Pages

Ads 468x60px

Tuesday, December 31, 2013

പരിസ്ഥിതി സംരക്ഷണമെന്നത് ഒരു മതമൗലികവാദമാണ്‌

എരിയും ചൂട്ടുകളേന്തിത്താരകള്‍ 
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറികയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍ 
   വൈലോപ്പിള്ളി 



    കപട പരിസ്ഥിതിവാദമെന്ന വാക്ക് ഒരു ഇടതുപക്ഷ ശകാരമാണ്. മതമൗലികവാദികള്‍ക്കെതിരെയാണ് ആ തെറി പ്രയോഗം അവര്‍ സാധാരണ എടുത്തെറിയാറുള്ളത്. ആ പദശരീരഘടന ഒട്ടേറെ അവകാശവാദങ്ങളുടെ അര്‍ഥഗര്‍ഭം പേറുന്നുണ്ട്. പരിസ്ഥിതിയും മതവും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിക്കേണ്ട ദര്‍ശനങ്ങളാണെന്ന ധ്വനിയാണ് അതിലെ ആദ്യ വിവരക്കേട്. മതത്തെയും പരിസ്ഥിതിയെയും നിര്‍വചിക്കാനുള്ള പേറ്റന്റ് ജന്മാവകാശമായി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യവും അതിലടക്കം ചെയ്തിട്ടുണ്ട്. തങ്ങള്‍ ഒപ്പുവെച്ച് നല്‍കിയ 'ചുവന്ന ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ്' പ്രദര്‍ശിപ്പിക്കാത്ത പരിസ്ഥിതി ചര്‍ച്ചകളും സമരങ്ങളുമെല്ലാം കപടവും വ്യാജവുമാണെന്ന അന്തിമവിധി ഉണ്ടാകുന്നത് ഈ ജന്മിത്വ മാടമ്പി ബോധം അലങ്കാരമായി എടുത്തണിഞ്ഞത് കൊണ്ടാണ്.

     കാലാകാലങ്ങളില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ് അതതുകാലത്തെ കേരളത്തിന്റെ പരിസ്ഥിതി പാഠങ്ങള്‍ ! ആ പാഠാവലികള്‍ക്ക് പുറത്ത് പരിസ്ഥിതി അനുരാഗത്തിന്റെ വിത്തിറക്കുന്നവര്‍ വര്‍ഗവഞ്ചകരാണ്. വലതുപക്ഷ ബൂര്‍ഷ്വാസികളും മൂരാച്ചികളും പിന്തിരിപ്പന്മാരുമാണ്! നേരെ ചൊവ്വെ പറഞ്ഞാല്‍ പാര്‍ട്ടിക്ക് ബോധ്യപ്പെടാത്ത പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെടുന്നവര്‍ കപട പരിസ്ഥിതിവാദികളാകുന്നു. അവര്‍ക്ക് നേതൃത്വം കൊടുക്കുന്നത് മതരാഷ്ട്രവാദികളാണ്. ആയതിനാല്‍ പരിസ്ഥിതി സംരക്ഷണമൊരു മതമൗലികവാദമാകുന്നു. അതിനാല്‍ തന്നെ അത് സംസ്ഥാനം നേരിടുന്ന തീവ്രവാദ ഭീഷണിയാണ്. കഴിഞ്ഞ ഭരണകാലത്ത് പാര്‍ട്ടി നടപ്പിലാക്കിയ പല 'പരിസ്ഥിതിസൗഹൃദ' വികസനങ്ങളും പോക്കറ്റ് വികസനം ലക്ഷ്യമിട്ടതും പരിസ്ഥിതി ചൂഷണം നിറഞ്ഞതുമായിരുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്നത് ഈ മതമൗലികവാദികള്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളാണ്. ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് അത് ഏറ്റു പിടിക്കുന്നത്. അതാരൊക്കെയാണെന്ന് പാര്‍ട്ടിക്ക് നല്ലവണ്ണം അറിയാം. അവര്‍ക്കെല്ലാം നല്ല നമസ്‌കാരം നേരുന്നു.

    കേരളത്തിന്റെ കാടുകളെയും മലകളെയും പുഴകളെയും കടലിനെയും പൂഴിയെയും ഖനിജങ്ങളെയും ഈ മതമൗലികവാദ ഒളിയജണ്ടകളുടെ വര്‍ഗീയ നീരാളിക്കൈകളില്‍ നിന്ന് മോചിപ്പിച്ച് അതിന്റെ 'യഥാര്‍ഥ അവകാശികള്‍ക്ക്' ഏല്‍പ്പിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടിക്ക് കേരളീയ സമൂഹത്തോട് ആവശ്യപ്പെടാനുള്ളത്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന വിപ്ലവ കവിവാക്യത്തെ നെഞ്ചേറ്റി, കരിമണല്‍ അത് ഊറ്റാന്‍ ശേഷിയുള്ളവര്‍ക്കും, ഖനിജങ്ങള്‍ ഖനനം ചെയ്യാന്‍ കോപ്പുള്ളവര്‍ക്കും, മലകളും പാറമടകളും അത് തുരക്കാന്‍ കെല്‍പുള്ളവര്‍ക്കും സ്വന്തമാകുന്ന ഒരു നല്ല കാലത്തിന് വേണ്ടിയാണ് പാര്‍ട്ടി പണിയെടുക്കുന്നത്. ആ ലക്ഷ്യം നിറവേറ്റുന്നതിന് ഇടതു-വലതു പക്ഷ ഭേദമന്യെ ബഹുജനങ്ങളെ അണിനിരത്തുകയെന്നത് പാര്‍ട്ടിയുടെ ബാധ്യതയാണ്. ക്വാറി -ഖനിജ വ്യവസായികളും റിസോര്‍ട്ട് മുതലാളിമാരും കൈയേറ്റ കര്‍ഷകരും പള്ളിയും പട്ടക്കാരും മാണിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നതാണല്ലോ ബഹുജനം. അതുകൊണ്ട് വിപ്ലവം അരമനയിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ആരംഭിച്ച് റിസോര്‍ട്ടിലെ അത്താഴത്തിനു ശേഷം സുഖനിദ്ര പ്രാപിക്കുന്നതാണ്. വോട്ടുബാങ്ക് ജനാധിപത്യ രാജ്യത്ത് വിപ്ലവം വരുന്ന വഴി ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയാത്തവരാരോ അവരാണ് കുലംകുത്തികള്‍ . അവര്‍ക്ക് എന്നന്നേക്കുമായി ലാല്‍ സലാം. 


Tuesday, December 3, 2013

ഡിസംബര്‍ 6 മതേതരത്വത്തിനുള്ളിലെ മതവും ജാതിയും



       കൂട്ടമറവിയുടെ അല്‍ഷിമേഴ്‌സ് ആഘോഷിക്കപ്പെടുന്ന കാലത്ത് ഓര്‍മ ഒരു കലാപമാണ്. 'ഇനിയും മറക്കാറായില്ലേ' എന്ന് ഡിസംബര്‍ ആറിന്റെ സ്മരണക്ക് നേരെ ചോദ്യമുയര്‍ത്തുന്നവരുടെ അകം പേറുന്നതും ആ കലാപഭീതിയാണ്. ആ പേടി ഭരണകൂട ഏജന്‍സികള്‍ ഔദ്യോഗികമായി ഏറ്റെടുക്കുമ്പോഴാണ് ബാബരിയുടെ ഓര്‍മകള്‍ പേറുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ മതതീവ്രവാദമാണെന്ന കണ്ടെത്തലുകളുണ്ടാകുന്നത്. 'ഡിസംബര്‍ 6, മതേതര ഇന്ത്യയുടെ തീരാകളങ്കം' എന്ന് കണ്ണീരൊഴുക്കിയവരായിരുന്നു യഥാര്‍ഥത്തില്‍ ആ ദിനത്തെ മുഖ്യധാരയില്‍ നിരന്തരം ഓര്‍മപ്പെടുത്തേണ്ടിയിരുന്നത്. കര്‍സേവകര്‍ ബാബരിയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട താഴികക്കുടങ്ങള്‍ പരിക്കേല്‍പ്പിച്ചത് നമ്മുടെ മതേതരത്വത്തിനാണെങ്കില്‍ അതിനെതിരായുള്ള ഓര്‍മകളെയും മതേതരവത്കരിക്കുകയാണ് വേണ്ടത്. അത്തരം ഓര്‍മകളില്‍നിന്ന് മതേതരത്വം ഓടിയൊളിച്ചപ്പോഴാണ് അതുവരെ സമൂഹമനസ്സിന്റെ ഭിത്തിയില്‍ തെളിയാതിരുന്ന ഡിസംബര്‍ ആറിന്റെ കറുത്ത പോസ്റ്ററുകള്‍ക്ക് കൂടുതല്‍ നിറം കൈവന്നത്. മതവും ജാതിയും പരിശോധിച്ച് അത്തരം പോസ്റ്ററുകളെ ഡി.എന്‍.എ ടെസ്റ്റിന് വിധിക്കുകയല്ല, അതിനെ മറികടക്കുന്ന ഓര്‍മകളുടെ അനേകം നിറങ്ങള്‍ ഡിസംബര്‍ ആറിന് മേല്‍ ചാര്‍ത്തുകയാണ് മതേതരവേദികളും പാര്‍ട്ടികളും ചെയ്യേണ്ടത്.

      മതേതരത്വത്തിനുള്ളിലെ ജാതിയും മതവും എത്ര ഒളിച്ചുവെച്ചിട്ടും ചിലപ്പോഴെങ്കിലും ചിലരില്‍നിന്ന് അറിയാതെ പുറത്ത് ചാടുന്ന സമയം കൂടിയാണിത്. അതുകൊണ്ടു കൂടിയാണ് ചില ഓര്‍മകളും ഓര്‍മപ്പെടുത്തലുകളും നമ്മുടെ മതേതരത്വത്തിന് വര്‍ഗീയമാവുകയും മറ്റ് ചിലത് ആഘോഷമാവുകയും ചെയ്യുന്നത്. സത്യത്തില്‍ രാജ്യത്തിന്റെ മതേതരത്വം ഉള്ളില്‍ പേറുന്ന മതത്തിന്റെ പൂര്‍ണ നഗ്‌നത ആദ്യമായി വെളിപ്പെട്ടതിന്റെ ഓര്‍മപ്പെടുത്തല്‍ ദിനം കൂടിയാണ് ഡിസംബര്‍ 6. തീവ്രഹിന്ദുത്വ വാദികളുടെ കാവിനിറം മാത്രമല്ല ദേശീയവാദികളുടെ മൃദുഹിന്ദുത്വത്തിന്റെ തനിനിറം കൂടിയാണ് ബാബരിയുടെ ചരിത്രം ഓര്‍മിപ്പിക്കുന്നത്. അത്തരം ഓര്‍മകളുടെ കയ്പുരസം തികട്ടുന്നത് കൊണ്ടാണ് ചിലര്‍ എല്ലാറ്റിനും മറവിയെന്ന മതേതര ഒറ്റമൂലി നിര്‍ദേശിക്കുന്നത്. നഷ്ടപ്പെട്ടവര്‍ക്കേ വേദനയുടെ ദുഃഖമറിയൂ. ഒരു പള്ളിയുടെ താഴികക്കുടമായിരുന്നില്ല ഡിസംബര്‍ ആറിന് മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെട്ടത്. മറിച്ച് കാലങ്ങളായി അവരുടെ മനസ്സിന്റെ ആഴത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു രാജ്യത്തെക്കുറിച്ച വിശ്വാസങ്ങളായിരുന്നു. പരിക്കേറ്റ ആ വിശ്വാസത്തിന്റെ വേദനകളും മുറിവുകളും ഇന്നും ഉണങ്ങിയിട്ടില്ല. അതിന് സമ്മതിച്ചിട്ടില്ല എന്നതാകും ശരി. ഈ രാജ്യത്തിലെ കപട രാഷ്ട്രീയക്കാര്‍ ആ മുറിവിലെ ചോരപ്പാടുകളെ പോലും ബാലറ്റുപേപ്പറിലെ മഷിയടയാളങ്ങളാക്കുകയായിരുന്നു. വോട്ടുബാങ്കിന് വേണ്ടി തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും അവരെ വേട്ടയാടി. 'തീവ്രവാദ വേട്ടകളുടെ' മറവില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ കല്‍തുറുങ്കിലടക്കപ്പെടുന്നതങ്ങനെയാണ്. തൊപ്പിയും താടിയും വെച്ചവര്‍ ദേശവിരുദ്ധരല്ലെന്ന് സ്വയം തെളിയിക്കേണ്ട ഗതികേടില്‍ അതെത്തി നില്‍ക്കുന്നു. ബാബരിയുടെ മിനാരത്തിന്റെ ചിഹ്നം പേറുന്ന വിശ്വാസവും അവരുടെ ഭാഷയിലെ പുസ്തകം പോലും അറസ്റ്റ് ചെയ്യപ്പെടുന്ന ഈ കറുത്ത കാലത്ത് ഡിസംബര്‍ ആറ് വെറുതെ കടന്നുപോവേണ്ട ഒരു ദിവസമല്ല. രാജ്യം അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കുന്ന മതേതരത്വത്തിനുള്ളില്‍ അതിനെ ഹൈജാക്ക് ചെയ്യുന്നവിധം വളര്‍ന്നു പന്തലിച്ച വര്‍ഗീയ മതബോധങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഡിസംബര്‍ ആറുകള്‍ നിമിത്തമാവേണ്ടിയിരിക്കുന്നു. അത്തരം ഓര്‍മകള്‍ നമ്മുടെ രാജ്യശില്‍പ്പികള്‍ നെയ്‌തെടുത്ത മതേതരത്വത്തെ വീണ്ടെടുക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 

Wednesday, November 27, 2013

സഖാക്കളെ ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്‌




വിമോചന സമര കാലത്ത് പാര്‍ട്ടിക്കെതിരെ പടക്കിറങ്ങിയവരാണ് പള്ളിയും പള്ളിക്കൂടവും. അന്ന് മുതലിങ്ങോട്ടുള്ള ഇടയലേഖനങ്ങളില്‍ ഇടതുപക്ഷം എപ്പോഴൊക്കെ പരാമര്‍ശിക്കപ്പെട്ടുവോ അവയെല്ലാം ഇടഞ്ഞുനില്‍ക്കുന്നവയായിരുന്നു. പള്ളിയില്‍നിന്ന് പാര്‍ട്ടിയാപ്പീസിലേക്കുള്ള വഴി സ്വര്‍ഗരാജ്യത്ത്‌നിന്ന് സാത്താന്റെ കൂടാരത്തിലേക്കുള്ള മുള്‍പ്പാതയാണ് എന്നായിരുന്നു തിരുവചനങ്ങള്‍. 'മാറ്റം' എന്ന വാക്കിന് മാത്രമാണ് മാറ്റമില്ലാത്തതെന്ന് പറഞ്ഞത് അധ്വാനിക്കുന്നവരുടെ ബൈബിളിന്റെ കര്‍ത്താവാണ്. അതിനെ ശരിവെക്കുന്ന വര്‍ത്തമാനമാണ് സാക്ഷാല്‍ ബൈബിളിന്റെ കുഞ്ഞാടുകളും ഇടതുപക്ഷ സഖാക്കളും ഒരുമിച്ചിരുന്ന് പരിസ്ഥിതിക്കതിരെ മുദ്രാവാക്യമുയര്‍ത്തുന്ന ചിത്രം വിളിച്ച് പറയുന്നത്.

