മാറാരോഗങ്ങള്‍ രോഗിയുടെ ദുരിതവും അവന്റെ കുടുംബത്തിന്റെ മാത്രം ബാധ്യതയുമായി കരുതിപ്പോന്നിരുന്ന സാമൂഹിക കാഴ്ചപ്പാടിന് ലോക മനുഷ്യ സ്‌നേഹികള്‍ നല്‍കിയ തിരുത്താണ് പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനം. 1960-ല്‍ ലണ്ടനില്‍ ഡോ. സിസിലി സോണ്ടേഴ്‌സ് തുടങ്ങി വെച്ച ഈ സാന്ത്വന ചികിത്സയുടെ നിശ്ശബ്ദ വിപ്ലവം വളരെ പെട്ടെന്നുതന്നെ ലോകത്തുടനീളം വ്യാപിച്ചു. ഇന്ത്യയില്‍ കേരളത്തിലാണ് സംഘടിതവും വ്യവസ്ഥാപിതവുമായി പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനം ആരംഭിച്ചത്. 1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സേവന സന്നദ്ധരായ ചില ഡോക്ടര്‍മാരുടെയും പൊതു പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ രൂപം കൊണ്ട സന്നദ്ധ സംഘടനയായ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് കേരളത്തിലെ മാതൃ പാലിയേറ്റീവ് സ്ഥാപനം. വേദന കൊണ്ട് പുളഞ്ഞ് അല്‍പം ആശ്വാസത്തിനായി മെഡിക്കല്‍ കോളേജിലെത്തുന്ന അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനം നല്‍കുക, അവരുടെ ചികിത്സക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുക തുടങ്ങിയവയായിരുന്നു സംരംഭത്തിന്റെ ആദ്യ ലക്ഷ്യം. 1994-ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ (ഐ.എ.പി.സി) രൂപീകരിക്കപ്പെട്ടതോടെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് ഇന്ത്യയിലുടനീളം ശാഖകളുണ്ടായി.
രോഗശമനം എന്നതിലുപരി, രോഗ തീവ്രത കുറച്ച് മാറാരോഗികളുടെ ക്ലേശങ്ങള്‍ ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പരിചരണമോ ചികിത്സയോ ആണ് പാലിയേറ്റീവ് പ്രസ്ഥാനം ലക്ഷ്യമിടുന്നത്. രോഗി മാത്രമല്ല, രോഗിയുടെ കുടുംബവും ഈ സാന്ത്വന ചികിത്സയുടെ ഭാഗമാണ്. ''ജീവനു ഭീഷണിയാകുന്ന രോഗമുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് രോഗ നിര്‍ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും നടത്തുക. രോഗിയുടെയും കുടുംബത്തിന്റെയും മാനസിക, സാമൂഹിക, ആധ്യാത്മിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് അവരുടെ ക്ലേശങ്ങള്‍ തടയുകയോ കുറക്കുകയോ ചെയ്യുക. ഡോക്ടര്‍, നഴ്‌സ്, സാമൂഹിക പ്രവര്‍ത്തകര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപേഷ്‌നല്‍ തെറാപിസ്റ്റ്, സന്നദ്ധ പ്രവര്‍ത്തകര്‍, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബം എന്നിവര്‍ അടങ്ങുന്നതാണ് പാലിയേറ്റീവ് ടീം.'' ലോകാരോഗ്യ സംഘടന പാലിയേറ്റിവിനെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത്.
അതീവ നിശ്ശബ്ദമായ ഒരു വിപ്ലവമാണ് പാലിയേറ്റീവ് പ്രസ്ഥാനം കേരളത്തില്‍ നടത്തിയത്. സ്വാര്‍ഥത മനുഷ്യനെ കീഴടക്കുന്നുവെന്നും യുവാക്കള്‍ കര്‍മവിമുഖരാവുന്നുവെന്നുമുള്ള മുറവിളി മുഴങ്ങുമ്പോഴാണ് ഉദാരമതികളുടെ നിര്‍ലോഭമായ സഹകരണത്തോടെ ആയിരക്കണക്കിന് വളണ്ടിയര്‍മാരായ ചെറുപ്പക്കാരുടെ സേവനത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും പാലിയേറ്റീവ് പ്രസ്ഥാനം സാന്ത്വനത്തിന്റെ കാരുണ്യത്തണല്‍ വിരിച്ചത്. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഈ സേവന വിപ്ലവത്തിന് മാതൃകയായി മുന്നില്‍ നിന്നത്. ഹോസ്പിറ്റലിന് പുറത്ത് സാമൂഹിക പങ്കാളിത്തത്തോടെ ആദ്യമായി നിലവില്‍ വന്ന പാലിയേറ്റീവ് യൂനിറ്റ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് ശേഷം രൂപീകരിച്ച കേരളത്തിലെ രണ്ടാമത്തെ പാലിയേറ്റീവ് യൂനിറ്റ് കൂടിയായിരുന്നു അത്. തൊട്ടു പിറകെ ജില്ലയിലെ പെരിന്തല്‍മണ്ണയിലും മലപ്പുറത്തും യൂനിറ്റുകള്‍ നിലവില്‍ വന്നു. മുസ്‌ലിം സംഘടനകള്‍ വിശിഷ്യാ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനത്തിലെ യുവജന വിഭാഗവും തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളുടെ അജണ്ടകളിലേക്ക് പാലിയേറ്റീവ് പ്രവര്‍ത്തനവും ചേര്‍ത്തുവെച്ചതോടെ മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ അതിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു.
