Pages

Ads 468x60px

Monday, June 4, 2012

എന്റെ പ്രണയം ഇടി വെട്ടി പെയ്യുന്നു ...



മഴയോട് ഞാന്‍ കൂട്ട് കൂടാന്‍ തുടങ്ങിയത് എന്നാണ് ?
ഉമ്മയുടെ മടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി നിലത്തു കാലുറപ്പിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ മഴയുടെ നനഞ്ഞ നോട്ടം എന്നില്‍ കുളിര് കോരിയിട്ടിരിക്കണം. രാത്രിയുടെ ഇരുട്ടില്‍ ഉമ്മയുടെ ചൂടേറ്റു ഞാനുറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാറ്റിന്റെ അകമ്പടിയോടെ വാതിലില്‍ തുരുതുരാ മുട്ടി മഴയെന്നെ പുറത്തേക്കു കൂട്ട് വിളിച്ചിരുന്നു .
പിന്നെ പിന്നെ മഴയോടൊപ്പം ഞാനും വളര്‍ന്നു .എപ്പോഴോ മഴയെന്ന ബാല്യകാലസഖി എന്റെ പ്രണയിനിയായി .വീടിനു പുറത്തിറങ്ങി എന്റെ കാമുകിയോടൊപ്പം ലയിച്ചും തിമിര്‍ത്തും ഞാന്‍ കലപില കൂട്ടി .ഇടയ്ക്കിടെ വരുന്ന പനിയായിരുന്നു ഞങ്ങളുടെ പ്രണയ സല്ലാപങ്ങള്‍ക്കിടയിലെ സ്ഥിരം വില്ലന്‍ .പനിച്ചു പിച്ചും പേയും പറയുന്ന എനിക്ക് ,പുറത്തു നൃത്തം  ചെയ്യുന്ന അവളെ കണ്‍നിറയെ കാണാന്‍ ഉമ്മ ജനവാതില്‍ തുറന്നിടുമായിരുന്നു. മഴയോടുള്ള എന്റെ  പ്രണയം   ഉമ്മ രഹസ്യമായി അറിഞ്ഞുട്ടുണ്ടായിരിക്കും . ഉപ്പ ഉപേക്ഷിച്ചു പോയതില്‍ പിന്നെ അകവും പുറവും നിശബ്ദമായ ആ ഓല മേഞ്ഞ കുരയില്‍ ബഹളമയമായ വാചാലത നിറച്ചിരുന്ന മഴയെ ഉമ്മയും സ്നേഹിച്ചിരിക്കണം.
കൌമാരം പിന്നിട്ടതും എന്റെ ഭ്രാന്തന്‍ പ്രണയമഴ ചിറപ്പൊട്ടിയൊഴുകി. മഴയൊരുക്കുന്ന തോടിന്റെ കുത്തൊഴുക്കിലും കുളത്തിന്റെ ആഴപ്പരപ്പിലും കിടന്നുരുളാന്‍ ഞാനെന്റെ മഴക്കാലത്തെ കെട്ടഴിച്ചു വിട്ടു .മാനത്തു നിന്ന് പൊട്ടി വീഴുന്ന മഴയെ വായിലേക്ക് കമഴ്ത്തി എനിക്ക് നഷ്ട്ടപ്പെട്ട സ്നേഹ ദാഹത്തെ ഞാന്‍ തിരിച്ചു പിടിക്കാന്‍ വ്യഥാ ശ്രമം നടത്തി.ചിലപ്പോള്‍ രാത്രിയില്‍ മഴനാരു കൊണ്ട് ഊഞ്ഞാലു കെട്ടി എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ തിമിര്‍ത്താടി .
മഴയോടെനിക്കിത്ര ഒടുക്കത്തെ പ്രണയമെന്താണ് ?
സ്വര്‍ണ്ണ നാരുകള്‍ പോലെ ഊര്‍ന്നിറങ്ങുന്ന അതിന്റെ സൗന്ദര്യഭാവമാണോ ?
ഒരിക്കലുമല്ല ...
സൌന്ദര്യത്തെ പ്രണയിക്കുന്നതിനു മുന്‍പേ മഴയെന്റെ കാമുകിയായിരുന്നു .
സങ്കടങ്ങള്‍ കറുത്തിരുണ്ട് മേഘാവ്രതമാക്കിയ  എന്റെ ബാല്യകാലം മഴയായ് പെയ്ത്  എന്നില്‍ തന്നെ ഒലിച്ചിറങ്ങിയതാണോ ?
കഴിഞ്ഞ വര്‍ഷം കരഞ്ഞു പിരിയുമ്പോഴും ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് കഴിഞ്ഞിട്ടില്ല .
 അവളുടെ അഭാവത്തില്‍ എന്റെ ഭ്രാന്ത് മുറുകുന്നതിനു മുന്‍പേ കഴിഞ്ഞ വേനലില്‍ ഉമ്മ എന്റെ വിവാഹം നടത്തി .
ഒരു വര്‍ഷത്തിനു ശേഷം ഒടുവില്‍ ഇന്നലെ പാതിരാത്രി ഒരു മണിക്ക്, മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെയവള്‍ ജാലകവാതില്‍ മുട്ടി വിളിച്ചുണര്‍ത്തി.ജാലകം തുറന്നപ്പോള്‍ ഈറനുടുത്തു നനഞു കുതിര്‍ന്നു നൃത്തം  ചെയ്യുകയാണവള്‍ .
പാതിരാത്രി ഉറക്കത്തില്‍ നിന്ന് എന്നെ ഉണര്‍ത്താന്‍ നമുക്കിടയിലുള്ള ബന്ധം എന്താണ് ?
ഒന്നുമറിയാതെ ഉറങ്ങുന്ന സഹധര്‍മിണിയെ അവള്‍ കാണാതിരിക്കാന്‍ പുതപ്പിനുള്ളിലാക്കി,  ഉറക്കച്ചടവോടെ ഞാന്‍ ചോദിച്ചു.
നൃത്തത്തിന്റെ ചുവടു ദൃതഗതിയിലാക്കി അവള്‍ എന്റെ മുഖത്തേക്ക് മഴനാരെറിഞ്ഞു.ബാല്യം മുതല്‍ സ്പര്‍ശിച്ച ആ നനുത്ത പ്രണയ തുള്ളികള്‍ എന്റെ ശ്യാസം മുട്ടിച്ചു.അകം പൊള്ളിയ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നതിനു മുന്‍പേ ഈര്‍ഷ്യതയോടെ ഞാന്‍ ജനവാതില്‍ കൊട്ടിയടച്ചു .
അപ്രതീക്ഷമായ എന്റെ പ്രണയനിരാസത്തില്‍ പ്രതിഷേധിച്ചു പുലര്‍ച്ച വരെ പുറത്തു അമര്‍ത്തിയും മൂളിയും കൈകാലിട്ടടിച്ചും അവള്‍  സീല്‍ക്കാരം തുടര്‍ന്നു  . നേരം വൈകിയുണര്‍ന്നു പുറത്തിറങ്ങിയപ്പോഴാണ് തലേന്ന് രാത്രിയവള്‍ ഒഴുകിപരന്നതിന്റെ നനവ്‌ വറ്റാത്ത പാടുകള്‍ കണ്ടത് .
ഇനി നാളെ മുതല്‍ രാത്രിയും പകലും അവളെനിക്കു മുന്‍പില്‍ ഈറനുടുത്തു  നൃത്തം    ചെയ്യുമ്പോള്‍ ഞാനെന്തു ചെയ്യും ? നിങ്ങള്‍ തന്നെ പറയൂ ...

