Pages

Ads 468x60px

Monday, October 15, 2012

ബലിപെരുന്നാള്‍ ദിനത്തെ ബീഫ് ഫെസ്റ്റിവലാക്കേണ്ടതുണ്ടോ?



. ഒരു ബലിപെരുന്നാള്‍ ദിനം. സൗഹൃദസന്ദര്‍ശനാര്‍ഥം കൂട്ടുകാരന്റെ വീട്ടിലായിരുന്നു. സംസാരവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് തരിച്ചുപോരുമ്പോള്‍ സുഹൃത്തിന്റെ സ്‌നേഹനിധിയായ ഉമ്മ ഒരു വലിയ സഞ്ചിയില്‍ നിറയെ മാംസവുമായി വന്നിട്ട് പറഞ്ഞു: ''ഇതല്‍പ്പം പോത്തിറച്ചിയാണ് (ഏകദേശം അഞ്ച് കിലോ ഉണ്ടാവും). ഇന്ന് ഈ ചെറിയ മഹല്ലില്‍ 30 പോത്തിനെയെങ്കിലും അറുത്തിട്ടുണ്ടാവും. ഓരോ വീട്ടിലേക്കും പത്ത് കിലോ ഇറച്ചിയെങ്കിലുമുണ്ട്. ഇതെല്ലാം കൂടി ഞങ്ങളെന്തു ചെയ്യാനാ? ഇവിടെയാണെങ്കില്‍ ഫ്രിഡ്ജും ഇല്ല. കഴിഞ്ഞ കൊല്ലവും ഇവന്റെയൊരു കൂട്ടുകാരന്‍ വന്നപ്പോള്‍ അവനല്‍പം കൊണ്ടുപോയതിനാലാ ഞങ്ങള്‍ രക്ഷപ്പെട്ടത്.'' ഒരു നിമിഷം ഞാന്‍ കേരളത്തിലെ അത്രയൊന്നും സമ്പന്നമല്ലാത്ത എന്റെ മഹല്ലിന്റെ ചിത്രമോര്‍ത്തു. ശരാശരി ഓരോ 'മുസ്‌ലിം വീട്ടിലും' പെരുന്നാള്‍ ദിനം അഞ്ചുകിലോ ഇറച്ചിയെങ്കിലും എത്തുന്നുണ്ട്. അപ്പോള്‍ പിന്നെ എന്റെ കൂട്ടുകാരന്റെ മഹല്ലിനേക്കാള്‍ സമ്പന്നമായ മറ്റ് മഹല്ലുകളുടെ അവസ്ഥ എന്തായിരിക്കും?

ബലിപെരുന്നാള്‍ ദിവസത്തിലൊതുങ്ങുന്നതല്ല പലപ്പോഴും ഈ 'ബീഫ് ഫെസ്റ്റിവല്‍.' അഖീഖയുടെ  (നവജാത ശിശുവിന്റെ മുടി കളയുന്നതിന്റെ ഭാഗമായി നടത്തുന്ന അറവു ) പേരില്‍ പലയിടത്തുമിപ്പോള്‍ ലക്ഷങ്ങളുടെ ഉരുക്കളാണ് അറുക്കപ്പെടുന്നത്. ഒരു ഉരു അന്നത്തെ 'പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള' സ്‌പെഷ്യല്‍ സദ്യക്ക് മാത്രമുള്ളതാണ്. ഇറച്ചി വിതരണത്തിനായി രണ്ടും മൂന്നുമാണ് പലരും അറുക്കുന്നത്. വെറുതെയല്ല സിനിമകളിലും മറ്റ് കലാസൃഷ്ടികളിലും മുസ്‌ലിം കുടുംബത്തെ ചിത്രീകരിക്കുമ്പോള്‍ ഇറച്ചിയും ബിരിയാണിയുമൊക്കെ തീന്‍മേശകളില്‍ നിറഞ്ഞിരിക്കുന്നത്. എത്ര തന്നെ മുന്‍വിധികളുടെ വാര്‍പ്പ് മാതൃക ആ സംവിധായകരിലും എഴുത്തുകാരിലും ആരോപിച്ചാലും അവരും ഈ മുസ്‌ലിം മഹല്ല് പരിസരങ്ങളില്‍ തന്നെയാണല്ലോ ജീവിക്കുന്നത്.

ഓരോ മഹല്ലിലും (ചിലയിടത്ത് സംഘടനകളുടെ കീഴിലായിരിക്കും) ബലിപെരുന്നാളിന് അറുക്കുന്ന ആടുമാടുകളുടെ എണ്ണത്തിന്റെ വര്‍ധനവ് അഭിമാനവും താന്‍പോരിമയുമായിട്ടാണവര്‍ കൊണ്ടാടുന്നത്. ഇതെല്ലാം എത്തുന്ന ഓരോ വീട്ടിലും അതുകൊണ്ടുണ്ടാകുന്ന അടുക്കള ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പല വീട്ടുകാരും പെരുന്നാള്‍ ദിനത്തില്‍ ഇറച്ചിപ്പൊതിയുമായി വരുന്നവരെ ഗൗനിക്കാറേയില്ല. പിന്നെയും ആര്‍ക്കുവേണ്ടിയാണിത്രയധികം മാടുകളെ അറുത്തുകൂട്ടുന്നത്. 'നിങ്ങളറുക്കുന്നതിന്റെ രക്തവും മാസംവുമല്ല; അതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് അല്ലാഹുവിനാവശ്യം' എന്നതിനെ എങ്ങനെയാണ് നാം വായിക്കുക? പൊങ്ങച്ചവും ഗര്‍വുമായി നമ്മുടെ ബലികള്‍ മാറുന്നുണ്ടോ എന്ന് ബലിക്കൊരുങ്ങുന്ന ഓരോരുത്തരും ഈ പെരുന്നാളിന് മുമ്പെങ്കിലും പുനരാലോചന നടത്തേണ്ടതാണ്.

സദുദ്ദേശ്യമാണ് ബലിക്ക് പിന്നിലുള്ളതെങ്കില്‍ അതിന്റെ മാംസം ഏറ്റവും അര്‍ഹരിലേക്കെത്തിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ലക്ഷക്കണക്കായ ആസാമിലെ അഭയാര്‍ഥികളടക്കമുള്ള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ചിത്രം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനാര്‍ഹമെന്ന് തന്നെ പറയട്ടെ അവരുടെ ദുരിതങ്ങള്‍ ആവുംവിധം പരിഹരിക്കാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തിലെങ്കിലും അവര്‍ക്ക് സുഭിക്ഷമായ ഭക്ഷണമൊരുക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അതാത് സംഘടനകള്‍ നടത്തുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ഈവര്‍ഷത്തെ ബലികര്‍മം ഇത്തരം ദുരിതബാധിതര്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതികളാണ്. കേരളത്തിലെ ഓരോ മഹല്ലിലെ കുടുംബത്തിനും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷിക്കാനുള്ള മാംസത്തിനപ്പുറമുള്ള ബലിമൃഗങ്ങളെ ഓരോരുത്തരും തങ്ങള്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ മുഖേന അത്തരം സംരംഭങ്ങളിലേക്ക് സമര്‍പിക്കാനുള്ള സന്‍മനസ് കാണിക്കേണ്ടിയിരിക്കുന്നു. ആ സന്നദ്ധതയായിരിക്കും ഒരുപക്ഷേ ഈ പെരുന്നാളിന്റെ ത്യാഗങ്ങളിലൊന്നായി അല്ലാഹു നമുക്കായി രേഖപ്പെടുത്തുക. മഹല്ല് - സംഘടനാ നേതൃത്വവും ഖത്വീബുമാരും അതിനായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ കേരളീയ മുസ്‌ലിംകളിലത് പുതുചരിത്രം സൃഷ്ടിക്കും.
basheerudheentp@gmail.com

Monday, October 8, 2012

ചില 'മാധ്യമ' നിരൂപണങ്ങള്‍


സെഞ്ചറിയും അര്‍ദ്ധ സെഞ്ചറിയുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പിന്നിട്ട മുഖ്യധാരാപത്രങ്ങള്‍ക്കിടയിലാണ് മാധ്യമം  25   തികക്കുന്നത്.മാധ്യമം 25 ദിവസം മുന്നോട്ടു പോകില്ലെന്ന് ശകുനം ഗണിച്ചു പ്രവചനം നടത്തിയ മതേതര ജ്യോത്സ്യന്മാര്‍ ഇന്നും മാധ്യമത്തിന്റെ ജാതകമെഴുത്തുമായി കവടിനിരത്തികൊണ്ടിരിക്കുന്നു. ഗര്‍ഭത്തിലെ അലസിപ്പോകുമെന്നു കരുതിയ ചാപിള്ള യൌവ്വനത്തിന്റെ കരുത്തും ഉശിരുമായി കേരളത്തിന്റെ നടുമുറ്റത്ത്‌   നിവര്‍ന്നു നിന്ന് നിലപാട് പ്രഖ്യാപിക്കുമ്പോള്‍ ,ആശയവാര്‍ധക്യത്താല്‍ തല നരച്ചവരുടെ ഗവേഷണങ്ങള്‍ ഒടുവില്‍ ഇന്റലക്ച്യല്‍ ജിഹാദിലൊടുങ്ങിയിരിക്കുന്നു .ഒരു പത്രത്തിന്റെ വളര്‍ച്ചയില്‍ അത് ഏറെ കടപ്പെട്ടു നില്‍ക്കുന്നതില്‍ ഒരു വിഭാഗം അതിന്റെ വിമര്‍ശകരോടാണ് .മാധ്യമം നേരിട്ട് അനുഭവിക്കാത്തവര്‍ക്ക് മുന്‍പില്‍ അതിനെ പരിചയപ്പെടുത്തുന്നത് അതിന്റെ വിമര്‍ശകരാണ് .പിന്നെ പോസിറ്റീവായ വിമര്‍ശനങ്ങള്‍ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാവുകയും ചെയ്യും.ആ നിലക്ക് മാധ്യമം അതിന്റെ വിമര്‍ശകരോട് ഏറെ കടപ്പെട്ടിരിക്കുന്നു .  25 വാര്‍ഷികത്തില്‍ കേരളീയ  സമൂഹത്തിനു മാധ്യമം നല്‍കിയ സംഭാവന ഗൌരവമായി  വിലയിരുത്തേണ്ടിയിരിക്കുന്നു .വീഴ്ചകളും പോരായ്മകളും തിരുത്തി മുന്നോട്ട് പോകാന്‍ അതാവശ്യമാണ് .

എഴുത്തും ആക്റ്റിവിസവും രണ്ടായിരുന്ന കാലത്ത് ആക്റ്റിവിസ്റ്റുകളെ എഴുത്തുക്കാരായും ,എഴുത്തുക്കാരെ ആക്റ്റിവിസ്റ്റുകളായും മാറ്റിയെടുക്കാന്‍ മാധ്യമത്തിനു സാധിച്ചുവെന്നതാണ് അത് കേരളീയ സമൂഹത്തിനു നല്‍കിയ മികച്ച സംഭാവനകളില്‍  ഒന്ന് എന്നാണ് എന്റെ വിലയിരുത്തല്‍  .മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും കെട്ടും മട്ടും എഴുത്തുക്കാരെയും വിലയിരുത്തിയ ശേഷം ,മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മാതൃഭൂമിയുടെ മാറ്റം നിരീക്ഷിച്ചാല്‍ ഈ മാധ്യമ സ്വാധീനം കാണാം. .ഈ വിഷയം ഗഹനമായ പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്താല്‍ നന്നായിരിക്കും .
.കേരളീയ പരിസരത്ത് പുതിയ സമരങ്ങള്‍ ഉയര്‍ത്താനും മുഖ്യധാര പത്രങ്ങള്‍ ശ്രദ്ധിക്കാതെ അരികിലേക്ക് തള്ളി മാറ്റിയ സമരങ്ങളെ പ്രൊജക്റ്റ്‌ ചെയ്യാനും  മാധ്യമത്തിനു സാധിച്ചു..ദളിത് - കീഴാള വായനകള്‍ക്ക് ശക്തി പകരാനും അവരുടെ ആക്ട്ടിവിസ്ട്ടുകളെ എഴുത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും മാധ്യമം ശ്രദ്ധിച്ചിട്ടുണ്ട് .ഇത് മാധ്യമത്തിന്റെ ഔദാര്യമല്ല.മറിച്ചു ഉത്തരവാദിത്തവും ബാധ്യതയുമായാണ്  വിലയിരുത്തേണ്ടത് .പുതിയ കാലത്ത് മാധ്യമത്തിന്റെ ഈ സ്വയം അവകാശവാദത്തില്‍ നിന്ന് അകലുന്നുണ്ടോ എന്ന് എന്ന വിലയിരുത്തലും നല്ലതാണു .25 വാര്‍ഷി കത്തോടനുബന്ധിച്ചു  ആഘോഷപൂര്‍വ്വം പുറത്തിറക്കിയ സപ്പ്ലിമെന്റില്‍ ഒരു ദളിത് എഴുത്തുക്കാരനും ഇടം പിടിക്കാതെ പോയത് ഗുരുതരമായ 'മാധ്യമ ' അപരാധമായി തന്നെ വേണം അടയാളപ്പെടുത്താന്‍ .

ദളിത്-മുസ്ലിം- ആദിവാസി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ വിഷയത്തിലുള്ള കൃത്യമായ ഇടപ്പെടല്‍, മനുഷ്യാവകാശ -പരിസ്ഥിതി പ്രശ്നങ്ങളിലെ ധീരമായ നിലപാട് ,പോലീസും ഭരണക്കൂടവും നല്‍കുന്ന തീവ്രവാദ-ഭീകരവാദ വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം,എല്ലാ വിഭാഗങ്ങള്‍ക്കും ഇടം നല്‍കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ,ഇടതു വലതു പക്ഷത്തോട് അമിതവിധേയത്യമില്ലായ്മ, വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യം,സാംസ്ക്കാരിക ജീര്‍ണ്ണതകളും അശ്ലീലതയും പടിക്ക് പുറത്തു നിര്‍ത്തുന്ന  'യഥാസ്തികത' ,പുതിയകാല സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഉണര്‍ന്നു നില്‍ക്കുന്ന ജാഗ്രത ,ഗൌരവ മലയാളി  വായനക്കാര്‍ക്ക്‌ ഒഴിവാക്കാനാവാത്ത നിലപാട് പേജിലെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും. . . ഇങ്ങനെ നീണ്ടു പോകുന്നു മാധ്യമത്തിന്റെ വായന ഉറപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ . ഇവ എന്ന് ചോര്‍ന്നു പോകുന്നുവോ അന്ന്  മാധ്യമം അനിവാര്യമല്ലാതാവുമെന്നു വിശ്യസിക്കാനാണ് എനിക്കിഷ്ട്ടം .

