ഓര്‍മ വെച്ച നാളുമുതലേ പെരുന്നാളു പോലെ ഓണവും കൂടെയുണ്ട്. ഉമ്മയുടെ തറവാട് വീട് ഒഴിച്ചു നിര്‍ത്തിയാല്‍ തൊട്ടയല്‍പ്പക്കത്തുള്ളവരെല്ലാം ഹിന്ദുക്കളായിരുന്നു. അതില്‍ മിക്ക വീടുകളും ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തം വീടുപോലെ അടുക്കള വരെ കയറിയിറങ്ങാന്‍ സ്വാതന്ത്ര്യമുള്ളതായിരുന്നു. കളിക്കൂട്ടുകാരിലും നല്ലൊരു പങ്ക് ഈ വീടുകളിലെ സമപ്രായക്കാരായിരുന്നു. അതിനാല്‍ തിരുവോണ ദിവസം ഞങ്ങളുടെ വീട്ടില്‍ ഉച്ച ഭക്ഷണം പാകം ചെയ്യാറില്ല. പെരുന്നാള്‍ ദിവസം അവരുടെ വീട്ടിലും. ഇന്നും അതങ്ങനെ തന്നെ തുടരുന്നു. ഓണാവധിക്ക് പത്ത് ദിവസം സ്‌കൂളടക്കുന്നതോടെ തന്നെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഓണത്തിരക്ക് തുടങ്ങുമായിരുന്നു. അയല്‍പ്പക്ക വീടുകളില്‍ അത്തം ഒന്നുമുതല്‍ ഓണപ്പൂക്കളമൊരുക്കും. അതിനുള്ള പൂക്കള്‍ തേടി അവിടത്തെ കുട്ടികള്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ ഞങ്ങളും തൊട്ടടുത്ത കുന്നും തൊടികളും കയറിയിറങ്ങും. ആ പൂക്കളെല്ലാം ചേര്‍ത്തുവെച്ച് അവര്‍ ഒരുക്കിയ പൂക്കളം കണ്ടിട്ടാണ് പിറ്റേന്ന് രാവിലെ മദ്രസയിലേക്ക് പോയിരുന്നത്. നിലവിളക്ക് കത്തിച്ച് സന്ധ്യാനാമം ചെല്ലുമ്പോഴാണ് ചിലപ്പോഴെല്ലാം ഞങ്ങള്‍ അവരുടെ വീടകങ്ങളില്‍നിന്ന് സ്വന്തം വീട്ടിലേക്ക് ഓടിയിരുന്നത്. നാമം ജപിക്കുമ്പോള്‍ അവിടത്തെ കുട്ടികള്‍ക്കൊപ്പം ഞങ്ങള്‍ മുസ്‌ലിം കുട്ടികളും മിണ്ടാതിരിക്കും. തൊട്ടടുത്ത പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവരും സംസാരം നിര്‍ത്തും. ഇങ്ങനെ പരസ്പരം അറിഞ്ഞും ആദരിച്ചും അതിരടയാളങ്ങള്‍ പാലിച്ചുമായിരുന്നു ഞങ്ങളുടെ സഹവര്‍ത്തിത്വം. അതൊക്കെ ആരും പഠിപ്പിക്കാതെ തന്നെ ഞങ്ങള്‍ മുതിര്‍ന്നവരില്‍ നിന്ന് കണ്ട് ശീലിച്ചതായിരുന്നു. മഗ്‌രിബ് നമസ്‌കാരമായിട്ടും വീട്ടില്‍ പോകാതെ വല്ലയിടത്തും ചടഞ്ഞു കൂടുന്നത് കണ്ടാല്‍ 'ബാങ്ക് കൊടുത്തത് കേട്ടില്ലേ, പോയി നമസ്‌കരിക്കെടാ' എന്ന് തൊട്ടടുത്ത് വീട്ടിലെ ചേച്ചി വരെ ശാസിക്കുമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ മതവും മതേതരത്വവും.