Sunday, May 27, 2012

പാര്‍ട്ടി വിട്ടാല്‍ വീ എസിനെയും വെട്ടും?



കമ്മ്യൂനിസ്റ്റ്  ലോകം കണ്ട വിപ്ലവാചാര്യന്മാരില്‍ പ്രമുഖനായ സഖാവ് ലെനിന്റെ മരണത്തിനു പിന്നില്‍ സ്റ്റാലിന്‍ സഖാവിന്റെ ചുവന്ന കരങ്ങള്‍ ഉണ്ടെന്നു വെളിപ്പെടുത്തലുകള്‍ വന്നത് ഈയിടെയാണ് .
വലതു പക്ഷ പത്രങ്ങളുടെ സിണ്ടിക്കേറ്റു വാര്‍ത്തയാണോ ഇതെന്ന്  പാര്‍ട്ടിയെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത വഴിപോക്കനറിയില്ല .
ഏതായാലും ജീവിച്ചിരുന്ന കാലത്ത് സഖാക്കള്‍ ലെനിനും സ്റ്റാലിനും പിണറായിയും വീ എസും കളിച്ചിട്ടില്ല എന്നാണെന്റെ അല്‍പ്പജ്ഞാനം .
ഒരു പക്ഷെ നമ്മുടെ രണ്ടു സഖാക്കളെയും പോലെ തന്നെ അടുത്തിരുന്നു മീഡിയക്ക് മുന്‍പില്‍ ആര്‍ക്കും മനസ്സിലാവാത്ത പ്രത്യയ ശാസ്ത്ര തമാശ പറഞ്ഞു ചിരിക്കുമ്പോഴും അവരും  മനസ്സില്‍  വെട്ടി നിരത്തിലിന്റെയും കുലം തോണ്ടലിന്റെയും അരിവാള്‍ ചുറ്റിക നക്ഷത്ര ശോഭയോടെ മൂര്‍ച്ച കൂട്ടിയിട്ടുണ്ടാവും .
ഏതായാലും സഖാവ് ലെനിന്റെ ബോഡി വേസ്റ്റ്‌ ഇനിയും സംസ്കരിചിട്ടില്ലാത്തതിനാല്‍ ഒരു പ്രത്യയ ശാസ്ത്ര പോസ്റ്റ്മാര്‍ട്ടത്തിനു ഇനിയും സാദ്ധ്യതകള്‍ ഉണ്ട്.
 പാര്‍ട്ടി പ്രതിയോഗികളോടൊപ്പം സ്വന്ത്യം എതിരാളികളെയും വെട്ടിയരിഞ്ഞ ചരിത്രമാണ്‌ സോവിയറ്റ് സ്റ്റാലിന്റെത്.ലോകത്തുടനീളമുള്ള  കമ്മ്യൂനിസ്റ്റ് പ്രാദേശിക എഡിഷനുകളിലും ഇത്തരം എഡിറ്റിംഗ് വര്‍ക്കുകള്‍ ധാരാളം നടന്നിട്ടുണ്ട് .പക്ഷെ കേരളത്തില്‍ സ്വന്തം ഡസ്ക്കിലുള്ളവരുടെ തല ഇത് വരെ അരിഞ്ഞിട്ടില്ലെന്നു മാത്രം .
ടീപി ചന്ദ്ര ശേഖരനിലെത്തി നില്‍ക്കുന്ന ചുവപ്പന്‍ ഫാഷിസത്തിന്റെ പ്രതിയോഗി പട്ടികയുടെ എഡിറ്റിംഗ് രീതിശാസ്ത്രത്തില്‍ ഒട്ടും വൈകാതെ ഒരു പ്രത്യയ ശാസ്ത്ര മാറ്റം ഉടന്‍ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
വണ്‍ ടൂ ത്രീ എണ്ണി ഞങ്ങള്‍ വെട്ടും ...കൊല്ലും എന്ന് പറഞ്ഞ ഇടുക്കിയിലെ സഖാവ് രണ്ടാമത് നാവെടുത്തത് വീ എസിനെ .എഡിറ്റു ചെയ്യാനാണ് .പാര്‍ട്ടി പറഞ്ഞാല്‍ വേണമെങ്കില്‍ വീ എസിനെയും വെട്ടും എന്നാണ് സഖാവ് വരികള്‍ക്കിടയില്‍ നല്‍കുന്ന സൂചന എന്ന് ആരെങ്കിലും  സംശയിച്ചാല്‍ കുറ്റം പറയാനൊക്കുമോ ?ലെനിന്‍ സഖാവിന്റെ മരണത്തിനു പിന്നില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സ്റ്റാലിന്‍ ആയിരുന്നുവെന്നു സംശയിക്കപ്പെടുന്ന ഈ അവസരത്തില്‍ പ്രത്യേകിച്ചും .
ഏതായാലും രക്തസാക്ഷികള്‍ ഇനിയും ഉണ്ടാവുമെന്ന് തീര്‍ച്ച....അവര്‍ക്കെല്ലാം മുന്‍കൂറായി വഴിപോക്കന്റെ നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ .
പിന്‍കുറി :ഇത് വായിച്ചു ചോര തിളയ്ക്കുന്ന സഖാക്കളോട് ,ക്യോട്ടെഷന്‍ കൊടുത്തു കാശ് പാഴാക്കരുത്.വേണമെങ്കില്‍ തല മാത്രം ബ്ലോഗില്‍ അടുത്തതായി പോസ്റ്റ് ചെയ്യാം .

Friday, May 4, 2012

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?