ഏതൊരു പത്രം പോലെയും മാധ്യമത്തിനും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് .പോരായ്മകളും ഒരു പാടുണ്ട്.ഇവ രണ്ടും നിലപാടിലടക്കം പലപ്പോഴും പ്രതിഫലിച്ചിട്ടുമുണ്ട് . അമിതമായ ഇടതുപക്ഷ ചായവ് ചിലപ്പോഴെങ്കിലും പരിധി വിട്ടിട്ടുണ്ട് . പിണറായി -വിഎസ് പോരില്‍ വിഎസിന് വേണ്ടി ഒരു സ്പെഷല്‍ റിപ്പോര്‍ട്ടര്‍ മാധ്യമത്തെ വല്ലാതെ ഉപയോഗിച്ചത് വായനാനുഭവമാണ്.മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയോട് പരിധിയില്‍ കവിഞ്ഞ അനീതി കാണിച്ചോ എന്നതും ആലോചിക്കേണ്ടതാണ് . മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കം ആര്‍ക്കു വേണ്ടി ആര്‍ തീരുമാനിക്കുന്നൂവെന്ന പലരും പലപ്പോഴായി പങ്കുവെച്ച   ചോദ്യമാണ്.അതുയര്‍ത്തിയ സംശയങ്ങളില്‍ പൂര്‍ണ്ണമായും അങ്കലാപ്പില്ലെങ്കിലും ഭാഗികമായി  അതില്‍ ശരിയുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് .

  ദളിത് എഴുതുക്കാര്‍ക്ക് മാന്യമായ ഇടം നല്‍കിയ മാധ്യമം സമുദായത്തിലെ എഴുത്തുക്കാര്‍ക്കും സര്‍ഗപ്രതിഭകള്‍ക്കും വേണ്ടത്ര പരിഗണന ഇന്ന് വരെ നല്‍കിയിട്ടില്ല എന്നത് പച്ചയായ സത്യമാണ്.ഒരു തരം അമിതമായ  മതേതര അപകര്‍ഷതാബോധം മാധ്യമത്തെ ഈ വിഷയത്തില്‍ പിടികൂടിയിട്ടുണ്ട്.ഇത് വെറും വര്‍ത്തമാനമല്ല .മുസ്ലിം സമൂഹമാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കുന്ന മലയാളിവിഭാഗം.പുതിയ  എഴുത്തുക്കാരും അവരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.കഥയും കവിതയും എഴുതുന്നവരെല്ലാം സമുദായത്തിലെ പുതിയ തലമുറയില്‍ സജീവമാണ്.പക്ഷെ ഈ പ്രതിഫലനം  മാധ്യമത്തില്‍ വേണ്ടത്ര കാണാനില്ല .. എന്നാല്‍ മാതൃഭൂമി അടക്കമുള്ള മതേതര ആഴ്ചപ്പതിപ്പിലെ പുതിയ എഴുത്തുക്കാര്‍ക്കുള്ള ഇടത്തില്‍ തൊപ്പിയിട്ട ഫോട്ടോ വെച്ച് കൊണ്ട് തന്നെ ഇവരുടെ രചനകള്‍ കാണാം.മിക്ക ആഴ്ചയും സമുദായത്തിലെ പുതിയ തലമുറയുടെ ഒരു രചനയെങ്കിലും ഒരു മതേതര പ്രസിദ്ധീകരണത്തില്‍ വരുന്നുണ്ട് .മാധ്യമത്തില്‍ പക്ഷേ ഈ സമുദായവളര്‍ച്ച  കാണാന്‍ കഴിയില്ല.ഈ വിഷയത്തിലെ ഒരു തമാശ പങ്കു വെക്കേണ്ടതാണ് എന്ന് തോന്നുന്നു . ഒരു ഇസ്ലാമിയ കോളേജിലെ നന്നായി കവിത എഴുതുന്ന വിദ്യാര്‍ഥി അധ്യാപകരുടെ നിരന്തര ആവശ്യപ്രകാരം കവിത മാധ്യമം ആഴ്ച്ചപ്പതിപ്പിലേക്ക് അയച്ചു.സ്വാഭാവികം,  പ്രസിദ്ധീകരിച്ചില്ല .തുടര്‍ന്നും നിരന്തരം അയക്കാനുള്ള പ്രോത്സാഹനം നിമിത്തം അവന്‍ അയച്ചു കൊണ്ടേയിരുന്നു  .ഒടുവില്‍ അവന്‍ പരിപാടി മടുത്തുനിര്‍ത്തി.അപ്പോഴാണ് നാട്ടിലെ  അല്‍പ്പം വായനയുള്ള ഒരു കൂട്ടുക്കാരന്‍ പേര് മാറ്റി അയക്കാന്‍ പറഞ്ഞത്.അങ്ങനെ ആദ്യം അയച്ച കവിത ഒരമുസ്ലിം പേരില്‍  വീണ്ടും  അയച്ചു.അത് മാധ്യമം  വള്ളിപുള്ളി വ്യത്യസമില്ലാതെ പ്രസിദ്ധീകരിച്ചു എന്നാണ് കഥ. ഇതില്‍ ഒരു പക്ഷെ യഥാര്‍ത്യമുണ്ടാവില്ല.പക്ഷേ അങ്ങനെ ഒരു കഥ   കെട്ടി ചമയ്ക്കാന്‍  ഇട വന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെട്ടതെങ്ങനെ എന്നത് ചിന്തനീയമാണ്.

  നേടിയ നേട്ടങ്ങളെയല്ല,പറ്റി പോയ വീഴ്ചകള്‍ തിരുത്താനുള്ള സമയമാവട്ടെ 25 ന്റെ ഈ വാര്‍ഷികാഘോഷങ്ങള്‍ .ആശയ വാര്‍ധക്യത്തില്‍ മുത്തശി പ്രായത്തിലെത്തിയ മുഖ്യധാരാ പത്രങ്ങള്‍ വിജയിപ്പിചെടുത്ത ബിസിനസ് ഫോര്‍മുല പയറ്റാന്‍ ഒരു മാധ്യമം ആവശ്യമില്ല.ഇടക്കാലത്ത് ചില ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍  പയറ്റിയത് ഈ മുഖ്യധാര ഫോര്‍മുലയല്ലേ  എന്ന് സംശയം.?ഏതായാലും ഒരു മാധ്യമം ഇല്ലായിരുന്നൂവെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്റെ മുന്നില്‍ ഇവയെല്ലാം പൊറുക്കപ്പെടാവുന്ന വീഴ്ച്ചകളായി ചുരുക്കി കാണാനാണ് എനിക്കിഷ്ട്ടം.പുതിയ കാല വായനയുമായി സധീരം മുന്നോട്ടു പോവാന്‍ മാധ്യമത്തിനാവട്ടെ എന്ന് ആശംസിക്കുന്നു .

Sunday, October 7, 2012

ചുളിവു വീണ മുഖങ്ങള്‍ പ്രതീക്ഷിക്കുന്നത്



തെരുവിലുപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ സചിത്രവാര്‍ത്തകള്‍ സഹിതം ഒരു വയോജനദിനം കൂടി (ഒക്‌ടോബര്‍ ഒന്ന്) കടന്നു പോയി. വീട്ടിലടിഞ്ഞു കൂടുന്ന ഗാര്‍ഹിക മാലിന്യം ആളുകളില്ലാത്തയിടങ്ങളില്‍ തള്ളുന്നപോലെ പൊതുവഴിയിലേയും റെയില്‍വേസ്റ്റേഷനുകളിലെയും തിരക്കുകളില്‍ ഉപേക്ഷിക്കപ്പെടേണ്ട കുടുംബ മാലിന്യമായി ചിലര്‍ക്കെങ്കിലും വൃദ്ധജനം മാറിയിരിക്കുന്നു. അല്‍പം കൂടി പ്രതിബദ്ധതയുള്ളവര്‍ അവരെ വൃദ്ധസദനങ്ങളിലാക്കി ഉത്തരവാദിത്വങ്ങളില്‍ നിന്ന് കൈകഴുകുന്നു. കൂട്ടുകുടുംബ വ്യവസ്ഥകള്‍ മാറി അണുകുടുംബം 'സ്വന്തം' വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും ചേക്കേറാന്‍ തുടങ്ങിയ കാലംതൊട്ടേ കൂടെ കൂട്ടാന്‍ പറ്റാത്ത അനാവശ്യ വസ്തുക്കളിലൊന്നായി മാറിയിരുന്നു വാര്‍ദ്ധക്യം. ഗള്‍ഫിലെ ഫാമിലി സ്റ്റാറ്റസ് സൗകര്യങ്ങളിലേക്ക് കൂടുമാറുന്നവരുടെ 'ഫാമിലി'യില്‍ വൃദ്ധമാതാപിതാക്കള്‍ ഇടംപിടിക്കല്‍ അപൂര്‍വവുമാണെന്നതുകൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. അല്ലെങ്കിലും അണുകുടുംബങ്ങള്‍ വര്‍ധിച്ചതോടെ മിണ്ടിപ്പറയാന്‍ ആളില്ലാതെ പ്രായമായവരിലെ ഒറ്റപ്പെടല്‍ ഒരു യാഥാര്‍ഥ്യമായിട്ട് കാലം കുറെയായി. പങ്കാളികളിലൊരാള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അവരനുഭവിക്കുന്ന ശൂന്യത പറഞ്ഞറിയിക്കാവുന്നതിലും ഭീതിദമാണ്. ഏകാന്തതയിലേക്കും തുടര്‍ന്ന് വിഷാദത്തിലേക്കും കുഴമറിയുന്ന ആ ദുരിത ജീവിതത്തില്‍ പരസഹായം വേണ്ട ദൈനംദിന കാര്യങ്ങള്‍ക്ക് അടുത്ത ബന്ധുക്കളില്ലാതിരിക്കുമ്പോള്‍ തുടര്‍ന്ന് ജീവിക്കാനുള്ള ആഗ്രഹം കൂടിയാണ് അവരില്‍ നിന്ന് നഷ്ടപ്പെടുന്നത്.

വാര്‍ധക്യമാവശ്യപ്പെടുന്നത്

സ്വന്തം ജീവിതത്തോടും ശരീരത്തോടും നിരന്തരം കലഹിക്കുന്ന പ്രായമാണ് വാര്‍ധക്യം. മനസ്സിന്റെ ആഗ്രഹങ്ങളോട് ശരീരം വഴങ്ങാത്ത കാലം. രണ്ടു കാലില്‍ സ്വതന്ത്രനായി നടന്ന നിരാശ്രയജീവിതത്തില്‍നിന്ന് ഊന്നുവടിയെന്ന മൂന്നാം കാലിന്റെ സഹായം തേടേണ്ടിവരുന്ന പരാശ്രിതഘട്ടം. ഒരു കുഞ്ഞിന്റെ വളര്‍ച്ചാഘട്ടത്തില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും പുലര്‍ത്തുന്ന പരിചരണവും ജാഗ്രതയും വാര്‍ധക്യമെന്ന രണ്ടാം ശൈശവത്തിലും അനിവാര്യമാണ്. ഉപേക്ഷിക്കലിന്റെ കയ്പുനീര്‍ പേറേണ്ടി വരുന്ന വൃദ്ധസദന ജീവിതമോ സകല സുഖഃസൗകര്യങ്ങളും ഏര്‍പ്പെടുത്തി വീട്ടിലെ ഒരു സ്വകാര്യമുറിയിലൊതുക്കുന്ന ഏകാന്തതയുടെ വിഷാദ ജീവിതമോ അല്ല വാര്‍ധക്യം ആവശ്യപ്പെടുന്നത്. പരിഗണനയുടെ നനവും ആദരവിന്റെ സുഗന്ധവുമാണ് ചുളിവു വീണ ആ മുഖങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജീവിതയാത്രയില്‍ മുതിര്‍ന്നവരെ ഒപ്പം കൂട്ടിയും പരസ്പരസഹായം വേണ്ടിവരുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമേകി ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ സാധിച്ചാല്‍ ആ നന്മയുടെ വേരുകള്‍ നമ്മളിലൂടെ അടുത്ത തലമുറയിലേക്കും ആഴ്ന്നിറങ്ങും. വാര്‍ധക്യം ഒരു രോഗാവസ്ഥയല്ലെന്നും നാളെ തന്നെയും കാത്തിരിക്കുന്ന ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും തിരിച്ചറിയുമ്പോഴാണ് ഈ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുക.

വാര്‍ധക്യത്തിന്റെ മുഖത്ത് വീഴുന്ന ചുളിവുകള്‍ ജീവിതാഴങ്ങളുടെ ചരിത്രഭൂപടമാണ്. അനുഭവങ്ങളുടെ പെരുമഴച്ചാറ്റല്‍ തീര്‍ത്ത നീര്‍ച്ചാലുകളാണ് ആ നെറ്റിത്തടത്തിലെ വരകള്‍. പുതിയ ചെറുപ്പത്തിനും വളരുന്ന ബാല്യത്തിനും ദിശാബോധം നിര്‍ണയിക്കാന്‍ ജീവിക്കുന്ന ആ ചരിത്ര പാഠപുസ്തകങ്ങളെ വീട്ടിനകത്തെ ഇരുണ്ട പൊടിപിടിച്ച ഇടങ്ങളില്‍നിന്ന് സമൂഹമധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവരണം. അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, സംരക്ഷിക്കപ്പെടുന്ന അതിനുമപ്പുറം ആദരിക്കപ്പെടുന്ന വാര്‍ധക്യത്തിന് സമൂഹത്തിന് ഒട്ടേറെ കാര്യങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയും. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ കാര്യമായൊന്നും ചെയ്യാനില്ലാതെ വിശ്രമജീവിതം നയിക്കുകയാണ് വേണ്ടതെന്ന വൃദ്ധരടക്കമുള്ള സമൂഹത്തിന്റെ ചിന്താഗതി അതിനാദ്യം മാറേണ്ടതുണ്ട്.


