കേരളത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ ലോകമംഗീകരിച്ച കേരള മോഡല്‍ പാലിയേറ്റീവ് സംരംഭങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്നു
1993 -ല്‍ താങ്കളുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പാലിയേറ്റീവ് സംരംഭം കേരളത്തിലുടനീളമായി ആയിരത്തിനടുത്ത് സെന്ററുകളുള്ള വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. പതിനായിരക്കണക്കിന് രോഗികളും കുടുംബങ്ങളുമാണ് ഈ സംരംഭത്തിന്റെ പരിചരണവും തണലും സഹായവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തായിരുന്നു ഇങ്ങനെയൊരു സാന്ത്വന സംരംഭത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രേരകങ്ങളും?
അടിയന്തരാവസ്ഥക്ക് ശേഷമുള്ള എണ്‍പതുകളിലാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായി ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കേരളത്തിലെ കാമ്പസുകളില്‍ ആക്ടിവിസം ഏറ്റവും കൂടുതല്‍ സജീവമായ കാലം. അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഉണ്ടായിരുന്ന ആക്ടിവിസങ്ങളിലെല്ലാം ഞാനും പങ്കാളിയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനപ്പുറത്ത് സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളും സമരങ്ങളും ഞങ്ങള്‍ കാമ്പസില്‍ ചര്‍ച്ചാവിഷയമാക്കി. കരിയറിനപ്പുറം സാമൂഹികമായി എന്തെങ്കിലും സേവനം ചെയ്യണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ തുടര്‍പഠനത്തിന് അവസരം ലഭിച്ചപ്പോള്‍ അവിടെയുള്ള ചില പാലിയേറ്റീവ് സംരംഭങ്ങള്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യനായി നിയമിതനായ വേളയില്‍ അര്‍ബുദരോഗികളുടെ തീരാവേദനയും ദുരിതവും നിത്യകാഴ്ചയായിരുന്നു. അവര്‍ക്ക് ആവുംവിധം ഒരാശ്വാസ പദ്ധതി എന്ന നിലക്കാണ് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ 1993-ല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഇതിന്റെ പ്രവര്‍ത്തന രീതിയൊരിക്കലും വിദേശത്തുള്ള പാലിയേറ്റീവ് സംരംഭങ്ങളുടെ മാതൃകയിലാവരുത് എന്ന് തുടക്കം മുതലേ തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടിലടക്കമുള്ള പാലിയേറ്റീവ് സംരംഭങ്ങള്‍ ചാരിറ്റി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ജനകീയ പങ്കാളിത്തമുണ്ടായിരുന്നില്ല. എന്റെ കാമ്പസ് ആക്ടിവിസത്തിന്റെ അനുഭവം കൂടി മുന്നില്‍വെച്ച് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന പാലിയേറ്റീവ് സംരംഭമാണ് ഞങ്ങളാഗ്രഹിച്ചത്. അങ്ങനെയാണ് മെഡിക്കല്‍ ടീമിനു പുറമെ വളണ്ടിയര്‍മാരും മറ്റ് സഹകാരികളുമായി സേവന സന്നദ്ധരായ പൊതുജനത്തെ പാലിയേറ്റീവിന്റെ നിര്‍ബന്ധ ഘടകമാക്കിയത്. കേരളത്തിന്റെ ഈ പാലിയേറ്റീവ് മാതൃകയെ ഇന്ന് ലോകം അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നു.
മതസംഘടനകള്‍ പ്രത്യേകിച്ച് മുസ്‌ലിം സമുദായ സംഘടനകള്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ അവരുടെ മുഖ്യഅജണ്ടകളിലേക്ക് ചേര്‍ത്ത് വെച്ചത് താങ്കളുടെ ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ? കേരളത്തിലേറ്റവും കൂടുതല്‍ പാലിയേറ്റീവ് യൂനിറ്റുകളുള്ള ജില്ലകളായി കോഴിക്കോടും മലപ്പുറവും മാറാനുള്ള കാരണങ്ങളിലൊന്ന് ഈ സംഘടനകളുടെ ഇടപെടലുകളല്ലേ?