കേരളീയ തെരുവ് ഡിക്ഷനറിയില്‍ 'പരിസ്ഥിതി' എന്ന പദത്തിന്റെ മറുവാക്കായിരുന്നു ഇടതുപക്ഷമെന്നത്. വല്ല മതമൗലികവാദികളും പരിസ്ഥിതി സ്‌നേഹം പ്രകടിപ്പിച്ചാല്‍ അവര്‍ ഇടതുപക്ഷ മുഖമൂടി അണിയുകയാണ് എന്നുവരെ വ്യാഖ്യാനമുണ്ടായതങ്ങനെയാണ്. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടതോടെയാണ് പരിസ്ഥിതി പ്രേമത്തിന്റെ ഇടതുപക്ഷമുഖം എത്ര വലതുപക്ഷമാണെന്ന് കേരളം തിരിച്ചറിഞ്ഞത്. അല്ലെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരിസ്ഥിതിയേക്കാള്‍ മൂല്യം വോട്ടുബാങ്കിനാണല്ലോ. അതിനുവേണ്ടി പള്ളിയിലെയും ഇടവകയിലെയും ഏത് കുരിശും വഹിക്കാന്‍ പാര്‍ട്ടി തയാറാണ്. പരിസ്ഥിതി സ്‌നേഹം പറഞ്ഞിരുന്നാല്‍ മണ്ണും ചാരി നില്‍ക്കുന്നവര്‍ വോട്ടു കൊണ്ടുപോകുമെന്ന് പാര്‍ട്ടിക്കറിയാം. അതിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് പരിസ്ഥിതിയുടെ പേരില്‍ പാര്‍ട്ടിയെ പഴിക്കുന്നത്.

ഇടവകയിലെ അച്ചന്മാര്‍ ഇടതുപക്ഷം ചേര്‍ന്നു നടന്നാല്‍ അവരുടെ കൈ മുത്തുന്നതില്‍ എന്താണ് തെറ്റ്? അങ്ങനെ അവര്‍ നടക്കുന്നുവെന്ന് തോന്നിയപ്പോഴാണ് 'ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും ഞങ്ങളെ നക്‌സലൈറ്റാക്കരുതെന്നും' താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ആക്രോശിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ പോലും കോരിത്തരിച്ചത്. പണ്ടൊക്കെ വല്ല പ്രകോപനവുമുണ്ടായാല്‍ വിമോചന സമരം ആവര്‍ത്തിക്കുമെന്നാണ് ഇടയ ലേഖകന്മാര്‍ കാടടച്ച് വെടിവെക്കാറുള്ളത്. ബിഷപ് ഇവിടെ ചരിത്രം പരതിയല്ല ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന് പറഞ്ഞത്. മറിച്ച് നാവില്‍ വന്ന വിമോചനസമരമെന്ന പദം ഉച്ചരിക്കാന്‍ വേദിയില്‍ തന്റെ ഇടതുവശത്ത് നിലയുറപ്പിച്ച് ഇടതുപക്ഷക്കാരുണ്ടാവുമ്പോള്‍ സാധ്യമല്ലെന്ന് തോന്നിയത് കൊണ്ടാണ് പുതിയ വാക്ക് തപ്പിയത്. അപ്പോള്‍ പിന്നെ സ്‌കൂളില്‍ ഏതോ അധ്യാപകനില്‍ നിന്ന് കേട്ട 'ജാലിയന്‍വാലാബാഗ്' ആ സ്ഥാനത്ത് തിരുകിവെക്കുകയായിരുന്നു. അല്ലാതെ ജാലിയന്‍വാലാബാഗും ഈ സമര കോലാഹലവും തമ്മിലെന്ത് ബന്ധം?

പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മലയോര മേഖലയിലെ ഏക്കറക്കണക്കിന് അധികൃതവും അല്ലാത്തതുമായ 'കാര്‍ഷിക ഭൂമി'കളുടെ ഉടമസ്ഥര്‍ ഇടവകയിലെ വിശ്വാസികളായ കുഞ്ഞാടുകളാണ്. അവിടേക്ക് റോഡും റിസോര്‍ട്ടും പിന്നെ മറ്റെന്തും പണിയുന്നതിന് തടസ്സം നില്‍ക്കുന്നത് ഏത് നിയമമായാലും കര്‍ത്താവിന്റെ അനുയായികള്‍ അത് സമ്മതിക്കില്ല. ആ വിസമ്മതത്തിന് കൂടെ നില്‍ക്കുന്നവരെല്ലാം സ്വര്‍ഗരാജ്യത്തിലേക്കുള്ള നല്ല ഇടയന്മാരാണ്. ആ ഇടയന്മാരില്‍ ഇടതുപക്ഷവുമുണ്ടെങ്കില്‍ അവര്‍ക്കും സഭയുടെ നല്ല നമസ്‌കാരം. ഇത്രയേ ഉള്ളൂ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പാതിരിമാരുടെ സമരത്തിന്റെ പിന്നാമ്പുറം. ഈ വൈരുദ്ധ്യാത്മക ഇടയവാദം ഇടതുപക്ഷത്തിന് അറിയാതെയൊന്നുമല്ല സമരത്തിനവര്‍ ഓശാന പാടുന്നത്. മറിച്ച് വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ രണ്ട് വോട്ടും വലതുപക്ഷവുമായി ചിലപ്പോഴെങ്കിലും ഇടഞ്ഞ് നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ മനസ്സില്‍ ഒരു ഇടതുപക്ഷ പ്രേമത്തിന്റെ വിത്തും 
പാകുക ഇവ മാത്രമാണ് ഈ ഇടതു-ഇടവക അനുരാഗത്തിന്റെ മണിയറ രഹസ്യം. ഏതായാലും പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള മധുവിധു വിജയകരമായോ അല്ലാതെയോ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പുതിയ ഇടതുപക്ഷ പരിസ്ഥിതി തീസീസുകള്‍ ഇനിയും പ്രതീക്ഷിക്കാം. അതേവരെക്കും ഇടവകയിലെ പൂച്ച മിണ്ടാപ്പൂച്ച തന്നെയായിരിക്കും.

Monday, October 7, 2013

കുഞ്ഞിന്റെ ബാധ്യത ഏല്‍ക്കേണ്ടതില്ലാത്ത പുനര്‍വിവാഹങ്ങള്‍

       

   ഒരു ഫേസ്ബുക് പ്രഭാതം. പതിവുപോലെ അന്നത്തെ ദേശീയ അന്തര്‍ദേശീയ പ്രാദേശിക വാര്‍ത്തകളും അവയോടുള്ള ഫേസ് ബുക്കിലെ വ്യത്യസ്ത പ്രതികരണങ്ങളും കണ്ണോടിച്ച് ഓഫീസ് ജീവിതത്തിലേക്ക് തിരിയാനൊരുങ്ങവെയാണ് പരിചിതമല്ലാത്ത മുഖചിത്രത്തില്‍ നിന്ന് ഒരു കുശലാന്വേഷണം. ഹലോ ... ഓര്‍മയുണ്ടോ? ഒരു നിമിഷം പ്രൊഫൈല്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ 'സോറി' എന്ന് ടൈപ് ചെയ്തു. ബാല്യകാലത്തിലെ ഒരു സംഭവത്തിന്റെ സൂചന നല്‍കി അതിലെ വില്ലനെ ഓര്‍മയുണ്ടോ എന്ന് തിരിച്ചു വീണ്ടുമൊരു ചോദ്യം. പെട്ടെന്ന് ഓര്‍മകള്‍ പതിനെട്ട് വര്‍ഷം പിറകോട്ട് പോയി. ആളെ തിരിച്ചറിഞ്ഞു. ആറാം ക്ലാസ് പ്രായത്തില്‍ ഒരുമിച്ച് ഓര്‍ഫനേജിലെ ഒരു റൂമില്‍ കളിച്ചും കലഹിച്ചും ഒരുമിച്ച് അന്തിയുറങ്ങിയ പ്രിയ ചങ്ങാതി. യതീംഖാനയിലെ ആത്മസംഘര്‍ഷ ജീവിതത്തില്‍ നിന്ന് 'ചാടി പോന്ന'തോടെ രണ്ടു ലോകത്തായി വേര്‍പിരിഞ്ഞതാണ് ഞങ്ങള്‍. അന്നും ഇന്നും അപരിചിതര്‍ക്ക് കൗതുകമായ എന്റെ നാടിന്റെ പേര് പ്രൊഫൈലില്‍ കണ്ടാണ്  അവനെന്നെ തിരിച്ചറിഞ്ഞത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് അങ്ങനെയൊരു അത്ഭുതസിദ്ധി കൂടിയുണ്ട്. നഷ്ടപ്പെട്ടുവെന്നും നമ്മളില്‍ നിന്ന് അകന്നു പോയെന്നും കരുതുന്ന സ്‌നേഹബന്ധങ്ങളെ അത് വീണ്ടെടുത്ത് തിരിച്ചുതരും. ചിരിയും കരച്ചിലും ദേഷ്യവും ബഹളവും കുശുമ്പുമായി അകലങ്ങളുടെ മറയില്ലാതെ ആ ബന്ധങ്ങളെ നമ്മള്‍ക്ക് ഹൃദയത്തോട് ചേര്‍ത്തുവെക്കാനത് അവസരമൊരുക്കുകയും ചെയ്യും.

        പ്രിയ ചങ്ങാതിയിപ്പോള്‍ പ്രവാസിയാണ്. ഉടനെ നാട്ടില്‍ വരുന്നു; അപ്പോള്‍ നേരില്‍ കാണാം എന്നു പറഞ്ഞ് ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. നാട്ടിലെത്തി മൂന്നാമത്തെ ദിവസം തന്നെ അവന്റെ ഫോണ്‍ വന്നു. കോഴിക്കോട് വെച്ച് നേരില്‍ കാണാനുള്ള സ്ഥലവും സമയവും തീരുമാനിച്ചാണ് ആ സംസാരം അവസാനിച്ചത്. നിര്‍ണയിച്ച സ്ഥലത്ത് ആ കൂടിക്കാഴ്ച നടന്നു. പതിനെട്ട് വര്‍ഷം ഞങ്ങളില്‍ വരുത്തിയ മാറ്റം മൗനമായി ഞങ്ങളാദ്യം വിലയിരുത്തി. പിന്നീട് പഴയ യതീംഖാന ജീവിതത്തിലെ കറുപ്പും വെളുപ്പും കലര്‍ന്ന ഫലിതങ്ങള്‍ ഓര്‍ത്തെടുക്കെ എല്ലാവരും ചോദിക്കുന്ന ഒരു പതിവ് ചോദ്യം ഞാനുമുയര്‍ത്തി. 'അല്ലാ... നിന്റെ വിവാഹം കഴിഞ്ഞില്ലേ?' 'ഇല്ല. ഈ ലീവിന് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ, നടക്കുമെന്ന് തോന്നുന്നില്ല.' 'കാരണം?' എന്റെ ആകാംക്ഷയെ ഒരു വലിയ വിശദീകരണത്തില്‍ അവന്‍ തൃപ്തിപ്പെടുത്തി.
'എനിക്കൊരു പെങ്ങളുള്ളത് നിനക്കറിയാമല്ലോ. പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കെ പതിനേഴാം വയസ്സില്‍ ഞങ്ങളവളുടെ വിവാഹം നടത്തി. കാണാന്‍ സൗന്ദര്യവും പിന്നെ പുരോഗമനാശയ കുടുംബ പശ്ചാത്തലവുമായതിനാല്‍ വലിയ ചെലവില്ലാതെ നല്ല കുടുംബത്തിലേക്കാണ് അവളെ കെട്ടിച്ചയച്ചത്. നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളോടെ അവര്‍ ജീവിതമാരംഭിച്ച് ആറു മാസം പിന്നിട്ടതേയുള്ളൂ, ബൈക്ക് ആക്‌സിഡന്റില്‍ അവന്‍ മരിച്ചു. പെങ്ങളപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോളവള്‍ക്ക് ഇരുപത് വയസ്സ്. കുഞ്ഞ് മുലകുടി പ്രായം കഴിഞ്ഞ് രണ്ട് വയസ്സ് പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസമായി അവളുടെ പുനര്‍വിവാഹത്തിന് ഞങ്ങള്‍ ശ്രമിക്കുന്നു. അവള്‍ക്കൊരു കുടുംബമായിട്ടു മതി എന്റെ വിവാഹം എന്നാണ് ഉമ്മയുടെയും എന്റെയും ആഗ്രഹം. പക്ഷേ, ഇതുവരെ ഒന്നും ശരിയായില്ല. ബ്രോക്കര്‍മാര്‍ കൊണ്ടുവരുന്ന ആലോചനകളെല്ലാം അമ്പതോ അറുപതോ വയസ്സായവരുടേതാണ്. അവള്‍ക്ക് ഇരുപതല്ലേ പ്രായം.' ഒരു മിനിറ്റ് തലകുനിച്ച് ഞാനും അവന്റെ സങ്കടത്തില്‍ പങ്കുചേര്‍ന്നു.
അവനെയും കൊച്ചു പെങ്ങളെയും അനാഥരാക്കിയാണ് ചെറുപ്പത്തിലവന്റെ പിതാവ് മരിച്ചത്. അങ്ങനെയാണവന്‍ യതീം ഖാനയില്‍ എത്തിയത്. ഉമ്മയെക്കാള്‍ കുഞ്ഞുപെങ്ങളെ പിരിയേണ്ടിവന്നതിനായിരുന്നു യതീംഖാനയിലെ അവന്റെ സങ്കടകരച്ചിലുകളെല്ലാം. അവന്‍ വളര്‍ന്നു ഗള്‍ഫില്‍ പോയി വലിയ വീടു വെച്ചു. പിന്നെ സന്തോഷപൂര്‍വം നല്ലൊരു കുടുംബത്തിലേക്ക് പെങ്ങളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അത് കഴിഞ്ഞ് ആറു മാസം പിന്നിട്ടപ്പോള്‍ നടന്ന ആ ആക്‌സിഡന്റില്‍ പൊലിഞ്ഞുപോയത് അവന്റെ കൂടി സ്വപ്നങ്ങളായിരുന്നു.