Thursday, September 13, 2012

കൗമാരത്തെ ആരാണ് സഘര്‍ഷമാക്കുന്നത് ?



മനുഷ്യജീവിതത്തിലെ വസന്തകാലമാണ് കൗമാരം. പൂക്കളും പൂമണവും പൂന്തേനും നിറഞ്ഞ, ആകര്‍ഷിക്കാനും ആകര്‍ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നിറഞ്ഞ മോഹിപ്പിക്കുന്ന പുഷ്‌കലകാലം. ശരീരത്തെ അറിയാത്ത ശൈശവകാലവും ശരീരത്തോട് കലഹിക്കുന്ന വാര്‍ധക്യവും മനുഷ്യനുണ്ട്. ശരീരത്തെ സ്‌നേഹിക്കുകയും ശരീരത്തെ തന്നെ ഒരാഘോഷമാക്കുകയും ചെയ്യുന്ന കാലവും മനുഷ്യനു

ണ്ട്. അതാണ് കൗമാരം. ജീവിതത്തിലെ സുപ്രധാനവും ദീര്‍ഘവുമായ രണ്ട് ഘട്ടങ്ങള്‍ക്കിടയിലെ ഒരു ചെറിയ കാലയളവ്. പത്തിനും പത്തൊമ്പതിനുമിടയിലുള്ള പ്രായമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം കൗമാര കാലം. വലതുകാല്‍ യൗവനത്തിലും ഇടതുകാല്‍ ബാല്യത്തിലും നില്‍ക്കുന്ന അവസ്ഥ. ചില കാര്യങ്ങളില്‍ ഞാന്‍ കുട്ടിയല്ലേ എന്ന ഭാവം, മറ്റു ചിലതില്‍ ഞാന്‍ മുതിര്‍ന്നില്ലേ എന്ന ചോദ്യം. ബാല്യത്തില്‍ നിന്ന് യൗവനത്തിലേക്കുള്ള ഈ സഞ്ചാരകാലം ഒരു സംക്രമദശയാണ് (Transition Period). ഈ ഘട്ടത്തിലാണ് ഒരു കുട്ടി ശാരീരികമായും മാനസികമായും വൈകാരികമായും ലൈംഗികമായും വളരുന്നത്. വിശ്വാസവും അസ്തിത്വബോധവുമുള്ള വ്യക്തിയായും നല്ല സാമൂഹിക ജീവിയുമായുമൊക്കെ ഒരാളെ മാറ്റിത്തീര്‍ക്കുന്ന വ്യക്തിത്വരൂപീകരണം നടക്കുന്ന വളര്‍ച്ചാകാലവും ഇതുതന്നെ.


               മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വം തങ്ങള്‍ക്കുണ്ടെന്ന് കൗമാരം തിരിച്ചറിയുകയും സ്വന്തമായ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതോടെ മുതിര്‍ന്നവരില്‍ നിന്ന് ഒരകല്‍ച്ച സംഭവിക്കുകയും സമപ്രായക്കാരോട് കൂടുതലിടപഴകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വീടും വീടിന്റെ ചുറ്റുപാടുമായി ഒതുങ്ങിയിരുന്ന കുട്ടിയുടെ ലോകം പുറത്തേക്ക് വികസിക്കുന്നു. സ്വന്തം അനുഭവങ്ങളിലും കഴിവുകളിലും കൂടുതല്‍ വിശ്വാസമര്‍പ്പിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. കൗമാരദശയുടെ വളര്‍ച്ചാഘട്ടമായി ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മുതിര്‍ന്നവര്‍ വിസമ്മതിക്കുമ്പോഴാണ് കൗമാരകാലം സംഘര്‍ഷഭരിതമാകുന്നത്. തങ്ങള്‍ കൈയിലെടുത്ത് വളര്‍ത്തിയ കുട്ടി, സ്വന്തം ഇഷ്ടപ്രകാരം നടക്കാനും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ പോലും പതറുന്നു. കുഞ്ഞ് വലുതായി എന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുന്ന അവരുടെ മനസ്സില്‍ ആശങ്ക നിറയുന്നു. കൗമാരത്തിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസവും വിക്ഷുബ്ധതയും മനസ്സിലാക്കാതെ വിലക്കുകളും വിലങ്ങുകളുമായി അവരുടെ രക്ഷാകര്‍തൃബോധം ഉണരുന്നു. ഈ തലമുതിര്‍ന്ന മനസ്സാണ് പലപ്പോഴും കൗമാരത്തെ പ്രശ്‌നകലുഷിതമാക്കുന്നത്.

                         കൂട്ടുകാരും സ്വകാര്യലോകവും കൗമാരത്തിന്റെ അനിവാര്യതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. സുഹൃത്തുക്കളാണ് അവരുടെ ലോകം. മറ്റ് ഏതൊരു ബന്ധത്തെക്കാളും കൗമാര മധ്യത്തിലെത്തിയ മകനോ മകളോ ഇഷ്ടപ്പെടുന്നത് അവരുടെ കൂട്ടുകാരോടൊപ്പം ചെലവിടാനാണ്. ഇവിടെ മാതാപിതാക്കള്‍ക്ക് ചെയ്യാനുള്ളത് നല്ല കൂട്ടുകാരെ അവര്‍ക്ക് വേണ്ടി കണ്ടെത്തുക, അവരെപോലെ അവരുടെ കൂട്ടുകാരെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ഇങ്ങനെ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അംഗീകാരവും പ്രോത്സാഹനവും സമപ്രായക്കാരുടെ പിന്തുണയും ലഭിക്കുന്നവരുടെ ടീനേജ് കാലം സുന്ദരമായി കടന്നുപോകും. കൗമാരത്തെ പരിപൂര്‍ണ സ്വതന്ത്രമായി തുറന്നുവിടണമെന്നല്ല ഇപ്പറഞ്ഞതിന്റെ ചുരുക്കം. മാതാപിതാക്കള്‍ കൗമാരക്കാരെ കുഞ്ഞുങ്ങളെപോലെ സ്വന്തം ചിറകിനുള്ളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് അവരുടെ തന്നെ വളര്‍ച്ചയെയാണ് മുരടിപ്പിക്കുക. തെറ്റായ ബന്ധങ്ങളിലേക്കും ശീലങ്ങളിലേക്കും വീഴാതിരിക്കാനുള്ള മേല്‍നോട്ടവും നിര്‍ദേശങ്ങളും ഉള്ളുതുറന്ന സംഭാഷണവുമാണ് കൗമാരമാവശ്യപ്പെടുന്നത്, തീരുമാനങ്ങളും അടിച്ചേല്‍പിക്കലുമല്ല. തങ്ങളുടെ മേല്‍നോട്ടത്തിലാവണം കൗമാരക്കാര്‍ എല്ലാം ചെയ്യേണ്ടതെന്ന് മുതിര്‍ന്നവര്‍ ശഠിക്കാന്‍ പാടില്ല. പകരം സന്തുലിതമായ അന്തരീക്ഷം അവര്‍ക്കൊരുക്കിക്കൊടുക്കുക.

          കൗമാരം വ്യക്തിത്വരൂപീകരണ കാലമാണ്. സ്വന്തമായ അഭിപ്രായങ്ങളും വിസമ്മതങ്ങളുമുണ്ടാകുന്ന പ്രായം.  വിയോജിപ്പുകളുണ്ടാകുന്നത് അത്ര മോശമായ കാര്യമല്ല. 'എല്ലാ കാര്യങ്ങളിലും എന്റെ അഭിപ്രായമാണ് എന്റെ മക്കള്‍ക്കും' എന്ന നിലപാട് ചിലപ്പോഴെങ്കിലും അപക്വമായേക്കാം. ഏകാഭിപ്രായത്തേക്കാള്‍ ഭിന്നാഭിപ്രായങ്ങളാണ് ഏറെ മെച്ചപ്പെട്ട തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുക. പറയാനുള്ളത് പങ്ക്‌വെക്കാനുള്ള ഇടമുണ്ടാകുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം വര്‍ധിക്കുക. ദുഃഖം അലിഞ്ഞില്ലാതാവുകയും ചെയ്യുക. തുറന്ന് സംസാരിക്കാനുള്ള ഇടം കൗമാരത്തിന് അനുവദിക്കാതിരിക്കുമ്പോള്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘമായിരിക്കും അവരുടെ മനസ്സില്‍ ഉരുണ്ടു കൂടുക. അത് ഇടിവെട്ടി പെയ്യാന്‍ ഒരു ചെറിയ കാറ്റ് മാത്രം മതിയാകും. പിന്നെ അതില്‍ ഒലിച്ചു പോകുന്നത് ഒരു കുടുംബത്തിന്റെ മൊത്തം സ്വസ്ഥ ജീവിതമായിരിക്കും. അതുകൊണ്ട് ഇഷ്ടങ്ങള്‍ പങ്കുവെക്കാന്‍ കൗമാരത്തിന് അവസരം നല്‍കണം. ഇഷ്ടങ്ങള്‍ മാറ്റിവെക്കുമ്പോള്‍ അസംതൃപ്തിയാണ് അവരുടെ മനസ്സില്‍ തളം കെട്ടുക. അതിരില്ലാത്ത ഭാവനയുടെ കാലമാണ് കൗമാരം. അവരുടെ ചില അഭിപ്രായങ്ങള്‍ ബാലിശമാകാം. അവരുടെ സ്വപ്നങ്ങളെ കളങ്കപ്പെടുത്താതെ, സങ്കല്‍പങ്ങള്‍ക്ക് പോറലേല്‍ക്കാതെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുകള്‍ നല്‍കുകയാണ് വേണ്ടത്. അവരുടെ ആഗ്രഹങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയോ ആശയങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതവരില്‍ നിഷേധസ്വഭാവമാണ് വളര്‍ത്തുക. വിവേകമല്ല വികാരമാണ് കൗമാരത്തിന്റെ അടയാളം. തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്‌നേഹത്തോടെ വേണം അതവരെ ബോധ്യപ്പെടുത്താന്‍. മറിച്ചുള്ള ശ്രമങ്ങള്‍ പാഴാവുകയേയുള്ളൂ.

    

