രണ്ട് ദിവസങ്ങളായി അറിയാതെ ചില നേരങ്ങളില്‍ ഭയമെന്നെ തേടിയെത്തുന്നു. രാത്രി തിരിഞ്ഞും മറിഞ്ഞുമുള്ള കിടത്തത്തില്‍ ദുഃസ്വപ്നങ്ങള്‍ ഉറക്കത്തെ മറ്റൊരു സ്വപ്നമാക്കിത്തീര്‍ക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പിടികൂടിയ തീവ്രവാദികളുടെ റൂമുകളില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലും ജിഹാദിനെക്കുറിച്ചുള്ള പുസ്തകവും സഊദിയിലേക്ക് ഫോണ്‍ വിളിച്ചതിന്റെ രേഖകളുമാണ് ഉന്നത പോലീസ് സംഘം തൊണ്ടിയായി പിടിച്ചത് എന്നറിഞ്ഞത് മുതലാണ് എന്റെ ഉറക്കം നഷ്ടപ്പെട്ടത്. ഇപ്പറഞ്ഞതെല്ലാം എന്റെ അടുത്തുമുണ്ടല്ലേ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് ഭീതിയായി എന്റെ മനസ്സില്‍ അരിച്ചിറങ്ങുന്നത്. എന്റെ ലാപ്‌ടോപ്പില്‍ മലയാള സിനിമാപ്പാട്ടുകളുടെ വിപുലമായ ശേഖരണത്തോടൊപ്പം ഇസ്‌ലാമിക പ്രഭാഷണങ്ങളുമുണ്ട്. സമദാനിയും മഅ്ദനിയും വരെ അതില്‍ ഇടംപിടിച്ചിട്ടുണ്ട്.
എന്റെ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള ഫോട്ടോ ശേഖരണത്തില്‍ കാശ്മീര്‍ സുഹൃത്തിനൊപ്പവും ഉത്തരേന്ത്യന്‍ മുസ്‌ലിം സഹോദരങ്ങളുടെ കൂടെയുള്ളതുമെല്ലാമുണ്ട്. ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഖറദാവിയുടെ കൂടെയും തുനീഷ്യന്‍ ഇസ്‌ലാമിക ദാര്‍ശനികന്‍ ശൈഖ് റാശിദുല്‍ ഗനൂഷിയുടെ കൂടെയുമുള്ള നിമിഷങ്ങളും വിലപ്പെട്ട ചിത്രങ്ങളായി ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്റെ വീട്ടിലെ വ്യത്യസ്ത ഭാഷയിലുള്ള ഗ്രന്ഥശേഖരത്തില്‍ ജിഹാദിനെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങളുണ്ട്. മൗദൂദിയുടേത് മുതല്‍ വാണിദാസ് എളയാവൂരിന്റെത് വരെ. മര്‍കസുല്‍ ബിശാറയുടെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളോടൊപ്പം മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിനെ വിലയിരുത്തുന്ന ലഘുലേഖകളും അതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ബെന്യാമിന്റെ ആടുജീവിതവും ഗീലാനിയുടെ നരകത്തില്‍ നിന്നൊരാളുമാണ് ഗ്രന്ഥശേഖരണത്തിലെ ഏറ്റവും പുതിയ അതിഥികള്‍. ഞാനിതെല്ലാം തുറന്നെഴുതുന്നത് ഉള്ളിലെ എന്റെ പേടി പങ്കുവെക്കാനാണ്. നാളെ അവരെന്റെ വീട് റെയ്ഡ് ചെയ്താല്‍ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള എന്റെ ഫോട്ടോകളെ കുറിച്ചും എന്റെ ശേഖരണത്തിലെ മലയാള നോവലുകളെക്കുറിച്ചും ക്രിസ്തുമത ഗ്രന്ഥങ്ങളെക്കുറിച്ചും നിങ്ങളറിയാനിടയില്ല. എന്റെ കാശ്മീര്‍ സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോയും ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളും പത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാനാവസരവും ഉണ്ടാകും. ഇതുവരെ ഒരു വിദേശ നാടും സന്ദര്‍ശിക്കാത്ത ഞാന്‍ ശൈഖ് ഖറദാവിയെയും റാശിദുല്‍ ഗനൂശിയെയും ചെന്നു കണ്ടതിന്റെ വിവരണങ്ങള്‍ ചൂടോടെ ചാനല്‍ അവതാരകരും പത്രക്കാരും നിങ്ങളുടെ മുമ്പില്‍ എത്തിക്കും. പശ്ചാത്തല രംഗമായി അവരുടെ കൂടെയുള്ള എന്റെ ഫോട്ടോകളുമുണ്ടാകും. അവര്‍ കേരളത്തില്‍ വന്നപ്പോള്‍ എന്റെ കലാലയത്തില്‍ നടന്ന പരിപാടികളിലാണ് ഈ ഫോട്ടോകള്‍ പിറന്നതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ഒരു സാഹസിക പത്രപ്രവര്‍ത്തകനും തയാറാവില്ല. രണ്ട് പണ്ഡിതരെയും കുറിച്ച് ഇതുവരെ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത എന്റെ നാട്ടുകാരടക്കമുള്ള സാധാരണ ജനം അന്താരാഷ്ട്ര ഭീകരവാദ നേതാക്കളുമായുള്ള എന്റെ അടുത്ത ബന്ധം കണ്ട് മൂക്കത്ത് വിരല്‍ വെക്കും.