മതസംഘടനകളും രാഷ്ട്രീയ സംഘടനകളും കേരളീയ പൊതുസമൂഹത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ആ വേദികള്‍ പാലിയേറ്റീവ് സംവിധാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇത് മുസ്‌ലിം സംഘടനകള്‍ ആണെങ്കില്‍ മലയോര ജില്ലകളില്‍ ക്രൈസ്തവ വിഭാഗമാണ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത്. എന്നാല്‍ പാലിയേറ്റീവ് സംവിധാനത്തിന്റെ ഒരു ഘട്ടത്തിന് ശേഷമുള്ള വളര്‍ച്ചക്ക് ഈ സംഘടനാവല്‍ക്കരണം തടസ്സമായിട്ടുണ്ട്. മതസംഘടനയോ രാഷ്ട്രീയ സംഘടനയോ ഒരു പ്രദേശത്ത് പെയിന്‍ ആന്റ് പാലിയേറ്റീവിന് നേതൃത്വം നല്‍കുമ്പോള്‍, കേരളത്തില്‍ നിലനില്‍ക്കുന്ന പ്രത്യേക സാമൂഹികാന്തരീക്ഷം കാരണം മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അതിനോട് അകലം പാലിക്കും. ഇത് അതിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയെയും ജനകീയതയെയും ബാധിക്കും. എന്നാല്‍ അഭിനന്ദനാര്‍ഹമെന്ന് പറയട്ടെ, ആര് നേതൃത്വം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ ആയാലും രോഗിയെ തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് പരിചരണം നല്‍കുന്നതിലും മത രാഷ്ട്രീയ വേര്‍തിരിവുകളൊന്നും തന്നെ കാണാന്‍ കഴിയില്ല. തീര്‍ത്തും പൊതുവായ പ്ലാറ്റ്‌ഫോമുള്ള സന്നദ്ധ സംഘടനയായി പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് പറയുമ്പോഴും, പലയിടത്തും ഈ സംരംഭത്തിന് തുടക്കം കുറിച്ച മത-രാഷ്ട്രീയ സംഘടനകളുടെ പങ്ക് വില കുറച്ച് കാണാന്‍ സാധ്യമല്ല.
ലോകത്തെങ്ങുമുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, താങ്കള്‍ ഡയറക്ടറായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ (ഐ.പി.എം) ലോകാരോഗ്യസംഘടന തെരഞ്ഞെടുത്തിട്ടുണ്ടല്ലോ. ഏതെല്ലാം രാജ്യങ്ങളിലാണ് ഈ സ്ഥാപനം കേരള മോഡല്‍ പാലിയേറ്റീവ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നത്?
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ) അവരുടെ പാലിയേറ്റീവ് രംഗത്തെ മുഖ്യ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മൂന്നാം ലോകരാജ്യത്തെ ഒരു സ്ഥാപനത്തിന് അവരിങ്ങനെയൊരു അംഗീകാരം നല്‍കുന്നത്. ഇതോടെ പല രാഷ്ട്രങ്ങളും ഈ വിഷയത്തില്‍ നമ്മോട് മാര്‍ഗനിര്‍ദേശം തേടുന്നുണ്ട്. ബംഗ്ലാദേശ്, തായ്‌ലന്റ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കേരള മോഡല്‍ പരീക്ഷണമാരംഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ നേരിട്ട് സന്ദര്‍ശിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഡയറക്ടര്‍ എന്ന നിലക്ക് എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗ്ലാദേശില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആരംഭിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഐ.പി.എം ആണ്. മൂന്ന് വര്‍ഷം പൂര്‍ണമായും ഐ.പി.എമ്മിന്റെ മേല്‍നോട്ടത്തില്‍ നടത്തി അതിനെ വിജയകരമായ സംവിധാനമാക്കാനാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവിടെ വരികയും നമ്മുടെ മാതൃക നേരിട്ട് പഠിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പാലിയേറ്റീവ് രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പുതിയ പരീക്ഷണങ്ങളും സേവന മേഖലകളും പഠിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്ന വേദി കൂടിയാണ് ഐ.പി.എം. സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതും ഈ സ്ഥാപനമാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ അംഗമായ ഏതൊരു രാജ്യത്തും ഈ മോഡല്‍ നടപ്പാക്കാനുള്ള മേല്‍നോട്ടത്തിന് ഈ സ്ഥാപനത്തിന് അധികാരമുണ്ട്.