സ്വാദിഷ്ഠമായ സദ്യയോടൊപ്പമുള്ള ഓണം ഓര്‍മകളില്‍ ആദ്യമായി കല്ലുകടിയുണ്ടാവുന്നത് ഏഴാം വയസ്സിലാണ്. 1993 ല്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ അവസാന ഓണപ്പരീക്ഷാ ദിനം. അങ്കണവാടി പ്രായം തൊട്ടേ സഹപാഠിയായ രാജേഷ് പരീക്ഷ കഴിഞ്ഞ് മറ്റ് കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന എന്റെയടുത്തെത്തി. 'ഓണത്തിന് വീട്ടിലേക്ക് വരാന്‍ മറക്കല്ലേ' അത്രയേ രാജേഷ് പറഞ്ഞുള്ളൂ. അപ്പോഴേക്കും ക്ലാസിലെ മുതിര്‍ന്നവനായ നജീബ് ഇടപെട്ടു. 'ഞങ്ങടെ പള്ളി പൊളിച്ച നിങ്ങളുടെ ഓണം കഴിക്കാന്‍ ഞങ്ങള്‍ വരില്ല.' നജീബ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ എനിക്കും രാജേഷിനും അല്‍പ്പം സമയം വേണ്ടി വന്നു. 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് പൊളിച്ച ശേഷമുള്ള ആദ്യ ഓണമായിരുന്നു അത്. ഇന്നത്തെ പോലെ വീടുകളില്‍ പത്രങ്ങളോ ടെലിവിഷനോ ഇല്ലാത്തതിനാല്‍ എവിടെയോ ആരോ ഒരു പള്ളി പൊളിച്ചുവെന്നല്ലാതെ മൂന്നാം ക്ലാസിലെ ആ പ്രായത്തില്‍ അതിനപ്പുറമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളുടെ ആ അജ്ഞതയിലേക്കാണ് ടി.വിയും പത്രവുമുള്ള വീട്ടില്‍ നിന്നു വരുന്ന നജീബിന്റെ 'പള്ളി പൊളിച്ചത് ഹിന്ദുക്കളാണെ'ന്ന പ്രഖ്യാപനം വരുന്നത്. എന്നെ പോലെ രാജേഷിനും അതൊരു പുതിയ അറിവായിരുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി എന്നിങ്ങനെ ഞങ്ങള്‍ക്ക് ദഹിക്കാത്ത ഒട്ടനവധി പദങ്ങള്‍ പിന്നെയും പറഞ്ഞ് നജീബ് അവന്റെ വഴിക്കു പോയി. പരസ്പരം മുഖത്ത് നോക്കാതെ ഞാനും രാജേഷും വീട്ടിലേക്ക് മടങ്ങി. ആ ഓണത്തിന് ഞാന്‍ രാജേഷിന്റെ വീട്ടിലേക്ക് പോയില്ലെങ്കിലും അയല്‍പക്കത്തുള്ള അഞ്ചു വീടുകളിലും കയറിയിറങ്ങി സുഭിക്ഷമായി സദ്യയും പായസവും അകത്താക്കി. അതെല്ലാം അകത്ത് ചെന്നതോടെ നജീബ് പറഞ്ഞ ഡയലോഗെല്ലാം ഞാന്‍ മറന്നു. ഒരു മൂന്നാം ക്ലാസുകാരന് അവന്റെ ചുറ്റുപാടുകള്‍ പകര്‍ന്നു നല്‍കുന്ന മതസൗഹാര്‍ദത്തേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും. എങ്കിലും എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന ഒരു കുഗ്രാമത്തിലെ മൂന്നാം ക്ലാസുകാരനിലും ബാബരിയുടെ തകര്‍ച്ച പോറലേല്‍പ്പിച്ചെങ്കില്‍ അന്നത്തെ മുതിര്‍ന്നവരുടെ മനസ്സുകളെ അതെത്രമാത്രം പരിക്കേല്‍പ്പിച്ചിരിക്കും! ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ-കലാ-സാംസ്‌കാരിക ജീവിതത്തെ ബാബരി ധ്വംസനത്തിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാമെന്നുള്ള പഠനങ്ങള്‍ പിന്നീട് മുതിര്‍ന്ന ശേഷം വായിച്ചപ്പോള്‍ ഈ കുട്ടിക്കാല അനുഭവമാണ് ഓര്‍മ വന്നത്.