ഇപ്പോഴും ഞാനേറെ ബന്ധം കാത്തു സൂക്ഷിക്കുന്ന എന്റെ ബാല്യകാല സുഹൃത്തുക്കളായ ഹരിദാസനും അപ്പുവും ശരതും ബിന്ദുവും ചിത്രയുമെല്ലാം ഇന്നലെ വരെ അവരോടൊപ്പം ഞാന്‍ ഓണവും വിഷുവും ആഘോഷിച്ചതിന്റെ അനുഭവങ്ങള്‍ മറക്കും. വാര്‍ത്താ ന്യൂസിലെ തീവ്രവാദ കഥകള്‍ക്ക് ന്യായം കണ്ടെത്താന്‍ അവരുടെ മനസ്സും വെമ്പും. അങ്ങനെയവര്‍ നമസ്‌കാരത്തിന് വേണ്ടിയുള്ള എന്റെ ധൃതിപിടിച്ച് മസ്ജിദിലേക്കുള്ള ഓട്ടത്തെ കുറിച്ച് മാത്രം സ്മരിക്കും. ഞങ്ങള്‍ ഒരുമിച്ച് പോയി കണ്ട സിനിമകള്‍, വിനോദയാത്രകള്‍ എല്ലാമെല്ലാം അവരില്‍ നിന്ന്എന്നെന്നേക്കുമായി മാഞ്ഞുപോകും. പകരം എന്റെ വിവാഹ നാളില്‍ തൊപ്പിയും താടിയും ജുബ്ബയും ധരിച്ച ഉത്തരേന്ത്യക്കാര്‍ പങ്കെടുത്തത് അവര്‍ പ്രത്യേകം ഓര്‍ത്തെടുക്കും. അവരില്‍ ചിലര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുമ്പില്‍ അത് തുറന്നു പറഞ്ഞേക്കാം. അങ്ങനെ അവര്‍ വീണ്ടുമെന്റെ വീട് റെയ്ഡ് ചെയ്യും. എന്റെ വിവാഹ ആല്‍ബം കണ്ടെടുക്കും. അതില്‍ എന്റെ ഭാര്യ വീട്ടിലേക്ക് വരുമ്പോള്‍ അവളുടെ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ച എന്റെ അയല്‍വാസിയായ ചേച്ചിയുടെയും മക്കളുടെയും ഫോട്ടോയവര്‍ വെട്ടിമാറ്റാം. പിന്നെ തൊപ്പിയിട്ട ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ കൂടെ ഞാന്‍ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമെടുത്ത് പത്രക്കാര്‍ക്ക് നല്‍കും. അതോടെ അവസാന തെളിവും പുറത്തുവന്നതിന്റെ സമാധാനത്താല്‍ നാട്ടുകാര്‍ സ്വസ്ഥമായി എന്റെ അക്കൗണ്ട് ക്ലോസ് ചെയ്യും. നിങ്ങളെല്ലാം എന്നെയെത്ര തള്ളിപ്പറഞ്ഞാലും എന്നെയറിയുന്ന സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയുന്ന എന്റെ മാതാവും എന്നെ തള്ളിപ്പറയുമോ? എന്റെ ആണും പെണ്ണുമായ ഹിന്ദുവും ക്രിസ്ത്യനുമായ സുഹൃത്തുക്കളെ, ഇതെന്റെ വെറും സ്വപ്നഭാവനകള്‍ മാത്രമാണോ? അതോ ഇന്നലെയെന്റെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്‌പോലെ നാളെ എന്നെയും കാത്തിരിക്കുന്ന യാഥാര്‍ഥ്യമാണോ? നിങ്ങള്‍ തന്നെ പറയൂ. കാരണം അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്നെ വെളിപ്പെടുത്തേണ്ട ബാധ്യത നിങ്ങളുടേതാണല്ലോ.
Nice one. I share the same thoughts brother...
ReplyDeleteപ്രീയപ്പെട്ട ബഷീര്‍
ReplyDeleteതാങ്കള്‍ പറഞ്ഞ കാര്യങ്ങളില്‍ വളരെ വസ്തുതയുണ്ടെന്ന സത്യം ഇവിടെ സമ്മതിക്കുന്നു
പക്ഷെ ഇതിനൊരു മറുപുറം കൂടിയുണ്ടെന്നുള്ള വസ്തുതയും ഇവിടെ മറക്കാന്‍ പാടില്ലല്ലോ
അതാണല്ലോ പല സംഭവങ്ങളും ഇന്നു വിളിച്ചറിയിക്കുന്നതും. ഏതായാലും താങ്കളുടെ മുന്‍കൂര്‍ ജാമ്യ കഥ അസ്സലായി, എന്തായാലും ജാഗ്രത,
തീര്‍ച്ചയായും രാജ്യത്തിന്റെ ശത്രുക്കളുമായി കൂടിച്ചേര്‍ന്നു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എതു മതക്കാരന്‍ ആണെങ്കിലും വിചാരണ ചെയ്യപ്പെടെണ്ടതാണ് .മുന്‍വിധികള്‍ ഇരകളെ ഉണ്ടാക്കുന്ന നിലവിലെ രീതി ശാസ്ത്രമാണ് ഈ കുറിപ്പില്‍ വിചാരണക്ക് വെച്ചത് .
Deleteഉണങ്ങിഇലകള്‍ കത്തുന്നു കൂട്ടത്തില്‍ ചില പച്ചിലകളും!!
ReplyDeleteപച്ചിലകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നു .ചില ഉണങ്ങിയ ഇലകള്‍ മാത്രം നമ്മെ കാണിക്കുന്നു .
Deleteമുമ്പ് ഗ്രൂപ്പില്‍ വായിച്ചിരുന്നു , നല്ല ഒരു ലേഖനം . ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്
ReplyDelete