ആദ്യത്തെ ഫെമിനിസ്റ്റു ആരാണ് ?
  രാവിലെ തന്നെ നോവല്‍ വായിക്കാനിരുന്ന നല്ല പാതിയായ കൂട്ടുകാരിയോടു വെറുതെ ഒരു ചോദ്യം പങ്കു വെച്ചതാണ് .
ഹവ്വയാണ് ആദ്യ ഫെമിനിസ്റ്റു ...
ഒരു നിമിഷം പോലും പഴാക്കാത്ത അവളുടെ മറുപടി കേട്ട് ഞാന്‍ കണ്ണ് മിഴിച്ചു.
വാ പൊളിച്ചു നില്‍ക്കുന്ന എന്റെ കോലം കണ്ടവള്‍ അകത്തെ ചിരി പുറത്തേക്കു സുദീര്‍ഘമായി പൊഴിച്ച്.പിന്നെ കാരണം വളരെ സരസമായി അവതരിപ്പിച്ചു തുടങ്ങി.
'നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം.....?
മനസ്സിലാകായ്മ പ്രകടിപ്പിക്കുന്നതിനിടയില്‍ തുറന്നു വെച്ച വായ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സാ ഉറപ്പു വരുത്തി.
ഭവതി വിശദീകരിച്ചു തുടങ്ങി .....
' മേധാവിത്യവും തീരുമാനധികാരവും ആണുങ്ങളുടെ ജന്മാവകാശമാണെന്നാണല്ലോ ഭൂമിയില്‍ മനുഷ്യന്‍ സ്ഥിരവാസമുറപ്പിച്ചത് മുതലുള്ള നിങ്ങളുടെ കുടികിടപ്പ് പ്രമാണം .....
അറിയാതെ വീണ്ടും എന്റെ വാ തുറന്നു പോയി .
' ഈ ആണ്‍ കോയ്മയെ ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ ഞങ്ങളുടെ പ്രതിനിധി ചെറുത്തു തോല്‍പ്പിച്ചിരുന്നു .....
 അവളുടെ കണ്ണിലെ തീക്ഷണതയും കൈ കാലുകളുടെ ഭാഷയുടെ വ്യാകരണവും മാറുന്നത് കണ്ടു എന്റെ ചെവിമാത്രം അവള്‍ക്കു കൊടുത്തു ഞാനല്‍പ്പം പിറകോട്ടു മാറി .
' സ്വര്‍ഗീയ പഴം തിന്നരുതെന്നു ദൈവ കല്‍പ്പന പാവം ആദം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചു.ഹവ്വയോടവന്‍ ഇടയ്ക്കിടെ അതോര്‍മ്മപ്പെടുത്തുകയും ചെയ്തു .നിരന്തരമുള്ള ആദമിന്റെ ഈ ഉപദേശം ചിലപ്പോള്‍ കല്പ്പനയോളം എത്തി.തന്റെ അസ്ടിത്യത്തെ ആദം വക വെച്ച് തരുന്നില്ലെന്ന് ഹവ്വ തിരിച്ചറിഞ്ഞു .ഈ പുരുഷാധിപത്യത്തെ മറിച്ചിടാന്‍ അവള്‍ തീരുമാനിച്ചു......
ഇത്രയും പറഞ്ഞു അവള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അല്‍പ്പം നിര്‍ത്തി. രണ്ടു മൂന്ന് ശ്യാസം അധികമെടുത്തവള്‍ തുടര്‍ന്നു.
....തീരുമാനാധികാരം പെണ്ണിനും കഴിയുമെന്ന് ഹവ്വ തെളിയിച്ചു . ആണൊരുത്തനായ ആദമിനെ കൊണ്ട് പഴം തീറ്റിക്കുന്നത് അങ്ങനെയാണ്. പുരുഷാധിപത്യത്തിന്റെ മുള പൊട്ടല്‍  പെണ്ണുണര്‍വിന്റെ തിരിച്ചടിയില്‍ തകര്‍ന്നു തരിപ്പണമായി .ഇങ്ങനെയാണ് ഹവ്വ ആദ്യ ഫെമിനിസ്റ്റായത്.
ഇത്രയും പറഞ്ഞവള്‍ ക്ഷീണിച്ചു കസേരയില്‍ ചാഞ്ഞിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അടുക്കളയിലേക്കു വെച്ചടിച്ചു .
ആദി പാപത്തിന്റെ ബൈബിള്‍ സ്റ്റോറി പൊടിച്ചു ചേര്‍ത്ത് അവളുണ്ടാക്കിയ ഫെമിനിസ്റ്റു റൂട്ട് വേ മിട്ടായി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഞാനങ്ങനെ തന്നെ നിന്നു പോയി.
തരിപ്പ് വിട്ടപ്പോഴാണ് ഭവതി അടുക്കളയിലെത്തിയത്‌ അറിഞ്ഞത്.
പുസ്തകം കയ്യില്‍ നിന്നും വെക്കാതെ ചായപ്പൊടി തപ്പുകയാണവള്‍ . ഞാന്‍ അവളുടെ കയ്യിലുള്ള സാറജോസഫിന്റെ ആലാഹയുടെ പെണ്‍മക്കളിലേക്ക് തുറിച്ചു നോക്കി.
എന്റെ ആണ്‍ നോട്ടം ഇഷ്ട്ടപ്പെടാതെ അവള്‍ അടുക്കള ബഹിഷ്ക്കരിച്ചു പൂമുഖത്ത് കസേരയില്‍ വന്നിരുന്നു വായന തുടര്‍ന്നു.
കൂടുതല്‍ അലമ്പിനൊന്നും പോവാതെ ഗ്യാസ് സ്റ്റൌവില്‍ ഞാനൊരു ചായക്ക് തീ കൊളുത്തി.
ചായ തിളക്കുന്നതിനിടയില്‍ എന്റെ തലയും തിളച്ചു.
ഏതോ ഒരു സ്ത്രീ വിരുദ്ധന്‍ എഴുതി വിട്ട ലേഖനത്തിന്റെ തലക്കെട്ടാണ് ഓര്‍മ്മ വന്നത്. പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ? 
ചോദ്യം അതിര് കടന്നതാണ് .എങ്കിലും ഭവതിയോടു ചോദിച്ചാലോ ?
ചായ തിളച്ചു മറിഞ്ഞു.
രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഒന്ന് ഭവതിക്കു കൊടുക്കാന്‍ മുന്നോട്ടു നടന്നക്കുമ്പോഴാണ് ചിന്ത പിറകോട്ടു പോയത്.
കിടപ്പറ ബഹിഷ്ക്കരിക്കാന്‍ ആഹ്യാനം ചെയ്ത മഹതിക്ക്‌ നോബല്‍ പ്രൈസ് കിട്ടിയ കാലമാണ്. വെറുതെ റിസ്ക്ക് എടുക്കണോ ?
മനസ്സിലുള്ള കയ്പ്പ് ചവച്ചരച്ചു ഞാന്‍ പുഞ്ചിരിയോടെ മധുരമുള്ള ചായ വായനക്കാരിക്ക് നല്‍കി .
കടുപ്പം കൂടുതല്‍ ചായക്കോ അവള്‍ക്കോ?
രണ്ടിറക്ക്‌ കുടിച്ചു അവളെന്നെ പാളി നോക്കി.
   പിന്നെയൊന്ന് ചിരിച്ചു .
ഹാവൂ ...സമാധാനമായി .
നോബല്‍ സമ്മാനം നേടാനുള്ള ശ്രമം അവള്‍ തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നു എന്ന സമാധാനത്തോടെ ഞാന്‍ ഗ്ലാസ്‌ തിരികെ വെക്കാന്‍ അടുക്കളയിലേക്കു പോയി .



Tuesday, April 17, 2012

മതതൊഴിലിടങ്ങളിലെ മിനിമം കൂലിയെത്രയാണ് ?