ഓണത്തിന്റെ മതവും മതേതരവുമെന്നൊക്കെയുള്ള ചര്‍ച്ച അക്കാലത്തുണ്ടായിരുന്നില്ല. എങ്കിലും ഓണത്തിന്റെ ഐതിഹ്യം സ്‌കൂളില്‍ നിന്ന് കേട്ടറിഞ്ഞ കാലം മുതല്‍ക്കേ മത-ജാതി വ്യത്യാസമില്ലാതെ ഞങ്ങള്‍ കുട്ടികളെല്ലാവരും മാവേലിയുടെ പക്ഷത്തായിരുന്നു. പൊതുവെ സിനിമാ കമ്പക്കാരായ ഞങ്ങള്‍ക്ക് വാമനന്‍ ഓണക്കഥയിലെ വില്ലന്‍ കഥാപാത്രമായിരുന്നു. 'മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ.... കള്ളവുമില്ല ചതിയുമില്ല. എള്ളോളമില്ല പൊളി വചനം' എന്ന ഈരടികള്‍ ഞങ്ങളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഓണത്തിന്റെ സവര്‍ണ-കീഴാള വായനകള്‍ പരിചയിച്ച മുതിര്‍ന്ന കാലത്തും അതിന്റെ ആഘോഷപരതക്ക് അതൊട്ടും മങ്ങലേല്‍പ്പിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.
ബാല്യവും കടന്ന് കൗമാരത്തിലെത്തിയ ഹൈസ്‌കൂള്‍ പ്രായത്തില്‍ ഒട്ടേറെ ഹിന്ദു സുഹൃത്തുക്കള്‍ പിന്നീടുമുണ്ടായി. പെരുന്നാളിന്നവര്‍ കൂട്ടമായി ഞങ്ങളുടെ വീട്ടിലേക്കും ഓണത്തിന് തിരിച്ചും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തി. സ്‌കൂള്‍ പ്രായം കഴിഞ്ഞ് ശാന്തപുരം ഇസ്‌ലാമിയ്യ കോളേജില്‍ ഒരു വ്യാഴവട്ടക്കാലം പഠനം തുടര്‍ന്നപ്പോഴും ആ സൗഹൃദങ്ങള്‍ പലതും അതിജീവിച്ചത് ഈ ആഘോഷദിനങ്ങളിലെ വീടുസന്ദര്‍ശനങ്ങളിലും കൂടിച്ചേരലുകളിലും സംസാരങ്ങളിലുമായിരുന്നു. ഒരു പക്ഷെ സംഘടനാ ആക്ടിവിസത്തിലും മറ്റുമുള്ള പരിചയത്തില്‍ വീണ്ടും പല ഇതര മതസ്ഥരും സൗഹൃദ വലയത്തില്‍ പുതുതായി വന്നെങ്കിലും ആ സ്‌കൂള്‍ കാലത്തെ ചങ്ങാതിക്കൂട്ടത്തിന്റെ ആഴമൊന്നും ആ ബന്ധങ്ങള്‍ക്കില്ലായിരുന്നു. ഇന്ന് എല്‍.കെ.ജി തൊട്ടേ തന്റെ സമുദായത്തിലുള്ളവര്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളിലേക്ക് അതിരാവിലെ വണ്ടി കയറുന്ന സ്വന്തം കുടുംബത്തിലെയടക്കം കുട്ടികളെ കാണുമ്പോള്‍ അവരുടെയെല്ലാം സൗഹൃദങ്ങളിലെ ഏകാനുഭവങ്ങളെക്കുറിച്ച് ആശങ്കയുണ്ടാവാറുണ്ട്. ബഹുസ്വര സമൂഹത്തില്‍ ഇടപെടേണ്ട ഒരു അനുഭവ നിമിഷവും ലഭിക്കാതെ വളരുന്ന ഈ കുട്ടികള്‍ മുതിര്‍ന്നു