Monday, September 10, 2012

ഒരു തീവ്രവാദി ഉണ്ടാകു(ക്കു)ന്ന വിധം


ണ്ട് ദിവസങ്ങളായി അറിയാതെ ചില നേരങ്ങളില്‍ ഭയമെന്നെ തേടിയെത്തുന്നു. രാത്രി തിരിഞ്ഞും മറിഞ്ഞുമുള്ള കിടത്തത്തില്‍ ദുഃസ്വപ്നങ്ങള്‍ ഉറക്കത്തെ മറ്റൊരു സ്വപ്നമാക്കിത്തീര്‍ക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പിടികൂടിയ തീവ്രവാദികളുടെ റൂമുകളില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലും ജിഹാദിനെക്കുറിച്ചുള്ള പുസ്തകവും സഊദിയിലേക്ക് ഫോണ്‍ വിളിച്ചതിന്റെ രേഖകളുമാണ് ഉന്നത പോലീസ് സംഘം തൊണ്ടിയായി പിടിച്ചത് എന്നറിഞ്ഞത് മുതലാണ് എന്റെ ഉറക്കം നഷ്ടപ്പെട്ടത്. ഇപ്പറഞ്ഞതെല്ലാം എന്റെ അടുത്തുമുണ്ടല്ലേ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് ഭീതിയായി എന്റെ മനസ്സില്‍ അരിച്ചിറങ്ങുന്നത്. എന്റെ ലാപ്‌ടോപ്പില്‍ മലയാള സിനിമാപ്പാട്ടുകളുടെ വിപുലമായ ശേഖരണത്തോടൊപ്പം ഇസ്‌ലാമിക പ്രഭാഷണങ്ങളുമുണ്ട്. സമദാനിയും മഅ്ദനിയും വരെ അതില്‍ ഇടംപിടിച്ചിട്ടുണ്ട്.
എന്റെ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള ഫോട്ടോ ശേഖരണത്തില്‍ കാശ്മീര്‍ സുഹൃത്തിനൊപ്പവും ഉത്തരേന്ത്യന്‍ മുസ്‌ലിം സഹോദരങ്ങളുടെ കൂടെയുള്ളതുമെല്ലാമുണ്ട്. ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഖറദാവിയുടെ കൂടെയും തുനീഷ്യന്‍ ഇസ്‌ലാമിക ദാര്‍ശനികന്‍ ശൈഖ് റാശിദുല്‍ ഗനൂഷിയുടെ കൂടെയുമുള്ള നിമിഷങ്ങളും വിലപ്പെട്ട ചിത്രങ്ങളായി ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്റെ വീട്ടിലെ വ്യത്യസ്ത ഭാഷയിലുള്ള ഗ്രന്ഥശേഖരത്തില്‍ ജിഹാദിനെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങളുണ്ട്. മൗദൂദിയുടേത് മുതല്‍ വാണിദാസ് എളയാവൂരിന്റെത് വരെ. മര്‍കസുല്‍ ബിശാറയുടെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളോടൊപ്പം മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിനെ വിലയിരുത്തുന്ന ലഘുലേഖകളും അതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ബെന്യാമിന്റെ ആടുജീവിതവും ഗീലാനിയുടെ നരകത്തില്‍ നിന്നൊരാളുമാണ് ഗ്രന്ഥശേഖരണത്തിലെ ഏറ്റവും പുതിയ അതിഥികള്‍. ഞാനിതെല്ലാം തുറന്നെഴുതുന്നത് ഉള്ളിലെ എന്റെ പേടി പങ്കുവെക്കാനാണ്. നാളെ അവരെന്റെ വീട് റെയ്ഡ് ചെയ്താല്‍ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള എന്റെ ഫോട്ടോകളെ കുറിച്ചും എന്റെ ശേഖരണത്തിലെ മലയാള നോവലുകളെക്കുറിച്ചും ക്രിസ്തുമത ഗ്രന്ഥങ്ങളെക്കുറിച്ചും നിങ്ങളറിയാനിടയില്ല. എന്റെ കാശ്മീര്‍ സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോയും ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളും പത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാനാവസരവും ഉണ്ടാകും. ഇതുവരെ ഒരു വിദേശ നാടും സന്ദര്‍ശിക്കാത്ത ഞാന്‍ ശൈഖ് ഖറദാവിയെയും റാശിദുല്‍ ഗനൂശിയെയും ചെന്നു കണ്ടതിന്റെ വിവരണങ്ങള്‍ ചൂടോടെ ചാനല്‍ അവതാരകരും പത്രക്കാരും നിങ്ങളുടെ മുമ്പില്‍ എത്തിക്കും. പശ്ചാത്തല രംഗമായി അവരുടെ കൂടെയുള്ള എന്റെ ഫോട്ടോകളുമുണ്ടാകും. അവര്‍ കേരളത്തില്‍ വന്നപ്പോള്‍ എന്റെ കലാലയത്തില്‍ നടന്ന പരിപാടികളിലാണ് ഈ ഫോട്ടോകള്‍ പിറന്നതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ഒരു സാഹസിക പത്രപ്രവര്‍ത്തകനും തയാറാവില്ല. രണ്ട് പണ്ഡിതരെയും കുറിച്ച് ഇതുവരെ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത എന്റെ നാട്ടുകാരടക്കമുള്ള സാധാരണ ജനം അന്താരാഷ്ട്ര ഭീകരവാദ നേതാക്കളുമായുള്ള എന്റെ അടുത്ത ബന്ധം കണ്ട് മൂക്കത്ത് വിരല്‍ വെക്കും.
ഇപ്പോഴും ഞാനേറെ ബന്ധം കാത്തു സൂക്ഷിക്കുന്ന എന്റെ ബാല്യകാല സുഹൃത്തുക്കളായ ഹരിദാസനും അപ്പുവും ശരതും ബിന്ദുവും ചിത്രയുമെല്ലാം ഇന്നലെ വരെ അവരോടൊപ്പം ഞാന്‍ ഓണവും വിഷുവും ആഘോഷിച്ചതിന്റെ അനുഭവങ്ങള്‍ മറക്കും. വാര്‍ത്താ ന്യൂസിലെ തീവ്രവാദ കഥകള്‍ക്ക് ന്യായം കണ്ടെത്താന്‍ അവരുടെ മനസ്സും വെമ്പും. അങ്ങനെയവര്‍ നമസ്‌കാരത്തിന് വേണ്ടിയുള്ള എന്റെ ധൃതിപിടിച്ച് മസ്ജിദിലേക്കുള്ള ഓട്ടത്തെ കുറിച്ച് മാത്രം സ്മരിക്കും. ഞങ്ങള്‍ ഒരുമിച്ച് പോയി കണ്ട സിനിമകള്‍, വിനോദയാത്രകള്‍ എല്ലാമെല്ലാം അവരില്‍ നിന്ന്എന്നെന്നേക്കുമായി മാഞ്ഞുപോകും. പകരം എന്റെ വിവാഹ നാളില്‍ തൊപ്പിയും താടിയും ജുബ്ബയും ധരിച്ച ഉത്തരേന്ത്യക്കാര്‍ പങ്കെടുത്തത് അവര്‍ പ്രത്യേകം ഓര്‍ത്തെടുക്കും. അവരില്‍ ചിലര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുമ്പില്‍ അത് തുറന്നു പറഞ്ഞേക്കാം. അങ്ങനെ അവര്‍ വീണ്ടുമെന്റെ വീട് റെയ്ഡ് ചെയ്യും. എന്റെ വിവാഹ ആല്‍ബം കണ്ടെടുക്കും. അതില്‍ എന്റെ ഭാര്യ വീട്ടിലേക്ക് വരുമ്പോള്‍ അവളുടെ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ച എന്റെ അയല്‍വാസിയായ ചേച്ചിയുടെയും മക്കളുടെയും ഫോട്ടോയവര്‍ വെട്ടിമാറ്റാം. പിന്നെ തൊപ്പിയിട്ട ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ കൂടെ ഞാന്‍ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമെടുത്ത് പത്രക്കാര്‍ക്ക് നല്‍കും. അതോടെ അവസാന തെളിവും പുറത്തുവന്നതിന്റെ സമാധാനത്താല്‍ നാട്ടുകാര്‍ സ്വസ്ഥമായി എന്റെ അക്കൗണ്ട് ക്ലോസ് ചെയ്യും. നിങ്ങളെല്ലാം എന്നെയെത്ര തള്ളിപ്പറഞ്ഞാലും എന്നെയറിയുന്ന സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയുന്ന എന്റെ മാതാവും എന്നെ തള്ളിപ്പറയുമോ? എന്റെ ആണും പെണ്ണുമായ ഹിന്ദുവും ക്രിസ്ത്യനുമായ സുഹൃത്തുക്കളെ, ഇതെന്റെ വെറും സ്വപ്നഭാവനകള്‍ മാത്രമാണോ? അതോ ഇന്നലെയെന്റെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്‌പോലെ നാളെ എന്നെയും കാത്തിരിക്കുന്ന യാഥാര്‍ഥ്യമാണോ? നിങ്ങള്‍ തന്നെ പറയൂ. കാരണം അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്നെ വെളിപ്പെടുത്തേണ്ട ബാധ്യത നിങ്ങളുടേതാണല്ലോ.

Monday, August 27, 2012

ഒരു മുസ്ലിം ബാലന്റെ ഓണം ഓര്‍മ്മകള്‍


ഓണത്തെ കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ സ്കൂള്‍കാലത്തെ ഓണവധിയുടെ ആഹ്ലാദ ദിനങ്ങങ്ങളില്‍ തുടങ്ങുന്നു.സ്കൂളിലേക്ക് നടന്നു പോകുന്ന കുട്ടികള്‍ സ്കൂള്‍ വിടുമ്പോള്‍ സന്തോഷത്തോടെ ഓടിപ്പോകുന്നത് എന്ത് കൊണ്ടെന്നു  ഈയിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു .ഒരു കുട്ടിക്കാലത്തിന്റെ സകല ഊര്‍ജ്ജവും അച്ചടക്കത്തിന്റെ ഒരു ക്ലാസ്മുറിയില്‍ പിടിച്ചു കെട്ടുന്ന നമ്മുടെ വിദ്യാഭാസ വ്യവസ്ഥയെ ഓര്‍ക്കുമ്പോള്‍ ഇന്നും  ഭ്രാന്ത് പിടിക്കും .മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ആ ജയില്‍ മുറിയില്‍ നിന്ന് പുറത്തു കടക്കാനുള്ള സ്വാതന്ത്രം ലഭിക്കുന്നത് കൊണ്ടല്ലേ കുട്ടികള്‍ ലോങ്ങ്‌ ബെല്ലടിക്കുമ്പോള്‍ ആഹ്ലാദാരവത്തോടെ കൂട്ടയോട്ടം നടത്തുന്നത് .എന്നാണ് നമ്മുടെ കുട്ടികളുടെ പ്രതിഭകള്‍ നാല്‍ചുവരുകള്‍ക്ക് പുറത്ത വിശാലമായ ലോകത്തോടൊപ്പം ജീവിച്ചു  മൂര്‍ച്ച കൂട്ടുക? സോറി ,പറയാന്‍ തുടങ്ങിയത് ഓണത്തെ കുറിച്ചാണ് .അതിലേക്കു  മടങ്ങി വരാം.
      പത്തു ദിവസത്തെ സ്കൂളവധി. ഓണത്തിന്റെ ഓര്‍മ്മകള്‍ അവിടെ തുടങ്ങുന്നു .അത്തം മുതല്‍ ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാന്‍ കുറ്റിക്കാടുകളാലും കാട്ടുപൂക്കളാലും നിറഞ്ഞ തൊട്ടടുത്ത കുന്നിന്‍ മുകളിലേക്ക് വലിഞ്ഞു കയറും .വീടിനു ചുറ്റും സമപ്രായക്കരധികവും ഹിന്ദുക്കളായിരുന്നു. ഹരിദാസന്‍ , അപ്പു .ബിന്ദു ....ആ ലിസ്റ്റ് അങ്ങനെ നീളും .അവര്‍ക്കൊപ്പം ഞങ്ങള്‍ മുസ്ലിം കുട്ടികളും പൂക്കള്‍ ശേഖരിക്കാന്‍ പത്തു ദിവസവും കുന്നു കയറും .തെച്ചി ,തുമ്പ , കോളാമ്പി ,ചെമ്പരത്തി .പിന്നെ പേരറിയാത്ത ചില കാട്ടുപ്പൂക്കളും .ഇതായിരുന്നു പൂക്കളങ്ങളിലെ വര്‍ണ്ണരാജികള്‍. ചില ഓണ നാളുകളില്‍ ഞങ്ങളുടെ വീട്ടിനു മുറ്റത്തും പൂക്കളങ്ങള്‍ ഇട്ടിരുന്നു. ഓണം മതേതരം പെരുന്നാള്‍ മതകീയമെന്നുമുള്ള സാംസ്‌കാരിക വര്‍ത്തമാനങ്ങള്‍ അന്ന് ഞങ്ങള്‍ കേട്ടിരുന്നില്ല .ഞങ്ങള്‍ക്കെല്ലാം അന്നും മതമുണ്ടായിരുന്നു .പക്ഷെ ആഘോഷത്തിനു മതമില്ലായിരുന്നു എന്ന് മാത്രം .എല്ലാവരുടെയും മത വിശ്യാസത്തിന്റെ അതിര്‍ വരമ്പുകള്‍ അവര്‍ സൂക്ഷിച്ചു .സന്ധ്യാ നേരത്ത് അവര്‍ ദീപം ചെല്ലുമ്പോള്‍ ഞങ്ങള്‍ മൌനം പാലിച്ചു .ബാങ്ക് കൊടുക്കുമ്പോള്‍ അവരും .
     തിരുവോണ ദിവസമായിരുന്നു സദ്യാദിനം .അന്ന് ഞങ്ങള്‍ മുസ്ലിം വീടുകളിലൊന്നും ഉച്ച ഭക്ഷണം പാകം ചെയ്യില്ല .എല്ലാ വീടുകളില്‍ എല്ലാവര്‍ക്കും ഉണ്ണാന്‍ സാധിക്കാത്തതിനാല്‍ നേരത്തെ തന്നെ മുതിര്‍ന്നവര്‍ വീടുകള്‍ പങ്കിട്ടെടുക്കും .ഞങ്ങള്‍ കുട്ടികള്‍ എല്ലായിടത്തും  കയറിയിറങ്ങും .ശര്‍ക്കര ഉപ്പേരിയും പായസവുമാണ് ഞങ്ങളുടെ മുഖ്യ വിഭവം .ഇന്നും ഓണ നാളില്‍ എന്റെ വീട്ടില്‍ ഉച്ച ഭക്ഷണം ഒരുക്കാറില്ല .പെരുന്നാള്‍ ദിവസം അവരുടെ വീടുകളിലും .ഇനിയുള്ള കാലങ്ങളിലും അതങ്ങനെ തുടരണമെന്നാണ് ഞങ്ങളുടെ പ്രാഥന.എല്ലാവര്‍ക്കും ഹ്രദ്യമായ ഓണാശംസകള്‍ .

Tuesday, July 17, 2012

നാടും വീടും വിട്ടു ഊരു ചുറ്റുന്നവരോട്




ജനിച്ചു വളര്‍ന്ന നാടും വീടും മരിക്കുവോളം മനുഷ്യന്റെ ദൌര്‍ബല്യമാണ്. ജന്മവീട് പൊളിച്ചാലും മറ്റുള്ളവര്‍ അനന്തരമെടുത്താലും തറവാടിനടുത്ത് തന്നെ മറ്റൊരു വീടൊരുക്കാനാവും ഏതൊരാളിന്റെയും ആദ്യശ്രമം .ജനിച്ചു വളര്‍ന്ന മണ്ണിനോട് അത്രത്തോളം ഒട്ടിചേര്‍ന്നതാണ് മനുഷ്യന്റെ മനസ്സും ശരീരവും .സ്വന്തം നാട്ടില്‍ ഇത്തിരി മണ്ണ് സ്വന്തമാക്കാന്‍ സാധിക്കാ ത്തതിന്റെ പേരില്‍ ഒത്തിരി ദൂരത്തേക്കു ജീവിതത്തെ പറിച്ചു നടേണ്ടി വന്നവര്‍ പിറന്ന മണ്ണിനെ ഇടയ്ക്കിടെ നെടുവീര്‍പ്പോടെ തിരിഞ്ഞു നോക്കാറുണ്ട് .തന്റെ ബാല്യവും കൌമാരവും സ്വപനങ്ങളും കൂടിക്കലര്‍ന്ന മണ്ണിനെ മറക്കാന്‍ എങ്ങനെ ഒരാള്‍ക്ക് സാധിക്കും .കടല് കടന്നു ഉപജീവിനം തേടേണ്ടി വന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ മറിക്കടക്കാനുള്ള അതിജീവന മന്ത്രവും ഓര്‍മ്മകളിലെ ഈ നാടും വീടുമാണ്‌ .

ഇത്രയും കുറിക്കാനുള്ള കാരണം , ഞാന്‍ പത്താം ക്ലാസ്സ് കഴിഞ്ഞിട്ട്  ഒരു  വ്യാഴവട്ടം  പൂര്‍ത്തിയായിരിക്കുന്നു . നേരെ ചൊവ്വേ  പറഞ്ഞാല്‍ നാട് വിട്ടിട്ടു പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു .SSLC കഴിഞ്ഞു ഉപരി പഠനത്തിനു വേണ്ടി കുടിയിറങ്ങിയതാണ് .ബിരുദവും ബിരുദാനന്തര ബിരുദത്തിനുമായി എട്ടു വര്‍ഷങ്ങള്‍ ..അപൂര്‍വമായി ലഭിക്കുന്ന വെക്കേഷന്‍ കാലം ഒഴിച്ച് നിര്‍ത്തിയാല്‍   മാസത്തില്‍ ഒന്നോ രണ്ടോ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു ഇക്കാലയളവില്‍ എന്റെ നാട്ടു ജീവിതം .ആഴ്ചയില്‍ ഒരു ദിവസം നാട്ടിലെത്തുന്ന ഇന്ന് വരെയുള്ള ശേഷമുള്ള നാലു വര്‍ഷം ജോലിയാവാശ്യാര്‍ത്തവും ഞാന്‍ പരദേശിയായിരുന്നു .