            മറ്റു വിഷയങ്ങളിലെല്ലാം കറങ്ങി നടന്ന് ഒടുവില്‍ പിരിയുമ്പോള്‍ ഞാനവനോട് പറഞ്ഞു: 'ഒരു വഴിയുണ്ട്. മിക്കവാറും ഉടനെ ഫലം കണ്ടേക്കും.' 'എന്താണത്?' അവന്‍ ആകാംക്ഷയോടെ ചോദിച്ചു. കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ള രണ്ട് പ്രമുഖ വാരികകളില്‍ പരസ്യം കൊടുക്കാം. അതിനുള്ള മാറ്ററുകള്‍ അവിടെ വെച്ചുതന്നെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് തയാറാക്കി. തൊട്ടടുത്ത ആഴ്ച തന്നെ അത് പ്രസിദ്ധീകരണത്തിന് നല്‍കാനും തീരുമാനിച്ചു.
പതിവ് ജീവിത വഴികളിലേക്ക് ചുരുങ്ങി ഞാന്‍ സ്വാസ്ഥ്യം കണ്ടെത്തവെയാണ് വീണ്ടുമവന്റെ വിളി വന്നത്. ആഴ്ചകള്‍ രണ്ട് പിന്നിട്ടിട്ടും അവനെ തിരിച്ചു വിളിച്ചില്ലല്ലോ എന്നോര്‍ത്താണ് ഫോണ്‍ എടുത്തത്. എങ്ങനെയുണ്ട് പരസ്യത്തിന്റെ പ്രതികരണങ്ങള്‍. വല്ലതും ശരിയായോ? 'ദാ... ഇപ്പോള്‍ അഞ്ച് മിനിറ്റ് മുമ്പുവരെ ഫോണ്‍ വന്നു. അമ്പതു പേരെങ്കിലും വിളിച്ചിട്ടുണ്ട്.' അപ്പോള്‍ പിന്നെ അതിലേതെങ്കിലുമൊന്ന് ശരിയാകാതിരിക്കില്ല എന്ന എന്റെ വിചാരത്തിന് മുറിവേല്‍പ്പിച്ചുകൊണ്ടവന്‍ പറഞ്ഞു: 'പക്ഷേ, ഒരു പ്രശ്‌നമുണ്ട്. വിളിക്കുന്നവരെല്ലാം ആദ്യം ഉന്നയിക്കുന്നത് ആ പ്രശ്‌നമാണ്. നമ്മള്‍ രണ്ട് പേരും അന്ന് അത്രയൊക്കെ ചര്‍ച്ച ചെയ്തിട്ടും ഓര്‍ക്കാത്ത ഒരു പ്രശ്‌നം. അതാണെല്ലാവരുടെയും മുഖ്യ പ്രശ്‌നം. അത് മാറ്റിനിര്‍ത്തിയാല്‍ രണ്ടാമത്തേത് സൗന്ദര്യമാണ്. അത് നമുക്ക് പ്രശ്‌നമല്ലതാനും....' സംസാരം ഇങ്ങനെ നീണ്ടുപോയപ്പോള്‍ അസഹ്യമായ എന്റെ ആകാംക്ഷ ഇടപെട്ടു. അല്ല, എന്താണ് ഈ കീറാമുട്ടി പ്രശ്‌നം?

           പെങ്ങളുടെ കുഞ്ഞിന്റെ 'ബാധ്യത' ഏറ്റെടുക്കേണ്ടതുണ്ടോ എന്നാണ് എല്ലാവരും ആദ്യം ചോദിക്കുന്നത്. അങ്ങനെയൊരു ചോദ്യം ഞാനും ഉമ്മയും ഉറക്കത്തില്‍പോലും കാണാത്തതിനാല്‍ വിളിച്ച ഒരാള്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഫോണ്‍ അടിച്ചാല്‍ തന്നെ ഞാന്‍ എടുക്കാറില്ല. ഇങ്ങനെയൊരു പരസ്യം കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കുഞ്ഞിനെ ഒഴിവാക്കിയുള്ള വിവാഹത്തെപ്പറ്റി ഞാനെങ്ങനെ പെങ്ങളോട് പറയും? സുഹൃത്തിന്റെ വാക്കുകള്‍ ഇടറിയപ്പോഴാണ് ഞാനുമാ പ്രശ്‌നത്തിന് മുമ്പില്‍ പകച്ചു പോയത്. ചോദ്യം ശരിയാണ്. 'കുട്ടിയുണ്ട്. ബാധ്യത ഏറ്റെടുക്കേണ്ടതില്ല' എന്ന് ഇത്തരം പുനര്‍ വിവാഹപരസ്യത്തിലെ പതിവ് വാചകങ്ങള്‍ ഞങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോയിരിക്കുന്നു. അതുപക്ഷേ, മറന്നതാണോ? അല്ല; ഒരിക്കലുമല്ല. നൊന്തു പെറ്റ് മുലയൂട്ടിയ കുഞ്ഞിനെ പിരിഞ്ഞ് മറ്റൊരാളോടൊപ്പം മണവാട്ടിയായി പോകുന്ന കുഞ്ഞു പെങ്ങളെക്കുറിച്ച് അവനോ ഞാനോ സങ്കല്‍പിച്ചതു പോലുമില്ല എന്നതല്ലേ യാഥാര്‍ഥ്യം. അതുകൊണ്ടല്ലേ ആ വാചകങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കാതെ പോയത്.
ശൈശവം പിന്നിടാത്ത കുഞ്ഞിനെ മറന്നും ഉപേക്ഷിച്ചുമാണ് വിധവയായ ഉമ്മ മറ്റൊരു ജീവിതമാരംഭിക്കേണ്ടതെന്ന പ്രകൃതി വിരുദ്ധതക്ക് കേരളീയ ഇസ്‌ലാമിക സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായതെങ്ങനെയാണ്? ചോദ്യത്തിന് മറുപടിയില്ലെങ്കിലും, യഥാര്‍ഥ ഇസ്‌ലാമിക സമൂഹത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ചിലര്‍ ആശ്വാസവാക്ക് പറഞ്ഞേക്കാം. എങ്കില്‍ അങ്ങനെയൊരു മാതൃകാ ഇസ്‌ലാമിക സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം പുനര്‍ വിവാഹ പരസ്യങ്ങളില്‍ 'കുട്ടിയുടെ ബാധ്യത ഏറ്റെടുക്കേണ്ടതില്ല' എന്ന വാചകം സ്ഥിരമായി സ്ഥാനം പിടിച്ചതെങ്ങനെയാണ്? കൃത്യമായ ഒരു കാഴ്ചപ്പാട് ഈ വിഷയത്തില്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാനുണ്ടെങ്കില്‍ ഇത്തരം പരസ്യം നല്‍കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരെങ്കിലും അത്തരം വാചകങ്ങള്‍ ഒഴിവാക്കേണ്ടതില്ലേ? ഒരു പരസ്യവും വെറും പരസ്യമല്ലെന്നും അതിന് കൃത്യമായ ഉള്ളടക്കവും ലക്ഷ്യവും പ്രത്യയശാസ്ത്രവുമുണ്ടെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ പ്രത്യേകിച്ചും ഇത്തരം വിഷയങ്ങളില്‍ അതിജാഗ്രത പുലര്‍ത്തേണ്ടതില്ലേ? തുടര്‍ച്ചയായി വരുന്ന ഇത്തരം പരസ്യവാചകങ്ങളുടെ സ്വാധീനം തന്നെയല്ലേ 'ബാധ്യത ഏല്‍ക്കേണ്ടതുണ്ടോ' എന്ന ചോദ്യം ഈ രംഗത്ത് ആദ്യമുന്നയിക്കുന്ന മുഖ്യ പ്രശ്‌നമായി ഉയര്‍ത്താനിടയാക്കിയത്?

           ഏതായാലും ഇരുപത് വയസ്സ് പിന്നിടാത്ത, ശൈശവ പ്രായത്തിലുള്ള കുഞ്ഞിന്റെ മാതാവിന് ഒന്നുകില്‍ അമ്പത് പിന്നിട്ട വൃദ്ധന്മാര്‍, അല്ലെങ്കില്‍ സ്വന്തം കുഞ്ഞിനെ മറന്നുള്ള പുതിയ ജീവിതം എന്ന, സമൂഹം കല്‍പ്പിക്കുന്ന ഒറ്റമൂലിക്ക് ഇസ്‌ലാമില്‍ ന്യായീകരണമുണ്ടെന്ന് തോന്നുന്നില്ല. ബഹുഭാര്യത്വം പരാമര്‍ശിച്ച ഖുര്‍ആനിക ആയത്തുകളില്‍ യതീംകുട്ടിയുടെ സംരക്ഷണവും അവന്റെ ധനം കൈകാര്യം ചെയ്യുന്നതുമെല്ലാം ഇടകലര്‍ത്തി പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. വിധവയുടെ കുട്ടികള്‍ യത്തീമുകളാണ്. ആ യതീമുകളുടെ സംരക്ഷണം കൂടി ഏറ്റെടുക്കുമ്പോഴേ വിധവാ വിവാഹം പൂര്‍ണമാവൂ. പിതാവ് മരിച്ചുപോയ ശൈശവ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ അവശേഷിക്കുന്ന ഏക അവലംബമായ മാതാവിനെ കൂടി അവരില്‍നിന്നും പറിച്ചെടുക്കുന്ന പുനര്‍വിവാഹങ്ങള്‍ അവരുടെ അനാഥത്വം പൂര്‍ണമാക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന് ചിലപ്പോള്‍ കാലങ്ങള്‍ കൊണ്ട് അവന്റെ മാതാവിന്റെ അസാന്നിധ്യത്തെ മറികടക്കാന്‍ സാധിച്ചേക്കും. പക്ഷേ, നൊന്തു പെറ്റ കുഞ്ഞിനെ നിര്‍ബന്ധിതമായി വിട്ടുപിരിയേണ്ട ഉമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും? ആ കുഞ്ഞിന്റെ ഓരോ അനക്കവും വളര്‍ച്ചയും തൊട്ടനുഭവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാന്‍ മതത്തിന്റെയും സമൂഹത്തിന്റെയും ഏത് ധാര്‍മികതക്കാണ് സാധിക്കുക.

          ഇത്തരം വിധവകളെ പുനര്‍ വിവാഹം ചെയ്യുന്ന മിക്കയാളുകളും യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധമില്ലാത്തത് കൊണ്ട് മാത്രമാണ് കുട്ടിയെ കൂടെ കൊണ്ടുവരരുതെന്ന ഡിമാന്റ് വെക്കുന്നത്. വെറുതെ ഒരു ഭാരം ഏറ്റെടുത്ത് തങ്ങളുടെ സുഖജീവിതത്തിന് തടസ്സമുണ്ടാക്കേണ്ട എന്ന, സമൂഹം പകര്‍ന്നുനല്‍കിയ ലളിത ചിന്ത മാത്രമാണവരെ അതിന് പ്രേരിപ്പിക്കുന്നത്. കൃത്യമായ ഇസ്‌ലാമികാധ്യാപനം പകര്‍ന്നു നല്‍കാനായാല്‍ നല്ലൊരു പങ്ക് ആളുകളും ഈ തെറ്റായ നാട്ടുനടപ്പുകള്‍ അവസാനിപ്പിക്കും. അത്തരം മികച്ച മാതൃകകള്‍ സമൂഹത്തിലുണ്ടുതാനും. ഈ വിഷയത്തില്‍ പങ്കുവെക്കേണ്ട ഒരു വൈരുധ്യം കൂടിയുണ്ട്. പുനര്‍വിവാഹം കഴിക്കുന്ന പുരുഷന് നേരത്തെയുള്ള ഭാര്യയില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെ സ്വന്തം മക്കളെ പോലെ ഈ പുതുനാരികള്‍ പരിചരിക്കുന്നുണ്ടെന്ന് ഭര്‍ത്താവും സമൂഹവും ഉറപ്പുവരുത്താറുണ്ടെന്നതാണത്. ഈ ജാഗ്രതയും ആത്മാര്‍ഥതയും പുനര്‍വിവാഹിതയാവുന്ന വിധവയുടെ കുഞ്ഞുങ്ങളുടെ വിഷയത്തിലും സമൂഹവും സമുദായവും പുലര്‍ത്തിയിരുന്നെങ്കില്‍!
                                                                                     basheerudheentp@gmail.com