രോഗാതുരമായ മലയാളി ജീവിതത്തിന്റെ നിത്യസന്ദര്‍ഷകാലയമാണ് ഹോസ്പിറ്റലുകള്‍ .മനം പുരട്ടുന്ന മരുന്ന് മണങ്ങള്‍ക്കിടയില്‍ മനം കുളിര്‍പ്പിക്കുന്ന വിധം സദാ പുഞ്ചിരിച്ചു കൊണ്ട് മാത്രം പ്രത്യക്ഷപ്പെടുന്ന നഴ്സുമാര്‍ ഇത്രയും കാലം ഉള്ളിലൊതുക്കിയ ദുരിതക്കനല്‍ പുറത്തേക്കു വന്നത് ഈയിടെയാണ് .മിനിമം വേതനത്തിനും മറ്റു തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ആതുരാലയങ്ങളിലെ തൂവെള്ള വസ്ത്രധാരികളായ മാലാഖമാരുടെ സമരം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല .ട്രേഡ് യൂണിയനുകളുടെ സ്വന്തം നാടായ കേരളത്തില്‍ ഈ അനീതി ഇത്രയും കാലം എങ്ങനെ തുടര്‍ന്നൂവെന്നു  ചില എഴുത്ത് ജീവികള്‍ ചാനലില്‍ നിര്‍ത്താതെ ചര്‍ദ്ധിക്കുന്നത് കണ്ടു.ഞങ്ങളിത് നേരത്തെ അറിഞ്ഞിരുന്നൂവെങ്കില്‍ പരിഹരിച്ചു തന്നേനെ എന്നാണ് അവരുടെ ശരീര ഭാഷ കണ്ടാല്‍ തോന്നുക.ഞങ്ങളിവിടെ ജീവിച്ചിരിക്കെ, ചാനലുകള്‍ 24 മണിക്കൂറും കണ്ണ് തുറന്നിരിക്കെ ഇത് അസംഭവ്യം എന്നാണ് ധ്യനി.മതക്കാരും മതേതരവാദികളും പങ്കിട്ടെടുത്ത കേരളത്തിലെ  തൊഴിലിടങ്ങളില്‍ മിനിമം കൂലിയും മറ്റു തൊഴില്‍ ആനുകൂല്യങ്ങളും ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത  എത്രയോ  തൊഴിലാളികള്‍ ഇനിയുമുണ്ട്.വോട്ടു ബേങ്കിന്റെ ഐഡന്റിറ്റി കാര്‍ഡില്ലാത്ത ഇവരുടെ പരിഭവങ്ങള്‍ ആരു കേള്‍ക്കാന്‍ ?അവരുയര്‍ത്തുന്ന വിയര്‍പ്പിന്റെ മണമുള്ള ചോദ്യങ്ങള്‍ ഒരു അരിവാള്‍ ചിഹ്നം പോലെ ഏറ്റെടുക്കാനാളില്ലാതെ തെരുവില്‍ ഇപ്പോഴും തൂങ്ങി കിടപ്പുണ്ട് .സഖാക്കളേ ആരുണ്ടിവിടെ ?അവരുടെയൊക്കെ മുതലാളിമാര്‍ ദുനിയാവിലെ മാത്രം ലാഭം മോഹിക്കുന്ന മതേതരക്കാരും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കപട മതവാദികളും ആയതു കൊണ്ട് അതിവിടെ മുഖ്യവിഷയമാക്കുന്നില്ല .
ആത്മാര്‍ത്ഥമായ  മതസ്നേഹത്തിലും ദൈവിക പ്രതിഫലേച്ചയിലും പടുത്തുയര്‍ത്തിയ കാക്കതൊള്ളായിരം സ്ഥാപനങ്ങളുണ്ട് ഈ കൊച്ചു കേരളത്തില്‍.പള്ളിയും പള്ളിക്കൂടവും മുതല്‍ യൂണിവേഴ്സിറ്റി നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അവയിലേറെയും.അനുബന്ധ മേഖലകള്‍ വേറെയും.ഇത്തരം ഒന്നിലധികം മത വിദ്യാലയങ്ങളോ ആരാധനാകേന്ദ്രങ്ങളോ  ഇല്ലാത്ത ഒരു കുഗ്രാമം പോലും കേരളത്തിലില്ല.അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ദൈവനിഷേധികളായ കമ്മ്യൂനിസ്റ്റുകാര്‍ക്കു  ഭരണം നല്‍കുന്ന ,പൊതു ഇടങ്ങളില്‍ മതേതരക്കാരനാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിയും ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇവിടങ്ങളില്‍ കയറിയിറങ്ങുന്നുണ്ട്‌.കണക്കെടുത്താല്‍ പത്തു ലക്ഷത്തിലേറെ വരും ഈ സര്‍ക്കാര്‍ സഹായമില്ലാതെ നടത്തുന്ന ഇത്തരം മതസ്ഥാപനങ്ങളില്‍  പണിയെടുക്കുന്നവര്‍.
വിയര്‍പ്പു വറ്റുന്നതിനു മുന്‍പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന് പഠിപ്പിച്ചത് മാര്‍ക്സല്ല,പ്രവാചകന്‍ മുഹമ്മദാണ്.ആ മനുഷ്യ സ്നേഹിയുടെ മതദര്‍ശനത്തിന്റെ   ഏറ്റവും പരിശുദ്ധമായ ഇടമാണ് മസ്ജിദുകള്‍.കേവലം 2000 രൂപ മുതല്‍ 6000 വരെയാണ് ഒരു പള്ളി തൊഴിലാളിക്ക്  രാശരി ശമ്പളം  ('തൊഴിലാളി' പ്രയോഗം ബോധപൂര്‍വമാണ്.പല പള്ളികമ്മിറ്റികളുടെയും സമീപനവും അങ്ങനെ തന്നെയാണ്.) അതിജാഗ്രതയോടെ നിര്‍വഹിക്കേണ്ട ഒരു നിമിഷം പോലും തെറ്റാന്‍ പാടില്ലാത്ത അഞ്ചു നേരത്തെ ബാങ്കുവിളി മുതല്‍ ഇമാമത്തും(നമസ്കാര നേത്രത്യം),മദ്രസകളെന്ന മതപാഠശാലയിലെ അധ്യാപനവും ,ഇരു നിലയും അതിലപ്പുറവുമുള്ള പള്ളിയുടെ ക്ലീനിങ്ങും ഉള്‍പ്പെടെയുള്ള ജോലിക്കാണ് ഈ വേതനമെന്നു ഓര്‍ക്കുക.(എല്ലാത്തിനും  അപവാദങ്ങളായ ചില മസ്ജിദുകള്‍ ഉണ്ടെന്നു മറക്കുന്നില്ല.)മിക്ക പള്ളി ജീവനക്കാരും രാത്രിയടക്കം ഡ്യൂട്ടിയുള്ള മുഴുസമയ തൊഴിലാളികളാണ് .ആഴചയില്‍ ഒരിക്കല്‍ മാത്രമാണവരുടെ ലീവ്.അത് തന്നെ കമ്മിറ്റിക്കാരുടെ ഔദാര്യത്തില്‍ മാത്രം .ഇപ്പറഞ്ഞത്‌ പള്ളി മദ്രസകളുടെ കാര്യം മാത്രം .മത സംഘടനാനേതാക്കളുടെ നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , അറബി കോളേജുകള്‍ ,ഉന്നത മതപഠന കേന്ദ്രങ്ങളായ ജാമിഅകളില്‍ ജോലി ചെയ്യുന്നവര്‍ വരെ മിനിമം വേതനവും മറ്റു ആനുകൂല്യങ്ങളും അനുഭവിക്കാന്‍ യോഗമില്ലാത്ത ഹതഭാഗ്യരാണ്.മതേതര സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഈ നിയമങ്ങളൊന്നും മത തൊഴിലിടങ്ങളില്‍ വേണ്ടെന്ന വിഷയത്തില്‍ മലയാളികള്‍ക്ക് ഏകാഭിപ്രയമാണെന്നു തോന്നുന്നു .ആരാണ് ഇനി ഇവര്‍ക്ക് വേണ്ടി സംസാരിക്കുക? പത്തു മിനിട്ട് ചര്‍ച്ചയിലെ പങ്കാളിത്തത്തിനു ആയിരങ്ങള്‍ കൂലി വാങ്ങുന്ന  ചാനല്‍ ബുദ്ധിജീവികള്‍ തയ്യാറുണ്ടോ? മതേതരക്കാരുടെ ഇടമല്ലാത്തതിനാല്‍ അവരെ പ്രതീക്ഷിക്കാന്‍ വയ്യ.മതം വോട്ടുബാങ്കായതിനാല്‍  രാഷ്ട്രീയക്കാരും അനങ്ങില്ല.പിന്നെ ആകെ പ്രതീക്ഷ മതത്തിന്റെ ഉള്ളില്‍ നിന്ന് തന്നെയാണ്.മതം ചൂഷണ വ്യവസ്ഥയല്ലെന്നു തെളിയിക്കേണ്ട പ്രഥമ ബാധ്യത അവര്‍ക്ക് തന്നെയാണല്ലോ?മത പണ്ഡിതരെ, വിശ്യസികളെ നിങ്ങളതിന് തയ്യാറുണ്ടോ? സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് സോളിഡാരിറ്റി  പ്രഖ്യാപിക്കുന്ന ഒരു യുവജന സംഘടനയുടെ പ്രകടനം കണ്ടിരുന്നു .ആ നഴ്സുമാര്‍ അനുഭവിക്കുന്ന അതേ പ്രശ്നങ്ങള്‍ അതിലും ഭീകരമായി വേട്ടയാടുന്ന ഈ മതയിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ആര്‍ജവം അവര്‍ക്കുമുണ്ടോ ?ഒരു വിമോചകന് വേണ്ടി ആരാധനാലയങ്ങളിലെ കാവല്‍ക്കാര്‍ കാതോര്‍ക്കുന്നു .കാലം ഉത്തരം നല്‍കുമോ ? കാത്തിരിക്കാം.ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ .  
പിന്‍കുറി:ഞാന്‍ ജീവിക്കുന്ന മതപരിസരങ്ങളിലെ വേതന വിഷയത്തിലെ   വേദനാനുഭവങ്ങളാണ് ഇവിടെ പകര്‍ത്തിയത്.ഇതിലും കുറഞ്ഞോ കൂടിയോ ഇതര സഹോദര മതങ്ങളിലെ ആരാധനാലയം അടക്കമുള്ള സ്ഥാപനങ്ങളിലും ഉണ്ടാവാം.ദേവിക്ക് വേണ്ടി മാത്രം ജീവിച്ചതിനാല്‍ കുടുംബം മുഴുപ്പട്ടിണിയിലായ എം ടി യുടെ നിര്‍മാല്ല്യത്തിലെ വെളിച്ചപ്പാടിന്റെ വര്‍ത്തമാനപ്പതിപ്പുകള്‍ ഒരു പക്ഷേ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടാവാം .



Tuesday, April 3, 2012

വേനലവധിയിലെ മാങ്ങാകാലം


 ഓര്‍മയിലെ വേനലവധിയില്‍ നിറയെ മാവിന്‍ കൊമ്പിലെ കണ്ണിമാങ്ങകള്‍ ആണ്.മീന മാസത്തിലെ ചുട്ടു പൊള്ളുന്ന വെയിലില്‍ ഉപ്പും മുളകും കൂട്ടിയുള്ള പച്ച മാങ്ങ വേട്ടക്കു ശേഷം വെള്ളം തേടിയുള്ള പരക്കം പാച്ചിലില്‍ തുടങ്ങുന്നു വേനലവധിയുടെ തുടക്കം.മേട മാസത്തില്‍ മൂപ്പ് തെറ്റി തുടങ്ങുന്ന മാങ്ങകള്‍ ഇടവമാസമാകുന്നതോടെ ഞെട്ടറ്റു വീഴാന്‍ ഒരു ചെറു കാറ്റിന്റെ തൂവല്‍ സ്പര്‍ശം കാതോര്‍ത്തിരിക്കും.രാത്രിയിലെ ഇരുട്ടില്‍ മാംകൊമ്പുകളോട് രഹസ്യ സമാഗമം നടത്താന്‍ വരുന്ന കാറ്റിന്റെ വേഴ്ചയില്‍ മതിമറന്നു താഴേക്ക്‌ വീഴുന്ന മാങ്ങകളുടെ കണക്കെടുത്താണ് ഓരോ വൈകുന്നേരവും ഞങ്ങള്‍ ഉറങ്ങാന്‍ പോയിരുന്നത്.തലേരാത്രിയിലെ വീഴ്ചയുടെ ക്ഷീണത്തില്‍ നിലം പറ്റി കിടക്കുന്ന ചുവന്നു തുടുത്ത മാങ്ങകളില്‍ നിന്നും കിനിയുന്ന മധുരം ചുണ്ടോടു ചേര്‍ത്ത് ഊമ്പി കുടിക്കുന്നതിലെ രസം ഇന്നും നാവിലുണ്ട്.
വള്ളി ട്രൌസറിട്ട ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഒരു മാവില്‍ നിന്ന് കൊമ്പുകളിലൂടെ അടുത്ത മാവിലേക്ക്‌ അണ്ണാറകണ്ണന്‍മാര്‍ക്കൊപ്പം തൂങ്ങിയാടുമ്പോള്‍ താഴെയുള്ള പെണ്‍കുട്ടികള്‍ അസൂയയോടെ വീര്‍പ്പടക്കി നോക്കി നില്‍ക്കും. ആണ്‍കുട്ടികളുടെ ഔദാര്യ ത്തിലായിരുന്നു പലപ്പോഴും അവര്‍ക്കുള്ള മാങ്ങകള്‍ .പക്ഷേ,പഴുത്ത മാങ്ങകള്‍ ചറപറ താഴോട്ട് വീഴുന്ന കാലത്ത് ആണ്‍കുട്ടികള്‍ക്ക് മുന്‍പേ അതിരാവിലെ ഉണര്‍ന്നു മാങ്ങകളെല്ലാം പൊറുക്കി പെണ്‍കുട്ടികള്‍ തിരിച്ചടിക്കും.മാവില്‍ വലിഞ്ഞു കയറി മാങ്ങ പറിക്കുന്ന ചില പെണ്‍ ജഗജില്ലികള്‍ , വരാന്‍ പോകുന്ന ഫെമിനിസ്റ്റു കാലത്തേ അന്നേ മാവിന്‍ കൊമ്പുകളില്‍ രേഖപെടുത്തിയിരുന്നു .
ഉപ്പും മുളകും മിക്സ്‌ ചെയ്തു കടലാസ്സില്‍ പൊതിഞ്ഞു മാവിന്‍ കൊമ്പത്ത് വെച്ച് തന്നെ പച്ച മാങ്ങയും ചേര്‍ത്ത് സംഘം ചേര്‍ന്ന് സൊറ പറഞ്ഞു കഴിക്കലായിരുന്നു അന്നത്തെ ഹരമുള്ള ഹോബി.ചിലപ്പോള്‍ നിലം തൊടാതെ പറിക്കുന്ന മാങ്ങകള്‍ കുലകളോടെ വീട്ടിലെത്തിക്കും .അത് പല തരത്തിലുള്ള അച്ചാറുകളായി പിന്നീട് ഞങ്ങളുടെ ക്ലാസ് റൂമിലെ ഉച്ച ഭക്ഷണത്തിന് എരിവു പകരും.
വൈവിധ്യവും വ്യത്യസ്തതയുമുള്ള മാങ്ങകളാണ് ഓരോ നാട്ടിലുമുള്ളത്.ചിലപ്പോള്‍ ഒരേ മാങ്ങകള്‍ തന്നെ പല നാടുകളിലും വിവിധ പേരുകളിലായിരിക്കും അറിയപ്പെടുക.മലപ്പുറം ജില്ലയില്‍ സാധാരണയായി വീട്ടുമുറ്റങ്ങളില്‍ കാണപ്പെട്ടിരുന്ന മാങ്ങയെ കോമാങ്ങ എന്നാണ് വിളിക്കാറ്.വലിയ പുളിയില്ലാത്തതും പഴുത്താല്‍ ഇടത്തരം മധുരമുള്ളതും ആണിത്.വളരെ ചെറിയ വലിപ്പമുള്ള കഠിന പുളിയുള്ള മാങ്ങയാണ്‌ നടന്‍ മാങ്ങ അഥവാ പുളിയന്‍ .ഇതാണ് സാധാരണ വീടുകളില്‍ അച്ചാറിനായി ഉപയോഗിക്കുന്നത്.മാവില്‍ നിന്ന് നിലം തൊടാതെ അറുത്തു മാറ്റുന്ന നടന്‍ മാങ്ങകള്‍ കഷ്നിക്കാതെ ഞെട്ടി കളഞ്ഞ ശേഷം ഉപ്പിലിട്ടു സൂക്ഷിക്കുകയാണ് പതിവ്. കഷണമായി അരിഞ്ഞു അച്ചാറിടുന്ന രീതിയും ഉണ്ട്.