കോളേജിലെ ഹോസ്റ്റലില്‍ ചേര്‍ന്നതിനു ശേഷമുള്ള ആഴ്ചയിലെ ആദ്യ അവധിക്കു ബാഗും തോളിലിട്ടു നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അഭിമുഖീകരിച്ച ആദ്യ ചോദ്യം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട് .'' ഇനി ഇപ്പോ നാളെ രാവിലെ പോകണം ല്ലേ ...?" പന്ത്രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞ ഞായറാഴ്ചയും ഇതേ ചോദ്യം ഞാന്‍ അഭിമുഖീകരിച്ചു .വര്‍ഷങ്ങളായി നാട്ടില്‍ വെച്ച് എന്നെ കാണുന്ന പരിചയക്കാരെല്ലാം കുശലം തുടങ്ങല്‍ മേല്‍വാചകം വാചകം കൊണ്ട് തന്നെയായിരുന്നു .എന്റെ ചെവിയില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേട്ട ശബ്ദവും ചോദ്യവും .

എന്റെ നാട്ടു ജീവിതത്തിലെ ആയുസ്സില്‍ നിന്ന് എന്നെ അപ്രത്യഷമാക്കിയ പന്ത്രണ്ടു വര്‍ഷങ്ങള്‍ .ഇതിനിടയില്‍ ഞാന്‍ പങ്കെടുക്കാത്ത എത്ര മരണങ്ങള്‍ ,എത്ര ജന്മങ്ങള്‍ ,എത്ര വിവാഹങ്ങള്‍ ,ആഘോഷങ്ങള്‍ .കോളേജു പഠനക്കാലത്ത് ഓരോ അവധിയിലും വീട്ടിലെത്തി രാത്രി കിടക്കാനൊരുങ്ങുമ്പോള്‍  ആ ഇടവേളയില്‍ നാട്ടില്‍  നടന്ന വിശേഷങ്ങള്‍ ഉമ്മ വിശദമായി പങ്കു വെക്കും .ആ പ്രാദേശിക വാര്‍ത്തയില്‍ നിന്നുമാണ് അയലത്തെ വീട്ടില്‍ കള്ളന്‍ കയറിയത് മുതല്‍ എന്റെ പല ബാല്യകാല സഖികളുടെയും വിവാഹം വരെ ഞാന്‍ അറിഞ്ഞിരുന്നത് .

ഇതിനിടയില്‍ ഞങ്ങളുടെ കവല വികസിച്ചു.ചെറിയ അങ്ങാടിയായി.അവിടെ അയല്‍ പ്രദേശക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍  പുതിയ പീടിക മുറികള്‍ തുറന്നു.വൈകീട്ട് ആണ്‍ക്കുട്ടികള്‍  അവിടെ ഒത്തു ചേര്‍ന്ന് സൊറ പറഞ്ഞു .അപൂര്‍വമായി നാട്ടില്‍ ബസ്സിറങ്ങുന്ന എന്നെ ഇവരെല്ലാവരും ഒന്ന് നോക്കും .പിന്നെ നോട്ടം പിന്‍വലിച്ചു അവരുടെ സംസാരം തുടരും .ഓരോ വരവിലും നാട്ടിലെ എന്റെ പരിചിത വ്രത്തത്തേക്കാള്‍ അപരിചിത വ്രത്തം വികസിക്കുകയായിരുന്നു  .സ്വന്തം നാട്ടില്‍ അന്യനായി തീരുന്നതു ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു  .പഠനം കഴിഞ്ഞു നാട്ടില്‍ തന്നെ കൂടി വീടും നാടും തിരിച്ചു പിടിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു . ജോലിയവശ്യര്‍ത്ഥം നാലു വര്‍ഷം മുന്‍പ് വീണ്ടും നാട് വിടേണ്ടി വന്നെങ്കിലും അതിനിടയില്‍ പലതും എനിക്ക് തിരിച്ചു പിടിക്കാന്‍ സാധിച്ചു .എത്ര പ്രയസപ്പെട്ടാണെങ്കിലും ഇനിയുള്ള കാലം എല്ലാ ആഴചയും നാട്ടിലെത്തുമെന്ന് ഞാന്‍ സ്വയം ശപഥം ചെയ്തു .അങ്ങനെ എല്ലാ കൂട്ടായ്മകളിലും ഞാന്‍ കഴിയും വിധം പങ്കു ചേര്‍ന്നു. ഇപ്പോള്‍ ആഴചയിലെ എന്റെ വരവുകള്‍ എന്റെ കഴിഞ്ഞ നാട്ടു ജീവിതങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് .വേര് മുറിഞ്ഞാല്‍ എത്ര ഉയരത്തില്‍ വളര്‍ന്നാലും നിലം പൊത്താന്‍ അധിക സമയം വേണ്ടി വരില്ലെന്നത് മനുഷ്യര്‍ക്കും ബാധകമാണ് .

Monday, July 9, 2012

ടിപ്പുസുല്‍ത്താന്‍ ചരിത്രം വിസ്മരിച്ച പരിഷ്‌കര്‍ത്താവ്



ടിപ്പുസുല്‍ത്താന്റെ നെഞ്ചിലേക്ക് വെള്ളപ്പട്ടാളം വെടിയുതിര്‍ത്തിട്ട് 213 സംവത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. 1799 മെയ് 4-നാണ് മൈസൂര്‍ കേന്ദ്രീകരിച്ച് നീണ്ട 15 വര്‍ഷം അധിനിവേശ വിരുദ്ധ പോരാട്ടം നയിച്ച ആ ധീരദേശാഭിമാനി രക്തസാക്ഷിയായത്. സുല്‍ത്താന്റെ ധീരസാഹസിക സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേല്‍ വര്‍ഗീയതയുടെ സ്റ്റിക്കറൊട്ടിച്ച് കൊളോണിയല്‍ പാരമ്പര്യം പേറുന്ന ചരിത്രമെഴുത്തുകാര്‍ അദ്ദേഹത്തെ ബോധപൂര്‍വം വിസ്മൃതിയിലാഴ്ത്താന്‍ ഗൂഡാലോചന നടത്തുകയായിരുന്നു. സവര്‍ണ മേല്‍കോയ്മയുടെ ഫ്യൂഡല്‍ മനസ്ഥിതിയുള്ള നമ്മുടെ ഭരണ-സാംസ്‌കാരിക നേതൃത്വം ഔദ്യോഗിക ചരിത്ര മുഫ്തിമാരുടെ ഫത്‌വ പിന്‍പറ്റി സ്വാതന്ത്ര്യപോരാളികളുടെ പട്ടികയില്‍നിന്ന് സുല്‍ത്താനെ എന്നന്നേക്കുമായി പടിയടച്ച് പിണ്ഡം വെക്കുകയും ചെയ്തു. ജീവിതത്തിന്റെ സിംഹഭാഗവും വെള്ളക്കാരുടെ അരുതായ്മകള്‍ക്കൊപ്പം നിന്ന്; ഒടുവില്‍ തങ്ങളുടെ സിംഹാസനത്തിന് ഇളക്കം തട്ടിയപ്പോള്‍ മാത്രം ബ്രിട്ടീഷ് വിരുദ്ധരായിത്തീര്‍ന്ന സവര്‍ണ നാട്ടുരാജാക്കന്മാരെല്ലാം ദേശീയ ബിംബങ്ങളായി വാഴ്ത്തപ്പെട്ട ഔദ്യോഗിക ചരിത്രം കൂടി ഈ സെന്‍സര്‍ഷിപ്പിനോടൊപ്പം ചേര്‍ത്തുവായിച്ചാല്‍ വര്‍ഗീയതയുടെ തിമിരം പിടികൂടിയത് ആര്‍ക്കാണെന്ന് അനായാസം ബോധ്യപ്പെടും.
കൊളോണിയല്‍ പ്രേതബാധയേല്‍ക്കാത്ത വായനകളും ചരിത്രാന്വേഷണങ്ങളും ശക്തിപ്പെട്ടു വരുന്ന വര്‍ത്തമാനകാലത്ത് സുല്‍ത്താന്റെ ജീവിതവും പോരാട്ടവും മുന്‍വിധികളില്ലാതെ വിശകലന വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരകോര്‍ജമായും ആധുനിക ഭരണപരിഷ്‌കാരങ്ങളുടെ ഉപജ്ഞാതാവായും സുല്‍ത്താന്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. 'ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പ്രതീകമാണ് ടിപ്പുസുല്‍ത്താന്‍. ഇവിടുത്തെ മറ്റ് രാജാക്കന്മാരും പ്രഭുക്കന്മാരും മണ്ണിനും പെണ്ണിനും വേണ്ടി മരിച്ചപ്പോള്‍ ഒരാദര്‍ശത്തിന്റെ ആള്‍ത്താരയില്‍ 'ഞാന്‍ കീഴടങ്ങുകയില്ല' എന്ന ഓംകാര നാദത്തോടെ അല്ലാഹു അക്ബര്‍ എന്ന മന്ത്രവാക്യത്തോടെ ആത്മത്യാഗം ചെയ്ത ടിപ്പുസുല്‍ത്താന്‍ പിന്നീട് തന്റെ വഴിയില്‍ കടന്നുവന്ന ഝാന്‍സിറാണി ലക്ഷ്മി ഭായിക്കും താന്തിയോതോപ്പിക്കും നാനാസാഹിബിനും എല്ലാം ഒരു പ്രേരകശക്തിയായി മാറി. ചരിത്രത്തിന്റെ നിയോഗം ഏറ്റെടുത്ത ആ മഹാനെ ചരിത്രകാരന്മാര്‍ എന്തെന്തു വ്യാഖ്യാനങ്ങളിലൂടെ വിലയിരുത്തിയാലും ആ ആത്മത്യാഗം ഒരു ജനതയുടെ കണ്ണില്‍ ഇന്നും നക്ഷത്ര ഗോളങ്ങളിലെ അനന്തമായ പ്രകാശവര്‍ഷം പോലെ അനശ്വരമായ തേജസ്സ് ചൊരിയുന്നു. അത് ഇന്ത്യയുടെ ആത്മാഭിനത്തിന്റെ പ്രകാശമായിരുന്നു.''
(നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം, കെ.കെ.എന്‍ കുറുപ്പ് പേജ് 166).

അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരികളിലൊരാള്‍ എന്ന പതിവു ചരിത്രമെഴുത്തിന്റെ നാലുവരികളില്‍ ഒതുക്കാവുന്നതല്ല ടിപ്പുവിന്റെ ജീവിതം. ഇന്ത്യന്‍ സമൂഹത്തിന് ആധുനിക ഭരണപരിഷ്‌കരണങ്ങളുടെ മാതൃക സമര്‍പ്പിക്കുകയും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹിക നവോത്ഥാനങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്ത പരിഷ്‌കര്‍ത്താവായിരുന്നു ടിപ്പുസുല്‍ത്താന്‍. കേരളീയ നവോത്ഥാനത്തിലെ രണ്ട് സുപ്രധാന ഏടുകളായ അയിത്താചാരങ്ങള്‍ക്കെതിരെയുള്ള സാമൂഹിക മുന്നേറ്റവും ഭൂപരിഷ്‌കരണ നിയമവും സുല്‍ത്താനോട് ഏറെ കടപ്പെട്ടു നില്‍ക്കുന്നതാണ്. ഇടതുപക്ഷം ഏറെ കൊട്ടിഘോഷിച്ച 'കൃഷി ഭൂമി കര്‍ഷകന്' എന്ന വിപ്ലവ മുദ്രാവാക്യം പോലും ടിപ്പുവില്‍നിന്ന് കടമെടുത്തതാണെന്ന് പലപ്രമുഖരും നിരീക്ഷിച്ചിട്ടുണ്ട്.
ജന്മിമാരുടെയും ഇടനിലക്കാരുടെയും പിടിച്ചുപറിയില്‍ മുതുകൊടിഞ്ഞിരുന്ന മലബാറിലെ കര്‍ഷകരെ നിവര്‍ന്നുനില്‍ക്കാന്‍ ആദ്യമായി സഹായിച്ചത് ടിപ്പു നടപ്പിലാക്കിയ ഭൂ-കാര്‍ഷിക നയങ്ങളായിരുന്നു. മൈസൂര്‍ ഭരണത്തെ ബ്രിട്ടീഷുകാര്‍ തകര്‍ത്തില്ലായിരുന്നെങ്കില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യയുടെ ചരിത്രം തന്നെ മറ്റൊരുവിധമാകുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാം നേടിയെടുത്ത സാമൂഹിക-കാര്‍ഷിക മുന്നേറ്റങ്ങള്‍ ടിപ്പുവിലൂടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമുക്ക് ലഭിക്കുമായിരുന്നു. സുല്‍ത്താന്‍ മലബാറിലടക്കം നടപ്പിലാക്കിത്തുടങ്ങിയ പുരോഗമനപരമായ എല്ലാവിധ പരിഷ്‌കരണങ്ങളും അദ്ദേഹത്തിന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ റദ്ദുചെയ്യുകയായിരുന്നു. ടിപ്പുവിന് മുമ്പുള്ള പഴയ ഫ്യൂഡല്‍ നിയമങ്ങള്‍ പുനഃസ്ഥാപിച്ച് ബ്രിട്ടീഷുകാര്‍ മലബാറടക്കമുള്ള പ്രദേശങ്ങളെ ഇരുണ്ടയുഗത്തിന്റെ പിന്നിലേക്ക് വീണ്ടും തള്ളിയിട്ടു. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് വീണ്ടുമൊരു തിരിച്ചുവരവിന് നമുക്ക് സാധിച്ചത്. ഭൂപരിഷ്‌കരണം നടപ്പിലാക്കിയ ഇടതുപക്ഷ ഗവണ്‍മെന്റ് സുല്‍ത്താന്റെ ഭൂ-കാര്‍ഷിക നയങ്ങളുടെ മാതൃകയിലാണത് വികസിപ്പിച്ചെടുത്തത്. ജന്മിത്വ നാടുവാഴി ഭൂസമ്പ്രദായത്തിന് പകരം സുല്‍ത്താന്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണങ്ങള്‍ പരിശോധിച്ചാലത് കൂടുതല്‍ വ്യക്തമാവും.
ടിപ്പുവിന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിഖാനാണ് മൈസൂരില്‍ ഭൂ-കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടത്. ജന്മിനാടുവാഴികളില്‍നിന്നും കര്‍ഷകരെയും കൃഷിഭൂമികയെയും സംരക്ഷിക്കാന്‍ പര്യാപ്തമായ ഭൂവിതരണ സമ്പ്രദായം സ്ഥാപിച്ചുകൊണ്ടായിരുന്നു ഹൈദരലിഖാന്റെ പരിഷ്‌കരണങ്ങളുടെ തുടക്കം. ഇതിന്റെ തുടര്‍ച്ചയും വികാസവുമാണ് ടിപ്പുവിന്റെ കാലത്ത് നടന്നത്. കൃഷിക്ക് മുഖ്യപരിഗണന നല്‍കുന്ന നയമാണ് ഭരണത്തിന്റെ തുടക്കം മുതലേ സുല്‍ത്താന്‍ സ്വീകരിച്ചത്. കാര്‍ഷിക മേഖല ശക്തിപ്പെടുത്താന്‍ പുതിയ നിയമങ്ങളും നയങ്ങളും രൂപീകരിച്ചു. 1788-ല്‍ ടിപ്പു ആമില്‍ദാര്‍മാര്‍ക്കയച്ച നിര്‍ദേശത്തില്‍ ഈ നയം തെളിഞ്ഞുകാണാം. ''കൃഷിയാണ് നാടിന്റെ ജീവരക്തം. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഈ നാട് സമൃദ്ധവും ഫലഭൂയിഷ്ടവുമായ പ്രതിഫലം നല്‍കുന്നു. ഈ ഭൂനിയമത്തിലെ 127 വ്യവസ്ഥകളും നിങ്ങള്‍ ഉടനടി നടപ്പില്‍ വരുത്തണം. വിശേഷിച്ചും കലപ്പകള്‍ വാങ്ങാനുദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് പണം വായ്പ നല്‍കുക, ആളുകള്‍ ഉപേക്ഷിച്ച ഭൂമി ഏറ്റെടുക്കാന്‍ നടപടികളെടുക്കുക, കൃഷിക്കാരനും അയാളുടെ അനന്തരാവകാശികള്‍ക്കും സംരക്ഷണം നല്‍കുക, കരിമ്പ്, വെറ്റില, നാളികേരം തുടങ്ങിയ കൃഷി ചെയ്യുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുക, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ ഓരോ ഗ്രാമത്തിനും 200 വീതം നട്ടുവളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക.''
ഫ്യൂഡല്‍ ഭൂ-കാര്‍ഷിക സമ്പ്രദായമാണ് കാര്‍ഷിക മേഖലയുടെ മുരടിപ്പിന്റെ മൂലകാരണമെന്ന് സുല്‍ത്താന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഭൂനിയമങ്ങള്‍ അടിമുടി അദ്ദേഹം പൊളിച്ചെഴുതി. സുല്‍ത്താന്റെ അധികാര പരിധിയിലുണ്ടായിരുന്ന മലബാറിലെ കര്‍ഷകരും ഈ പരിഷ്‌കരണങ്ങളുടെ ഗുണഭോക്താക്കളായിരുന്നു. ഭൂമി ജന്മാവകാശമായി അനുഭവിച്ചാസ്വദിച്ചിരുന്ന ജന്മിനാടു ഈ നയങ്ങള്‍ മൂലം സുല്‍ത്താനെതിരെ തിരിഞ്ഞു വന്നത് മറ്റൊരു ചരിത്രമാണ്. കാലങ്ങളായി തങ്ങളനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ക്കറുതി വരുത്തിയ ടിപ്പുവിനെ സൈനികമായി എതിരിടാനുള്ള ത്രാണി അവര്‍ക്കില്ലായിരുന്നു. സുല്‍ത്താനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വര്‍ഗീയ കഥകള്‍ പ്രചരിപ്പിച്ചാണ് അവര്‍ സായൂജ്യമടഞ്ഞത്. പിന്നീട്, ടിപ്പുസുല്‍ത്താനില്‍ ശക്തനായ എതിരാളിയെ കണ്ട ബ്രിട്ടീഷുകാര്‍, ഭിന്നിപ്പിച്ച ഭരിക്കുകയെന്ന കുടിലതന്ത്രത്തിന്റെ ഭാഗമായി ഈ കഥകള്‍ക്ക് ചരിത്ര ഭാഷ്യം നല്‍കുകയായിരുന്നു. റീഡ് മൈക്കല്‍ എന്ന കുപ്രസിദ്ധ കൊളോണിയല്‍ ചരിത്രകാരനാണ് പ്രഥമമായി ടിപ്പുസുല്‍ത്താനെ സംബന്ധിച്ച കള്ളക്കഥകള്‍ എഴുതിയുണ്ടാക്കിയത്. റീഡ് മൈക്കലിന്റെ രേഖകള്‍ പിന്തുടര്‍ന്ന് വര്‍ഗീയ പക്ഷ പാതികളായ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ടിപ്പുവിനെ വര്‍ഗീയവാദിയും മതഭ്രാന്തനും ക്ഷേത്രധ്വംസകനുമാക്കി ചാപ്പ കുത്തുകയായിരുന്നു.
ജാതിയധിഷ്ഠിതമായ ഭൂനിയമങ്ങളെ പൊളിച്ചെഴുതാന്‍ ധീരത കാണിച്ചതാണ് ടിപ്പുവിന്റെ പേരില്‍ പ്രചരിച്ച ദേശദ്രോഹ കഥകളുടെ പിന്നാമ്പുറ കാരണം. ജന്മിമാര്‍ ചുമത്തിയ പലവിധ പാട്ടമിച്ചവാരണങ്ങളില്‍ ബന്ധനസ്ഥനായിരുന്ന കര്‍ഷകരെ അതില്‍നിന്ന് മോചിപ്പിച്ച് ഭൂമിയുടെ പൂര്‍ണാവകാശികളാകുന്നതായിരുന്നു സുല്‍ത്താന്റെ നിയമങ്ങള്‍. ഭൂമിയുടെ വിസ്തീര്‍ണമനുസരിച്ച് ചുമത്തപ്പെട്ടിരുന്ന നികുതി ഉല്‍പാദനത്തിന്റെ തോതനുസരിച്ചാക്കി. തരിശുനിലം കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നവര്‍ക്ക് ആ ഭൂമി സൗജന്യമായി പതിച്ചു നല്‍കി. വിളവിന് നാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും കര്‍ഷകര്‍ക്ക് ഭരണകൂട ആശാസങ്ങള്‍ ഉറപ്പ് വരുത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കര്‍ഷകരെ തുടര്‍ന്നും പീഡിപ്പിക്കാനൊരുമ്പെട്ട ജന്മിമാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കി. കര്‍ഷകരെ ദ്രോഹിച്ച ചില ജന്മിമാരെ ആ കര്‍ഷകര്‍ക്കൊപ്പം ഭൂമിയില്‍ പണിയെടുക്കുവാന്‍ കല്‍പിച്ചാണ് ഒരിക്കല്‍ ടിപ്പു അവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കിയത്.
ടിപ്പുവിന്റെ ഭരണപരിഷ്‌കരണങ്ങള്‍ കാര്‍ഷിക മേഖലയില്‍ മാത്രമൊതുങ്ങുന്നതല്ല. മലബാറിലേക്കുള്ള തന്റെ രണ്ടാം വരവിലാണ് ഇവിടെ നിലനിന്നിരുന്ന സാമൂഹികാന്ധവിശ്വാസ ജീര്‍ണതകള്‍ക്കെതിരെ സുല്‍ത്താന്‍ നിലപാട് പ്രഖ്യാപിച്ചത്. മലബാറിലന്ന് നിലവിലുണ്ടായിരുന്ന സാമൂഹികാഴിമതികളും മരുമക്കത്തായവും തെറ്റായ വിവാഹസമ്പ്രദായങ്ങളും ഉച്ചനീചത്വങ്ങളും തുടച്ചുനീക്കാന്‍ സുല്‍ത്താന്‍ നടപടികളാരംഭിച്ചു. നായര്‍ സ്ത്രീകളുടെയും മറ്റും ബഹുഭര്‍തൃത്വരീതി അവസാനിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ കഴിവില്ലാത്തതാണ് ഈ രീതിയുടെ കാരണമെങ്കില്‍ അവര്‍ക്ക് ഖജനാവില്‍നിന്ന് സാമ്പത്തികസഹായം നല്‍കണമെന്നും സുല്‍ത്താന്‍ തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നായന്മാര്‍ അധഃകൃത വര്‍ഗത്തിന്റെ നേരെ കൈകൊണ്ടിരുന്ന ഐത്താചാരത്തെയും നിയമം മൂലം നിരോധിച്ചു. സ്ത്രീകള്‍ മാറു മറയ്ക്കാനും കുപ്പായം ധരിക്കാനും അനാചാരങ്ങള്‍ ഒഴിവാക്കാനും കല്‍പന പുറപ്പെടുവിച്ചു. ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഈ പരിഷ്‌കരണങ്ങളെല്ലാം പില്‍ക്കാലത്ത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ വര്‍ഗീയ നിലപാടുകളുടെ ഉത്തമോദാഹരണങ്ങളായാണ് സവര്‍ണ ദേശീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്തരം ബഹുമുഖ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ട ടിപ്പു കൈവെക്കാത്ത മേഖലകള്‍ കുറവായിരുന്നുവെന്ന് കെ.കെ.എന്‍ കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ''തികച്ചും ഹ്രസ്വമായ തന്റെ ഭരണകാലയളവില്‍ ആധുനികമായ പല ഭരണനയങ്ങളും സുല്‍ത്താന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. ജമീന്ദാരികളും ജാഗിര്‍ദാരികളും ഇനാം ദാരികളും അവസാനിപ്പിച്ച് കൊണ്ട് ഭൂപ്രഭുത്വത്തെ ഒരളവോളം ഇല്ലാതാക്കാനും റയറ്റുവാരിയിലേക്കുള്ള കാര്‍ഷിക പരിഷ്‌കരണത്തിന് അടിത്തറയിടാനും തരിശുഭൂമികള്‍ ജലസേചനം വഴി ഉല്‍പാദനമുണ്ടാക്കുന്നതിനായി നികുതി ഇളവ് ചെയ്യാനും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ആധുനികതയിലേക്ക് ഉറ്റുനോക്കാനും ആധുനികഗ്രന്ഥശേഖരണമുണ്ടാക്കാനും വിദേശവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ദേശീയ ഉദ്യാനം ഉണ്ടാക്കാനും പുതിയ ഇരുമ്പുശാലകളും വ്യവസായ ശാലകളും നിര്‍മിക്കാനും സൈന്യത്തെ നവീകരിക്കാനും വിദേശങ്ങളില്‍ ഫാക്ടറി സ്ഥാപിക്കാനും എന്നു വേണ്ട അദ്ദേഹത്തിന്റെ പ്രതിഭ ബഹുമുഖ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു (അതേ പുസ്തകം പേ. 10)

യൂറോപ്യന്‍ ആയുധ നിര്‍മാണരീതിയോട് കിടപിടിക്കുന്ന ആധുനിക ഫാക്ടറികളാണ് യുദ്ധ സാമഗ്രികള്‍ക്കായി സുല്‍ത്താന്‍ സ്ഥാപിച്ചത്. ഇവിടെനിന്ന് വികസിപ്പിച്ചെടുത്ത മിസൈലിന്റെ നിര്‍മാണ വൈദഗ്ധ്യം പിന്നീട് യൂറോപ്പില്‍ പോലും ഗവേഷണ വിഷയമായിത്തീര്‍ന്നു. ഇന്ത്യന്‍ ഭരണാധികാരികളും ശാസ്ത്രജ്ഞന്മാരും അവഗണിച്ച സുല്‍ത്താന്റെ മിസൈല്‍ സാങ്കേതിക വിദ്യ ആദരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായിരുന്നുവെന്ന് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രശസ്ത റോക്കറ്റ്-മിസൈല്‍ ഡിസൈനിംഗ് വിദഗ്ധന്‍ എ.പി.ജെ അബ്ദുല്‍കലാം തന്റെ ആത്മകഥയില്‍ പരിതപിക്കുന്നുണ്ട് ''നാസയുടെ അന്തരീക്ഷ നിരീക്ഷണത്തിനുള്ള 'സൗണ്ടിംഗ് റോക്കറ്റ് പ്രോഗ്രാമിന്റെ പ്രധാനസ്ഥലം. ഇവിടത്തെ സ്വീകരണ മുറിയില്‍ വളരെ പ്രാധാന്യം നല്‍കി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു വര്‍ണചിത്രം ഞാന്‍ കണ്ടു. അന്തരീക്ഷത്തില്‍ ഏതാനും റോക്കറ്റുകള്‍ ചീറിപ്പായുന്ന ഒരു യുദ്ധരംഗമാണ് അതില്‍ ചിത്രീകരിച്ചിരുന്നത്. ഒരു വ്യോമകേന്ദ്രത്തില്‍ സ്ഥാപിക്കാവുന്ന സാധാരണചിത്രം. എന്നാല്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്, അതിലെ റോക്കറ്റ് വിക്ഷേപകരായ സൈനികര്‍ വെള്ളക്കാരായിരുന്നില്ല, പ്രത്യുത ദക്ഷിണ ഏഷ്യന്‍ വംശജരുടെ ഛായയുള്ള ഇരുണ്ട നിറക്കാരായിരുന്നു എന്നതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം ജിജ്ഞാസ വര്‍ധിച്ചപ്പോള്‍ ഞാനാചിത്രം അടുത്തു ചെന്നു നോക്കി. ബ്രിട്ടീഷുകാരെ ആക്രമിക്കുന്ന ടിപ്പുസുല്‍ത്താന്റെ സൈന്യമായിരുന്നു അതില്‍. ടിപ്പുവിന്റെ സ്വന്തം നാട്ടില്‍ വിസ്മരിക്കപ്പെട്ട ഒരു വസ്തുത ഇതാ ഭൂഗോളത്തിന്റെ എതിര്‍വശത്തുള്ള ഒരു രാജ്യത്ത് ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നു. റോക്കറ്റ് യുദ്ധ സങ്കേതത്തിലെ വീരനായ ഒരു ഭാരതീയനെ നാസ ഇപ്രകാരം ആദരിച്ചത് എന്നെ അഭിമാന പുളകിതനാക്കി'' (അഗ്നിചിറകുകള്‍ - എ.പി.ജെ അബ്ദുല്‍ കലാം പേജ് 57,58).
മുന്‍വിധിയുടെ വര്‍ഗീയ കണ്ണടകള്‍ മാറ്റിവെച്ച് സമ്പന്നമായ പൈതൃകങ്ങളെ തിരിച്ചറിയുവാനും ആദരിക്കാനും നമ്മുടെ രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വങ്ങള്‍ക്ക് ഇനിയുമെന്നാണ് സാധിക്കുക.