Thursday, July 11, 2013

ഒരു ഭീകരവാദി ഉണ്ടാവുന്ന വിധം


'സംശയാസ്പദമായ ഏതെങ്കിലും സാഹചര്യത്തില്‍ അകപ്പെടുത്താനാവും വിധമുള്ള നീക്കങ്ങളൊന്നും തന്നെ പീറ്റര്‍ റൊമാരിയോയില്‍ നിന്ന് ഉണ്ടായിട്ടില്ല. സര്‍ ...''
''അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല സൂഫി.''
''പക്ഷേ അതാണ് സത്യം സര്‍ . റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയ സൂയിസൈഡ് ബോംബറുടെ മൊബൈലിലേക്ക് പീറ്റര്‍ റൊമാരിയോയുടെ ബൂത്തില്‍നിന്ന് ആരോ വിളിച്ചിരിന്നുവെന്നും ആ കോള്‍ കഴിഞ്ഞ് പത്ത് മിനിറ്റായപ്പോള്‍ സ്‌ഫോടനം നടന്നുവെന്നതും ശരിയാണ്. പക്ഷേ, ആരോ ചെയ്ത കോളിന്റെ പേരില്‍ ഒന്നുമറിയാത്ത പാവത്തിനെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്തിനാണ്?''
''സൂഫി, പീറ്റര്‍ റൊമാരിയോ ഒന്നുമറിയാത്ത ഒരു സാധു മനുഷ്യനാണെന്ന് എനിക്കുമറിയാം. നമ്മള്‍ അയാളോട് ചെയ്യുന്നത് ക്രൂരതയാണെന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ, ചിലപ്പോള്‍ ഇങ്ങനെയൊക്കെ വേണ്ടിവരും. ലോകം അങ്ങനെയൊക്കെയാണ് കഴിഞ്ഞുപോകുന്നത്.''
''സൂഫി, മൂന്ന് ദിവസത്തിനുള്ളില്‍ നമുക്ക് റൊമാരിയോയെ അറസ്റ്റ് ചെയ്യണം. അതാണ് ഓര്‍ഡര്‍ .''
''സര്‍ ''
''നമ്മള്‍ ഒരു ജോലി ചെയ്യുന്നുവെന്ന് കരുതിയാല്‍ മതി. ഓരോരുത്തരും അങ്ങനെ ഓരോരോ ജോലികള്‍ ചെയ്യുന്നുവെന്നും കരുതിയാല്‍ മതി. ഒരുത്തന്റെ ജോലി റെയില്‍വെ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. വേറൊരുത്തന്റെ ജോലി സ്‌ഫോടനം നടത്തിയവനെ റൊമാരിയോയുടെ ബൂത്തില്‍നിന്ന് വിളിക്കുകയെന്നതായിരുന്നു. റൊമാരിയോ എന്നു പേരുള്ള ഒരാള്‍ ഈ കേസിലും സുല്‍ഫീക്കര്‍ എന്ന് പേരുള്ള ഒരാള്‍ കേസന്വേഷണത്തിലും നിര്‍ബന്ധമായി ഉള്‍പ്പെടണമെന്ന് തീരുമാനിക്കേണ്ടതായിരുന്നു നമ്മുടെ മേലെയുള്ള ആരുടെയോ ജോലി. ആ തീരുമാനം നടപ്പാക്കുകയാണ് എന്റെ ജോലി.'' (കളിഭ്രാന്തിന്റെ അടിമകള്‍ - സുരേഷ് പി. തോമസ്)
ഇന്ത്യയിലെ ചുട്ടുപൊള്ളുന്ന വര്‍ത്തമാനാനുഭവത്തെ വരച്ചിട്ട കഥയിലെ ചില വരികളാണിത്. മേലധികാരികളുടെ തിരക്കഥയനുസരിച്ചാണ് ഭീകര സ്‌ഫോടനം നടന്നതെന്ന് തിരിച്ചറിഞ്ഞിട്ടും മുകളില്‍ നിന്നുള്ള 'ഓര്‍ഡര്‍ ' അനുസരിച്ച് തങ്ങളുടെ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കുകയാണ് കഥയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ . ഈ 'കഥ'യെയും വെല്ലുന്ന, സമീപകാലത്ത് ഇന്ത്യയില്‍ നടന്ന 16 ഭീകരകേസുകള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ പറയുകയാണ് സമീക്ഷ പിക്‌ചേഴ്‌സ് പുറത്തിറക്കിയ 'ഇവര്‍ ഭീകരര്‍ : അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍ ' എന്ന പുസ്തകം.
ഭീകരവാദികളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലറകളില്‍ പോലീസിന്റെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരായിരുന്നു ഈ 16 കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍ . കോടതികളില്‍ അന്വേഷണ ഏജന്‍സികള്‍ ക്രൈം നോവലുകളെ വെല്ലുന്ന കഥകള്‍ മെനഞ്ഞു. പക്ഷേ, വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം തെളിവില്ലെന്ന് പറഞ്ഞ് നീതിപീഠം അവരെ കുറ്റവിമുക്തരാക്കി. ഇങ്ങനെ നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ട ചെറുപ്പക്കാരുടെ കേസിന്റെ നാള്‍വഴികള്‍ അന്വേഷിക്കുകയാണ് പുസ്തകം. എങ്ങനെയെല്ലാമാണ് ഭരണകൂടം ഒരു ഭീകരവാദിയെ ഉണ്ടാക്കുന്നതെന്ന് ഈ കേസ് ഡയറികള്‍ വ്യക്തമാക്കുന്നു. സ്വന്തം കുടുംബ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് സമാധാനത്തോടെ ജീവിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ ഒരു സുപ്രഭാതത്തില്‍ 'വ്യക്തമായ തെളിവുകളോടെ' ഭീകരവാദികളാകുന്നു. ഭരണകൂടം വിചാരിച്ചാല്‍ നാളെ എന്നെയും നിങ്ങളെയും ആ ഭീകരവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിഷ്പ്രയാസം സാധിക്കുമെന്ന് ആ തെളിവുകള്‍ സൃഷ്ടിച്ചെടുക്കാനുള്ള കൃത്രിമ വഴികള്‍ കാണുമ്പോള്‍ ഒരു ഞെട്ടലോടെ നാം തിരിച്ചറിയുന്നു. ന്യൂദല്‍ഹിയിലെ 'ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍' പുറത്തിറക്കിയ Framed, Damned & Acquitted: Dossiers of a very special cell എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ഈ കേസ് ഡയറികള്‍ . എ.പി കുഞ്ഞാമുവാണ് വിവര്‍ത്തകന്‍ . ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ അഡ്വ. പി. ഉസ്മാന്‍, എം. ജിഷ,കെ.കെ ഷാഹിന, ഇനാമുറഹ്മാന്‍ എന്നിവരുടെ അനുബന്ധ ലേഖനങ്ങളില്‍ , ഇതേ ദുരന്തം അനുഭവിച്ച കേരളത്തിലെ മഅ്ദനി, സകരിയ്യ, മുഹമ്മദ് ഷമീര്‍ കേസുകളുടെ നാള്‍ വഴികളും രേഖപ്പെടുത്തുന്നുണ്ട്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അവതാരിക എഴുതിയ 256 പേജുള്ള പുസ്തകത്തിന്റെ വില 130 രൂപയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സമീക്ഷാ പിക്‌ചേഴ്‌സി'ന്റെ പ്രഥമ ഗ്രന്ഥമാണിത്. 

Tuesday, June 4, 2013

ഇരുട്ടി വെളുക്കുംമുമ്പെ കുന്നുകള്‍ പാടത്തെത്തുന്ന കാലത്തെ പരിസ്ഥിതി സന്ദേഹങ്ങള്‍


 44 നദികളും 20 ശുദ്ധജല തടാകങ്ങളും അരുവികളും കുളങ്ങളും കിണറുകളും തോടുകളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്‌മഴ കുത്തിയൊലിക്കുന്ന  കാലവര്‍ഷവും തുലാവര്‍ഷവും ഇടമഴയുമെല്ലാം കേരളത്തിന്റെ പച്ചപ്പിനെ നില നിര്‍ത്തുന്ന മറ്റു ഘടകങ്ങളാണ് . ഉദ്ദേശ്യം 3000 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ ഓരോ വര്‍ഷവും ലഭിക്കുന്നുണ്ട്. ഈ വെള്ളത്തിന്റെ പകുതിയെങ്കിലും തടഞ്ഞ് നിര്‍ത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ നമ്മുടെ പല പരിസ്ഥിതി പ്രശ്‌നങ്ങളും .

യഥാര്‍ഥത്തില്‍ പണ്ടു കാലങ്ങളില്‍ നമ്മുടെ പുഴകളും തോടുകളും കുളങ്ങളും തന്നെയായിരുന്നു ഈ മഴ വെള്ളത്തെ തടഞ്ഞു നിര്‍ത്തി വേനല്‍ച്ചൂടില്‍ കേരളത്തിന് തണുപ്പും വെള്ളവും നല്‍കിയിരുന്നത്. കാടും മലകളും കുന്നും നിറഞ്ഞ നമ്മുടെ ഭൂപ്രകൃതിയും മഴവെള്ളത്തെ സംഭരിച്ച് നിര്‍ത്തുന്ന പ്രകൃതിയുടെ സംഭാവനകളായിരുന്നു. പ്രകൃതിയുടെ ഈ ജലസംഭരണികളെ നമ്മള്‍ വേണ്ടവിധം സംരക്ഷിച്ചില്ലെന്നു മാത്രമല്ല അനിയന്ത്രിതമായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. അതോടെ വേനല്‍ക്കാലമൊരു ദുരിതകാലമായി മലയാളിക്ക് മാറി. വനനശീകരണം, കുന്നിടിക്കല്‍, പുഴ മലിനീകരണം, പാടം നികത്തല്‍, ചതുപ്പ്, കോള്‍ നിലങ്ങള്‍, തോടുകള്‍ നികത്തല്‍, അനിയന്ത്രിതമായ മണല്‍ക്കടത്ത് തുടങ്ങിയവ കേരളത്തിലെ പുരോഗമന പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് മുതലാണ് നമ്മുടെ പുഴകളിലെ വേനല്‍ നീരൊഴുക്ക് നിലച്ചത്. കേരളത്തിലെ ജലക്ഷാമത്തിന് 44 പുഴകളിലെ ഒഴുക്ക് കുറവ് പ്രധാന കാരണങ്ങളിലൊന്നാണ്. പുഴയില്‍ വെള്ളമുണ്ടെങ്കില്‍ അതൊഴുകുന്ന പരിസരങ്ങളിലെല്ലാമുള്ള കിണറുകളില്‍ ശുദ്ധജലം താനെ നിറഞ്ഞിരിക്കും. പക്ഷേ ഈ വകതിരിവൊന്നും മണല്‍ ഊറ്റിയെടുക്കുമ്പോള്‍ മലയാളിയെ അലട്ടിയില്ല. മുതല്‍ മുടക്കില്ലാതെ പണം കൊയ്യാന്‍ സാധിക്കുന്ന ഫാക്ടറികളാണ് പുഴകളെന്ന കാഴ്ചപ്പാടില്‍ മണലൂറ്റല്‍ ഇപ്പോഴും ഒളിച്ചും പതുങ്ങിയും നിര്‍ബാധം തുടരുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് കൊഴുത്തതോടെ നേരം ഇരുട്ടി വെളുക്കുന്നതിനിടെ കുന്നുകള്‍ അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മഴക്കാലത്ത് ഒരു കുന്ന് സംഭരിച്ച് വെക്കുന്ന വെള്ളമാണ് പിന്നീട് വേനല്‍ക്കാലത്ത് പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നതെന്ന പ്രാഥമിക ജലസാക്ഷരതപോലും മൂന്ന് വെള്ളിക്കാശിന് മുമ്പില്‍ നാം ബോധപൂര്‍വം വിസ്മരിച്ചു. ഇതുതന്നെയാണ് കാടും മരങ്ങളും വെട്ടി തെളിയിച്ച് കോണ്‍ക്രീറ്റ് വനങ്ങള്‍ പണിയുമ്പോഴും നാം മറന്ന് പോകുന്നത്. മഴ വെള്ളം സംഭരിച്ച് വെക്കണമെങ്കില്‍ മേല്‍മണ്ണു വേണം. മണ്ണ് സംരക്ഷിച്ച് നിര്‍ത്തണമെങ്കില്‍ കാടു വേണം. 44 ശതമാനം വനമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് കേവലം 9 ശതമാനം മാത്രമാണ് കാടുള്ളത്.

ഇങ്ങനെ ഒരു വശത്ത് ജല ലഭ്യതയും അതിന്റെ പ്രകൃത്യായുള്ള സംഭരണികളും കുറയുമ്പോള്‍ തന്നെയാണ് മറുവശത്ത് നാമമാത്രമെങ്കിലും നിലനില്‍ക്കുന്ന ജലസ്രോതസ്സുകള്‍ മലിനമായിക്കൊണ്ടിരിക്കുന്നത്. ഒരു പുഴയും തോടും ഈ മാലിന്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഒരു കാലത്ത് ശുദ്ധതയുടെ തെളിമയുള്ള ആരോഗ്യ സംസ്‌കാരം പകര്‍ന്നു തന്ന പുഴകളും തോടുകളും ഇന്ന് പകര്‍ച്ചവ്യാധികളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളാണ്. നമ്മുടെ വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാത്ത കാലത്തോളം ചൂടും വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഒട്ടും കുറയുകയില്ല, കൂടുകയല്ലാതെ. തോടും കുളങ്ങളും പുഴകളുമടക്കമുള്ള പ്രകൃതിയുടെ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തിരിച്ച് പിടിക്കാനും അവശേഷിക്കുന്ന കുന്നുകളും പാടങ്ങളും കാടുകളുമടക്കമുള്ള ജലസംഭരണികള്‍ കാത്തുസൂക്ഷിക്കാനും ഓരോ മലയാളിയും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ആറുകളും പുഴകളും ഒഴുകിയിരുന്ന, മഴയും പച്ചപ്പും സമൃദ്ധമാക്കിയിരുന്ന ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളം ചരിത്ര പാഠപുസ്തകത്തിലെ ഒരു അധ്യായം മാത്രമായിത്തീരാന്‍ അധികം കാലമൊന്നും വേണ്ടിവരില്ല.

Monday, May 27, 2013

ശ്രീശാന്ത് ഈ ചൂതാട്ടത്തിലെ ഒരു കരു മാത്രമാണ്.