ക്ലബ്ബുകളുടെയും സാംസ്‌കാരിക വേദികളുടെയും സേവന സന്നദ്ധരായ മനുഷ്യ സ്‌നേഹികളുടെയും നിര്‍ലോഭമായ പിന്തുണയും പാലിയേറ്റീവ് സംരംഭങ്ങളുടെ വിജയ കാരണങ്ങളാണ്. മലപ്പുറം, കോഴിക്കോട് മാതൃകകള്‍ ഇതര ജില്ലകളും ഏറ്റെടുത്തതോടെ പാലിയേറ്റീവിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും അതിനെക്കുറിച്ച് പല പഠനങ്ങളും പുറത്തുവരികയും ചെയ്തു. 'കേരള മാതൃക' എന്ന പദാവലി പോലും ലോക പാലിയേറ്റീവ് പ്രബന്ധങ്ങളില്‍ സ്ഥാനം പിടിച്ചു.
ചികിത്സ തേടി ഹോസ്പിറ്റലുകളിലേക്ക് രോഗിയെ എത്തിക്കുന്നതിന് പകരം മരുന്നും മറ്റും ഉപകരണങ്ങളുമായി മെഡിക്കല്‍ ടീം വീടുകളില്‍ എത്തി അവരെ പരിചരിക്കുന്ന ഹോം കെയര്‍ (ഗൃഹ കേന്ദ്രീകൃത പരിചരണം) സംവിധാനമാണ് പാലിയേറ്റീവ് സംരംഭത്തിന്റെ ഏറ്റവും വലിയ സവിശേഷത. കാന്‍സര്‍, തളര്‍വാതം, നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവര്‍, വൃക്ക രോഗികള്‍, മാനസിക രോഗികള്‍, വാര്‍ധക്യ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, ശ്വാസകോശ രോഗികള്‍, എയിഡ്‌സ് ബാധിതര്‍ തുടങ്ങിയ ദീര്‍ഘകാല മാറാ രോഗങ്ങള്‍ പിടികൂടിയവരാണ് പാലിയേറ്റീവിന്റെ ചികിത്സ തേടുന്ന ഭൂരിപക്ഷവും. ഇവരിലധിക പേര്‍ക്കും ഹോസ്പിറ്റലുകളിലേക്ക് പോകാനുള്ള ശാരീരികക്ഷമതയോ അവിടത്തെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തെ ഉള്‍ക്കൊള്ളാനുള്ള മാനസിക ശേഷിയോ ഉണ്ടാവില്ല. അവിടെയാണ് ഹോം കെയര്‍ സംവിധാനം സാന്ത്വന സ്പര്‍ശമായി അവരെ തേടിയെത്തുന്നത്. ഇങ്ങനെ പുറം ലോകം കാണാതെ വീടകങ്ങളില്‍ ഒതുങ്ങി ശിഷ്ടജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്നവരെ സാധ്യമായ രീതിയില്‍ ജീവിതത്തിന്റെ സാധാരണ അന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളും പാലിയേറ്റീവ് കെയറുകള്‍ നടപ്പിലാക്കുന്നു. രോഗികളുടെ സംഗമങ്ങളൊരുക്കിയും വിനോദ യാത്രകള്‍ സംഘടിപ്പിച്ചും സാധ്യമാവുന്ന സ്വയം തൊഴില്‍ പഠിപ്പിച്ചും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തി സാമൂഹിക ജീവിതത്തിലേക്ക് നേരിയ തോതിലെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ ഇത് കളമൊരുക്കുന്നു.