പാലിയേറ്റീവിന്റെ കേരള മാതൃക ഇന്ന് മെഡിക്കല്‍ ലോകത്തെ പഠന വിഷയങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടനയടക്കം ഈ മാതൃകയെ അംഗീകരിക്കുകയും മറ്റു രാജ്യങ്ങള്‍ക്ക് മോഡലായി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് പാലിയേറ്റീവ് രംഗത്തെ കേരള മോഡല്‍ കൊണ്ടുദ്ദേശിക്കുന്നത്?
കേരളത്തെക്കാള്‍ വിപുലമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒട്ടനവധി രാജ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ടു നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യങ്ങളുമുണ്ട്. നമ്മുടേതിനേക്കാള്‍ ഫണ്ടും വളണ്ടിയര്‍ സംവിധാനവുമുള്ള എന്‍.ജി.ഒ സംരംഭങ്ങളാണ് മറ്റു ചില രാജ്യങ്ങളില്‍. പാലിയേറ്റീവെന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ടീം എന്ന പൊതുമാതൃകയെ പൊളിച്ചെഴുതി എന്നതാണ് കേരള മോഡലിന്റെ പ്രഥമ സവിശേഷത. രോഗ ചികിത്സ എന്നതിനപ്പുറം രോഗിയുടെ കുടുംബത്തിന്റെ സംരക്ഷണം, പുനരധിവാസം തുടങ്ങി നിരവധി സേവനങ്ങള്‍ ചെയ്യുന്ന കേന്ദ്രങ്ങളായി പാലിയേറ്റീവ് പ്രസ്ഥാനത്തെ മറ്റിയെടുത്തുവെന്നതാണ് മറ്റൊരു പ്രത്യേകത. എന്‍.ജി.ഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പാലിയേറ്റീവ് പ്രസ്ഥാനം കുറച്ച് കണ്ടിട്ടില്ല. ആ സംവിധാനങ്ങളെ കൂടി ഉപയോഗപ്പെടുത്തുകയാണ് പാലിയേറ്റീവിന്റെ കേരള മോഡല്‍ ചെയ്യുന്നത്. മറ്റു രാജ്യങ്ങളില്‍ പാലിയേറ്റീവ് സംരംഭങ്ങള്‍ ഒന്നുകില്‍ സമ്പൂര്‍ണമായ ഗവണ്‍മെന്റ് പദ്ധതികളോ അല്ലെങ്കില്‍ നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ പ്രോജക്ടുകളോ ആയിരിക്കും. കേരളം ഈ രണ്ട് സംവിധാനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആധികാരിക മെഡിക്കല്‍ പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും ഇക്കണോമിക്‌സ് മാഗസിനും ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പോലുള്ള സംഘടനകളും ഈ കേരള മോഡലിനെയാണ് അംഗീകരിച്ചത്.
2008-ല്‍ കേരള സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അജണ്ടകളുടെ ഭാഗമാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ വര്‍ഷത്തെ പുതിയ ഉത്തരവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ പാലിയേറ്റീവ് പദ്ധതികള്‍ നടപ്പിലാക്കണമെന്ന് വ്യക്തമാക്കുന്നു. പാലിയേറ്റീവ് രംഗത്തേക്കുള്ള കേരള സര്‍ക്കാറിന്റെ ഈ പ്രത്യക്ഷമായ കടന്നുവരവ് സന്നദ്ധ സംഘടനകളുടെ മേല്‍നോട്ടത്തിലുള്ള പെയിന്‍ പാലിയേറ്റീവ് പ്രസ്ഥാനത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുക?