നാടന്‍ മാങ്ങകള്‍ പലവിധം ഉണ്ട്.പഴുക്കുമ്പോഴാണ് പലതിന്റെയം വ്യത്യസ മറിയുക .മണത്തിലും രുചിയിലും നിറത്തിലും ഓരോന്നും വിഭിന്നമാണ് .നല്ല തേന്‍ മധുരമുള്ളതും പുളിരസമുള്ളതും ഇവയിലുണ്ട്.പഴുക്കുമ്പോള്‍ മഞ്ഞ നിറമാകുന്നതും നിറം മാറാതെ പച്ച നിറത്തില്‍ പഴുക്കുന്നവയും കാണാം.ചുണ്ടെലിയെ പോലെ അഗ്രഭാഗം കൂര്‍ത്ത മാങ്ങയെ ഞങ്ങള്‍ ചുണ്ടന്‍ മാങ്ങ എന്നാണ് വിളിച്ചിരുന്നത്‌.പച്ചയാകുമ്പോള്‍ കഴിക്കാന്‍ സ്വാദില്ലാത്ത കോഴിക്കോടന്‍ മാങ്ങയും കപ്പിമാങ്ങയും വലിയ പപ്പായ മാങ്ങകളും അപൂര്‍വമായി ചില വീടുകളില്‍ ഉണ്ടായിരുന്നു.
ഇന്ന് പുതുതായി മുളച്ചു പൊന്തുന്ന കോണ്‍ക്രീറ്റ് കാടുകളിലും സൗധങ്ങളിലും മാവുകളുടെ ഈ വൈവിധ്യം കാണില്ല. ആഗോളവത്കരണ കാലത്തേ ഏകവിള തോട്ടവത്കരണം മാവിന്‍ വിഷയത്തിലും പ്രതിഫലിച്ചു കാണാം.ഉയരമുള്ള ഗേറ്റ് തള്ളി മാറ്റി അകത്തു ചെന്നാല്‍  എല്ലായിടത്തും ആദ്യം കാണുക ബോണ്‍സായ് മരങ്ങളോട് സാദ്രശ്യമുള്ള ഒരേ തരം മാവുകളാണ്.കയ്യെത്തും ദൂരത്തു തന്നെ മാങ്ങകളും കാണാം.മരം കയറ്റവും കളിയുടെ ആവേശങ്ങളും പങ്കു വെക്കാന്‍ മാത്രം ചില്ലകളോ പൊക്കമോ  ഇല്ലാത്ത ഈ മാവില്‍ ഒരു അണ്ണാറകണ്ണനെയോ പക്ഷികളെയോ കാണുക സാധ്യമല്ല.കൂറ്റന്‍ മതിലുകള്‍ക്ക് ഉള്ളില്‍ ജീവിക്കുന്നവരുടെ മനസ്സ് അറിഞ്ഞിട്ടായിരിക്കും അവയൊന്നും അടുക്കാത്തത്. പുറത്തു കാണുന്ന ഭംഗി അകത്തില്ലാത്ത ആ മാങ്ങകളെ പോലെ തന്നെയാണ് പലപ്പോഴും അവിടെ താമസിക്കുന്നവരുടെ മനസ്സുകളും എന്ന് തോന്നി പോയിട്ടുണ്ട് ..


പിന്‍കുറി: ബാല്യം കഴിഞ്ഞു കൗമാരക്കാലത്ത് കോളേജ് കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന കാലം. ഹോസ്റ്റലിനു ചുറ്റുമുള്ള മാവിലെ തുടുത്തു നില്‍ക്കുന്ന മാങ്ങകള്‍ പലപ്പോഴുംകൗമാര മനസ്സിനെ പ്രലോഭിപ്പിക്കുന്നതയിരുന്നു . ഓരോ മാങ്ങക്കും 5 രൂപ വെച്ചായിരുന്നു ഫൈന്‍ ഈടാക്കിയിരുന്നത്.അതിനാല്‍ പ്രലോഭനം എന്നെ പോലുള്ള ദുര്‍ബലര്‍ മനസ്സില്‍ ഒതുക്കി. . മാങ്ങകളോട്  അടക്കാന്‍ വയ്യാത്ത പ്രണയമുള്ള ധീരന്മാരായ  ചില സുഹ്രത്തുക്കള്‍ രാത്രിയുടെ ഇരുട്ടിന്റെ മറവില്‍ മാവിന്‍ മുകളില്‍ കയറി അവരുടെ മോഹം തീര്‍ക്കും 'പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നാണല്ലോ' .ഒരിക്കല്‍ മാവിന് മുകളിലായിരിക്കെ ഈ ടീമിനെ വാര്‍ഡന്‍ തൊണ്ടി സഹിതം പിടി കൂടി.ആ വര്‍ഷത്തെ ഏറ്റവും വലിയ ഫൈന്‍ അവരില്‍ നിന്ന് ഈടാക്കി. ഇങ്ങനെ ഹോസ്റ്റലുകളിലെ മാങ്ങ മോഷണ കഥകള്‍ പറയാന്‍ ഓരോ ബാച്ചിനും ഉണ്ടെന്നു പിന്നീട് യാത്രയയപ്പ് യോഗങ്ങളില്‍ നിന്നാണ് മനസ്സിലായത്.പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കും ഉണ്ടാവും പറഞ്ഞാല്‍ തീരാത്ത ഇത്തരം മാങ്ങാകഥകള്‍ . ഒന്നോര്‍ത്തു നോക്കൂ ...