Monday, July 2, 2012

മാലിന്യ കേരളത്തിന്റെ വര്‍ത്തമാനം



സിന്ധു നദീതടത്തില്‍ നാലായിരം വര്‍ഷം മുമ്പ് നിലനിന്നിരുന്ന സംസ്‌കാരങ്ങളാണ് മോഹന്‍ജോദാരയും ഹാരപ്പയും. പുരാവസ്തു ഗവേഷകര്‍ മഹത്തായ സംസ്‌കാരങ്ങളായി ഇവയെ വിലയിരുത്താനുള്ള മുഖ്യ കാരണം, ആസൂത്രണ വൈദഗ്ധ്യം വിളിച്ചോതുന്ന അവരുടെ മാലിന്യ സംസ്‌കരണ സംവിധാനമാണ്. വീടുകളിലെയും തെരുവുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒട്ടും ദുര്‍ഗന്ധം വമിക്കാത്ത മൂടികളോട് കൂടിയ ഓടകളാണ് അവരൊരുക്കിയിരുന്നത്. നാഗരിക വികാസത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും അടിസ്ഥാന സൂചകമായാണ് മാലിന്യ നിര്‍മാര്‍ജനത്തെയും ശുചിത്വത്തെയും കണ്ടിരുന്നത്. ഒരു സമൂഹം സംസ്‌കാര സമ്പന്നമാണോ എന്നറിയാന്‍ അവരുടെ മാലിന്യ നിര്‍മാര്‍ജന രീതികള്‍ പരിശോധിച്ചാല്‍ മതി. ഈ സാംസ്‌കാരിക മാപിനി വെച്ച് വര്‍ത്തമാന ഇന്ത്യയെയും കേരളത്തെയും അളന്നാല്‍ നാം ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരും.


ഖരമലിനീകരണത്തിലും ജല-വായു മലിനീകരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 1974-ല്‍ ജല മലിനീകരണ നിയമം നടപ്പാക്കിയ രാജ്യത്തിന്റെ ദുഃസ്ഥിതിയാണിത്. നാല്‍പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ (1976) പരിസ്ഥിതി സംരക്ഷണത്തിന് നിയമപരമായ വ്യവസ്ഥ ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായ ഇന്ത്യ 2011-ലെ നിലവാര സൂചികയനുസരിച്ച് മലിനീകരണത്തില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ്. യേല്‍ യൂനിവേഴ്‌സിറ്റിയിലെ പരിസ്ഥിതി നിയമന കേന്ദ്രവും കൊളംബിയ യൂനിവേഴ്‌സിറ്റിയും മാലിന്യ നിര്‍മാര്‍ജന വിഷയത്തില്‍ 132 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 116 ആണ്. വായു മലിനീകരണത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ക്രമപ്പെടുത്തുന്ന 'എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്' (ഇ.പി.ഐ) പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലൊട്ടാകെ നഗരങ്ങളില്‍ 7.4 മില്യന്‍ ടണ്‍ ഖരമാലിന്യവും ഫസ്റ്റ് ക്ലാസ് സിറ്റികളിലെ ജലമാലിന്യം മാത്രം 12145 മില്യന്‍ ലിറ്ററുമുണ്ടെന്നാണ് കണക്ക്.


കേരളം പ്രതിദിനം പുറന്തള്ളുന്ന മാലിന്യം 8338 ടണ്‍ വരും. മൊത്തം മാലിന്യങ്ങളുടെ 13 ശതമാനം അഞ്ചു കോര്‍പറേഷനുകളില്‍ നിന്നും 23 ശതമാനം 53 മുന്‍സിപ്പാലിറ്റികളില്‍ നിന്നുമാണ്. അഞ്ചു വര്‍ഷം മുമ്പുള്ള കണക്കാണിത്. നഗരവത്കരണത്തിന്റെ തോതില്‍ അഞ്ചു വര്‍ഷം കൊണ്ടുണ്ടായ വര്‍ധനവ് വെച്ചു നോക്കുമ്പോള്‍ പുതിയ കണക്കുകള്‍ ഇതിലും ഭീകരമായിരിക്കും.


മാലിന്യ പ്രശ്‌നം എന്തുകൊണ്ട്?
മാലിന്യങ്ങള്‍ ഇത്രയധികം വര്‍ധിക്കാനുണ്ടായ മുഖ്യ കാരണം നഗരവത്കരണമാണ്. പുതിയ ജീവിതശൈലിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലെ ഫ്‌ളാറ്റുകളിലേക്കുള്ള കുടിയേറ്റം വ്യാപകമായി. നൂറോളം കുടുംബങ്ങള്‍ ഒരു കെട്ടിടത്തില്‍ താമസിക്കുമ്പോള്‍ ഇത്രയും പേരുടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ (മാലിന്യങ്ങള്‍ ) സംസ്‌കരണമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഉപഭോഗത്തിലുണ്ടായ വര്‍ധനവും മാറിയ ഭക്ഷണശീലവും ജീവിതശൈലിയുമാണ് മറ്റു കാരണങ്ങള്‍ . കേരളമൊരു ഉപഭോക്തൃ സമൂഹമായി മാറിയതോടെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളുടെ അളവും വര്‍ധിച്ചു. ആഘോഷങ്ങളും സമ്മേളനങ്ങളും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് സൃഷ്ടിക്കുന്നത്. ഫാക്ടറികള്‍ , ഹോട്ടലുകള്‍ , മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ , അറവുശാലകള്‍ , കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ , വീടുകള്‍ തുടങ്ങിയ പരമ്പരാഗത മാലിന്യ ഉല്‍പാദന കേന്ദ്രങ്ങള്‍ കൂടി ചേരുന്നതോടെ മാലിന്യ കേരളത്തിന്റെ ചിത്രം പൂര്‍ണമാവും.


ഇവയെല്ലാം സംസ്‌കരിക്കാനോ നിക്ഷേപിക്കാനോ ഇടങ്ങളില്ലാതെ കേരളം വീര്‍പ്പുമുട്ടുകയാണ്. 'പരിഷ്‌കൃതരായ' നഗരവാസികള്‍ മാലിന്യങ്ങള്‍ തള്ളാന്‍ നഗരപ്രാന്തങ്ങളിലോ സമീപ ഗ്രാമ പ്രദേശങ്ങളിലോ 'സുരക്ഷിത സ്ഥലം' കണ്ടെത്തുന്നു. വാഹനങ്ങളില്‍ വന്ന് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. തോടുകളും നദികളും കുളങ്ങളും ചവര്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറുകയാണ്. ഈ 'പരിഷ്‌കൃത' സംസ്‌കാരം നഗരങ്ങളില്‍ നിന്ന് ചെറു പട്ടണങ്ങള്‍ വഴി ഗ്രാമങ്ങളിലുമെത്തിയിരിക്കുന്നു. ജലസ്രോതസ്സുകളുടെ നീരൊഴുക്കിനെ ഇതു തടസ്സപ്പെടുത്തുന്നു. മഴക്കാലം ആരംഭിച്ചതോടെ മാലിന്യ ദുരന്തവും പകര്‍ച്ചവ്യാധികളും പതിന്മടങ്ങായിരിക്കുന്നു.


നമ്മുടെ മാലിന്യ സംസ്‌കരണ രീതിയില്‍ അടിമുടി മാറ്റം വന്നില്ലെങ്കില്‍ ഈ വാര്‍ഷിക പകര്‍ച്ച വ്യാധികളുടെ ദുരന്തം പതിന്മടങ്ങ് ശക്തിയോടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമിടയിലുള്ള സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും അശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതും ഇതര സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ പ്രായോഗികമല്ല. ഒരു പട്ടണം കഴിഞ്ഞാല്‍ വിശാലവും വിജനവുമായ സ്ഥലങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ സാധാരണമാണ്. അതിനാല്‍ അവിടങ്ങളില്‍ മാലിന്യ സംസ്‌കരണം ജനജീവിതത്തിന് പൊതുവെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ്. പട്ടണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഗ്രാമങ്ങള്‍ . പട്ടണങ്ങളും ഗ്രാമങ്ങളും തമ്മില്‍ അതിര്‍വരമ്പുകളോ അവയ്ക്കിടയില്‍ വിജന സ്ഥലങ്ങളോ ഇല്ല. നഗരവത്കരണവും ജനസാന്ദ്രതയുമാകട്ടെ അനുദിനം വര്‍ധിക്കുകയാണ്. നഗരങ്ങളിലെ മാലിന്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ തള്ളുന്ന 'മാലിന്യ സംസ്‌കരണം' ഇനി നടക്കില്ല.


പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും നിയമങ്ങളില്ലാത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. നിലവിലുള്ള സംസ്‌കരണ കേന്ദ്രങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണം. അഞ്ചു കോര്‍പറേഷനുകളിലും 49 മുനിസിപ്പാലിറ്റികളിലും സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമാണ് ഫലപ്രദമായി മാലിന്യം സംസ്‌കരിക്കുന്നത്. മിക്ക പ്ലാന്റുകളും സംസ്‌കരണ കേന്ദ്രമല്ല, സംഭരണ കേന്ദ്രമാണ്. ഓരോ നഗരത്തെയും ചുറ്റിപ്പറ്റി മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഞെളിയന്‍ പറമ്പുകള്‍ ഉണ്ടായതിങ്ങനെയാണ്. ഇവിടെ നഗരങ്ങളുടെ വളര്‍ച്ചക്ക് ഗ്രാമങ്ങളാണ് പിഴയൊടുക്കുന്നത്.
സമരങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം കൊണ്ട് പത്തര ലക്ഷം ടണ്‍ മാലിന്യം കുമിഞ്ഞുകൂടിയ സംസ്‌കരണ കേന്ദ്രമാണ് വിളപ്പില്‍ശാല. ഈ ഗ്രാമം തിരുവനന്തപുരം നഗരത്തിന്റെ മാലിന്യം പേറുന്ന കുപ്പത്തൊട്ടിയാണ്.  1998-ലാണ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 90 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടെന്നായിരുന്നു അവകാശവാദം. അതേസമയം ഇത്രയും മാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ദിവസവും 206 ടണ്‍ എന്ന കണക്കിന് മാലിന്യം പ്ലാന്റില്‍ എത്തുന്നുമുണ്ട്. പല രോഗങ്ങള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കുമിത് ഇടയാക്കി. പ്രദേശത്തെ നീരുറവകള്‍ മലിനമാകുകയും ചുറ്റുപാടും ദുര്‍ഗന്ധപൂരിതമാവുകയും ചെയ്തു.


ജല-വായുമലിനീകരണം, പകര്‍ച്ച വ്യാധികള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് 12 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഫാക്ടറി ജനകീയ സമ്മര്‍ദം മൂലം പ്രസിഡന്റ് ശോഭനകുമാരിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതി പൂട്ടിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണത്തില്‍ മാലിന്യം സംസ്‌കരിക്കാനുള്ള വിധി സമ്പാദിച്ചുവെങ്കിലും ശക്തമായ ജനകീയ സമരത്തെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ മീഡിയേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹാരത്തിന് ശ്രമിക്കാന്‍ കോടതി തന്നെ മുന്‍കൈയെടുക്കേണ്ടിവന്നു.


നഗരത്തിന്റെ കുപ്പത്തൊട്ടികളായി മാറിയ ഇതര പ്രദേശങ്ങള്‍ക്കും പറയാനുള്ളത് വിളപ്പില്‍ശാല ദുരന്തക്കഥയുടെ തുടര്‍ച്ച തന്നെയാണ്. പതിറ്റാണ്ടുകളായി തലശ്ശേരി നഗരത്തിന്റെ മാലിന്യങ്ങള്‍ പേറുന്ന ഗ്രാമമാണ് ന്യൂമാഹി പഞ്ചായത്തിലെ പുന്നോല്‍ പെട്ടിപ്പാലം. ഇവിടത്തെ വെള്ളവും വായുവും എന്നോ മലിനമായി. ജീവിതം തന്നെ ദുസ്സഹമായപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ സംഘടിച്ച് സമരത്തിനിറങ്ങുകയായിരുന്നു. തലശ്ശേരി നഗരസഭയിലെയും ന്യൂ മാഹി പഞ്ചായത്തിലെയും ഭരണകക്ഷിയായതിന്റെ പേരില്‍ മാത്രം സി.പി.എം മാലിന്യവിരുദ്ധ സമരത്തിന്റെ എതിര്‍ ചേരിയിലാണ് നിലയുറപ്പിച്ചത്. പര്‍ദയിട്ട പെണ്ണുങ്ങളെ ചൂണ്ടി മതമൗലികവാദവും തീവ്രവാദവും ആരോപിച്ച് സമരത്തെ അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സമരം തുടങ്ങി നാലര മാസം പിന്നിട്ടശേഷം പോലീസ് സഹായത്തോടെ സമരപന്തല്‍ പൊളിച്ച് സ്ത്രീകളെയും കുട്ടികളെയും അടിച്ചൊതുക്കുകയായിരുന്നു കോര്‍പറേഷന്‍ . തോറ്റുകൊടുക്കാന്‍ തയാറല്ലാത്ത ജനങ്ങള്‍ വീണ്ടും സമരത്തിന് ഇറങ്ങിയതാണ് പെട്ടിപ്പാലത്ത് നിന്നുള്ള ഒടുവിലത്തെ വാര്‍ത്ത.


തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തലശ്ശേരിയിലെ പെട്ടിപ്പാലം, തൃശൂരിലെ ലാലൂര്‍ , കൊല്ലത്തെ കൂരിപ്പുഴ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊച്ചിയിലെ ബ്രഹ്മപുരം, കോട്ടയത്തെ വടവാതൂര്‍ , ഇടുക്കിയിലെ പാറക്കടവ്, പാലക്കാട്ടെ കൊടുമ്പ്, വയനാട്ടിലെ കണിയാമ്പറ്റ, കാസര്‍ക്കോട്ടെ ചെമ്മട്ടം കായല്‍ .... പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കു പൊത്തുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട്. ഒരേസമയം കേരളത്തിന്റെ ജീര്‍ണ സംസ്‌കാരത്തിന്റെ കുപ്പത്തൊട്ടികളായും തീക്ഷ്ണ സമരത്തിന്റെ കനല്‍വേദികളായും ഇവ മാറുകയാണ്. ഏറെ സംസ്‌കാര സമ്പന്നമെന്ന് ഘോഷിക്കുന്ന കേരളീയ പൊതുബോധത്തിന് നേരെയുള്ള ചോദ്യചിഹ്നങ്ങളാണ് ഉയര്‍ന്നുവരുന്ന ഓരോ മാലിന്യവിരുദ്ധ സമരവും.
പരിഹാര സാധ്യതകള്‍
പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണവും ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള സംസ്‌കരണ കേന്ദ്രങ്ങളുമാണ് കേരളത്തിനാവശ്യം. ജീവിതശൈലിയിലും സാമൂഹിക ശുചിത്വമനോഭാവത്തിലും കാര്യമായ മാറ്റമില്ലാതെ രണ്ടും വിജയിക്കില്ല. ദേഹശുദ്ധി പോലെ പ്രധാനമാണ് നഗരശുദ്ധിയും. തന്റെ മുറ്റത്ത് നിന്ന് അടുത്ത പുരയിടത്തിലേക്ക് മാലിന്യങ്ങള്‍ നീട്ടിയെറിഞ്ഞാല്‍ ശുചിത്വം പൂര്‍ത്തിയായി എന്ന സ്വാര്‍ഥ ചിന്ത വെടിയണം. ഈ സ്വാര്‍ഥതയുടെ പരിഷ്‌കരിച്ച രൂപമാണ് നഗര മാലിന്യങ്ങള്‍ ഗ്രാമത്തില്‍ തള്ളുന്നത്. മനുഷ്യവാസമുള്ളേടത്തെല്ലാം മാലിന്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ അവ സംസ്‌കരിക്കുന്നതിലാണ് മനുഷ്യന്റെ സംസ്‌കാരം പ്രകടമാവേണ്ടത്.
മാലിന്യങ്ങള്‍ ഉണ്ടാകുന്നിടത്തുതന്നെ സാധ്യമാവുന്നിടത്തോളം സംസ്‌കരിക്കാനുള്ള രീതികളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നുണ്ട്. ഉല്‍പാദന കേന്ദ്രത്തില്‍തന്നെ മാലിന്യം നശിപ്പിക്കുന്നതിനുള്ള ഇന്‍സിനേറ്ററുകള്‍ പോലുള്ളവ ഫ്‌ളാറ്റുകളിലും വന്‍കിട ഹോട്ടലുകളിലും ഏര്‍പ്പെടുത്തിയാല്‍ പൊതുസ്ഥലത്ത് എത്തുന്ന മാലിന്യത്തിന്റെ അളവ് വലിയ തോതില്‍ കുറയും.  മാലിന്യ നിര്‍മാര്‍ജന സംവിധാനം നല്ല രീതിയില്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൈവമാലിന്യങ്ങളെയും പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളെയും വേര്‍തിരിച്ചിട്ടാണ് സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നത്.


സംസ്‌കരിക്കല്‍ പ്രയാസകരമായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും പുനര്‍ചംക്രമണം നടത്താനും ആവശ്യമായ സംവിധാനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം (1994-ല്‍ കേരള നിയമസഭ പാസ്സാക്കിയ കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭകളുടെ നിര്‍ബന്ധിത ഉത്തരവാദിത്വത്തില്‍ പെട്ടതാണ് ഖരമാലിന്യ നിര്‍മാര്‍ജനം). ഉറവിടത്തില്‍ വെച്ചുതന്നെയുള്ള ജൈവ മാലിന്യ സംസ്‌കരണം അപ്രായോഗികമായ ഇടങ്ങളില്‍ നിന്ന് മാത്രമേ അവ ഏറ്റെടുക്കേണ്ടതുള്ളൂ. സംസ്‌കരണത്തിന് സ്വന്തമായി സൗകര്യമുള്ളവര്‍ക്ക് സംവിധാനമൊരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സഹായങ്ങളും സബ്‌സിഡികളും വാഗ്ദാനം ചെയ്യുന്നുണ്ട്. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഒന്നിലധികം വീട്ടുകാരുമായും അടുത്തുള്ള ഹോട്ടലുകളുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്നും പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്. ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോ ഗ്യാസും കമ്പോസ്റ്റ് വളവും നിര്‍മിക്കുന്നതിന് നബാര്‍ഡ് സാമ്പത്തിക സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു.


ശുചിത്വബോധം നാം വീട്ടില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. ഒരു വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ തന്നെ നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. അണുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഫ്രിഡ്ജ് വലിപ്പത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ വീടു മാറുമ്പോള്‍ മാറ്റി സ്ഥാപിക്കാന്‍ സൗകര്യമുള്ളതാണ്. ഇതൊന്നും അപ്രായോഗികമല്ല.


450 ടണ്‍ മാലിന്യം ഓരോ ദിവസവും സംസ്‌കരിക്കുന്ന മൈസൂര്‍ -കോയമ്പത്തൂര്‍ പ്ലാന്റുകളുടെ മാതൃക നമ്മുടെ മുമ്പിലുണ്ട്. കേരളത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി എങ്ങനെ നടപ്പാക്കാമെന്ന് ഭരണാധികാരികള്‍ ആലോചിക്കണം. പുതിയ സംസ്ഥാന ബജറ്റിലും മുന്‍സിപ്പല്‍-കോര്‍പറേഷന്‍ ബജറ്റുകളിലും കോടിക്കണക്കിന് രൂപ വകയിരുത്തി പുതിയ മാലിന്യ സംസ്‌കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ്. പതിവുപോലെ പദ്ധതികള്‍ കടലാസ്സിലൊതുങ്ങിയാല്‍ വരുംകാലങ്ങളില്‍ മൂക്കു പൊത്താതെ കേരളീയന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാവും വന്നുചേരുക.

Monday, June 4, 2012

എന്റെ പ്രണയം ഇടി വെട്ടി പെയ്യുന്നു ...



മഴയോട് ഞാന്‍ കൂട്ട് കൂടാന്‍ തുടങ്ങിയത് എന്നാണ് ?
ഉമ്മയുടെ മടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി നിലത്തു കാലുറപ്പിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ മഴയുടെ നനഞ്ഞ നോട്ടം എന്നില്‍ കുളിര് കോരിയിട്ടിരിക്കണം. രാത്രിയുടെ ഇരുട്ടില്‍ ഉമ്മയുടെ ചൂടേറ്റു ഞാനുറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാറ്റിന്റെ അകമ്പടിയോടെ വാതിലില്‍ തുരുതുരാ മുട്ടി മഴയെന്നെ പുറത്തേക്കു കൂട്ട് വിളിച്ചിരുന്നു .
പിന്നെ പിന്നെ മഴയോടൊപ്പം ഞാനും വളര്‍ന്നു .എപ്പോഴോ മഴയെന്ന ബാല്യകാലസഖി എന്റെ പ്രണയിനിയായി .വീടിനു പുറത്തിറങ്ങി എന്റെ കാമുകിയോടൊപ്പം ലയിച്ചും തിമിര്‍ത്തും ഞാന്‍ കലപില കൂട്ടി .ഇടയ്ക്കിടെ വരുന്ന പനിയായിരുന്നു ഞങ്ങളുടെ പ്രണയ സല്ലാപങ്ങള്‍ക്കിടയിലെ സ്ഥിരം വില്ലന്‍ .പനിച്ചു പിച്ചും പേയും പറയുന്ന എനിക്ക് ,പുറത്തു നൃത്തം  ചെയ്യുന്ന അവളെ കണ്‍നിറയെ കാണാന്‍ ഉമ്മ ജനവാതില്‍ തുറന്നിടുമായിരുന്നു. മഴയോടുള്ള എന്റെ  പ്രണയം   ഉമ്മ രഹസ്യമായി അറിഞ്ഞുട്ടുണ്ടായിരിക്കും . ഉപ്പ ഉപേക്ഷിച്ചു പോയതില്‍ പിന്നെ അകവും പുറവും നിശബ്ദമായ ആ ഓല മേഞ്ഞ കുരയില്‍ ബഹളമയമായ വാചാലത നിറച്ചിരുന്ന മഴയെ ഉമ്മയും സ്നേഹിച്ചിരിക്കണം.
കൌമാരം പിന്നിട്ടതും എന്റെ ഭ്രാന്തന്‍ പ്രണയമഴ ചിറപ്പൊട്ടിയൊഴുകി. മഴയൊരുക്കുന്ന തോടിന്റെ കുത്തൊഴുക്കിലും കുളത്തിന്റെ ആഴപ്പരപ്പിലും കിടന്നുരുളാന്‍ ഞാനെന്റെ മഴക്കാലത്തെ കെട്ടഴിച്ചു വിട്ടു .മാനത്തു നിന്ന് പൊട്ടി വീഴുന്ന മഴയെ വായിലേക്ക് കമഴ്ത്തി എനിക്ക് നഷ്ട്ടപ്പെട്ട സ്നേഹ ദാഹത്തെ ഞാന്‍ തിരിച്ചു പിടിക്കാന്‍ വ്യഥാ ശ്രമം നടത്തി.ചിലപ്പോള്‍ രാത്രിയില്‍ മഴനാരു കൊണ്ട് ഊഞ്ഞാലു കെട്ടി എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ തിമിര്‍ത്താടി .
മഴയോടെനിക്കിത്ര ഒടുക്കത്തെ പ്രണയമെന്താണ് ?
സ്വര്‍ണ്ണ നാരുകള്‍ പോലെ ഊര്‍ന്നിറങ്ങുന്ന അതിന്റെ സൗന്ദര്യഭാവമാണോ ?
ഒരിക്കലുമല്ല ...
സൌന്ദര്യത്തെ പ്രണയിക്കുന്നതിനു മുന്‍പേ മഴയെന്റെ കാമുകിയായിരുന്നു .
സങ്കടങ്ങള്‍ കറുത്തിരുണ്ട് മേഘാവ്രതമാക്കിയ  എന്റെ ബാല്യകാലം മഴയായ് പെയ്ത്  എന്നില്‍ തന്നെ ഒലിച്ചിറങ്ങിയതാണോ ?
കഴിഞ്ഞ വര്‍ഷം കരഞ്ഞു പിരിയുമ്പോഴും ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് കഴിഞ്ഞിട്ടില്ല .
 അവളുടെ അഭാവത്തില്‍ എന്റെ ഭ്രാന്ത് മുറുകുന്നതിനു മുന്‍പേ കഴിഞ്ഞ വേനലില്‍ ഉമ്മ എന്റെ വിവാഹം നടത്തി .
ഒരു വര്‍ഷത്തിനു ശേഷം ഒടുവില്‍ ഇന്നലെ പാതിരാത്രി ഒരു മണിക്ക്, മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെയവള്‍ ജാലകവാതില്‍ മുട്ടി വിളിച്ചുണര്‍ത്തി.ജാലകം തുറന്നപ്പോള്‍ ഈറനുടുത്തു നനഞു കുതിര്‍ന്നു നൃത്തം  ചെയ്യുകയാണവള്‍ .
പാതിരാത്രി ഉറക്കത്തില്‍ നിന്ന് എന്നെ ഉണര്‍ത്താന്‍ നമുക്കിടയിലുള്ള ബന്ധം എന്താണ് ?
ഒന്നുമറിയാതെ ഉറങ്ങുന്ന സഹധര്‍മിണിയെ അവള്‍ കാണാതിരിക്കാന്‍ പുതപ്പിനുള്ളിലാക്കി,  ഉറക്കച്ചടവോടെ ഞാന്‍ ചോദിച്ചു.
നൃത്തത്തിന്റെ ചുവടു ദൃതഗതിയിലാക്കി അവള്‍ എന്റെ മുഖത്തേക്ക് മഴനാരെറിഞ്ഞു.ബാല്യം മുതല്‍ സ്പര്‍ശിച്ച ആ നനുത്ത പ്രണയ തുള്ളികള്‍ എന്റെ ശ്യാസം മുട്ടിച്ചു.അകം പൊള്ളിയ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നതിനു മുന്‍പേ ഈര്‍ഷ്യതയോടെ ഞാന്‍ ജനവാതില്‍ കൊട്ടിയടച്ചു .
അപ്രതീക്ഷമായ എന്റെ പ്രണയനിരാസത്തില്‍ പ്രതിഷേധിച്ചു പുലര്‍ച്ച വരെ പുറത്തു അമര്‍ത്തിയും മൂളിയും കൈകാലിട്ടടിച്ചും അവള്‍  സീല്‍ക്കാരം തുടര്‍ന്നു  . നേരം വൈകിയുണര്‍ന്നു പുറത്തിറങ്ങിയപ്പോഴാണ് തലേന്ന് രാത്രിയവള്‍ ഒഴുകിപരന്നതിന്റെ നനവ്‌ വറ്റാത്ത പാടുകള്‍ കണ്ടത് .
ഇനി നാളെ മുതല്‍ രാത്രിയും പകലും അവളെനിക്കു മുന്‍പില്‍ ഈറനുടുത്തു  നൃത്തം    ചെയ്യുമ്പോള്‍ ഞാനെന്തു ചെയ്യും ? നിങ്ങള്‍ തന്നെ പറയൂ ...