1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആരംഭിക്കുമ്പോള്‍ പാലിയേറ്റീവ് എന്ന വാക്കുപോലും കേരളത്തിന് സുപരിചിതമായിരുന്നില്ല. 2008 വരെ ചില ചെറിയ സര്‍ക്കാര്‍ സഹായങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും എന്‍.ജി.ഒ ആയാണ് പാലിയേറ്റീവ് സംവിധാനങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായതും വളര്‍ന്നതും. വീടുകളില്‍ ചെന്നുള്ള ഹോംകെയര്‍ സംവിധാനങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തതും ഈ സന്നദ്ധ സംഘടനകളാണ്. 2008 ലാണ് കേരള സര്‍ക്കാര്‍ ഈ രംഗത്ത് മാതൃകാപരമായ ഇടപെടല്‍ ആരംഭിച്ചത്. തീര്‍ച്ചയായും അത് പ്രോത്സാഹജനകവും കേരളത്തിലെ പാലിയേറ്റീവ് സംവിധാനങ്ങളുടെ വിജയവും അവര്‍ക്കുള്ള അംഗീകാരവുമാണ്. അതോടൊപ്പം നിലവിലുള്ള സന്നദ്ധസംഘടനകളുടെ മേല്‍നോട്ടത്തിലുള്ള പാലിയേറ്റീവ് സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുമാണ്. കേവലം രോഗപരിചരണം എന്നതില്‍ പ്രവര്‍ത്തനങ്ങളൊതുക്കാതെ സേവനത്തിന്റെ പുതിയ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയും, സര്‍ക്കാര്‍ സംവിധാനങ്ങളോട് ഏറ്റുമുട്ടാന്‍ പോവാതെ പരമാവധി അവയെ ഉപയോഗപ്പെടുത്തുകയും ചെയ്താലേ നിലവിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് സംവിധാനങ്ങള്‍ക്ക് ഭാവിയില്‍ നിലനില്‍ക്കാനാവൂ. പാലിയേറ്റീവ് പ്രസ്ഥാനം തുടങ്ങിയ കാലത്തെ പ്രഥമ ദൗത്യം സര്‍ക്കാര്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ അവസാനിച്ചിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന ആനൂകൂല്യങ്ങള്‍ രോഗിക്ക് വാങ്ങിക്കൊടുക്കാന്‍ സഹായിക്കുന്ന ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളായും, സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിരീക്ഷണ കേന്ദ്രങ്ങളായും കൂടി പാലിയേറ്റീവ് പ്രസ്ഥാനം മാറേണ്ടതുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്. നിലവിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍തന്നെ സര്‍ക്കാറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവാന്‍ ശ്രദ്ധവെക്കണം. ഈ സംയുക്ത മാതൃക ചില പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തീര്‍ത്തും അവഗണിച്ച് പഴയ പോലെ മുന്നോട്ട് പോകുന്നവരുമുണ്ട്. ഈ നിലപാട് ഭാവിയില്‍ അവര്‍ക്ക് ദോഷം ചെയ്യും. ഉദാരവത്കരണ കാലത്ത് ആരോഗ്യരംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളെ അംഗീകരിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ് എല്ലാവരും ചെയ്യേണ്ടത്.
സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കേരളീയ പരിസരം ശരിക്കും ഈ സംരഭത്തെ വിജയിപ്പിച്ചു. മനുഷ്യർ തന്നിലേക്ക് വലിയുന്ന സ്ഥലങ്ങളിലും രാജ്യങ്ങളിലും അത് കൊണ്ട് തന്നെ ഇത് വിജയിക്കുന്നില്ല. മതം മുന്നോട്ടു വെക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് യഥാർത്ഥത്തിൽ മുസ്ലിംകളും ക്രൈസ്തവരും ജനകീയ കൂട്ടായ്മകളിലൂടെ പാലിയേറ്റീവ് സംരഭങ്ങളെ ഇത്രമാത്രം സജീവമാക്കിയത്.
ReplyDeleteഈ മഹത്തായ പ്രസ്ഥാനം വേദനയൊപ്പിയ നൂറുകണക്കിന് കുടുംബങ്ങളാണ് ഇതിനുള്ള ഏറ്റവും വലിയ അംഗീകാരം.
ReplyDeleteസാധാരണക്കാരായ നല്ല മനസ്സുകൾ ചേർന്ന് ഒരുമയോടെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ വിശപ്പിനും വേദനക്കും മതവും ജാതിയുമില്ലെന്ന, ഇന്ന് അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന തത്ത്വത്തെക്കൂടിയാണ് മരിക്കാനനുവദിക്കാതെ നിലനിർത്തുന്നത്.