വരുമ്പോള്‍ സാമൂഹിക ചുറ്റുപാടുകളെയും അതിലെ വൈവിധ്യങ്ങളെയും എങ്ങനെ അഭിമുഖീകരിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഒട്ടും ബഹുസ്വരമല്ലാത്ത ലോകത്ത് ജീവിച്ചാല്‍ അതവരുടെ മതചിന്തകളെ പോലും ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഒരു ഓണക്കാലത്തായിരുന്നു. 2002 ലെ ഗുജറാത്ത് കലാപവും കഴിഞ്ഞായിരുന്നു അക്കൊല്ലത്തെ ഓണം വന്നത്. ഈ വര്‍ഷം തന്നെയാണ് പതിനെട്ട് തികഞ്ഞ് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ച് ഞാനൊരു സമ്പൂര്‍ണ ഇന്ത്യന്‍ പൗരനാകുന്നത്. പഴയ മൂന്നാം ക്ലാസിലെ ബാബരിയോര്‍മകളിലേക്ക് ചുറ്റുപാടുകള്‍ വീണ്ടുമെത്തിച്ച ദിനങ്ങളായിരുന്നു അത്. പൗരബോധത്തോടൊപ്പം ചിന്തയില്‍ പുതിയ രാഷ്ട്രീയ ബോധവുമുണ്ടായിരുന്നു. സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള വാര്‍ ഓണ്‍ ടെറര്‍ അരങ്ങേറുന്ന കാലം കൂടിയായിരുന്നു അത്. ഇസ്‌ലാമോഫോബിയയുടെ മറവില്‍ ഭീകരതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിംകളെ നിരന്തരം സംശയത്തിന്‍ മുനയില്‍ നിര്‍ത്തുന്ന സാമൂഹിക ചുറ്റുപാട്.
ഗുജറാത്ത് കലാപത്തിന് ശേഷം പൊതുവെ ഹിന്ദു വിഭാഗത്തിലെ പിന്നാക്ക വര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഞങ്ങളുടെ ഗ്രാമത്തിലടക്കം ആര്‍.എസ്.എസ് ശാഖകള്‍ സജീവമാകുന്നുണ്ടായിരുന്നു. ഈ തീവ്രഹിന്ദുത്വത്തിന്റെ പ്രദര്‍ശന ഹിംസക്കും ഇസ്‌ലാമോഫോബിയക്കുമിടയിലാണ് ഓണത്തെക്കുറിച്ച തീവ്രചിന്ത ഉണ്ടാകുന്നത്. ഓണത്തിന് ആശംസകള്‍ നേരാനോ അതിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാനോ പാടില്ലെന്ന പുതിയ അറിവുമായെത്തിയത് പ്രായം കൊണ്ട് പക്വത പ്രാപിച്ച സലഫീ സുഹൃത്തായിരുന്നു. വാദം സമര്‍ഥിക്കാനാവശ്യമായ ഖുര്‍ആനിക ആയത്തുകളും പ്രവാചക വചനങ്ങളും ചരിത്രസംഭവങ്ങളും അവന്റെയടുത്ത് ധാരാളമുണ്ടായിരുന്നു. ആ കലങ്ങിയ സാമൂഹിക പശ്ചാത്തലത്തിലിരുന്ന് അതെല്ലാം കേട്ട് അക്കൊല്ലത്തെ പതിവ് ഓണ സൗഹൃദങ്ങള്‍ വേണ്ടന്ന് വെച്ചതായിരുന്നു. പക്ഷെ, സൗഹൃദങ്ങള്‍ വീണ്ടും