        പാശ്ചാത്യ രാജ്യങ്ങളില്‍ ശൈത്യകാലത്ത് തണുപ്പകറ്റാനും നേരം കൊല്ലാനുമാണ് ക്രിക്കറ്റ് ജന്മമെടുക്കുന്നത്. വിശ്രമിക്കാനും വിനോദിക്കാനും അധികാരവും സമയവുമുള്ള സമൂഹത്തിലെ സമ്പന്നരും പ്രഭു കുടുംബങ്ങളുമാണ് 'മാന്യന്മാരുടെ' ഈ കളി ആദ്യം തുടങ്ങിയത്. ടെലിവിഷന്‍ ലൈവ്‌ഷോയിലെ സാധ്യതകള്‍ കണ്ടെത്തിയതോടെ ക്രിക്കറ്റ് വാണിജ്യവത്കരിക്കപ്പെട്ടു. ക്രിക്കറ്റിന്റെ വിപണി സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനാണ് അഞ്ചുദിന ടെസ്റ്റ് മാച്ചുകള്‍ക്ക് പുറമെ ഏകദിന മത്സരങ്ങള്‍ വരുന്നത്. അത് പിന്നീട് അനന്തസാധ്യതകളുടെ ട്വന്റി ട്വന്റിയായി പരിണമിച്ചു. കോടികള്‍ മറിയുന്ന ബിസിനസ് രംഗമാണിന്ന് ക്രിക്കറ്റ്. അധോലോകവും സിനിമാതാരങ്ങളും ബിസിനിസ് വമ്പന്മാരും രാഷ്ട്രീയക്കാരും നിയന്ത്രിക്കുന്ന ബഹുരാഷ്ട്ര ബിസിനസ് ലോകം. പണമെറിഞ്ഞ് പണം വാരാന്‍ മിടുക്കരായ ഈ മുക്കൂട്ട് മുന്നണിയുടെ ബുദ്ധിയില്‍ ഉദിച്ച ഒന്നാന്തരം ചൂതാട്ടമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐ.പി.എല്‍ .

ഇന്ത്യന്‍ യുവത്വത്തിന്റെ ലഹരിയാണ് ക്രിക്കറ്റ്. ആ ലഹരിയുടെ ചൂതാട്ടമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാണാം. ക്രിക്കറ്റും ബോളിവുഡും ചിയര്‍ ഗേള്‍സും വ്യവസായികളും മാഫിയകളും ചേര്‍ന്നൊരുക്കിയ പണക്കൊഴുപ്പിന്റെ വര്‍ണപ്രപഞ്ചം. കള്ളപ്പണം, ലഹരി, ലൈംഗിക വാണിഭം തുടങ്ങി ഒരു ജനപ്രിയ ബോളിവുഡ് ചിത്രത്തിലെ എല്ലാ ചേരുവകളും ഉള്‍ച്ചേര്‍ന്ന അധോലോക ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്ന 'കായിക'മാമാങ്കം. സാധാരണ ക്രിക്കറ്റ് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി കളി കഴിഞ്ഞുള്ള രാത്രി വിരുന്നുകളും ആഫ്റ്റര്‍ പാര്‍ട്ടികളും ഐ.പി.എല്ലിനെ മൈതാനത്തിന് പുറത്തും വിപണന സാധ്യതയുള്ള ഒന്നാക്കുന്നു.

          2008-ല്‍ കോടികളൊഴുക്കി ലളിത് മോഡി എന്ന ബിസിനസ്‌കാരന്റെ നേതൃത്വത്തിലാണ് ഐ.പി.എല്‍ തുടങ്ങിയത്. വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് മുതല്‍ അധോലോക ബന്ധം വരെ മറനീക്കി പുറത്തുവന്നു. മിക്ക ടീമുകളുടെയും ദുരൂഹമായ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. പലതരം വിവാദങ്ങളും കൊഴുത്തു. അതിലൊന്നിലാണ് മലയാളിയായ കേന്ദ്രമന്ത്രിയുടെ സ്ഥാനം തെറിച്ചത്. വൈകാതെ ഐ.പി.എല്‍ എന്ന ആശയത്തിന് തുടക്കമിട്ട ലളിത് മോഡിയുടെ മേല്‍ 22 കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ കാലുകുത്താനാവാതെ വിദേശ വാസത്തിലാണ് ഈ മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍
.
ഒത്തുകളിയും വാതുവെപ്പും ക്രിക്കറ്റില്‍ പുതുമയല്ല. ക്രിക്കറ്റ് കളിക്കുന്ന പ്രധാന രാജ്യങ്ങളിലെ മുന്‍ക്യാപ്റ്റന്മാരായ ഹാന്‍സി ക്രോണ്യ(ദക്ഷിണാഫ്രിക്ക), മുഹമ്മദ് അസ്ഹറുദ്ദീന്‍ (ഇന്ത്യ), സലിം മാലിക് (പാകിസ്താന്‍) എന്നിവര്‍ ഒത്തുകളിച്ചുവെന്ന് തെളിഞ്ഞതിന്റെ പേരില്‍ ആജീവനാന്തം വിലക്ക് നേരിട്ടവരാണ്. ക്യാപ്റ്റന്മാര്‍ക്കൊപ്പം സഹതാരങ്ങളുമുണ്ടായിരുന്നു. വാതുവെപ്പാണെങ്കില്‍ ക്രിക്കറ്റ് ലോകത്ത് പണ്ടുമുതലേയുള്ള പരസ്യമായ ഒരു രഹസ്യമാണ്. ഇന്ത്യയില്‍ കുതിരപ്പന്തയത്തില്‍ മാത്രമേ വാതുവെയ്പ്പ് അനുവദിച്ചിട്ടുള്ളൂ. മറ്റ് കളികളില്‍ വാതുവെയ്പ് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് എന്നാണ് വെപ്പ്. ക്രിക്കറ്റില്‍ സാധാരണ ഗതിയില്‍ ഏക ദിനങ്ങള്‍ക്ക് ആയിരം കോടി വരെയും ടെസ്റ്റുകള്‍ക്ക് 1500 കോടി വരെയും ഇന്ത്യയില്‍ വാതുവെപ്പ് നടക്കുന്നുണ്ട്. ട്വന്റി ട്വന്റി വന്നതോടെ പതിനായിരക്കണക്കിന് കോടികള്‍ മറിയുന്ന വന്‍ സാധ്യതയായി വാതുവെപ്പുകള്‍ മാറി. ഒരോവര്‍ കൊണ്ട് മത്സരഫലം മാറ്റിമറിക്കാമെന്നതാണ് ട്വന്റി ട്വന്റിയെ വാതുവെപ്പുകാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഇന്ത്യയില്‍ മാത്രം 15 ലക്ഷം പേര്‍ സ്ഥിരമായി ചെറുതും വലുതുമായ വാതുവെപ്പുകളില്‍ ഏര്‍പ്പെടുന്നു. 45000 കോടിയാണ് ഈ സീസണിലെ ഐ.പി.എല്ലില്‍ മാത്രമായി മറിഞ്ഞത്.

         ഈ വാതുവെപ്പ് സജീവമായി നിലനിര്‍ത്താനും അതില്‍ കോടികളുടെ ലാഭം ഉറപ്പുവരുത്താനുമാണ് ഒത്തുകളി അരങ്ങേറുന്നത്. വലയില്‍ വീഴാന്‍ സാധ്യതയുള്ള കളിക്കാരെ തെരഞ്ഞുപിടിച്ച് ഒത്തുകളിക്ക് പ്രലോഭിക്കുന്ന വന്‍ റാക്കറ്റുകള്‍ സജീവമാണ്. പണത്തോടുള്ള ആര്‍ത്തി, സ്ത്രീവിഷയങ്ങളില്‍ താല്‍പര്യം തുടങ്ങിയ താരങ്ങളുടെ ദൗര്‍ബല്യങ്ങളിലൂടെയാണ് അവരിലേക്ക് വാതുവെപ്പുകാരന്‍ പ്രവേശനം നേടുന്നത്. ഐ.പി.എല്ലിന് വേണ്ടി വന്‍തുകക്ക് ടീമുകളെ ലേലത്തിലെടുത്ത കമ്പനികള്‍ക്കാവട്ടെ കളിയല്ല കാര്യം 'കായി'കമാണ്. എങ്ങനെയും മുടക്കിയ തുകയുടെ പതിന്മടങ്ങ് തിരിച്ചുപിടിക്കണം. പ്രതീക്ഷിച്ച ലാഭം കളിയില്‍നിന്ന് ലഭിക്കുന്നില്ലെങ്കില്‍ അവര്‍ വേറെ മാര്‍ഗം നോക്കുക സ്വാഭാവികം. ടീമിലെ രണ്ടോ മൂന്നോ താരങ്ങളെ സ്വാധീനിക്കാനായാല്‍ മത്സരഫലം മാറ്റിമറിക്കാം. സജീവമായ വാതുവെപ്പ് മാഫിയയുമായി കൂട്ടുചേര്‍ന്ന് കളിച്ചാല്‍ മുടക്കുതുക എത്രയും വേഗം തിരിച്ചുപിടിക്കാം. കമ്പനി അതിനുപറ്റിയ കളിക്കാരെ സെലക്ട് ചെയ്യുകയും അവരുടെ ദൗര്‍ബല്യങ്ങള്‍ വെച്ച് മുതലിറക്കുകയും ചെയ്യുന്നു. കളിക്കളത്തിന് പുറത്തുള്ള അത്തരം ചില യഥാര്‍ഥ കളികളുടെ സാമ്പിളുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗ്രൗണ്ടിനകത്തും പുറത്തുമായി 'കളിക്കാ'ന്‍ പഠിച്ചവര്‍ ഇപ്പോഴും ആ കളി തുടരുന്നു. രണ്ടിടത്തും ശരിക്കും 'കളി'ക്കാനറിയാത്ത ശ്രീശാന്തുമാര്‍ ഈ ചൂതുകളിയില്‍നിന്ന് അനിവാര്യമായും പുറത്തുപോകേണ്ട കരുക്കള്‍ മാത്രമാണ്. വാതുവെപ്പ് തെളിഞ്ഞതുകൊണ്ടോ ഏതാനും താരങ്ങള്‍ പിടിക്കപ്പെട്ടതുകൊണ്ടോ ഈ കളി തീരില്ല. ഈ ചതുരംഗം ഇനിയും തുടരും, കളിക്കളത്തിനകത്തും പുറത്തും. കാരണം രാഷ്ട്രീയക്കാര്‍ , ബിസിനസുകാര്‍ , മാഫിയകള്‍ , താരങ്ങള്‍ എല്ലാവരുടെയും പൊന്‍മുട്ടയിടുന്ന താറാവാണ് ഐ.പി.എല്‍ .

Monday, April 15, 2013

ലൗ ജിഹാദ് മാതൃഭൂമി വാരികയിലെ ഒരു വിശുദ്ധ മതേതര കഥയാണ്.


ഒരു നാട് മുഴുവന്‍ പാടിപ്പതിഞ്ഞ വടക്കന്‍ പാട്ടിലെ വില്ലന്‍ കഥാപാത്രമായിരുന്നു ചതിയന്‍ ചന്തു. ആ പേരുദോഷത്തിന്റെ തടവറയില്‍ നിന്ന് ചന്തുവിനെ മോചിപ്പിച്ചത് എം.ടി വാസുദേവന്‍ നായരായിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ 'ഒരു വടക്കന്‍ വീരഗാഥ'യിലൂടെ വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തു ഹീറോയും നായകന്‍ ആരോമല്‍ ചേകവര്‍ ചതിയനായ വില്ലനുമായി. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ അറിയുന്നവര്‍ ഇന്ന് കുറവാണ്. എന്നാല്‍, വടക്കന്‍ വീരഗാഥയിലെ ചന്തു മിക്ക മലയാളിക്കും സുപരിചിതനാണ്. ഇതാണ് കഥയുടെ മാന്ത്രികശക്തി. ഇവിടെ വില്ലനെയും ഹീറോവിനെയും സത്യത്തെയും അസത്യത്തെയും നിര്‍മിച്ചെടുക്കുന്നത് കഥാകാരനാണ്. കഥാകാരന്റെ കാഴ്ചപ്പാടും രാഷ്ട്രീയവുമാണ്. അതിനാല്‍ ഒരു കഥയും വെറും കഥയല്ല. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും സംഭാഷണങ്ങളും ബോധപൂര്‍വം കഥാകാരന്‍ നിര്‍മിച്ചെടുക്കുന്നതാണ്. അതിന്റെ പിന്നിലെ സൂക്ഷ്മമായ രാഷ്ട്രീയം തിരിച്ചറിഞ്ഞതിനു ശേഷം തന്നെയാണ് ഓരോ ആനുകാലികവും അവര്‍ക്ക് യോജിക്കുന്ന കഥകള്‍ തെരഞ്ഞെടുക്കുന്നത്.

വടക്കന്‍ വീരഗാഥയുടെ കഥാകാരന്‍ എം.ടിയുടെ പത്രാധിപത്യത്തിന് മുമ്പും ശേഷവും മാതൃഭൂമി ആഴ്ചപ്പതിപ്പാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വാരികകളിലൊന്ന്. ഗൗരവ വായനകള്‍ക്ക് പുറമെ മലയാളത്തിലെ മികച്ച കഥകളും കവിതയും നോവലും വായനക്കാര്‍ക്ക് സമ്മാനിക്കുന്ന പ്രസിദ്ധീകരണം. അങ്ങനെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വിലപ്പെട്ട പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കഥകള്‍ വെറും കഥകളായി വായിച്ചു തള്ളാനാവില്ല. മറിച്ച്, ആ കഥകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയവും ലക്ഷ്യവും വാരിക ഉള്ളടക്കം ചെയ്തിട്ടുണ്ടാവും. മാര്‍ച്ച് 24-ലെ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ 'മരണവേട്ട' എന്ന കഥയുടെ മതവും മതേതരത്വവും പ്രതിപാദിക്കാനാണ് ഇത്രയും സൂചിപ്പിച്ചത്.