Friday, March 16, 2012

ഓഹ്രീം ...കുട്ടിച്ചാത്താം...


ബാലരമ, ബാലമംഗളം.. വായനയുടെ ലഹരി കുത്തിവെച്ചത് ഈ രണ്ടു ബാലപ്രസിദ്ധീകരണങ്ങള്‍ ആണ്.അനായാസം അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ച മൂന്നാം ക്ലാസില്‍ തുടങ്ങിയതാണ് കഥാപുസ്തക വായനകള്‍ . ബാലരമയായിരുന്നു ഇഷ്ടവിഭവം.അന്ന് ഓരോ ക്ലാസിലും ഒരു രാജുവും രാധയും ഉണ്ടായിരുന്നു.വികൃതി പിള്ളേരെ ചില അധ്യാപകര്‍ ലുട്ടാപ്പിയെന്നു വിളിച്ചിരുന്നു.അവര്‍ ആ അധ്യാപകനെ രഹസ്യമായി പുട്ടാലുവെന്നു തിരിച്ചും വിളിച്ചു.കപീഷും പറക്കും പൊടിയിടുന്ന പക്രുവുമെല്ലാം ബാലരമയിലെ സചിത്രകഥയില്‍ നിന്ന് പലപ്പോഴും സ്വപ്നങ്ങളിലേക്ക് ഇറങ്ങി വന്നിരുന്നു. ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന ഭൂതങ്ങളുടെ രൂപത്തിന് പലപ്പോഴും ഡാകിനിയുടെയും കുട്ടൂസന്റെയും ഛയുണ്ടായിരുന്നു .അന്ന് അപൂര്‍വമായി കുട്ടികളെ തട്ടി കൊണ്ട് പോകുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ അത് വിക്രമനും മുത്തുവും ആയിരിക്കുമെന്ന് ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ അടക്കം പറഞ്ഞിരുന്നു.ചിലരെങ്കിലും ഒറ്റയ്ക്ക് വീട്ടിലേക്കു പോകുമ്പോള്‍ ഭയമകറ്റാന്‍ ഇടയ്ക്കിടയ്ക്ക് മനസ്സില്‍ ഓഹ്രീംകുട്ടി ചാത്താം എന്ന് മന്ത്രിച്ചു.
 പങ്കിലക്കാട്ടിലെ ശക്തരില്‍ ശക്തനായ ഡിങ്കന്റെ സാഹസിക കഥകളുമായി വന്ന ബാലമംഗളമായിരുന്നു ബാലരമക്കു തൊട്ടു പിന്നില്‍ ഞങ്ങളുടെ മനസ്സ് കയ്യേറിയത്.ഡിങ്കനോ  മായാവിയോ  കൂടുതല്‍ ശക്തന്‍ എന്ന വിഷയവും ഞങ്ങള്‍ചൂട് പിടിച്ച ചര്‍ച്ച നടത്തിയിരുന്നു.(പില്‍ക്കാലത്ത് മനോരമ മംഗളം ആഴപ്പതിപ്പുകളിലെ നോവലുകള്‍ തമ്മിലുള്ള   വല്ലേയെട്ടന്‍ ചര്‍ച്ചയിലും ഞാന്‍ പങ്കാളിയായിട്ടുണ്ട്.)ഓരോ ലക്കവും വരുന്ന ഇരു കഥകളും ചേര്‍ത്ത് വെച്ച്നടത്തിയിരുന്ന മായാവി/ഡിങ്കന്‍ ചര്‍ച്ച പലപ്പോഴും അടിപിടിയില്‍ ആണ് അവസാനിച്ചിരുന്നത് .ഓര്‍മ്മയില്‍   ആദ്യമായി ഇടപ്പെട്ട ചര്‍ച്ചയില്‍ ഡിങ്കന്റെ പക്ഷത്തായിരുന്നു ഞാന്‍ . മായവിയെക്കാള്‍ ആക്ഷനും ഹീറോ വേഷവും ഡിങ്കനായിരുന്നു എന്നായിരുന്നു എന്റെ കണ്ടെത്തല്‍ .പെണ്‍ക്കുട്ടികള്‍ എപ്പോഴും
മായാവിയുടെ പക്ഷത്തായിരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ ഒരവസരവും പഴാക്കാത്ത ചില ആണ്ക്കുട്ടികളും അവര്‍ക്കൊപ്പം കൂടും.കാഴ്ചയിലെയും സംസാരത്തിലെയും സ്ത്രൈണതയാണ്  പെണ്‍ക്കുട്ടികള്‍ മായാവിയെ ഇഷ്ട്ടപ്പെടാന്‍
കാരണമെന്നു ഇപ്പോള്‍ എന്റെ മുതിര്‍ന്ന മനസ്സ് പറയുന്നു.
പലപ്പോഴും എല്ലാവരാലും അവഗണിക്കപ്പെട്ടു ഒരു കളിയിലും കാര്യത്തിലും ഇടപ്പെടാതെ ക്ലാസിന്റെ നിശബ്ദത കാത്തു സൂക്ഷിച്ച എലുമ്പന്‍ പയ്യന്മാര്‍ ബാലമംഗളത്തിലെ ശക്തി മരുന്ന് വായിച്ചതോടെ ഉശിര് കാട്ടാന്‍ തുടങ്ങി.വൈദ്യരുടെ ശക്തിമരുന്നു കഴിച്ചു വീരശൂര പരാക്രമങ്ങള്‍ കാട്ടുന്ന എലുമ്പന്‍ നമ്പോലന്‍ അവര്‍ക്ക് അത്രയും ആത്മവിശ്യാസമാണ് നല്‍കിയത്. പല തടിയന്‍ പയ്യന്മാരും ക്ലാസിലെ എലുമ്പന്‍ നമ്പോലന്‍മാരോട് പരസ്യമായി തന്നെ അസൂയ പുലര്‍ത്തി.പെണ്‍ക്കുട്ടികളില്‍ ചിലര്‍ ഈ നമ്പോലന്മാരെ അവരെക്കാള്‍ പരിഗണിക്കാന്‍ തുടങ്ങിയതായിരുന്നു ഈ അസൂയയുടെ പിന്നിലെ രഹസ്യം.
ആ കാലത്തിറങ്ങിയ  ബാലരമയുടെ സ്പെഷല്‍ അമര്‍ചിത്രകഥകളായ വേദ ഇതിഹാസ നായകന്മാരുടെയും ദേശീയ വ്യക്തികളുടെയും കഥകള്‍ ഒന്നും മുടങ്ങാതെ വായിച്ചിട്ടുണ്ട്.കാശില്ലാത്ത വീട്ടിലെ കുട്ടികളായിരുന്ന ഞങ്ങളില്‍ പലര്‍ക്കും ഇവയൊന്നും   വില കൊടുത്തു വാങ്ങി വായിക്കാന്‍ കഴിയുമായിരുന്നില്ല .എങ്കിലും അവയെല്ലാം സുലഭമായി വായിക്കാന്‍ അന്ന് സാധിച്ചിരുന്നു.അത്രക്കും വിശാലമായിരുന്നു അന്ന്സ്കൂളിലെ ചങ്ങാതിക്കൂട്ടം .അവരില്‍ ഒരാളെങ്കിലും വിപണിയില്‍ പുതുതായി ഇറങ്ങുന്ന കഥാപുസ്തകം   വാങ്ങുമായിരുന്നു. അവരുടെ വായനയും അവരിഷ്ട്ടപ്പെടുന്ന പെണ്‍ക്കുട്ടികളുടെ വായനയും കഴിഞ്ഞായിരിക്കും പലപ്പോഴും ഇവ ഞങ്ങള്‍ ദരിദ്രവാസികളുടെ കയ്യിലെത്തുക.അപ്പോഴേക്കും പുതിയ ഒരെണ്ണം അവരുടെ കയ്യിലിരുന്നു ഞങ്ങളെ കൊതിപ്പിക്കുന്നുണ്ടാവും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നു വിപണിയില്‍ ഇറങ്ങുന്ന ദിവസം  കഥാപുസ്തകം  വാങ്ങുന്ന  ക്ലാസ്സിലെ ആദ്യ ആളാവുക എന്നതായിരുന്നു .
ചില ബിസിനസ് മൈന്റുള്ള വിരുതന്‍മാര്‍ അവര്‍ വായിച്ചുകഴിഞ്ഞാല്‍ ചില്ലറ കാശു നല്‍കുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കും.ഈ വാടക വായനക്ക് ചില്ലറ തുട്ടു കണ്ടെത്താന്‍ഒഴിവു ദിവസങ്ങളില്‍ കൊച്ചു കൊച്ചു പണികള്‍ക്ക് പോകാറുണ്ടായിരുന്നു ഞങ്ങള്‍ മൂന്നു പേര്‍ .എന്നേക്കാള്‍ രണ്ടു വയസുള്ള ജ്യേഷ്ട്ടനും നാലു വയസ്സ് മൂപ്പുള്ള ചെറിയ അമ്മാവനും ഉള്‍പ്പെട്ടതാണ് ഈ മൂവര്‍ സംഘം.വായിച്ചു കഴിഞ്ഞാല്‍ കഥാപുസ്തകങ്ങള്‍ പരസ്പരം വില്‍ക്കുന്ന ബാര്‍ട്ടര്‍ സമ്പ്രദായവും സ്കൂളില്‍ നിലവിലുണ്ടായിരുന്നു . ബാലരമ വാങ്ങിയവര്‍ ബാലമംഗളത്തി നും തിരിച്ചും ഇങ്ങനെ കച്ചവടത്തിലേര്‍പ്പെട്ടു.
വായനയുടെ മധുര മിട്ടായി നുകര്‍ന്ന കഥാപുസ്തക അനുഭവങ്ങള്‍ പറയാന്‍ ഇനിയും ഒരു പാടുണ്ട്.ബാല്യത്തിന്റെ മധുരവും കയ്പ്പും നിറഞ്ഞ കഥകള്‍ . ഇന്ന് മാതൃഭൂമി ,മാധ്യമം ആഴ്ചപതിപ്പുകളില്‍ വരുന്ന കഥകളും നോവലുകളും ഒരു ലക്കവും വിടാതെ വായിക്കുമ്പോഴും ലഭിക്കാത്തതാണ് ആ പഴയ ചങ്ങാതിക്കൂട്ടമുയര്‍ത്തിയ ചര്‍ച്ചകളും ആവേശങ്ങളും .