അകത്തിരുന്ന് ചങ്ങാത്തം പറഞ്ഞപ്പോള്‍ ശാന്തപുരത്തെ സഹൃദയനായ ഒരു അധ്യാപകനുമായി പ്രശ്‌നം പങ്കുവെച്ചു. ഒരു ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട മര്യാദകളും മുന്‍ഗണനാക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. എല്ലാ തരം ആഘോഷങ്ങള്‍ക്കുമകത്തുള്ള മതപരതയും ആഘോഷപരതയും അദ്ദേഹം വേര്‍തിരിച്ചുതന്നു. മതപരതയോട് കൃത്യമായി അകലം പാലിക്കുമ്പോള്‍ തന്നെ അതിന്റെ ആഘോഷപരതയില്‍ പങ്കുചേരല്‍ സാമൂഹികാവശ്യവും സൗഹാര്‍ദ ശാക്തീകരണത്തിനും അനിവാര്യമാണെന്ന് അദ്ദേഹം ഉണര്‍ത്തി. വികാരം വിവേകത്തിന് വഴിമാറിയതോടെ ആ ഓണവും പതിവ് പോലെ പൂക്കാലമായി മാറി.
2002 ഗുജറാത്ത് കലാപാനന്തരം എന്റെ സൗഹൃദ വൃത്തത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. അതുവരെ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച എന്റെ ചില സഹപാഠികള്‍ ക്ഷേത്രാങ്കണത്തില്‍ കാവിയുടുത്ത് കുറുവടിയേന്തി നടക്കുന്ന ചില ദൃശ്യങ്ങള്‍ അതില്‍പ്പെട്ടതായിരുന്നു. ഹിന്ദുവില്‍ നിന്ന് ഹിന്ദുത്വത്തിലേക്കുള്ള കുറുക്കുവഴികള്‍ ചില ക്ഷേത്രപരിസരങ്ങളില്‍ മുമ്പേ രൂപം കൊള്ളുന്നുണ്ടായിരുന്നു. ഈ മാറ്റം എന്റെ ഗ്രാമത്തില്‍ മാത്രം പരിമിതവുമായിരുന്നില്ല. കേരളവും പതിയെ മാറുകയായിരുന്നു. ആ മാറ്റത്തിനൊപ്പം നമ്മുടെ സൗഹൃദങ്ങളിലും ആഘോഷങ്ങളിലുമൊക്കെയുള്ള പങ്കാളിത്തത്തിലും വിള്ളലുകള്‍ സംഭവിക്കുന്നുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഓണത്തിന് വിളിക്കാറുള്ള സഹപാഠികളില്‍ ചിലരെല്ലാം അതൊഴിവാക്കി തുടങ്ങിയത് ഈ വര്‍ഷം മുതലായിരുന്നു. 'കാളനാവാമെങ്കില്‍ കാളയുമാവാ'മെന്ന ചര്‍ച്ചയും 'ഓണം ദേശീയ ഉത്സവമാവാമെങ്കില്‍ പെരുന്നാളിനും എന്തുകൊണ്ട് അതായിക്കൂടാ' എന്ന ചര്‍ച്ചകളും സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നു കേട്ടതും അക്കാലത്ത് തന്നെ. ഓണത്തിന്റെ സവര്‍ണതയും കീഴാളവിരുദ്ധതയുമെല്ലാം വായനയില്‍ കയറിവന്ന കാലവും ഇതു തന്നെയായിരുന്നു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം വന്ന ഓണമാണ് മറ്റൊരു സങ്കീര്‍ണത സമ്മാനിച്ച ചിങ്ങമാസം. ഭീകര വേട്ടകളും വ്യാജ ഏറ്റുമുട്ടലുകളുമെല്ലാം സ്വത്വബോധത്തെ അസ്വസ്ഥമാക്കിയ ദിനങ്ങള്‍. മുസ്‌ലിം ന്യൂനപക്ഷത്തെ ബോധപൂര്‍വം അപരവത്കരിക്കാനുള്ള ശ്രമമാണ് ചുറ്റുമുണ്ടായിരുന്നത്. ഇടതുപക്ഷ സുഹൃത്തുക്കള്‍ പോലും സംശയത്തിന്റെ മുനകൂര്‍ത്ത നോട്ടങ്ങള്‍ സമ്മാനിച്ച കാലം. 'അയാമെ മുസ്‌ലിം, അയാം നോട്ടെ ടെററിസ്റ്റ്' എന്ന് ഓരോ മുസ്‌ലിമിനും നെയിംസ്റ്റിക്കര്‍ ഒട്ടിക്കേണ്ടി വന്ന നാളുകള്‍. 'ബാഡ് മുസ്‌ലിം, ഗുഡ് മുസ്‌ലിം' എന്ന് ആഗോളതലത്തില്‍ തന്നെ മുസ്‌ലിംകളെ വേര്‍തിരിച്ച തീക്ഷ്ണ കാലത്ത് ഞാനൊരു ഗുഡ് മുസ്‌ലിമാണെന്ന് ഓരോ മുസ്‌ലിമിനും സ്വയം തെളിയിക്കേണ്ടി വന്നു. അങ്ങനെയൊരു ഓണക്കാലത്താണ് ദിവസങ്ങള്‍ക്ക് മുമ്പേ ഓണത്തെ കുറിച്ച് വാചാലമാവുന്ന ഹൈസ്‌കൂള്‍ കാല സുഹൃത്തുക്കളില്‍ മിക്കവരും പതിവില്‍ കൂടുതല്‍ മൗനം പാലിക്കുന്നുവെന്ന് തോന്നിയത്. അവരില്‍ ചിലരോട് 'ഓണത്തിന് എപ്പോഴാണ് വരേണ്ടതെന്ന്' അങ്ങോട്ട് ചോദിക്കേണ്ടിവന്ന ആദ്യ ഓണക്കാലവും അതായിരുന്നു. 'എപ്പോള്‍ വേണമെങ്കിലും വരാമല്ലോ' എന്ന ചില മറുപടികളില്‍ പഴയ സൗഹൃദത്തിന്റെ നനവുണ്ടായിരുന്നില്ല.
മതവും രാഷ്ട്രീയവുമൊന്നും ഒരിക്കലും ഇതുവരെ പോറലേല്‍പ്പിച്ചിട്ടില്ലാത്ത അയല്‍പ്പക്കത്തെ വീടുകളില്‍ നിന്ന് ഓണം ഉണ്ട ശേഷമാണ് ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തുന്ന ഒരു സഹപാഠിയുടെ വീട്ടില്‍ ചെല്ലുന്നത്. അവനോടുള്ള സംസാരത്തിനിടയില്‍ ഞങ്ങള്‍ രണ്ടു പേരുടെയും കൂടെ പഠിച്ച മറ്റുള്ളവരുടെ തണുത്ത പ്രതികരണങ്ങള്‍ ഞാന്‍ പങ്ക് വെച്ചു. അല്‍പ്പം മൗനം പാലിച്ച ശേഷം എന്നോടവന്‍ ചോദിച്ചു: ''അവരൊക്കെ നിന്റെ ഫേസ്ബുക് സുഹൃത്തുക്കള്‍ കൂടിയല്ലേ?'' ''അതേ'' -ഞാന്‍ മറുപടി നല്‍കി. ''നീയൊരു മതമൗലിക വാദിയായിരിക്കുന്നുവെന്നാണ് നിന്റെ ഫേസ്ബുക് സ്റ്റാറ്റസുകള്‍ ചൂണ്ടിക്കാട്ടി അവര്‍ പറയുന്നത്. എന്നോടതവര്‍ പലപ്പോഴും പങ്ക് വെച്ചിരുന്നു. അതായിരിക്കാം അവരുടെ അകല്‍ച്ചക്ക് കാരണം...'' അവന്‍ പറഞ്ഞു.