കേരളത്തില്‍ സാന്ത്വന ചികിത്സാ രംഗത്ത് ഒരു ബദല്‍ പ്രസ്ഥാനമായി പെയിന്‍ ആന്റ് പാലിയേറ്റീവ് മാറിയതോടെ കേരള ഗവണ്‍മെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആ സംരംഭത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. നേരത്തെ ബജറ്റില്‍ പാലിയേറ്റീവിന് വക ഉള്‍ക്കൊള്ളിച്ച് മഞ്ചേരിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനം ഈ രംഗത്ത് മാതൃക കാണിച്ചിരുന്നു. 2008-ലാണ് കേരള സര്‍ക്കാര്‍ പാലിയേറ്റീവ് നയം പ്രഖ്യാപിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ആരോഗ്യ പരിപാലനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് ഈ നയം വ്യക്തമാക്കുന്നു. 2009-ല്‍ മാറാ രോഗികളുടെ വീടുകളില്‍ ചെന്നുള്ള ഹോം കെയര്‍ പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചില തദ്ദേശ സ്ഥാപനങ്ങള്‍ അതിന് മുന്നോട്ട് വന്നെങ്കിലും പലരും മടിച്ചു നിന്നു. ചിലര്‍ ഫണ്ട് ലഭിക്കാന്‍ പേരിന് മാത്രം എന്തോ ചെയ്‌തെന്ന് വരുത്തി. ഈ കൗശലം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥയോടു കൂടിയുള്ള പാലിയേറ്റീവ് നയമാണ് ഈയിടെ പ്രഖ്യാപിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ പാലിയേറ്റീവ് പരിചരണത്തിന് പദ്ധതി സമര്‍പ്പിച്ചേ മതിയാവൂ എന്നാണ് പുതിയ നയം. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ആദ്യ സമ്പൂര്‍ണ പാലിയേറ്റീവ് സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് ലഭിക്കും.
പക്ഷേ, ഏടുകളിലെ നിയമം കാര്യക്ഷമമായി നടപ്പിലാവണമെങ്കില്‍ ഗവണ്‍മെന്റ് സഹായമോ പിന്തുണയോ ഇല്ലാതെ ജനകീയ പിന്‍ബലത്താല്‍ മാത്രം പാലിയേറ്റീവിനെ ലോക മാതൃകയാക്കി സംസ്ഥാനത്ത് വളര്‍ത്തിയെടുത്ത സന്നദ്ധ സംഘടനകളെയും കൂട്ടായ്മകളെയും ഈ പദ്ധതിയില്‍ രാഷ്ട്രീയ പക്ഷഭേദമില്ലാതെ പങ്കുചേര്‍ക്കേണ്ടിവരും. നിലവിലെ സര്‍ക്കാര്‍ പദ്ധതിയില്‍ അതിന് വ്യവസ്ഥകളുണ്ട്. അത് യഥാവിധി നടപ്പിലാക്കിയാല്‍ 978 പഞ്ചായത്തുകളിലും 60 നഗരസഭകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും പാലിയേറ്റീവ് കെയര്‍ സേവനം ലഭിക്കും. ഒന്നര ലക്ഷത്തിലേറെ വരുന്ന രോഗികള്‍ക്കാണ് അതുവഴി ഇതിന്റെ പ്രയോജനം ലഭിക്കുക. രോഗികളുടെ പുനരധിവാസവും കുടുംബ ക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായുണ്ട്. അത് നടപ്പിലായാല്‍ തീര്‍ച്ചയായും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ നിശ്ശബ്ദ വിപ്ലവത്തിന് തുടക്കം കുറിച്ച മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും അഭിമാനിക്കാം; തങ്ങളുടെ വിപ്ലവം വിജയമായിത്തീര്‍ന്നതിന്. അതിന് പക്ഷേ, അവരുടെ ജാഗ്രത കൂടി വരുംകാലങ്ങളില്‍ വേണ്ടിവരും.
basheerudheentp@gmail.com
വേദനിയ്ക്കുന്നവര്‍ക്കാശ്വാസം പകരുന്ന സംരംഭത്തിന് ആശംസകള്‍
ReplyDeleteinformative-
ReplyDeleteഈ ഭൂമിയിൽ നമ്മൾ എത്രത്തോളം അനുഗ്രഹീതരാണെന്നറീയാൻ ഒരിക്കലെങ്കിലും മെഡിക്കൽ കോളേജിന്റേയോ, ജനറൽ ആശുപത്രിയുടേയോ, ജനറൽ വാർഡ് ഒന്ന് സന്ദർശിച്ചാൽ മതി, അതുമല്ലെങ്കിൽ പൈൻ & പാലിയേറ്റീവ് കെയർ യൂണിറ്റുകളുടേ ഹോം കെയർ ക്യാമ്പുകളിൾ ഒരിക്കൽ പങ്കെടുത്താൽ മതി
ReplyDeleteനാഥാ നങളേ നീ മാറാവ്യാഥിയിൽ നിന്നും തീരാവ്യഥകളിൽ നിന്നും കാത്തുരക്ഷിക്കേണമേ... ആമീൻ...