Tuesday, March 13, 2012

ശരീരത്തിന്റെ നിലവിളി



വേവുന്ന വേനല്‍ചൂടില്‍
പുറത്തു ഉണങ്ങാനിട്ട
ശരീരത്തിന് തീ പിടിച്ചു
അകത്തു തീ കായുകയായിരുന്ന
നനഞ്ഞൊട്ടിയ വസ്ത്രങ്ങള്‍
നിലവിളിയോടെ പുറത്തേക്കു ചാടി

Friday, February 17, 2012

നമ്മളും അവരും

നമ്മള്‍ ,അവര്‍
അവര്‍ ,നമ്മള്‍
അവരങ്ങനെയാ
നമ്മളിങ്ങനെയും.
നമ്മള്‍ അവരാവരുത്.
അവര്‍ നമ്മളാവണം
അങ്ങനെ അവരെല്ലാം
നമ്മളായി.
അവരില്ലതെന്തു നമ്മള്‍ ?
ചിന്ത പിന്നെ ഇങ്ങനെയായി.
അങ്ങനെ നമ്മള്‍
നമുക്കുള്ളില്‍ അവരെ കണ്ടു.
ഇങ്ങനെ അവരും നമ്മളും
നമ്മളും അവരും തുടരുന്നു...

Thursday, February 2, 2012

തിരുകേശം



സ്വപ്നത്തിലിന്നലെ ഉമറിനെ കണ്ടു
കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു
മുഖം ചുവന്നു തുടുത്തിരുന്നു
കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു
"അബൂബക്കര്‍ ......അബൂബക്കര്‍ "
വിളി ഉച്ചത്തിലായിരുന്നു
അല്ലാഹ് ..അബൂബക്കറിനെന്തു പറ്റി?
ഉറക്കത്തിലെന്റെ സംശയം ചോദ്യമായി
"മുത്തു റസൂലിന്റെ ഞാന്‍ കാണാത്ത
മുടി നിനക്കെവിടെ നിന്ന് കിട്ടി ?"
ആദ്യമുയര്‍ന്നത്‌ വാളോ ചോദ്യമോ ?
വീണത്‌ മുടിയോ തലയോ ?
ഞെട്ടിയുണര്‍ന്നത് മാത്രമേ ഓര്‍മ്മയുള്ളൂ...

Thursday, January 19, 2012

e -മെയ്ല്‍




e ബാദത്ത് ഉപേക്ഷിച്ചാല്‍ 
e മാന്‍ പോകുമെന്ന് 
e സുഹൃത്തിനു 
e മെയ്ല്‍ അയച്ചതായിരുന്നു
e ന്നലെ അവര്‍ വീട്ടില്‍ വന്നു 
e മാന്‍ ആര്? ഒരു ചോദ്യം മാത്രം.
e ന്ന് രാവിലെ പത്രത്തില്‍ 
e മെയ്ല്‍ ഐഡി കണ്ടപ്പോഴാണ് 
e ന്നലത്തെ ചോദ്യം മനസ്സിലായത്.