ഒരു നിമിഷം ഞാന്‍ എന്റെ ഫേസ്ബുക് സ്റ്റാറ്റസുകളെ കുറിച്ച് ആലോചിച്ചു. ഒരു മതത്തെയും അവഹേളിച്ച് ഞാനിതുവരെ പോസ്റ്റിട്ടിട്ടില്ല. എന്റെ സുഹൃത്തുക്കളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കേണ്ട കമന്റുകളൊന്നും അതിനകത്ത് ഇല്ലതാനും. മുസ്‌ലിം അപരവത്കരണം ശക്തിപ്പെടുന്ന കാലത്ത് അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളെയും ഇസ്‌ലാമോഫോബിയയെയും കുറിച്ച് ഞാനിട്ട പോസ്റ്റുകളാണ് സൗഹൃദത്തിലെ വില്ലനായതെന്ന് സുഹൃത്തുമായുള്ള സംസാരം തുടര്‍ന്നപ്പോള്‍ മനസ്സിലായി. ഇടതുപക്ഷക്കാരായ അവര്‍ക്ക് വിയോജിക്കേണ്ട ഉള്ളടക്കമൊന്നും അതിലില്ലല്ലോ എന്ന് ഞാന്‍ പരിഭവപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തും അങ്ങനെ ഒരു പക്ഷം വളര്‍ന്നു വരുന്നുണ്ടെന്നാണ് സുഹൃത്ത് മറുപടി പറഞ്ഞത്. ഒപ്പം അവന്‍ ഒരു പരിഭവം കൂടി പങ്കുവെച്ചു. ഞങ്ങളുടെ സൗഹൃദ വൃത്തത്തില്‍പ്പെട്ട പല മുസ്‌ലിം ചങ്ങാതിമാരും ഓണത്തിനും വിഷുവിനും നേരിട്ട് ക്ഷണിച്ചിട്ട് പോലും വരുന്നില്ലെന്ന് മാത്രമല്ല, പെരുന്നാളുകള്‍ക്കവരിപ്പോള്‍ പഴയതുപോലെ ക്ഷണിക്കാറുമില്ല എന്നതായിരുന്നു അത്. അതെ, കൗമാര കാലത്താരംഭിച്ച മത-ജാതി വ്യത്യാസങ്ങള്‍ക്കതീതമായ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മകളും ആഘോഷ കൂടിച്ചേരലുകളും പതിയെ ഇല്ലാതാവുന്നു എന്നതായിരുന്നു ആ പറഞ്ഞതിന്റെ ചുരുക്കം. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ തകര്‍ച്ച മാത്രമല്ല; കേരളത്തിന്റെ തന്നെ മത സൗഹാര്‍ദത്തിന്റെ തകര്‍ച്ചയുടെ തുടര്‍ച്ചയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ പഴയ പത്തംഗ സംഘത്തിലെ മറ്റുള്ളവരെ തേടി ഞങ്ങളിറങ്ങി. അതില്‍ നാലു പേരെ കണ്ടു. സൗഹൃദം പുതുക്കി. അവരുടെ വീടുകളില്‍ നിന്നെല്ലാം മധുരവും കഴിച്ചു. 'ഞങ്ങളിപ്പോള്‍ വീടുകളിലില്ലെ'ന്നറിയിച്ചതിനാല്‍ ഞങ്ങളന്ന് കാണാതെ പോയവര്‍ ആ സൗഹൃദ സംഘത്തിലേക്ക് പിന്നീട് തിരിച്ചുവന്നില്ല. എന്റെ 'ഫേസ്ബുക് മതമൗലിക വാദ'ത്തെപ്പറ്റി മറ്റുള്ളവരോട് ഏറെ വാചാലരായ അവരുടെ നിലപാട് മാറ്റത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാന്‍ 2014 വരെ കാത്തുനില്‍ക്കേണ്ടിവന്നു. മോദി അധികാരത്തിലേറിയ അന്ന് അവരുടെ ഫേസ്ബുക് അക്കൗണ്ടില്‍ ആ രാഷ്ട്രീയ മാറ്റം ആദ്യമായി പരസ്യപ്പെട്ടു. ആളെണ്ണം കുറഞ്ഞെങ്കിലും, വ്യത്യസ്തമായ രാഷ്ട്രീയവും കാഴ്ചപ്പാടും പുലര്‍ത്തുന്ന ഞങ്ങളുടെ പഴയ സ്‌കൂള്‍ ചങ്ങാതി കൂട്ടത്തിന്റെ സൗഹൃദം ഇപ്പോഴും തുടരുന്നു. ഇടര്‍ച്ചകള്‍ സംഭവിക്കുമ്പോള്‍ ഓരോ ആഘോഷവും ഞങ്ങളെ മാടി വിളിച്ച് അത് പുതുക്കി വീണ്ടും കണ്ണി മുറുക്കിത്തരുന്നു.
