലോകത്തിനു പകരം പുതിയ കാലവും.
എങ്കിലും യാത്ര ഒട്ടും സുഖകരമായിരുന്നില്ല .
പലയിടത്തും പതിറ്റാണ്ടുകള്‍ക്ക്  മുന്‍പേ 
മുഹമ്മദ്‌ അസദ്  കാണിച്ചു തന്നതില്‍ നിന്നും 
വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
മലേഷ്യയിലാണ് കുറച്ചു കാലമെങ്കിലും 
ഞങ്ങള്‍ സ്വസ്ഥമായി കഴിച്ചു കൂട്ടിയത്.
എന്നിട്ടും ചരിത്രത്തിലെ മുസ്ലിം സ്പെയ്നിനെ 
കണ്ടു പിടിക്കാന്‍  കഴിഞ്ഞില്ല .
ഞങ്ങള്‍ നിരാശയിലായി .
സ്പെയ്നിനെ കണ്ടെത്തേണ്ട പല സംഘടനകളും 
മറ്റൊരു ഏകാന്ത ലോകത്തെകുറിച്ച് സംസാരിക്കുന്നത്  കണ്ടപ്പോള്‍ സന്ദേഹമായി .
ഒടുവില്‍ പാതി വഴിയില്‍ വെച്ച് യാത്ര നിര്‍ത്തി   
പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു. 

സംശയങ്ങളും ചോദ്യങ്ങളും അപ്പോഴും ബാക്കിയായിരുന്നു. 
പാടി പഠിച്ച  ഉത്തരങ്ങള്‍ക്ക് പകരം 
പുതിയവ കണ്ടെത്തേണ്ടതുണ്ടായിരുന്നു .
ജഫ്രിലാംഗിന്‍റെ   മാലാഖമാര്‍ പോലും ഉയര്‍ത്തുന്നത് 
സന്ദേഹങ്ങളുടെ ഈ ചോദ്യമാണല്ലോ ?
ചോദ്യങ്ങളും ഉത്തരങ്ങളും  അതാണല്ലോ നമ്മെ 
വീണ്ടും യാത്രക്ക് പ്രേരിപ്പിക്കുന്നത് .
എവിടെയും അധികം  കെട്ടി നില്‍ക്കാതെ 
വായനയിലൂടെയുള്ള യാത്രയുടെ ഒഴുക്ക്  ഇനിയും 
തുടരണമെന്നാണ് ആഗ്രഹം 
അതിനു നിങ്ങളുടെ പ്രാഥനകള്‍ കൂടി ഉണ്ടാവുമല്ലോ ...