സംഘ്പരിവാര്‍ ഉയര്‍ത്തി കൊണ്ടുവന്ന് മാതൃഭൂമിയടക്കമുള്ള മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ആഘോഷമാക്കിയ ഇല്ലാകഥയായിരുന്നു ലൗ ജിഹാദ്. പോലീസ് അന്വേഷണങ്ങള്‍ക്ക് ശേഷം ലൗ ജിഹാദ് കള്ളക്കഥയായിരുന്നുവെന്ന് മാതൃഭൂമിയടക്കം സമ്മതിക്കുകയും ചെയ്തു. ഇത് കഴിഞ്ഞുപോയ യഥാര്‍ഥ കഥ. പക്ഷേ ഇന്ദുമേനോന്റെ മാതൃഭൂമി കഥയില്‍ പ്രണയച്ചതിയിലെ വേട്ടക്കാരനായി മുസ്‌ലിം നാമധാരിയായ ബഷീറിനെയും ഇരയായി സവര്‍ണ ആര്‍.എസ്.എസ്സ് കുടുംബത്തിലെ സുമംഗലയെയും അടയാളപ്പെടുത്തുന്നു. കഥയിലെ നായകന്‍ ബഷീറിനെ പരാമര്‍ശിക്കുമ്പോഴെല്ലാം മുമ്പിലും പിന്നിലുമായി അവനൊരു ചതിയനായിരുന്നുവെന്ന് നിരന്തരം ആവര്‍ത്തിക്കുന്നു.
കഥ ഇങ്ങനെ: സജീവ ആര്‍.എസ്.എസ് കുടുംബത്തില്‍ പിറന്ന സുമംഗല എന്ന സവര്‍ണ പെണ്‍കുട്ടിയെ മുസ്‌ലിമായ ബഷീര്‍ പ്രണയിക്കുന്നു. സുമംഗലയുടെ കുടുംബം അതറിഞ്ഞതോടെ അവര്‍ ഒളിച്ചോടുന്നു. ദൂരെ ഒരിടത്ത് സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു. അവര്‍ക്ക് സോനു എന്ന കുഞ്ഞുണ്ടാകുന്നു. കുഞ്ഞു വളരുന്നതിനിടക്ക് ബഷീറിന് അര്‍ബുദം പിടിപെടുന്നു. വേദനയില്‍ നിന്ന് ഒളിച്ചോടാന്‍ ബഷീര്‍ ആത്മഹത്യ തെരെഞ്ഞെടുക്കുന്നു. ഇത്രയും ശരി, ഇനിയാണ് യഥാര്‍ഥ കഥ തുടങ്ങുന്നത്. മകന്‍ സോനു അമ്മാവന്മാരുടെ രക്തത്തിലുള്ള സ്വഭാവം പ്രകടിപ്പിക്കുന്നു. സജീവ ആര്‍.എസ്.എസ് അനുഭാവിയായി അവന്‍ മാറുന്നു. ലൗ ജിഹാദ് അടക്കമുള്ള മുസ്‌ലിംകളുടെ ചതികളെ അമ്മയെ അവന്‍ നിരന്തരം ബോധ്യപ്പെടുത്തുന്നു. തീര്‍ത്തും മതേതര മുസ്‌ലിമായ ബഷീറില്‍ നിന്നും ലഭിച്ച ജീവിതാനുഭവങ്ങള്‍ മുന്‍ നിര്‍ത്തി അമ്മ അവനോട് തര്‍ക്കിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുമെന്ന് തോന്നിയേടത്താണ് ഇന്ദുമേനോന്‍ സംശയത്തിന്റെ വിഷസൂചികളുമായി ക്ലൈമാക്‌സ് മാറ്റുന്നത്. സുമംഗലക്ക് അസുഖം പിടിപെടുന്നു. ഡോക്ടര്‍മാര്‍ പലവിധ ടെസ്റ്റുകളും നടത്തി ഒടുവില്‍ എച്ച്.ഐ.വി. പോസീറ്റിവാണെന്ന് സ്ഥിരീകരിക്കുന്നു. തന്റെ പാതിവ്രത്യത്തില്‍ സംശയമില്ലാത്ത സുമംഗല റിപ്പോര്‍ട്ടുകള്‍ തെറ്റിയതായിരിക്കുമെന്ന് ഡോക്ടറോട് കയര്‍ക്കുന്നു. അപ്പോഴാണ് മുമ്പ് അവരുടെ ഭര്‍ത്താവ് ബഷീറിനെയും പരിശോധിച്ചിരുന്ന ആ ഡോക്ടര്‍ സ്‌ഫോടനാത്മകമായ ആ രഹസ്യം വെളിപ്പെടുത്തുന്നത്. ബഷീര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അര്‍ബുദമല്ല, എയ്ഡ്‌സായിരുന്നു. അതോടെ മകന്‍ സോനു നിരന്തരം പറയുന്ന മുസ്‌ലിമിന്റെ ചതി തന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നുവെന്ന് സുമംഗല തിരിച്ചറിയുന്നു. എന്നിട്ട് ഇന്ദുമേനോന്‍ കഥ അവസാനിപ്പിക്കുന്നത് സുമംഗലയുടെ തീരുമാനം ഇങ്ങനെ രേഖപ്പെടുത്തി കൊണ്ടാണ്. ''ഇനി സോനുവിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അവന്റെ ജാതിക്കോളത്തില്‍ 'ജാതിയില്ല, മതമില്ല' എന്നെഴുതിയത് തിരുത്തി കറുത്ത മഷി കൊണ്ട് ഹിന്ദു.. ഹിന്ദു റഡ്യാര്‍' എന്നെഴുതണമെന്ന് അവള്‍ ആഗ്രഹിച്ചു.'' സുമംഗലയുടെ പ്രതികാരം ബഷീറിലും അവസാനിക്കുന്നില്ല. 'ഇന്നു മുതല്‍ സോനുവിനെ ശാഖയ്ക്കയക്കണം, അവള്‍ ക്രൂരമായ ഒരാനന്ദത്തോടെ ബഷീറിനെയും ഓര്‍ത്തു.' ലൗ ജിഹാദിനും മുസ്‌ലിമിന്റെ ചതികള്‍ക്കുമെതിരെ പോരാടുന്ന ആര്‍.എസ്.എസ്സ് ശാഖയിലേക്ക് മകനെ അയക്കണമെന്ന, വരികളില്‍നിന്ന് ആ പ്രതികാരം ബഷീറിന്റെ സമുദായത്തിലേക്ക് പടരുന്നുവെന്നാണ് മനസ്സിലാവുന്നത്. പ്രണയം നടിച്ച് ബഷീര്‍ ജീവിതം തകര്‍ത്തത് സുമംഗലയുടേത് മാത്രമല്ലെന്നും കഥയില്‍ സൂചനയുണ്ട്. അവരുടെ അയല്‍വാസിയും സുമംഗലയുടെ സുഹൃത്തുമായിരുന്ന എലിസബത്ത് എയ്ഡ്‌സ് പിടിച്ച് മരിക്കാനുള്ള കാരണവും ബഷീര്‍ അവരോട് പുലര്‍ത്തിയ രഹസ്യ പ്രണയമായിരുന്നു. എലിസബത്തിന്റെ ഭര്‍ത്താവ് ഐസക് തന്നെ ആ ചതിയുടെ കഥ സുമംഗലയോട് വെളിപ്പെടുത്തുന്നുണ്ട്.

ഇന്ദുമേനോന്റെ 'മരണവേട്ടയെ' മുന്‍നിര്‍ത്തി മാതൃഭൂമിയുടെ മതേതരത്വത്തെ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നത് ന്യായമായ സംശയമാണ്. പക്ഷേ, ആ തോന്നലുകളെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതാണ് ഇതേ പ്രമേയം ഇതിനേക്കാള്‍ തീവ്രമായി അവതരിപ്പിക്കുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ 'എന്റെ മകള്‍ ഒളിച്ചോടും മുമ്പ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 17) എന്ന കഥ.

ഒരു ഹിന്ദു കുടുംബത്തിലെ ഏക സന്താനമായ എല്‍മയെ കോളേജിലെ അവളുടെ സീനിയറായ നൗഫല്‍ പ്രണയിക്കുന്നു. രക്ഷിതാക്കളോട് എല്‍മ തന്റെ പ്രണയം തുറന്ന് പറയുന്നു. ആ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ തന്റെ കാമുകന്റെ മതത്തിന്റെ പരിമിതികളെ കുറിച്ചും ഭാവിയില്‍ മാതാപിതാക്കളോട് അവര്‍ രണ്ടു പേരും എടുത്തേക്കാവുന്ന നിലപാടുകളെക്കുറിച്ചും ആമുഖമായി സൂചിപ്പിക്കുന്നുണ്ട്. ഒരു സമുദായത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ മുന്‍വിധികള്‍ തികട്ടിവരുന്ന ആ രംഗങ്ങള്‍ ഇങ്ങനെ:

''ഹൈന്ദവ ആചാര പ്രകാരം രക്ഷിതാക്കളെ നോക്കേണ്ടത് ആണ്‍മക്കളല്ലേ?
ഞാനും നീനയും (എല്‍മയുടെ അഛനും അമ്മയും) മുഖത്തോട് മുഖം നോക്കി.
ഞാന്‍ അറിയിച്ചു: ഹൈന്ദവാചാരം മാത്രമല്ല. ലോകനീതിയും അതുതന്നെയാണ്. ആണ്‍മക്കളില്ലെങ്കില്‍ പിന്നെ പെണ്‍മക്കള്‍ നോക്കണം.
പെണ്‍മക്കള്‍ നോക്കണമെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ സമ്മതിക്കേണ്ടേ?
വേണം. അങ്ങനെ സമ്മതിക്കുമെന്ന് വിശ്വാസമുള്ള ഒരുത്തനെയായിരിക്കുമല്ലോ രക്ഷിതാക്കള്‍ കണ്ടുപിടിച്ചു കൊടുക്കുക.
നിങ്ങളെ നോക്കാന്‍ സാധ്യതയില്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എനിക്ക് പിന്മാറാന്‍ സാധ്യമല്ല.''

മാതാപിതാക്കള്‍ക്ക് ഹിന്ദുമതവും ലോക നീതിയും ആവശ്യപ്പെടുന്ന പരിചരണവും സ്‌നേഹവും സംരക്ഷണവും അവര്‍ മറ്റൊരു മതത്തിലെ അംഗങ്ങളായി എന്നതിനാല്‍ നിഷേധിക്കുന്ന മതമാണ് നൗഫലിന്റേതെന്ന് എല്‍മയിലൂടെ കഥാകാരന്‍ തുറന്നു പ്രഖ്യാപിക്കുന്നു. ദൈവത്തിനോടുള്ള കടമകളോടൊപ്പമാണ് വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള ബാധ്യതകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ മറ്റു മതവിശ്വാസികളാണെങ്കിലും ഈ ഉത്തരവാദിത്വവും സംരക്ഷണവും അവര്‍ക്ക് ഇസ്‌ലാം ഉറപ്പുവരുത്തുന്നുണ്ട്. ദൈവത്തിനു അവകാശപ്പെട്ടതില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കണ്ടേതില്ല. മറ്റുള്ള വിഷയങ്ങളിലെല്ലാം അവരെ അനുസരിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രബോധനാരംഭത്തിലെ അനുയായികളില്‍ പലരുടെയും മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അവരുടെ മാതാപിതാക്കളോട് പൂര്‍വാധികം ഊഷ്മളതയോടെ ഇടപെടാനാണ് പ്രവാചകന്‍ കല്‍പിച്ചത്.

കഥാകാരന്‍ പക്ഷേ, തന്റെ മുന്‍വിധിയിലുള്ള ഇസ്‌ലാമിനെ നായികയിലൂടെ സംശയമായി അവതരിപ്പിക്കുകയും തുടര്‍ന്ന് നായകന്‍ നൗഫലിന്റെ വാക്കുകളിലൂടെ അത് ശരിയും യാഥാര്‍ഥ്യവുമാണെന്ന് ദൃഢീകരിക്കുകയും ചെയ്യുന്നു. വിശാല ഹിന്ദുമതത്തിലെ അംഗങ്ങളായതിനാല്‍ രക്ഷിതാക്കള്‍ എല്‍മയുടെ പ്രണയത്തെ അംഗീകരിച്ചു. നൗഫലിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച് എല്‍മയുടെ മാതാപിതാക്കളോട് നൗഫല്‍ തന്റെ മതത്തിന്റെയും കുടുംബത്തിന്റെയും പരിമിതി അറിയിക്കുന്നു. ''എനിക്ക് ഇവിടെ വന്ന് നില്‍ക്കാനോ ഇവളെയും കൂട്ടി നാട് വിട്ട് പോകാനോ പറ്റില്ല. നിങ്ങള്‍ അനുകൂലിച്ചിട്ട് കാര്യമില്ല. എന്റെ ഫാമിലി അനുവദിക്കണം. അവര്‍ക്ക് വേണ്ടി എല്‍മ മതം മാറേണ്ടിവരും. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് പെങ്ങന്മാര്‍ എനിക്കുണ്ട്. അവരുടെ വിവാഹം നടക്കണമെങ്കിലും എല്‍മ മതം മാറേണ്ടത് ഒരാവശ്യമാണ്. അതുവരെ ഞാനും ഇവളും ഇവിടെ ഇങ്ങനെ ഇടക്കിടെ വരുന്നതും പോകുന്നതും ശരിയാവില്ല. ദയവായി നിങ്ങള്‍ രണ്ടാളുമത് മനസ്സിലാക്കണം.''

ഏതായാലും മാതൃഭൂമി കഥകളുടെ രാഷ്ട്രീയവും അതിന്റെ അനന്ത സാധ്യതയും പെട്ടെന്നുതന്നെ സംഘ്പരിവാരം തിരിച്ചറിഞ്ഞു. സുസ്‌മേഷിന്റെ കഥ പ്രസിദ്ധീകരിച്ച് പിറ്റെ ആഴ്ച ഇറങ്ങിയ കേസരി വാരികയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: 'സുസ്‌മേഷ് പുതുതായി ഒന്നും പറയുന്നില്ല'. തങ്ങള്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യം തന്നെയാണെന്ന് മതേതര മാതൃഭൂമിയും സുസ്‌മേഷും ആവര്‍ത്തിച്ചുറപ്പിച്ചതിന്റെ സന്തോഷമാണ് കേസരി വാരിക പങ്കുവെക്കുന്നത്.
''ഇസ്‌ലാം മതത്തില്‍ പെട്ടവരുമായുള്ള ഒളിച്ചോട്ടങ്ങളിലെല്ലാം വിവാഹം എന്ന കര്‍മത്തേക്കാള്‍ പ്രധാനം മതം മാറ്റം എന്ന കര്‍മത്തിനാണ്. മതം വളര്‍ത്താനുള്ള വ്യഗ്രതയില്‍ അവര്‍ ചവിട്ടിയരക്കുന്ന പെണ്‍കുട്ടികളുടെ ജീവിതങ്ങളെക്കുറിച്ച്, രക്ഷിതാക്കളുടെ കണ്ണില്‍ നിന്ന് പൊടിയുന്ന കണ്ണീരിനെക്കുറിച്ച് മതാന്ധന്മാര്‍ ഓര്‍ക്കാറില്ലേ? അത്തരക്കാരുടെ ഹൃദയങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥ'' (കേസരി മാര്‍ച്ച് 3).