എല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് ഒന്നിച്ചിരിക്കാനുള്ളതാണ് ആഘോഷവേളകള്‍. അന്നതിന് സന്നദ്ധരാകാത്തവരുടെ രാഷ്ട്രീയം വിദ്വേഷത്തിന്റേതാണ്. ആഘോഷങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവര്‍ പിന്നീടെപ്പോഴാണ് ഒന്നിച്ചിരിക്കുക? മതവും രാഷ്ട്രീയവും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം മറന്ന് ഒന്നിച്ചിരിക്കാന്‍ ആഘോഷവേളകളില്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ബഹുസ്വര സമൂഹത്തില്‍ സൗഹൃദം കാത്തുസൂക്ഷിക്കാനാവില്ല. അത്‌കൊണ്ട് സൗഹൃദങ്ങള്‍ പൂക്കുന്ന, പുതുക്കുന്ന ദിനങ്ങളായി ഓരോ ആഘോഷവും മാറേണ്ടതുണ്ട്. സ്വാഭാവികമായ അത്തരം സൗഹൃദങ്ങള്‍ തകരുന്നുണ്ടെങ്കില്‍ ബോധപൂര്‍വമത് പുനഃസ്ഥാപിക്കേണ്ടതുണ്ട്. അത്തരം സൗഹാര്‍ദങ്ങളും കൂടിച്ചേരലുകളും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് മതവര്‍ണം നല്‍കുന്നതാവരുത് പണ്ഡിത ഫത്‌വകള്‍. തീര്‍ച്ചയായും ആഘോഷങ്ങള്‍ക്ക് അതിന്റേതായ സാംസ്‌കാരിക ചരിത്രവും മതവുമുണ്ടാകും. അത് തിരിച്ചറിയേണ്ടതും പങ്കുവെക്കേണ്ടതുമാണ്. അതിന്റെ മതവര്‍ണങ്ങള്‍ വാരിയണിയാതിരിക്കാന്‍ നമുക്ക് ജാഗ്രത പാലിക്കാം. എന്നാല്‍ എല്ലാ ആഘോഷങ്ങളും പങ്കുവെക്കുന്ന സൗഹാര്‍ദ നിമിഷങ്ങളെ റദ്ദു ചെയ്യുന്ന വിധമാവരുത് അതൊന്നും. അങ്ങനെ സംഭവിച്ചാല്‍ പിന്നീടൊരു അകാദമിക ചര്‍ച്ചകൊണ്ടും വീണ്ടെടുക്കാനാവാത്ത വിധം സമുദായങ്ങളും മത വിശ്വാസികളും അകന്നിട്ടുണ്ടായിരിക്കും. അതിനാല്‍ ഓരോ ആഘോഷദിനത്തെയും നമുക്ക് സൗഹൃദ ദിനമാക്കി മാറ്റാം.