ആയതിനാല്‍ ഇനി കേസരി വായിക്കുന്നവര്‍ നിര്‍ബന്ധമായും മാതൃഭൂമി വാരികയും വായിച്ചിരിക്കണം. കാരണം ലൗ ജിഹാദ് എന്നത് ഒരു മത വര്‍ഗീയ കെട്ടുകഥയല്ല. അത് മാതൃഭൂമി വാരികയിലെ ഒരു വിശുദ്ധ മതേതര കഥയാണ്.

Wednesday, April 10, 2013

പാലിയേറ്റീവ് കാരുണ്യത്തിന്റ നന്മ മരങ്ങള്‍




മാറാരോഗങ്ങള്‍ രോഗിയുടെ ദുരിതവും അവന്റെ കുടുംബത്തിന്റെ മാത്രം ബാധ്യതയുമായി കരുതിപ്പോന്നിരുന്ന സാമൂഹിക കാഴ്ചപ്പാടിന് ലോക മനുഷ്യ സ്‌നേഹികള്‍ നല്‍കിയ തിരുത്താണ് പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനം. 1960-ല്‍ ലണ്ടനില്‍ ഡോ. സിസിലി സോണ്ടേഴ്‌സ് തുടങ്ങി വെച്ച ഈ സാന്ത്വന ചികിത്സയുടെ നിശ്ശബ്ദ വിപ്ലവം വളരെ പെട്ടെന്നുതന്നെ ലോകത്തുടനീളം വ്യാപിച്ചു. ഇന്ത്യയില്‍ കേരളത്തിലാണ് സംഘടിതവും വ്യവസ്ഥാപിതവുമായി പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനം ആരംഭിച്ചത്. 1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സേവന സന്നദ്ധരായ ചില ഡോക്ടര്‍മാരുടെയും പൊതു പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ രൂപം കൊണ്ട സന്നദ്ധ സംഘടനയായ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് കേരളത്തിലെ മാതൃ പാലിയേറ്റീവ് സ്ഥാപനം. വേദന കൊണ്ട് പുളഞ്ഞ് അല്‍പം ആശ്വാസത്തിനായി മെഡിക്കല്‍ കോളേജിലെത്തുന്ന അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനം നല്‍കുക, അവരുടെ ചികിത്സക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുക തുടങ്ങിയവയായിരുന്നു സംരംഭത്തിന്റെ ആദ്യ ലക്ഷ്യം. 1994-ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ (ഐ.എ.പി.സി) രൂപീകരിക്കപ്പെട്ടതോടെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് ഇന്ത്യയിലുടനീളം ശാഖകളുണ്ടായി.

രോഗശമനം എന്നതിലുപരി, രോഗ  തീവ്രത കുറച്ച് മാറാരോഗികളുടെ ക്ലേശങ്ങള്‍ ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പരിചരണമോ ചികിത്സയോ ആണ് പാലിയേറ്റീവ് പ്രസ്ഥാനം ലക്ഷ്യമിടുന്നത്. രോഗി മാത്രമല്ല, രോഗിയുടെ കുടുംബവും ഈ സാന്ത്വന ചികിത്സയുടെ ഭാഗമാണ്. ''ജീവനു ഭീഷണിയാകുന്ന രോഗമുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് രോഗ നിര്‍ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും നടത്തുക. രോഗിയുടെയും കുടുംബത്തിന്റെയും മാനസിക, സാമൂഹിക, ആധ്യാത്മിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് അവരുടെ ക്ലേശങ്ങള്‍ തടയുകയോ കുറക്കുകയോ ചെയ്യുക. ഡോക്ടര്‍, നഴ്‌സ്, സാമൂഹിക പ്രവര്‍ത്തകര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപേഷ്‌നല്‍ തെറാപിസ്റ്റ്, സന്നദ്ധ പ്രവര്‍ത്തകര്‍, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബം എന്നിവര്‍ അടങ്ങുന്നതാണ് പാലിയേറ്റീവ് ടീം.'' ലോകാരോഗ്യ സംഘടന പാലിയേറ്റിവിനെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത്.
അതീവ നിശ്ശബ്ദമായ ഒരു വിപ്ലവമാണ് പാലിയേറ്റീവ് പ്രസ്ഥാനം കേരളത്തില്‍ നടത്തിയത്. സ്വാര്‍ഥത മനുഷ്യനെ കീഴടക്കുന്നുവെന്നും യുവാക്കള്‍ കര്‍മവിമുഖരാവുന്നുവെന്നുമുള്ള മുറവിളി മുഴങ്ങുമ്പോഴാണ് ഉദാരമതികളുടെ നിര്‍ലോഭമായ സഹകരണത്തോടെ ആയിരക്കണക്കിന് വളണ്ടിയര്‍മാരായ ചെറുപ്പക്കാരുടെ സേവനത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ കുഗ്രാമങ്ങളില്‍ പോലും പാലിയേറ്റീവ് പ്രസ്ഥാനം സാന്ത്വനത്തിന്റെ കാരുണ്യത്തണല്‍ വിരിച്ചത്. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഈ സേവന വിപ്ലവത്തിന് മാതൃകയായി മുന്നില്‍ നിന്നത്. ഹോസ്പിറ്റലിന് പുറത്ത് സാമൂഹിക പങ്കാളിത്തത്തോടെ ആദ്യമായി നിലവില്‍ വന്ന പാലിയേറ്റീവ് യൂനിറ്റ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് ശേഷം രൂപീകരിച്ച കേരളത്തിലെ രണ്ടാമത്തെ പാലിയേറ്റീവ് യൂനിറ്റ് കൂടിയായിരുന്നു അത്. തൊട്ടു പിറകെ ജില്ലയിലെ പെരിന്തല്‍മണ്ണയിലും മലപ്പുറത്തും യൂനിറ്റുകള്‍ നിലവില്‍ വന്നു. മുസ്‌ലിം സംഘടനകള്‍ വിശിഷ്യാ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനത്തിലെ യുവജന വിഭാഗവും തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളുടെ അജണ്ടകളിലേക്ക് പാലിയേറ്റീവ് പ്രവര്‍ത്തനവും ചേര്‍ത്തുവെച്ചതോടെ മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ അതിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു. 

 ക്ലബ്ബുകളുടെയും സാംസ്‌കാരിക വേദികളുടെയും സേവന സന്നദ്ധരായ മനുഷ്യ സ്‌നേഹികളുടെയും നിര്‍ലോഭമായ പിന്തുണയും പാലിയേറ്റീവ് സംരംഭങ്ങളുടെ വിജയ കാരണങ്ങളാണ്. മലപ്പുറം, കോഴിക്കോട് മാതൃകകള്‍ ഇതര ജില്ലകളും ഏറ്റെടുത്തതോടെ പാലിയേറ്റീവിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും അതിനെക്കുറിച്ച് പല പഠനങ്ങളും പുറത്തുവരികയും ചെയ്തു. 'കേരള മാതൃക' എന്ന പദാവലി പോലും ലോക പാലിയേറ്റീവ് പ്രബന്ധങ്ങളില്‍ സ്ഥാനം പിടിച്ചു.

ചികിത്സ തേടി ഹോസ്പിറ്റലുകളിലേക്ക് രോഗിയെ എത്തിക്കുന്നതിന് പകരം മരുന്നും മറ്റും ഉപകരണങ്ങളുമായി മെഡിക്കല്‍ ടീം വീടുകളില്‍ എത്തി അവരെ പരിചരിക്കുന്ന ഹോം കെയര്‍ (ഗൃഹ കേന്ദ്രീകൃത പരിചരണം) സംവിധാനമാണ് പാലിയേറ്റീവ് സംരംഭത്തിന്റെ ഏറ്റവും വലിയ സവിശേഷത. കാന്‍സര്‍, തളര്‍വാതം, നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവര്‍, വൃക്ക രോഗികള്‍, മാനസിക രോഗികള്‍, വാര്‍ധക്യ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, ശ്വാസകോശ രോഗികള്‍, എയിഡ്‌സ് ബാധിതര്‍ തുടങ്ങിയ ദീര്‍ഘകാല മാറാ രോഗങ്ങള്‍ പിടികൂടിയവരാണ് പാലിയേറ്റീവിന്റെ ചികിത്സ തേടുന്ന ഭൂരിപക്ഷവും. ഇവരിലധിക പേര്‍ക്കും ഹോസ്പിറ്റലുകളിലേക്ക് പോകാനുള്ള ശാരീരികക്ഷമതയോ അവിടത്തെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തെ ഉള്‍ക്കൊള്ളാനുള്ള മാനസിക ശേഷിയോ ഉണ്ടാവില്ല. അവിടെയാണ് ഹോം കെയര്‍ സംവിധാനം സാന്ത്വന സ്പര്‍ശമായി അവരെ തേടിയെത്തുന്നത്. ഇങ്ങനെ പുറം ലോകം കാണാതെ വീടകങ്ങളില്‍ ഒതുങ്ങി ശിഷ്ടജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്നവരെ സാധ്യമായ രീതിയില്‍ ജീവിതത്തിന്റെ സാധാരണ അന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളും പാലിയേറ്റീവ് കെയറുകള്‍ നടപ്പിലാക്കുന്നു. രോഗികളുടെ സംഗമങ്ങളൊരുക്കിയും വിനോദ യാത്രകള്‍ സംഘടിപ്പിച്ചും സാധ്യമാവുന്ന സ്വയം തൊഴില്‍ പഠിപ്പിച്ചും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തി സാമൂഹിക ജീവിതത്തിലേക്ക് നേരിയ തോതിലെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ ഇത് കളമൊരുക്കുന്നു. 

കേരളത്തില്‍ സാന്ത്വന ചികിത്സാ രംഗത്ത് ഒരു ബദല്‍ പ്രസ്ഥാനമായി പെയിന്‍ ആന്റ് പാലിയേറ്റീവ് മാറിയതോടെ കേരള ഗവണ്‍മെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആ സംരംഭത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. നേരത്തെ ബജറ്റില്‍ പാലിയേറ്റീവിന് വക ഉള്‍ക്കൊള്ളിച്ച് മഞ്ചേരിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനം ഈ രംഗത്ത് മാതൃക കാണിച്ചിരുന്നു. 2008-ലാണ് കേരള സര്‍ക്കാര്‍ പാലിയേറ്റീവ് നയം പ്രഖ്യാപിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ആരോഗ്യ പരിപാലനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് ഈ നയം വ്യക്തമാക്കുന്നു. 2009-ല്‍ മാറാ രോഗികളുടെ വീടുകളില്‍ ചെന്നുള്ള ഹോം കെയര്‍ പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചില തദ്ദേശ സ്ഥാപനങ്ങള്‍ അതിന് മുന്നോട്ട് വന്നെങ്കിലും പലരും മടിച്ചു നിന്നു. ചിലര്‍ ഫണ്ട് ലഭിക്കാന്‍ പേരിന് മാത്രം എന്തോ ചെയ്‌തെന്ന് വരുത്തി. ഈ കൗശലം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥയോടു കൂടിയുള്ള പാലിയേറ്റീവ് നയമാണ് ഈയിടെ പ്രഖ്യാപിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ പാലിയേറ്റീവ് പരിചരണത്തിന് പദ്ധതി സമര്‍പ്പിച്ചേ മതിയാവൂ എന്നാണ് പുതിയ നയം. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ആദ്യ സമ്പൂര്‍ണ പാലിയേറ്റീവ് സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് ലഭിക്കും. 
പക്ഷേ, ഏടുകളിലെ നിയമം കാര്യക്ഷമമായി നടപ്പിലാവണമെങ്കില്‍ ഗവണ്‍മെന്റ് സഹായമോ പിന്തുണയോ ഇല്ലാതെ ജനകീയ പിന്‍ബലത്താല്‍ മാത്രം പാലിയേറ്റീവിനെ ലോക മാതൃകയാക്കി സംസ്ഥാനത്ത് വളര്‍ത്തിയെടുത്ത സന്നദ്ധ സംഘടനകളെയും കൂട്ടായ്മകളെയും ഈ പദ്ധതിയില്‍ രാഷ്ട്രീയ പക്ഷഭേദമില്ലാതെ പങ്കുചേര്‍ക്കേണ്ടിവരും. നിലവിലെ സര്‍ക്കാര്‍ പദ്ധതിയില്‍ അതിന് വ്യവസ്ഥകളുണ്ട്. അത് യഥാവിധി നടപ്പിലാക്കിയാല്‍ 978 പഞ്ചായത്തുകളിലും 60 നഗരസഭകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും പാലിയേറ്റീവ് കെയര്‍ സേവനം ലഭിക്കും. ഒന്നര ലക്ഷത്തിലേറെ വരുന്ന രോഗികള്‍ക്കാണ് അതുവഴി ഇതിന്റെ പ്രയോജനം ലഭിക്കുക. രോഗികളുടെ പുനരധിവാസവും കുടുംബ ക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായുണ്ട്. അത് നടപ്പിലായാല്‍ തീര്‍ച്ചയായും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ നിശ്ശബ്ദ വിപ്ലവത്തിന് തുടക്കം കുറിച്ച മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും അഭിമാനിക്കാം; തങ്ങളുടെ വിപ്ലവം വിജയമായിത്തീര്‍ന്നതിന്. അതിന് പക്ഷേ, അവരുടെ ജാഗ്രത കൂടി വരുംകാലങ്ങളില്‍ വേണ്ടിവരും. 
basheerudheentp@gmail.com

Monday, April 8, 2013

ലോകം അന്യേഷിക്കുന്നത് പാലിയേറ്റീവിന്റെ കേരള മോഡൽ




കേരളത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ ലോകമംഗീകരിച്ച കേരള മോഡല്‍ പാലിയേറ്റീവ് സംരംഭങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെക്കുന്നു

1993 -ല്‍ താങ്കളുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പാലിയേറ്റീവ് സംരംഭം കേരളത്തിലുടനീളമായി ആയിരത്തിനടുത്ത് സെന്ററുകളുള്ള വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. പതിനായിരക്കണക്കിന് രോഗികളും കുടുംബങ്ങളുമാണ് ഈ സംരംഭത്തിന്റെ പരിചരണവും തണലും സഹായവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തായിരുന്നു ഇങ്ങനെയൊരു സാന്ത്വന സംരംഭത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രേരകങ്ങളും?

അടിയന്തരാവസ്ഥക്ക് ശേഷമുള്ള എണ്‍പതുകളിലാണ്  മെഡിക്കല്‍ വിദ്യാര്‍ഥിയായി ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കേരളത്തിലെ കാമ്പസുകളില്‍ ആക്ടിവിസം ഏറ്റവും കൂടുതല്‍ സജീവമായ കാലം. അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഉണ്ടായിരുന്ന ആക്ടിവിസങ്ങളിലെല്ലാം ഞാനും പങ്കാളിയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനപ്പുറത്ത് സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളും സമരങ്ങളും ഞങ്ങള്‍ കാമ്പസില്‍ ചര്‍ച്ചാവിഷയമാക്കി. കരിയറിനപ്പുറം സാമൂഹികമായി എന്തെങ്കിലും സേവനം ചെയ്യണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ തുടര്‍പഠനത്തിന് അവസരം ലഭിച്ചപ്പോള്‍ അവിടെയുള്ള ചില പാലിയേറ്റീവ് സംരംഭങ്ങള്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യനായി നിയമിതനായ വേളയില്‍ അര്‍ബുദരോഗികളുടെ തീരാവേദനയും ദുരിതവും നിത്യകാഴ്ചയായിരുന്നു. അവര്‍ക്ക് ആവുംവിധം ഒരാശ്വാസ പദ്ധതി എന്ന നിലക്കാണ് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ 1993-ല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഇതിന്റെ പ്രവര്‍ത്തന രീതിയൊരിക്കലും വിദേശത്തുള്ള പാലിയേറ്റീവ് സംരംഭങ്ങളുടെ മാതൃകയിലാവരുത് എന്ന് തുടക്കം മുതലേ തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടിലടക്കമുള്ള പാലിയേറ്റീവ് സംരംഭങ്ങള്‍ ചാരിറ്റി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ജനകീയ പങ്കാളിത്തമുണ്ടായിരുന്നില്ല. എന്റെ കാമ്പസ് ആക്ടിവിസത്തിന്റെ അനുഭവം കൂടി മുന്നില്‍വെച്ച് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം ജനകീയ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന പാലിയേറ്റീവ് സംരംഭമാണ് ഞങ്ങളാഗ്രഹിച്ചത്. അങ്ങനെയാണ് മെഡിക്കല്‍ ടീമിനു പുറമെ വളണ്ടിയര്‍മാരും മറ്റ് സഹകാരികളുമായി സേവന സന്നദ്ധരായ പൊതുജനത്തെ പാലിയേറ്റീവിന്റെ നിര്‍ബന്ധ ഘടകമാക്കിയത്. കേരളത്തിന്റെ ഈ പാലിയേറ്റീവ് മാതൃകയെ ഇന്ന് ലോകം അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നു.

മതസംഘടനകള്‍ പ്രത്യേകിച്ച് മുസ്‌ലിം സമുദായ സംഘടനകള്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ അവരുടെ മുഖ്യഅജണ്ടകളിലേക്ക് ചേര്‍ത്ത് വെച്ചത് താങ്കളുടെ ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ?  കേരളത്തിലേറ്റവും കൂടുതല്‍ പാലിയേറ്റീവ് യൂനിറ്റുകളുള്ള ജില്ലകളായി കോഴിക്കോടും മലപ്പുറവും മാറാനുള്ള കാരണങ്ങളിലൊന്ന് ഈ സംഘടനകളുടെ ഇടപെടലുകളല്ലേ? 

മതസംഘടനകളും രാഷ്ട്രീയ സംഘടനകളും കേരളീയ പൊതുസമൂഹത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ആ വേദികള്‍ പാലിയേറ്റീവ് സംവിധാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇത് മുസ്‌ലിം സംഘടനകള്‍ ആണെങ്കില്‍ മലയോര ജില്ലകളില്‍ ക്രൈസ്തവ വിഭാഗമാണ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത്. എന്നാല്‍ പാലിയേറ്റീവ് സംവിധാനത്തിന്റെ ഒരു ഘട്ടത്തിന് ശേഷമുള്ള വളര്‍ച്ചക്ക് ഈ സംഘടനാവല്‍ക്കരണം തടസ്സമായിട്ടുണ്ട്. മതസംഘടനയോ രാഷ്ട്രീയ സംഘടനയോ ഒരു പ്രദേശത്ത് പെയിന്‍ ആന്റ് പാലിയേറ്റീവിന് നേതൃത്വം നല്‍കുമ്പോള്‍, കേരളത്തില്‍ നിലനില്‍ക്കുന്ന പ്രത്യേക സാമൂഹികാന്തരീക്ഷം കാരണം മറ്റു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അതിനോട് അകലം പാലിക്കും. ഇത് അതിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയെയും ജനകീയതയെയും ബാധിക്കും. എന്നാല്‍ അഭിനന്ദനാര്‍ഹമെന്ന് പറയട്ടെ, ആര് നേതൃത്വം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ ആയാലും രോഗിയെ തെരഞ്ഞെടുക്കുന്നതിലും അവര്‍ക്ക് പരിചരണം നല്‍കുന്നതിലും മത രാഷ്ട്രീയ വേര്‍തിരിവുകളൊന്നും തന്നെ കാണാന്‍ കഴിയില്ല. തീര്‍ത്തും പൊതുവായ  പ്ലാറ്റ്‌ഫോമുള്ള സന്നദ്ധ സംഘടനയായി പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് പറയുമ്പോഴും, പലയിടത്തും ഈ സംരംഭത്തിന് തുടക്കം കുറിച്ച മത-രാഷ്ട്രീയ സംഘടനകളുടെ പങ്ക് വില കുറച്ച് കാണാന്‍ സാധ്യമല്ല.

ലോകത്തെങ്ങുമുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, താങ്കള്‍ ഡയറക്ടറായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ (ഐ.പി.എം) ലോകാരോഗ്യസംഘടന തെരഞ്ഞെടുത്തിട്ടുണ്ടല്ലോ. ഏതെല്ലാം രാജ്യങ്ങളിലാണ് ഈ സ്ഥാപനം കേരള മോഡല്‍ പാലിയേറ്റീവ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നത്?

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ) അവരുടെ പാലിയേറ്റീവ് രംഗത്തെ മുഖ്യ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നായാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മൂന്നാം ലോകരാജ്യത്തെ ഒരു സ്ഥാപനത്തിന് അവരിങ്ങനെയൊരു അംഗീകാരം നല്‍കുന്നത്. ഇതോടെ പല രാഷ്ട്രങ്ങളും ഈ വിഷയത്തില്‍ നമ്മോട് മാര്‍ഗനിര്‍ദേശം തേടുന്നുണ്ട്. ബംഗ്ലാദേശ്, തായ്‌ലന്റ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കേരള മോഡല്‍ പരീക്ഷണമാരംഭിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ നേരിട്ട് സന്ദര്‍ശിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഡയറക്ടര്‍ എന്ന നിലക്ക് എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗ്ലാദേശില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആരംഭിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഐ.പി.എം ആണ്. മൂന്ന് വര്‍ഷം പൂര്‍ണമായും ഐ.പി.എമ്മിന്റെ മേല്‍നോട്ടത്തില്‍ നടത്തി അതിനെ വിജയകരമായ സംവിധാനമാക്കാനാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവിടെ വരികയും നമ്മുടെ മാതൃക നേരിട്ട് പഠിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പാലിയേറ്റീവ് രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പുതിയ പരീക്ഷണങ്ങളും സേവന മേഖലകളും പഠിക്കുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്യുന്ന വേദി കൂടിയാണ് ഐ.പി.എം. സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതും ഈ സ്ഥാപനമാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ അംഗമായ ഏതൊരു രാജ്യത്തും ഈ മോഡല്‍ നടപ്പാക്കാനുള്ള മേല്‍നോട്ടത്തിന് ഈ സ്ഥാപനത്തിന് അധികാരമുണ്ട്.

പാലിയേറ്റീവിന്റെ കേരള മാതൃക ഇന്ന് മെഡിക്കല്‍ ലോകത്തെ പഠന വിഷയങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടനയടക്കം ഈ മാതൃകയെ അംഗീകരിക്കുകയും മറ്റു രാജ്യങ്ങള്‍ക്ക് മോഡലായി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്താണ് പാലിയേറ്റീവ് രംഗത്തെ കേരള മോഡല്‍ കൊണ്ടുദ്ദേശിക്കുന്നത്?

കേരളത്തെക്കാള്‍ വിപുലമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒട്ടനവധി രാജ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ടു നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യങ്ങളുമുണ്ട്. നമ്മുടേതിനേക്കാള്‍ ഫണ്ടും വളണ്ടിയര്‍ സംവിധാനവുമുള്ള എന്‍.ജി.ഒ സംരംഭങ്ങളാണ് മറ്റു ചില രാജ്യങ്ങളില്‍. പാലിയേറ്റീവെന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ടീം എന്ന പൊതുമാതൃകയെ പൊളിച്ചെഴുതി എന്നതാണ് കേരള മോഡലിന്റെ പ്രഥമ സവിശേഷത. രോഗ ചികിത്സ എന്നതിനപ്പുറം രോഗിയുടെ കുടുംബത്തിന്റെ സംരക്ഷണം, പുനരധിവാസം തുടങ്ങി നിരവധി സേവനങ്ങള്‍ ചെയ്യുന്ന കേന്ദ്രങ്ങളായി പാലിയേറ്റീവ് പ്രസ്ഥാനത്തെ മറ്റിയെടുത്തുവെന്നതാണ് മറ്റൊരു പ്രത്യേകത. എന്‍.ജി.ഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പാലിയേറ്റീവ് പ്രസ്ഥാനം കുറച്ച് കണ്ടിട്ടില്ല. ആ സംവിധാനങ്ങളെ കൂടി ഉപയോഗപ്പെടുത്തുകയാണ് പാലിയേറ്റീവിന്റെ കേരള മോഡല്‍ ചെയ്യുന്നത്. മറ്റു രാജ്യങ്ങളില്‍ പാലിയേറ്റീവ് സംരംഭങ്ങള്‍ ഒന്നുകില്‍ സമ്പൂര്‍ണമായ ഗവണ്‍മെന്റ് പദ്ധതികളോ അല്ലെങ്കില്‍ നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ പ്രോജക്ടുകളോ ആയിരിക്കും. കേരളം ഈ രണ്ട് സംവിധാനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആധികാരിക മെഡിക്കല്‍ പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും ഇക്കണോമിക്‌സ് മാഗസിനും ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പോലുള്ള സംഘടനകളും ഈ കേരള മോഡലിനെയാണ് അംഗീകരിച്ചത്.

2008-ല്‍ കേരള സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അജണ്ടകളുടെ ഭാഗമാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ വര്‍ഷത്തെ പുതിയ ഉത്തരവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ പാലിയേറ്റീവ് പദ്ധതികള്‍ നടപ്പിലാക്കണമെന്ന് വ്യക്തമാക്കുന്നു. പാലിയേറ്റീവ് രംഗത്തേക്കുള്ള കേരള സര്‍ക്കാറിന്റെ ഈ പ്രത്യക്ഷമായ കടന്നുവരവ് സന്നദ്ധ സംഘടനകളുടെ മേല്‍നോട്ടത്തിലുള്ള പെയിന്‍ പാലിയേറ്റീവ് പ്രസ്ഥാനത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുക?

1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആരംഭിക്കുമ്പോള്‍ പാലിയേറ്റീവ് എന്ന വാക്കുപോലും കേരളത്തിന് സുപരിചിതമായിരുന്നില്ല. 2008 വരെ ചില ചെറിയ സര്‍ക്കാര്‍ സഹായങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും എന്‍.ജി.ഒ ആയാണ് പാലിയേറ്റീവ് സംവിധാനങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായതും വളര്‍ന്നതും. വീടുകളില്‍ ചെന്നുള്ള ഹോംകെയര്‍ സംവിധാനങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തതും ഈ സന്നദ്ധ സംഘടനകളാണ്. 2008 ലാണ് കേരള സര്‍ക്കാര്‍ ഈ രംഗത്ത് മാതൃകാപരമായ ഇടപെടല്‍ ആരംഭിച്ചത്. തീര്‍ച്ചയായും അത് പ്രോത്സാഹജനകവും കേരളത്തിലെ പാലിയേറ്റീവ് സംവിധാനങ്ങളുടെ വിജയവും അവര്‍ക്കുള്ള അംഗീകാരവുമാണ്. അതോടൊപ്പം നിലവിലുള്ള സന്നദ്ധസംഘടനകളുടെ മേല്‍നോട്ടത്തിലുള്ള പാലിയേറ്റീവ് സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുമാണ്. കേവലം രോഗപരിചരണം എന്നതില്‍ പ്രവര്‍ത്തനങ്ങളൊതുക്കാതെ സേവനത്തിന്റെ പുതിയ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയും, സര്‍ക്കാര്‍ സംവിധാനങ്ങളോട് ഏറ്റുമുട്ടാന്‍ പോവാതെ പരമാവധി അവയെ ഉപയോഗപ്പെടുത്തുകയും ചെയ്താലേ നിലവിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് സംവിധാനങ്ങള്‍ക്ക് ഭാവിയില്‍ നിലനില്‍ക്കാനാവൂ. പാലിയേറ്റീവ് പ്രസ്ഥാനം തുടങ്ങിയ കാലത്തെ പ്രഥമ ദൗത്യം സര്‍ക്കാര്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ അവസാനിച്ചിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന  ആനൂകൂല്യങ്ങള്‍ രോഗിക്ക് വാങ്ങിക്കൊടുക്കാന്‍ സഹായിക്കുന്ന ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളായും, സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിരീക്ഷണ കേന്ദ്രങ്ങളായും കൂടി പാലിയേറ്റീവ് പ്രസ്ഥാനം മാറേണ്ടതുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്. നിലവിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍തന്നെ സര്‍ക്കാറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവാന്‍ ശ്രദ്ധവെക്കണം. ഈ സംയുക്ത മാതൃക ചില പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തീര്‍ത്തും അവഗണിച്ച് പഴയ പോലെ മുന്നോട്ട് പോകുന്നവരുമുണ്ട്. ഈ നിലപാട് ഭാവിയില്‍ അവര്‍ക്ക് ദോഷം ചെയ്യും. ഉദാരവത്കരണ കാലത്ത് ആരോഗ്യരംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളെ അംഗീകരിക്കുകയും ഉപയോഗപ്പെടുത്തുകയുമാണ് എല്ലാവരും ചെയ്യേണ്ടത്.